23 April Tuesday

സബ്‌സിഡിയിൽ കേന്ദ്രനയം ; മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 13, 2022

 

ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആഗോളവൽക്കരണ നയങ്ങൾ കടുത്ത നാശമാണ് ഈ മേഖലയിൽ ഉണ്ടാക്കിയത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശക്കപ്പലുകൾക്ക് അനുമതി നൽകിയതോടെ ഈ മേഖലയുടെ മരണമണി മുഴങ്ങി.

നരേന്ദ്ര മോദി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ബ്ലു ഇക്കോണമി അതിന്റെ തകർച്ചയ്ക്ക്‌ ആക്കം കൂട്ടും. നിലവിൽ ഇന്ധനവിലവർധന താങ്ങാനാകാത്ത സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് ലോക വ്യാപാര സംഘടന മത്സ്യബന്ധനരംഗത്തെ സബ്സിഡികൾ നിർത്തലാക്കാൻ എടുത്ത തീരുമാനം.  അതോടെ മത്സ്യത്തൊഴിലാളികൾക്ക്‌ വറചട്ടിയിൽനിന്ന് എരിതീയിൽപ്പെടുന്ന നിലയായി. ആഗോളനയങ്ങൾക്ക് പിന്തുണ നൽകുന്ന മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി സമൂഹം ഉണർന്നെണീറ്റേ മതിയാകൂ.

ആഗോളതലത്തിൽ മത്സ്യബന്ധനം, കൃഷി എന്നിവയിൽക്കൂടി 170 ദശലക്ഷം ടൺ മത്സ്യം ഉൽപ്പാദിപ്പിച്ചതിൽ 84.4 ദശലക്ഷം ടൺ കടലിൽനിന്നാണ് പിടിച്ചെടുത്തത്.  ജനങ്ങൾക്ക് 23 കിലോ മത്സ്യം പ്രതിശീർഷാടിസ്ഥാനത്തിൽ ലഭ്യമാക്കി. മത്സ്യബന്ധനം–-കൃഷി മേഖലയിൽ തൊഴിൽ ചെയ്യുന്ന 60 ദശലക്ഷം തൊഴിലാളികളിൽ 40 ദശലക്ഷം പേർ മത്സ്യബന്ധനമേഖലയിൽ ഉപജീവനം നടത്തുന്നു. 80 ശതമാനം ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമാണ്. 4.56 ദശലക്ഷം വരുന്ന മത്സ്യബന്ധന യാനങ്ങളിൽ 87ശതമാനം ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലെ യന്ത്രവൽകൃത ബോട്ടുകളും വള്ളങ്ങളുമാണ്. കടൽമത്സ്യം പിടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്തോനേഷ്യ, ഇന്ത്യ, വിയറ്റ്നാം, മലേഷ്യ മുതലായ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ യന്ത്രവൽകൃത ബോട്ടുകളും വള്ളങ്ങളും അതത്‌ രാജ്യത്ത്‌ ലഭിക്കുന്ന നാമമാത്രമായ സബ്സിഡികളുടെ സഹായത്തോടെയാണ്‌ നീങ്ങുന്നത്‌. സബ്സിഡി നിർത്തലാക്കുമെന്ന ലോക വ്യാപാര സംഘടനയുടെ തീരുമാനം സമ്പന്ന രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്‌.

ജനീവയിൽ നടന്ന 164 അംഗ രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരുടെ പന്ത്രണ്ടാമത് മന്ത്രിതല സമിതി  മത്സ്യബന്ധനത്തിനു വേണ്ടിവരുന്ന സബ്സിഡികൾ രണ്ട് വർഷത്തിനുശേഷം നിർത്തലാക്കണമെന്ന കരാർ അംഗീകരിച്ചു. ഡബ്ല്യുടിഒ ഫിഷറീസ് സബ്സിഡി കരാർ ആർട്ടിക്കിൾ 3, 4, 5 പ്രകാരമാണ് സബ്സിഡി നിർത്തലാക്കുന്നത്. നിയമവിരുദ്ധവും അനിയന്ത്രിതവും കണക്കിൽപ്പെടാത്തതുമായ മത്സ്യബന്ധനം, അമിത മത്സ്യബന്ധനം, സാമ്പത്തികമേഖലയ്ക്ക് പുറത്തുള്ള പുറംകടൽ എന്നീ പേരുകളിലുള്ള സബ്സിഡികളാണ്‌ നിർത്തലാക്കുന്നത്. ഈ തീരുമാനംമൂലം സമുദ്രമത്സ്യബന്ധനവുമായി ഉപജീവനം നടത്തുന്ന കോടിക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം താളം തെറ്റും. അവികസിതരാജ്യങ്ങളിലെ തൊഴിലാളികൾക്ക് മത്സ്യബന്ധനം ലാഭകരമാകാത്തതു കാരണം പിൻമാറേണ്ട അവസ്ഥയുണ്ടാകും.

സബ്സിഡി നിർത്തലാക്കുകവഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് അതത് രാജ്യത്തെ മത്സ്യസബ്സിഡി പൂർണമായും വിനിയോഗിച്ച് സാമ്പത്തികവളർച്ച കൈവരിക്കാൻ സാധിക്കില്ല. ഈ അവസ്ഥയ്ക്ക് പരിഹാരമായി ദുർബല വിഭാഗം മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ട്, വിവേചന ബുദ്ധിയോടെയുള്ള പ്രത്യേക പരിഗണന വേണമെന്നും അതിന്റെ ഭാഗമായി സബ്സിഡി 25 വർഷംകൂടി നീട്ടണമെന്നും എൺപതിൽപ്പരം രാജ്യങ്ങൾ ആവശ്യപ്പെട്ടു.


 

ഉയർന്ന സമ്പദ്‌വ്യവസ്ഥയുള്ള,  വ്യവസായവൽക്കരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന, ആഡംബര ജീവിതം നയിക്കുന്ന ധനിക രാജ്യങ്ങളെയും ജീവിക്കാൻവേണ്ടി പൊരുതുന്ന സേവനമേഖലയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചു ജീവിതം നയിക്കുന്ന അവികസിത, വികസ്വര രാജ്യങ്ങളെയും ഒരേ ഗണത്തിൽപ്പെടുത്തി സബ്സിഡി നിർത്തലാക്കിയ  നടപടി നിഷേധാത്മകമാണ്. സമ്പന്ന രാജ്യങ്ങൾ  ഭീമമായ കപ്പലുകൾ ഉപയോഗിച്ച് രാജ്യാന്തര വിപണി ലക്ഷ്യമിട്ട്‌ വൈദഗ്ധ്യം നേടിയ തൊഴിലാളികളെ ഉപയോഗിച്ച് മീൻപിടിക്കുന്നതും അതിജീവന മത്സ്യബന്ധനവും ഒരേതലത്തിൽ കണക്കാക്കി സബ്സിഡി നിരോധിച്ച തീരുമാനം യുക്തിസഹമല്ല.

സർക്കാർ നൽകിവരുന്ന സബ്സിഡികൾ , ക്ഷേമപദ്ധതികളുടെ ഭാഗമായി മത്സ്യബന്ധന ചെലവ് കുറയ്ക്കാനും തൽഫലമായി പിടിക്കുന്ന മത്സ്യത്തിന്റെ വില ഫലപ്രദമായി വർധിക്കാൻ ഉതകുന്ന സാമ്പത്തിക സഹായമാണ്. എന്നാൽ, ഇത്തരം ക്ഷേമപ്രവർത്തനങ്ങൾമൂലം പല രാജ്യങ്ങളിലും അനിയന്ത്രിതവും അമിത മത്സ്യബന്ധനത്തിനും ഇടവരുന്നതുകാരണം സമ്പത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്നു.  കോടിക്കണക്കിന് തീരവാസികൾ അടങ്ങിയ ജനങ്ങളുടെ ഉപജീവനത്തിനും തൊഴിൽ സംരക്ഷണത്തിനുമുള്ള മുഖ്യ ഉപാധിയാണ് മത്സ്യബന്ധനം. ഈ രാജ്യങ്ങളെ സംബന്ധിച്ച് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്സിഡി മത്സ്യബന്ധനം തുടരാൻ ഒരു പ്രധാന ചാലകശക്തിയാണ്. വസ്തുതാപരമായ യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ സബ്സിഡി നിർത്തലാക്കൽ വൻ പ്രത്യാഘാതങ്ങൾ വഴിയൊരുക്കുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്‌.

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് നിലവിലുള്ള സബ്സിഡികൾ തുടർന്നാൽ മാത്രമേ ആഴക്കടൽ മത്സ്യബന്ധനത്തിൽ പുരോഗതി നേടാൻ കഴിയൂ. ഫലത്തിൽ കോർപറേറ്റുകൾ സമുദ്രത്തിന്റെ കുത്തക അവകാശം നേടും. നിർദിഷ്ട കേന്ദ്ര ഫിഷറീസ് ബില്ലിലെ പല വ്യവസ്ഥകളും പരമ്പരാഗത ചെറുകിട മത്സ്യബന്ധന തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതിനോടൊപ്പം മത്സ്യബന്ധന സബ്സിഡികൾകൂടി നിർത്തലാക്കുക വഴി പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ പിൻമാറ്റം ഉണ്ടാകും. അതുമൂലം ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കും മൂലധന താൽപ്പര്യക്കാർക്കും ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ നിയന്ത്രണം ലഭിക്കും. പരമ്പരാഗത തൊഴിലാളികൾ ഈ നയങ്ങൾമൂലം വലിച്ചെറിയപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top