26 April Friday

ദൃഢമായ ചുവടുകളോടെ നവകേരളത്തിലേക്ക്

ഡോ. അനിഷ്യ ജയദേവ്Updated: Saturday May 13, 2023

സംസ്ഥാന സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണനേട്ടങ്ങൾ സംബന്ധിച്ച സമഗ്രമായ നേർക്കാഴ്ച ഇന്ന് സമൂഹത്തിലേക്ക് നോക്കിയാൽ കാണാവുന്നതാണ്. ഓരോ വകുപ്പിലെയും ജനോപകാരപ്രദമായ പദ്ധതികളും പരിപാടികളും ശ്ലാഘനീയമാണ്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കുള്ളിൽനിന്നുതന്നെ അഭിമാനകരമായ നേട്ടമാണ് സർക്കാർ കൈവരിച്ചത്. വികസനത്തിനുവേണ്ടി സമഗ്രമായ പ്രവർത്തന പരിപാടികൾ നടന്നു. ദാരിദ്ര്യനിർമാർജനം, പ്രകൃതിസംരക്ഷണം, ആരോഗ്യപരിപാലനം, മാലിന്യസംസ്കരണം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും സമൂലമായ മാറ്റം ദൃശ്യമായി. എല്ലാ വിഭാഗത്തിലുംപെട്ട ജനത്തിന്റെയും മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി മികച്ച പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചു.

വികസന സൂചികകളിൽ തൃപ്തികരമായ നിലവാരമാണ് കേരളത്തിൽ ഉള്ളതെങ്കിലും സ്‌ത്രീകളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ അത്ര ഭേദമല്ല എന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന, ഒപ്പം  അവരെ വികസനപാതയിൽ സുസ്ഥിരമായി നടത്തുന്ന അനേകം പദ്ധതികൾ   സർക്കാർ ആസൂത്രണംചെയ്തു നടപ്പാക്കി. വനിതാ ശിശുസംരക്ഷണ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ കണ്ടെത്താനും അതിനു പരിഹാരം കാണാനും സജീവമായ ശ്രമങ്ങൾ നടന്നുവരുന്നു. പോക്‌സോ കേസുകൾ ചരിത്രത്തിൽ ആദ്യമായി അതിവേഗ കോടതികൾ വഴി തീർപ്പാക്കിയെന്നത് നീതിനിർവഹണത്തിലെ നാഴികക്കല്ലായിത്തന്നെ കാണണം. ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച സ്‌ത്രീകളെ സാമൂഹ്യവും സാമ്പത്തികവുമായി ശാക്തീകരിക്കുന്നതിനുവേണ്ടി സാമ്പത്തികസഹായം, നിയമസഹായം എന്നിവ ലഭ്യമാക്കി. ഗാർഹികപീഡന നിരോധന നിയമം സ്‌ത്രീധന നിരോധന നിയമം എന്നിവ കൃത്യമായി നടപ്പാക്കാൻവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭ്യമാക്കി. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള സർക്കാർ നയം സമഗ്രമായ പരിഷ്കരണത്തിന് വിധേയമാക്കി. കോഴിക്കോട് ജില്ലയിലെ ജെൻഡർ പാർക്ക് ദക്ഷിണേഷ്യൻ മേഖലയിൽ ലിംഗസമത്വത്തിനുള്ള മാതൃകാ സംവിധാനമായി വികസിപ്പിക്കാനുള്ള നടപടികളും സജീവമാണ്. സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ നിർദേശിച്ചിരിക്കുന്ന ലിംഗസമത്വം ഉറപ്പാക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നുള്ളതിന്റെ ചില ചവിട്ടുപടികളാണ് മേൽ  പരാമർശിക്കപ്പെട്ടവ.

 
ആരോഗ്യമേഖലയിൽ വളരെയധികം മെച്ചപ്പെടുത്തലുകൾ ഉണ്ടായ ഒരു വർഷമാണ് കഴിഞ്ഞുപോയത്. ജീവിതശൈലീ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ബൃഹത്തായ ഒരു പരിപാടിയിൽ 73 ലക്ഷത്തിലധികം ആളുകളെ കേരളമൊട്ടാകെ സ്ക്രീൻ ചെയ്യാൻ സാധിച്ചു. സംസ്ഥാനത്ത് ഓക്സിജൻ സ്വയംപര്യാപ്ത ഉണ്ടായ വർഷമാണ് 2022. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യമായി നവജാതശിശുവിന്റെ ഹൃദയശസ്‌ത്രക്രിയക്കു വേണ്ട സൗകര്യങ്ങളുള്ള ഒരു ഹൃദയശസ്‌ത്രക്രിയ യൂണിറ്റ് സ്ഥാപിച്ചു. അർബുദം സംബന്ധിച്ച ഗവേഷണങ്ങൾക്കായുള്ള നോഡൽ ഏജൻസിയായി മലബാർ ക്യാൻസർ സെന്റർ മാറി. തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും നവീനവും സമഗ്രവുമായ പരിശോധന -ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കി. സംസ്ഥാനത്തിൽ പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ കോളേജുകളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും മനുഷ്യവിഭവശേഷി വർധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു.
 
 ഏവരും ഒന്നടങ്കം ആശ്രയിക്കുന്ന ഒരു വകുപ്പാണ് റവന്യു. റവന്യു സേവനങ്ങളെ ഓൺലൈനിൽ ആക്കുന്നതു വഴി ജനത്തിന് ബുദ്ധിമുട്ടില്ലാതെ സേവനങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. റവന്യു മിനിസ്റ്റേഴ്സ് സെൽ, ഡിജിറ്റൽ റീസർവേ എന്നിവ പ്രത്യേക പരാമർശം അർഹിക്കുന്നു. ഭൂനികുതി കൊടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കി. ഇവ ജനജീവിതം സുഗമമാക്കുന്നതിൽ മികച്ച പങ്കുവഹിക്കുമെന്നത് നിസ്‌തർക്കമാണ്.
 
ഒരു ജ്ഞാനസമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. വിദ്യാഭ്യാസരംഗത്ത്, പൊതുവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയ വർഷമാണ് കടന്നുപോയത്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സൗകര്യമുണ്ടായി വരുന്നു. ജ്ഞാനസമൂഹ നിർമിതിയിൽ വിദ്യാഭ്യാസം ഒരു വലിയ പങ്കുവഹിക്കുന്നു.
 
ഭിന്നശേഷിക്കാരായ കുട്ടികൾക്കും ട്രാൻസ്ജെൻഡർ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിവിദ്യാർഥികൾക്ക് വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തി, ശാരീരിക മാനസിക പരിമിതിയുള്ള വിദ്യാർഥികൾക്ക് യുട്യൂബ് ചാനൽ വഴി ക്ലാസുകൾ സംഘടിപ്പിച്ചു. ആയിരത്തിനാനൂറിലേറെ പ്രത്യേക സേവനകേന്ദ്രങ്ങൾ അത്തരം വിദ്യാർഥികൾക്കുവേണ്ടി പൊതുവിദ്യാലയങ്ങളിൽ സ്ഥാപിക്കപ്പെട്ടു. കുട്ടികളിലെ ലഹരി ഉപയോഗം തടയാനുള്ള സമഗ്ര നടപടികളും നടന്നുവരുന്നു. വിദ്യാഭ്യാസരംഗത്തും സമാനതയില്ലാത്ത നേട്ടങ്ങൾ കേരളം കൈവരിക്കുന്നു. പിന്നാക്ക മേഖലയിൽ ഏകദേശം 45,000 ഡിജിറ്റൽ ഉപകരണം വിദ്യാഭ്യാസത്തെ സഹായിക്കുംവിധം സർക്കാർ നൽകി കഴിഞ്ഞു. പരീക്ഷകൾ കൃത്യസമയത്ത് നടപ്പാക്കി.
 
പാഠ്യപദ്ധതിപരിഷ്കരണം പ്രത്യേകം പരാമർശിക്കേണ്ടതാണ്. ലിംഗ ലൈംഗിക ന്യൂനപക്ഷത്തെ, മറ്റു പിന്നാക്ക വിഭാഗത്തെയൊക്കെ ഉൾപ്പെടുത്തി ബൃഹത്തായ വിദ്യാഭ്യാസ മുന്നേറ്റമാണ് സർക്കാർ ലക്ഷ്യംവയ്‌ക്കുന്നത്. അതിലേക്കാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പായത്. കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് ‘ശ്രുതി പാഠം’ എന്ന പേരിൽ ഒരു ഓഡിയോ ലൈബ്രറി പഠനസഹായമായി സ്ഥാപിക്കപ്പെട്ടുവെന്നതും അഭിമാനകരമായ ഒരു കാൽവയ്‌പാണ്.
 
വികസന വെല്ലുവിളികൾ നേരിടുന്ന പ്രത്യേക വിഭാഗങ്ങൾക്ക് സവിശേഷ പരിഗണന നൽകുകയെന്നത് അതിപ്രധാനമാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളെ മുഖ്യധാരാവൽക്കരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ്മെട്രിക്, പ്രീമെട്രിക് സ്കോളർഷിപ്പുകൾ നൽകിവരുന്നു. ആഗോളതലത്തിൽ ഏറ്റവും മികച്ച സർവകലാശാലകളിൽ പഠിക്കാൻ പട്ടികജാതി വർഗ വിഭാഗത്തിലെ വിദ്യാർഥികളെ സഹായിക്കുന്ന പദ്ധതിക്കും കഴിഞ്ഞവർഷം തുടക്കം കുറിച്ചു.
 
കേരളത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ 11 എണ്ണം ഉണ്ട്. പട്ടികജാതി വികസന വകുപ്പിനു കീഴിലാണ് അവ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വസ്‌ത്രം, ഭക്ഷണം, കലാകായിക പരിശീലനം എന്നിവ കൃത്യമായി നൽകുന്നുണ്ട്. കാസർകോട്‌ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ കേന്ദ്രസർക്കാരിന്റെ ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ വിലയിരുത്തലിൽ പഞ്ചനക്ഷത്ര പദവിക്ക് അർഹമായി.
 
19 പട്ടികവർഗ കോളനിക്ക് വൈദ്യുതിയും ഇന്റർനെറ്റ് ലഭ്യതയും ഉറപ്പാക്കി. പട്ടികവർഗ വിദ്യാർഥികൾക്ക് പഠനമുറികൾ വീടിനോടു ചേർന്ന് പണിതു നൽകി. പട്ടികവർഗ വിഭാഗത്തിലുള്ള വ്യക്തികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി പ്രത്യേകം ധനം മാറ്റിവയ്ക്കുകയും നൽകുകയും ചെയ്തു. വിവാഹ ധനസഹായം, അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം എന്നിവ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. പട്ടികവർഗ പൈതൃകം നിലനിർത്തുന്നതിലേക്കായി ‘എൻ ഊര്’ പൈതൃക ഗ്രാമം എന്ന പദ്ധതി നടപ്പാക്കി. ഇത്തരത്തിൽ ബഹുമുഖ വികസന പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവ വഴി ഒരു നവകേരളം പടുത്തുയർത്തപ്പെടുന്നുവെന്നതും സുസ്ഥിര വികസന സൂചികകൾ നമുക്ക് കരഗതമാകാൻ അധികകാലം വേണ്ടാ എന്നതും ഓരോ മലയാളിയെയും അഭിമാനിതരാക്കുന്നു.
 
(ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റിൽ അസോസിയറ്റ് പ്രൊഫസറാണ്‌ ലേഖിക)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top