26 April Friday

‘എല്ലാരും കൃഷിയിലേക്ക്‌, ഞങ്ങളും’

എസ്‌ സിരോഷUpdated: Friday May 13, 2022


‘കൃഷി നഷ്ടമാണ്‌, അതിൽനിന്ന്‌ ഒന്നും കിട്ടില്ല, അതിനാൽ വേറെ പണിനോക്കുന്നു, പാലക്കാടൻ കർഷകർ ഒരുകാലത്ത്‌ പറഞ്ഞത്‌   ഇങ്ങനെയായിരുന്നു. നെല്ല്‌ സംഭരണം സ്വപ്‌നമായ കാലമായിരുന്നു അന്ന്‌. കിട്ടിയ വിലയ്‌ക്ക്‌ മില്ലുകാർക്ക്‌ നെല്ല്‌ നൽകി വീട്ടുചെലവ്‌ നടത്തിയിരുന്ന കാലം. ആ സാഹചര്യം പൂർണമായും മാറി. ചെറുകിട കർഷകർ ഇന്ന്‌ കൃഷി ഉപജീവനമാർഗമായി, അതിലേറെ അഭിമാനമായി കൊണ്ടുനടക്കുകയാണ്‌ ’–

പാലക്കാട്‌ എലപ്പുള്ളിയിലെ കർഷകൻ സി ചന്ദ്രന്റെ ഈ വാക്കുകൾ എൽഡിഎഫ്‌ സർക്കാരിന്റെ ഭരണത്തിൽ കാർഷിക മേഖലയിലുണ്ടായ പുരോഗതിയുടെ സാക്ഷ്യപത്രമാണ്‌. കൃഷിയിൽനിന്ന്‌ മികച്ച വരുമാനം ലഭിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വിവാഹച്ചെലവുമെല്ലാം കൃഷിയിൽനിന്നുള്ള വരുമാനത്തിൽനിന്ന്‌ കണ്ടെത്താൻ കഴിയുന്നുണ്ട്‌.

കൃഷി നശിച്ചാൽ ഇന്ന്‌ വലിയ നഷ്ടമുണ്ടാകില്ല. കൃത്യമായ നഷ്ടപരിഹാരം ലഭിക്കും. മികച്ച വിളവ്‌ ലഭിച്ചാൽ കാര്യക്ഷമമായ സംഭരണം കർഷകന്‌ നല്ല പ്രതിഫലവും നേടിക്കൊടുക്കും. ഏക്കറിന്‌ 2200 കിലോ നെല്ല്‌ സംഭരിച്ച സ്ഥാനത്ത്‌ ഇന്ന്‌ 3000 കിലോവരെ സംഭരിക്കാൻ സർക്കാർ സന്നദ്ധമായി. അതായത്‌ ഉൽപ്പാദനം വർധിച്ചു. അത്‌ സർക്കാരിന്റെ ഇടപെടൽകൊണ്ടുതന്നെ.

ആറുവർഷം മുമ്പുവരെ പാലക്കാടിന്റെ കിഴക്കൻമേഖല വരണ്ടുണങ്ങി കൃഷി പ്രതിസന്ധിയിലായിരുന്നു. ഇന്ന്‌ അത്‌ ഓർമയായി. വാളയാർ, മീങ്കര, ചുള്ളിയാർ പദ്ധതികളിൽനിന്ന്‌ കൃത്യമായി വെള്ളം ലഭിക്കുന്നു. ജലസേചന കനാലുകളിലൂടെ കൃഷിക്ക്‌ വെള്ളം ഉറപ്പായി.  പറമ്പിക്കുളം–- ആളിയാർ പദ്ധതിയിൽനിന്ന്‌ വർഷം 7.5 ടിഎംസി വെള്ളം കൃത്യമായി അളന്ന്‌ ലഭിക്കുന്നു. അന്തർ സംസ്ഥാന നദീജല പ്രശ്‌നം ഇന്ന്‌ ചർച്ചയാകുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ മൂലത്തറ റഗുലേറ്റർ 50 കോടി രൂപ ചെലവിൽ നവീകരിച്ചു. ഇപ്പോൾ വെള്ളം സംഭരിക്കാനും വേണ്ട സമയത്ത്‌ തിരിച്ചുവിടാനും സംവിധാനമായി. ഏറ്റവും മികച്ച രീതിയിൽ കൃഷി നടക്കുന്നതും കിഴക്കൻ മേഖലയിലാണ്‌. ഇപ്പോൾ ‘ഞങ്ങളും കൃഷിയിലേക്ക്‌’ എന്ന പദ്ധതി തുടങ്ങി ജനങ്ങളെ മുഴുവൻ കൃഷിയിലേക്ക്‌ ആകർഷിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചു. വിത്തും തൈകളും സാങ്കേതികസഹായവും കൃഷിവകുപ്പ്‌ നൽകും. പഞ്ചായത്തുകൾ പദ്ധതി ആവിഷ്‌കരിച്ച്‌ മാർക്കറ്റും കണ്ടെത്തും.


 

ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി ഏറെ ശ്രദ്ധ നേടുകയും പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോഡ്‌ മുന്നേറ്റമുണ്ടാക്കാൻ സഹായമാകുകയും ചെയ്‌തു. ജനങ്ങൾ പദ്ധതി  സ്വയം ഏറ്റെടുത്ത്‌ വീട്ടുമുറ്റത്തും മട്ടുപ്പാവിലും പാതയേരങ്ങളിൽവരെ പച്ചക്കറി വിളയുന്ന നാടായി കേരളം മാറി. അതിന്റെ തുടർച്ചയാണ്‌ രണ്ടാം പിണറായി സർക്കാരിന്റെ കാർഷികമേഖലയിലെ ഇടപെടലും.  

കാർഷിക സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്‌പുമായാണ്‌ സർക്കാർ മുന്നേറുന്നതെന്ന്‌ കർഷകർ സാക്ഷ്യപ്പെടുത്തുന്നു. വിള ഇൻഷുറൻസ്‌, കേരഗ്രാമം പദ്ധതി, കർഷകർക്ക്‌ റോയൽറ്റി, മൂല്യവർധിത ഉൽപ്പാദന പ്രോത്സാഹനം തുടങ്ങിയ പദ്ധതികളിലൂടെ കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്ന്‌ മികച്ച കൃഷിക്കാരനായ ചന്ദ്രൻ പറഞ്ഞു. സംഭരണവില കൃത്യമായി ലഭിക്കുന്നതിനൊപ്പം ഉഴവുകൂലിയും കിട്ടുന്നത്‌ ആശാവഹമാണ്‌. കർഷകർക്ക്‌ റോയൽറ്റി നൽകാനുള്ള തീരുമാനം വിപ്ലവകരമാണ്‌.  തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‌ നടപ്പാക്കിയ പദ്ധതി ഏറെ ഗുണം കണ്ടു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലാവരും കൃഷിയിറക്കുന്ന നാടായി കേരളം മാറി. പച്ചക്കറിക്ക്‌ തറവില പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ്‌ കേരളം.
 നെൽക്കൃഷിയിൽ പാടശേഖരസമിതികളുടെ ഇടപെടൽ പ്രധാനമാണ്‌. സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട്‌ സമിതികൾ സജീവമാണ്‌. പാകമെത്തുന്ന നെല്ല്‌ അളന്ന്‌ കൃത്യമായി സപ്ലൈകോയ്‌ക്ക്‌ കൈമാറാൻ കർഷകർക്ക്‌ തുണയാകുന്നത്‌ പാടശേഖരസമിതികളാണ്‌. നെല്ലിന്റെ താങ്ങുവില നിലവിൽ ഒരു പ്രശ്‌നവുമില്ലാതെ കിട്ടുന്നുണ്ട്‌. ഘട്ടംഘട്ടമായി സംസ്ഥാന സർക്കാർ  ഇൻസെന്റീവ്‌ തുക വർധിപ്പിക്കുന്നുണ്ട്‌.

രാസവളവില വർധനയും കൃഷിച്ചെലവ്‌ കൂടിയതും ഇന്ധനവില വർധനയുമൊക്കെ കൃഷിക്കാർക്ക്‌ തിരിച്ചടിയാണ്‌. ഇതിനിടയിലും സംസ്ഥാന സർക്കാരിന്റെ കൃഷിവികസന പദ്ധതികൾ പ്രതീക്ഷയേകുന്നു. കൃഷി ഭവനുകളുടെ പ്രവർത്തനം ഏറെ ജനകീയമായി. കൃഷി ഉദ്യോഗസ്ഥർ കർഷകരെ തേടി എത്തിത്തുടങ്ങി. കനാലുകളിൽനിന്ന്‌ വെള്ളം കിട്ടാത്ത പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. മുൻകാലങ്ങളിലേതുപോലെ കൃഷി ഉണക്കം വന്നു നശിക്കുന്നില്ല.  കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ വിപണി കണ്ടെത്താൻ ഇക്കോ ഷോപ്പുകളുണ്ട്‌.  കർഷകക്ഷേമത്തിനായി രാജ്യത്ത്‌ ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് ആരംഭിച്ച സംസ്ഥാനമാണ് കേരളം. കാർഷിക മേഖലയ്‌ക്കുള്ള  വിഹിതം ഓരോ ബജറ്റിലും ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ  ശ്രദ്ധിക്കുന്നതും കൃഷിക്ക്‌ ഊർജം പകരുന്നതാണെന്ന്‌ ജില്ലയിലെ കർഷകർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top