27 September Wednesday

തുർക്കിയയിൽ ജനാധിപത്യം പുലരുമോ

വി ബി പരമേശ്വരൻUpdated: Saturday May 13, 2023

യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്ന തുർക്കിയയിൽ ഞായറാഴ്‌ച  വോട്ടെടുപ്പ്‌ നടക്കും. പ്രസിഡന്റ്‌ സ്ഥാനത്തേക്കും പാർലമെന്റിലേക്കും ഒന്നിച്ചാണ്‌ വോട്ടെടുപ്പ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ ആർക്കും 50 ശതമാനം വോട്ട്‌ ലഭിച്ചില്ലെങ്കിൽ രണ്ടാഴ്‌ചയ്‌ക്കുശേഷം രണ്ടാം റൗണ്ട്‌ മത്സരം നടക്കും. ആദ്യ റൗണ്ടിൽ ഒന്നും രണ്ടും സ്ഥാനത്ത്‌ എത്തിയവർ തമ്മിലാകും രണ്ടാം റൗണ്ട്‌ മത്സരം.

കഴിഞ്ഞ 20 വർഷമായി അധികാരത്തിൽ തുടരുന്ന വലതുപക്ഷ യാഥാസ്ഥിതിക ഇസ്ലാമിക സഖ്യത്തിന്റെ നേതാവ്‌ പ്രസിഡന്റ്‌ റെസിപ്‌ തയ്യിപ്‌ എർദോഗനും ആറ്‌ പാർടിയുടെ പ്രതിപക്ഷസഖ്യമായ  നാഷൻ  അലയൻസ്‌ സ്ഥാനാർഥി  കെമാൽ കിലിച്‌ദാറോ ലുവും തമ്മിലാണ്‌ പ്രധാന മത്സരം. ആദ്യ റൗണ്ടിൽ ആർക്കും 50 ശതമാനം വോട്ട്‌ കിട്ടാൻ സാധ്യതയില്ലാത്തതിനാൽ ഈമാസം 28നു നടക്കുന്ന രണ്ടാം റൗണ്ടിൽ മാത്രമേ തുർക്കിയയെ ഇനി ആര്‌ നയിക്കുമെന്ന്‌ പറയാനാകുകയുള്ളൂ.
അഭിപ്രായ വോട്ടെടുപ്പുകളിൽ എർദോഗൻ അൽപ്പം പിറകിലാണ്‌ എന്നതാണ്‌ ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്‌. തെരഞ്ഞെടുപ്പിനെ അട്ടിമറി ശ്രമത്തോട്‌ ഉപമിച്ച ആഭ്യന്തരമന്ത്രി സുലൈമൻ സോയുലുവിന്റെ വാക്കുകളിൽ പരാജയഭീതി നിഴലിക്കുന്നുണ്ട്‌. ലോകത്ത്‌ ഇന്ന്‌ ഭരണം നടത്തുന്ന തീവ്രവലതുപക്ഷ പോപ്പുലിസ്റ്റ്‌ ഭരണാധികാരികളിൽ പ്രമുഖനാണ്‌ എർദോഗൻ. അമേരിക്കയിലെ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌, ബ്രസീലിലെ മുൻ പ്രസിഡന്റ്‌  ജയിർ ബോൾസനാരോ തുടങ്ങി എർദോഗനുമായി താരതമ്യം ചെയ്യാവുന്ന ഭരണാധികാരികൾക്ക്‌ അധികാരം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ എർദോഗനും ആ വഴിക്കാണ്‌ നീങ്ങുന്നതെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, ഇസ്ലാമിക ദേശീയത ആളിക്കത്തിച്ച്‌ അധികാരത്തിൽ കടിച്ചുതൂങ്ങാൻ എല്ലാ അടവും എർദോഗൻ പുറത്തെടുക്കും.

എർദോഗന്‌ കാലിടറുകയാണെന്ന വിലയിരുത്തലിന്‌ പ്രധാന കാരണങ്ങളിലൊന്ന്‌ പ്രതിപക്ഷത്തിലുള്ള ഐക്യമാണ്‌. ആധുനിക തുർക്കിയയുടെ സ്ഥാപകനായി അറിയപ്പെടുന്ന  കെമാൽ അറ്റാതുർക്കിന്റെ   പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ്‌ പാർടി (സിഎച്ച്‌പി) നേതാവാണ്‌ എർദോഗനെതിരെ മത്സരിക്കുന്ന  കെമാൽ കിലിച്‌ദാറോലു. ‘ടേബിൾ ഓഫ്‌ സിക്‌സ്‌’ എന്നറിയപ്പെടുന്ന ആറ്‌ കക്ഷിയുടെ സഖ്യത്തിന്‌ നേതൃത്വം നൽകുന്നത്‌ സിഎച്ച്‌പിയാണ്‌. എർദോഗന്റെ ജസ്റ്റീസ്‌ ഡെവലപ്‌മെന്റ പാർടി (എകെപി)യിൽനിന്നും ഭിന്നിച്ചുവന്ന രണ്ട്‌ ചെറുകക്ഷികൾ, ദേശീയ വാദികളായ ഗുഡ്‌ പാർടി തുടങ്ങിയ കക്ഷികളാണ്‌ ഈ സഖ്യത്തിലുള്ളത്‌. അതിനും പുറമെ രാജ്യത്തെ മൂന്നാമത്തെ കക്ഷിയും പുരോഗമനവാദികളുമായ പീപ്പിൾസ്‌ ഡെമോക്രാറ്റിക് പാർടിയും ഇടതുപക്ഷ പാർടികളും കമ്യൂണിസ്റ്റ്‌ പാർടിയും പ്രതിപക്ഷ സഖ്യത്തിന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകുന്നുമുണ്ട്‌. എന്നാൽ, പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഈ ഐക്യം പൂർണമാണെന്ന്‌ പറയാനാവില്ല. ഇടതുപക്ഷം ഗ്രീൻ ലെഫ്‌റ്റ്‌ പാർടി ലേബലിലാണ്‌ മത്സരിക്കുന്നത്‌.

ഇന്ത്യയിലേതുപോലെ പ്രതിപക്ഷ പാർടികൾക്ക്‌ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്‌ തുർക്കിയയിലുള്ളത്‌. ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത്‌ പുരോഗമന ജനാധിപത്യവാദികളാണ്‌. 2018ൽ 11.7 ശതമാനം വോട്ടും പാർലമെന്റിൽ 67 സീറ്റും നേടിയ പാർടിയാണ്‌ എച്ച്‌ഡിപി. കഴിഞ്ഞതവണ എർദോഗനെതിരെ മത്സരിച്ച എച്ച്‌ഡിപി സ്ഥാനാർഥി ഡെമിത്രാസ്‌ ഉൾപ്പെടെ ജയിലിൽ അടയ്‌ക്കപ്പെട്ടിരിക്കുകയാണ്‌. ആ പാർടിയുടെ 40 ശതമാനം പ്രവർത്തകർക്കുനേരെയും കേസെടുത്തിട്ടുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട മേയർമാരിൽ ഭൂരിപക്ഷവും പാർടിയുടെ 11 എംപിമാരും ജയിലിൽ കിടക്കുന്നു. ഏറ്റവും കൂടുതൽ പത്രപ്രവർത്തകർ ജയിലിൽ കഴിയുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇപ്പോൾ തുർക്കിയ. അഭിഭാഷകർ, പൗരപ്രമുഖർ തുടങ്ങി നൂറ്റമ്പതോളംപേരെ അടുത്തിടെയാണ്‌ ജയിലിൽ അടച്ചത്‌. സർവകലാശാലകളിൽ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സംസാരിക്കുന്ന വിദ്യാർഥികളെ ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടുകയാണ്‌. 2016ലെ അട്ടിമറിശ്രമം കരുവാക്കി നിയമഭേദഗതിയിലൂടെ എല്ലാ അധികാരവും പ്രസിഡന്റിലേക്ക്‌ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. പ്രതിപക്ഷം പ്രധാനമായും പ്രചാരണം നടത്തുന്നതും ഈ വിഷയമാണ്‌. ജനാധിപത്യവും നിയമവാഴ്‌ചയും പുനഃസ്ഥാപിക്കുമെന്നതാണ്‌ പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യം.

എർദോഗനെതിരെ ജനം തിരിയാനുള്ള മറ്റൊരു കാരണം സാമ്പത്തിക പ്രതിസന്ധി തന്നെ. ഉക്രയ്‌ൻ, സിറിയൻ യുദ്ധത്തിലുള്ള തുർക്കിയയുടെ പങ്കാളിത്തം സമ്പദ്‌വ്യവസ്ഥയെ ഉലച്ചു. വൻ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. ഒരു വേള പണപ്പെരുപ്പം 85 ശതമാനംവരെ ഉയർന്നു. തുർക്കി കറൻസിയായ ലീറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഫെബ്രുവരിയിൽ ഉണ്ടായ ഭൂകമ്പം സ്ഥിതി രൂക്ഷമാക്കി. പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എർദോഗൻ തയ്യാറായില്ലെന്ന വിമർശം ശക്തമാണ്‌. എർദോഗന്റെ പാർടിക്ക്‌ കഴിഞ്ഞതവണ 67 ശതമാനം വോട്ട്‌ ലഭിച്ച ഈ (അദിയാമൻ) മേഖലയിൽ ഇക്കുറി കനത്ത തിരിച്ചടി ലഭിക്കുമെന്നാണ്‌ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ അതിനോട്‌ എർദോഗൻ എങ്ങനെയാണ്‌ പ്രതികരിക്കുക എന്നതാണ്‌ പ്രധാന ചോദ്യം. അമേരിക്കയിലും ബ്രസീലിലും ഉണ്ടായ ജനാധിപത്യഹത്യ അങ്കാറയിലും ആവർത്തിക്കുമോ? ഏതായാലും തുർക്കിയ പത്രപ്രവർത്തകൻ ഇസി ടിമികുരാൻ എഴുതിയതുപോലെ  തുർക്കിയിൽ നടക്കുന്നത്‌ സ്വേച്ഛാധിപത്യവും  ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ്‌. ഭയത്തിന്റെ ഇരുണ്ട യുഗത്തിൽനിന്നും പ്രതീക്ഷയുടെ ചക്രവാളത്തിലേക്ക്‌ കുതിക്കാൻ വെമ്പുകയാണ്‌ തുർക്കിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top