25 April Thursday

വ്യാജ ഏകാത്മകതയും
 ഇന്ത്യൻ ഫെഡറലിസവും

അഡ്വ. കെ അനിൽകുമാർUpdated: Friday Nov 11, 2022


ഇന്ത്യൻ ഭരണഘടനയുടെ  ഒന്നാംവകുപ്പ് ഇന്ത്യ  വിവിധ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ എന്ന ആശയം  രൂപീകരിക്കപ്പെട്ടതിന്റെ കാതൽ സംസ്ഥാനങ്ങളുടെ  കൂടിച്ചേരലാണെന്ന്‌ പൗരസ്വാതന്ത്ര്യം, മതനിരപേക്ഷത, ജനതയുടെ  പരമാധികാരം  എന്നിവയടക്കമുള്ള മൂലതത്വങ്ങളുമായി ചേർത്തുവച്ചാണ്‌ ഭരണഘടന ഉറപ്പിച്ചത്. ഓരോ ഇന്ത്യക്കാരന്റെയും പൗരാവകാശങ്ങളിൽ ഓരോ കേരളീയനും മലയാളിയായി ജീവിക്കാനുള്ള അവകാശംകൂടി ഉൾച്ചേർന്നിരിക്കുന്നു. തമിഴ്‌, തെലുങ്ക്‌,  കന്നഡ, ഒറിയ, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി തുടങ്ങി അസാമീസ് ഭാഷകളും ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലെ എത്രയോ ഗിരിവർഗ–-ഗോത്രവർഗ ഭാഷകളുംകൂടി  ചേർന്ന വൈവിധ്യപൂർണത ലോകത്തെ രണ്ടാമത്തെ വലിയ  ജനസംഖ്യയുള്ള ഇന്ത്യയെ വേറിട്ടതാക്കുന്നു.

ഇന്ത്യൻ ഫെഡറലിസത്തിന്റെ  ഉറവിടങ്ങൾ തേടുമ്പോൾ രാജ്യചരിത്രവുമായി അതിന്റെ ബന്ധം കാണാം. ബ്രിട്ടീഷ്‌ ഇന്ത്യയുടെ രൂപീകരണത്തിന്‌ രണ്ടു ഘട്ടമുണ്ട്‌. 1757ലെ പ്ലാസിയുദ്ധംവരെ സൈനികശക്തികൊണ്ട്‌ രാജ്യവിസ്‌തൃതി വ്യാപിപ്പിക്കാനാണ്‌ ബ്രിട്ടീഷ്‌ ഈസ്റ്റ്‌  ഇന്ത്യാ കമ്പനി ശ്രമിച്ചത്‌. അവർ പിന്നീട്‌ നാട്ടുരാജ്യങ്ങളെ പാട്ടിലാക്കാൻ പുതിയ വഴികൾ തേടി. ദത്താപഹാരനയംമുതൽ നാട്ടുരാജ്യങ്ങളെ  ബ്രിട്ടീഷ്‌ ഇന്ത്യയിൽ ലയിപ്പിക്കാൻ നടന്ന പല നടപടിയും പൂർണ വിജയത്തിലെത്തിയില്ല. അറുനൂറിലേറെ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ്‌ അധീനതയിൽ വന്നിരുന്നില്ല. 1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരമാകട്ടെ, തുടർന്നുള്ള  അധിനിവേശത്തിനു കനത്ത പ്രതിരോധവുമായി. 1861ൽ ബ്രിട്ടീഷ്‌ പാർലമെന്റ്‌, ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയിൽനിന്ന്‌ അധികാരം ഏറ്റെടുക്കുകയും ഇന്ത്യക്കായി  നിയമനിർമാണം നടത്തുകയുമുണ്ടായി. കമ്പനിവാഴ്‌ചയിൽനിന്ന്‌ ബ്രിട്ടീഷ്‌ സർക്കാരിന്റെ കീഴിലേക്ക്‌ ബ്രിട്ടീഷ്‌ ഇന്ത്യ നീങ്ങിയ കാലമാണത്‌.  അപ്പോൾപ്പോലും ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ കപ്പം കൊടുക്കൽ ഉൾപ്പെടെ നിരവധി കരാറുകൾക്ക്‌  വിധേയമായ പതനത്തിൽപ്പെട്ടുപോയിരുന്നെങ്കിലും സ്വതന്ത്ര നാട്ടുരാജ്യങ്ങളായി തുടർന്നു.

ഫെഡറൽ  ഭരണവ്യവസ്ഥകളുടെ മൂലാധാരമായ ഈ ചരിത്രപ്രക്രിയയെ വിസ്‌മരിച്ച്‌ രാഷ്‌ട്രീയമായ ഏകാത്മകത ഇന്ത്യക്കാകെ ബാധകമാണെന്ന ആർഎസ്എസ് വാദം അർഥശൂന്യമാണ്‌. ആത്മീയതയുടെ പൊതുധാരയിൽ ഇന്ത്യൻ ഏകാത്മകത ഉൾച്ചേർന്നതാണെന്ന  വാദമാണ്‌ സാംസ്‌കാരിക  ദേശീയതയെന്ന വാദത്തിലൂടെ സംഘപരിവാർ ഉയർത്തുന്നത്‌. ആസേതു ഹിമാലയം ഇന്ത്യക്കാകെ ബാധകമായ ഏകദൈവവിശ്വാസം ഒരുകാലത്തും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. വേദപ്രമാണങ്ങളെ  അംഗീകരിക്കുകയെന്നത്‌  മാനദണ്ഡമാക്കിയാൽ ബ്രാഹ്മണർ ഒരുഭാഗത്തും അതല്ലാത്ത ഭൂരിപക്ഷം  മനുഷ്യർ മറുഭാഗത്തുമായിരുന്നു.  സ്‌മൃതികൾ പ്രകാരമാകട്ടെ നാല്‌ ജാതിക്കും സമാനതകളെക്കാളേറെ വൈജാത്യമാണ്‌ അത് സമ്മാനിച്ചത്‌. ചാതുർവർണ്യവ്യവസ്ഥയ്‌ക്ക്‌ പുറത്തുള്ളവരായിരുന്നു  അതിനേക്കാളേറെ. വേദങ്ങൾ  കേൾക്കാനോ, ഉച്ചരിക്കാനോ അധികാരം ഇല്ലാതിരുന്നവർക്ക്‌ നിഷേധിക്കപ്പെട്ടിരുന്ന വേദങ്ങളെ അടിസ്ഥാനമാക്കി ഏകാത്മകത ഉണ്ടായിരുന്നുവെന്ന വാദം എത്രമേൽ നിരർഥകമാണ്‌.

മാർത്താണ്ഡവർമയടക്കമുള്ള പലകൂട്ടരെയും ക്ഷത്രിയന്മാരാക്കി മാറ്റുന്ന ‘ഹിരണ്യഗർഭം’ ഉൾപ്പെടെയുള്ള  കർമങ്ങൾ ചെയ്‌തുവന്നത്‌ തമിഴ്‌ ബ്രാഹ്മണരായിരുന്നു. അതിനുമുമ്പ്‌ കേരളത്തിൽ പ്രചാരം നേടിയിരുന്നത്‌ ബുദ്ധ–- ജൈന മതങ്ങൾ ആയിരുന്നു.

കേരളത്തിന്റെ ഉദാഹരണമെടുത്താൽ, മലയാളഭാഷയുടെ ഉറവിടം  തമിഴ്‌ പാരമ്പര്യങ്ങളിൽനിന്നാണ്‌. മലയാളവർഷത്തിന്റെ കണക്ക്‌ അത് ഉറപ്പിക്കുന്നു. ആന്ധ്ര, കർണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽനിന്ന്‌ എത്തിയ ബ്രാഹ്മണർ കേരളത്തിൽ സൃഷ്ടിച്ച കലണ്ടറാണത്‌. അതിനുമുമ്പ്‌  കേരളദേശത്തിന്‌ വേദങ്ങളും ഉപനിഷത്തുകളും ചതുർവർണ്യവും  അപരിചിതമായിരുന്നു. ക്ഷത്രിയർ കേരളത്തിൽ ഉണ്ടായിരുന്നില്ല. മാർത്താണ്ഡവർമയടക്കമുള്ള പലകൂട്ടരെയും ക്ഷത്രിയന്മാരാക്കി മാറ്റുന്ന ‘ഹിരണ്യഗർഭം’ ഉൾപ്പെടെയുള്ള  കർമങ്ങൾ ചെയ്‌തുവന്നത്‌ തമിഴ്‌ ബ്രാഹ്മണരായിരുന്നു. അതിനുമുമ്പ്‌ കേരളത്തിൽ പ്രചാരം നേടിയിരുന്നത്‌ ബുദ്ധ–- ജൈന മതങ്ങൾ ആയിരുന്നു. നേപ്പാളിൽ കപിലവസ്‌തുവിൽനിന്ന്‌ ബിഹാറിലെ ഗയയിൽ എത്തി ബോധോദയം നേടി ലോകമാകെ പടർന്ന ബൗദ്ധചിന്തകൾ, ഇന്ത്യൻ ഏകാത്മകതയുടെയും  ആത്മീയതയുടെയും പ്രതീകമല്ല. അതിന്റെ വൈവിധ്യ സമ്പന്നതയാണ്‌  ബൗദ്ധ–-ജൈന–- ചാർവാക പാരമ്പര്യങ്ങൾ വെളിപ്പെടുത്തുന്നത്‌. വ്യാജ ഏകാത്മകതയുടെ നിർമിതിക്കായി ബ്രഹ്മണമതം നടത്തിയ കടന്നുകയറ്റങ്ങളാണ്‌ ഇന്ത്യൻ ദേശീയതയുടെ അടിത്തറയായി ഇപ്പോൾ കൊണ്ടാടപ്പെടുന്നത്‌.

ഭാഷാ സംസ്ഥാനങ്ങളെപ്പറ്റി വിഭജനത്തിന്റെ വിഷബീജങ്ങൾ എന്നാണ്‌ വിചാരധാരയിൽ ഗോൾവാൾക്കർ  ആരോപിക്കുന്നത്‌. ബ്രിട്ടീഷ്‌ ഇന്ത്യതന്നെ എത്രയോ നാട്ടുരാജ്യം കീഴടക്കി ബ്രിട്ടീഷുകാർ നിർമിച്ചതാണ്.  അലക്സാണ്ടർമുതൽ മുഗളന്മാർവരെ എത്രയോ ആക്രമണങ്ങളിൽ നാട്ടുരാജ്യങ്ങൾ തകർന്നടിഞ്ഞു. രണ്ടോ മൂന്നോ നൂറ്റാണ്ടുമാത്രം നിലനിന്നിരുന്ന ഇത്തരം രാഷ്ട്രീയ രൂപങ്ങൾക്ക് എങ്ങനെയാണ് ജനജീവിതത്തിലാകെ ഏകത്വമുണ്ടാക്കാനാകുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഇന്ത്യൻ ചരിത്രം അതിമഹത്തരമാണ്. 1853ൽ സാന്താൾ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാനെത്തിയ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടമാണ്  സാന്താൾ കലാപമെന്ന്‌ അറിയപ്പെടുന്നത്. ലക്ഷങ്ങൾ പങ്കെടുത്ത ധീരസമരത്തിൽ കാൽലക്ഷത്തോളം ഗോത്ര പോരാളികൾ രക്തസാക്ഷികളായി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രക്തസാക്ഷികൾ സൃഷ്ടിക്കപ്പെട്ടത് സാന്താൾ ഗോത്ര പോരാളികളുടെ സമരത്തിലാണ്. രാഷ്ട്രീയമായി ഇന്ത്യ ഏകീകരിക്കപ്പെടാൻ ഇടയാക്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലൊന്നും ആർഎസ്എസോ സംഘപരിവാർ ശക്തികളോ ഒരിക്കലും ഭാഗമായില്ല. അവർ ബോധപൂർവം സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിൽക്കുകയും തങ്ങളുടെ ഊർജം ബ്രിട്ടീഷുകാർക്കെതിരെ പാഴാക്കാനുള്ളതല്ലെന്ന് പരസ്യപ്പെടുത്തുകയും ചെയ്‌തു.

ബ്രിട്ടീഷുകാർക്കെതിരായ നിയമലംഘനപ്രസ്ഥാനം വന്നതോടെ ഇന്ത്യയിലെ കുട്ടികൾക്ക് അനുസരണശീലം ഇല്ലായെന്നാണ് സർസംഘചാലകിന്റെ വാദം

അങ്ങനെ വ്യാജമായ ഒരു ഏകാത്മകത ഭാരതത്തിന്‌ ഉണ്ടെന്ന്‌ വാദിക്കുന്നവർ, ഇന്ത്യൻ ജനതയെ ഒരുമിപ്പിക്കാൻ സഹായകരമായവിധം ജനകോടികൾ അണിനിരന്ന ദേശീയസമരത്തെ ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും മതപരമായ വിഭജനത്തിന്റെ വിത്തുകൾ വിതയ്‌ക്കുകയുമാണ് ചെയ്തത്. നിസ്സഹകരണ സമരപ്രസ്ഥാനം വീശിയടിച്ച 1920–21നെപ്പറ്റി എം എസ് ഗോൾവാൾക്കർ പറയുന്നത് രസകരമാണ്. ബ്രിട്ടീഷുകാർക്കെതിരായ നിയമലംഘനപ്രസ്ഥാനം വന്നതോടെ ഇന്ത്യയിലെ കുട്ടികൾക്ക് അനുസരണശീലം ഇല്ലായെന്നാണ് സർസംഘചാലകിന്റെ വാദം.

1942 ജൂൺ എട്ടിന് നാഗ്പുരിലെ ആർഎസ്എസ്‌ ആസ്ഥാനത്തു നടത്തിയ പ്രസംഗത്തിൽ എം എസ് ഗോൾവാൾക്കർ പറയുന്നത് നോക്കുക "വൻമത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുമെന്ന് നമുക്ക് അറിയാമെങ്കിൽ അതിന് വൻമത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധഭ്രാന്താണ്’. ബ്രിട്ടീഷുകാർ എന്ന വൻമത്സ്യം ഭാരതത്തിൽ ചെയ്യുന്നത് സ്വാഭാവികമായ ജൈവികതയാണെന്ന ന്യായം പ്രചരിപ്പിച്ച ആർഎസ്എസ് ഫെഡറൽ ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളെ ചെറുമത്സ്യങ്ങളായി കാണുന്നു. തങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വയുടെ ഭാഗമായ വ്യാജ ഏകാത്മകതയെ ആരെയും വിഴുങ്ങാൻ യോഗ്യതയുള്ള വൻമത്സ്യങ്ങളായും കണക്കാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക കാവിപ്പതാകയും കൊടിമരം ഭഗവത്‌ ധ്വജവുമാകണമെന്ന് കൽപ്പിച്ച ഗോൾവാൾക്കർ ത്രിവർണമെന്ന ദേശീയ പതാകയുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നത് ഇങ്ങനെയാണ് ‘മൂന്ന് എന്ന വാക്കുതന്നെ തിന്മയാണ്’.  ‘മൂന്നു നിറമുള്ള പതാക തീർച്ചയായും വളരെ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും രാജ്യത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യും’ (ഓർഗനെെസർ 1947 ആഗസ്‌ത്‌ 14).

ഗോൾവാൾക്കറുടെ ഈ തീട്ടൂരം നടപ്പാക്കാനുള്ള സംഘപരിവാറിന്റെ നീക്കമാണ് സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണെങ്കിലും കേന്ദ്രസർക്കാരിൽനിന്നും കിട്ടുന്ന നക്കാപ്പിച്ചകൾ അവർക്ക് സ്വാദിഷ്ഠമായതിനാൽ നിശ്ശബ്ദരാണ്.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടന ഹെെന്ദവമതത്തെ രാജ്യമതമാക്കി മാറ്റാത്തതിൽ രോഷാകുലനായി ഗോൾവാൾക്കർ ഇങ്ങനെ എഴുതി. ‘ഒരൊറ്റ രാഷ്‌ട്രമെന്ന വസ്തുതയെ അംഗീകരിക്കാതിരിക്കുകയും നശിപ്പിക്കുകയും മാത്രമല്ല, ഫെഡറൽ രീതിയിലുള്ള സർക്കാർ വിഘടനവാദം ഉടലെടുക്കാനും വളരാനും കാരണമായിത്തീരുന്നു. അതിനെ  മുഴുവനായും പിഴുതെറിഞ്ഞ് ഭരണഘടനയെ സംശുദ്ധീകരിച്ച് ഏകരൂപത്തിലുള്ള ഭരണകൂടം സ്ഥാപിക്കണം’. ഗോൾവാൾക്കറുടെ ഈ തീട്ടൂരം നടപ്പാക്കാനുള്ള സംഘപരിവാറിന്റെ നീക്കമാണ് സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണെങ്കിലും കേന്ദ്രസർക്കാരിൽനിന്നും കിട്ടുന്ന നക്കാപ്പിച്ചകൾ അവർക്ക് സ്വാദിഷ്ഠമായതിനാൽ നിശ്ശബ്ദരാണ്.

ആഗോളവൽക്കരണത്തിന്റെ പേരിൽ വിദേശ മൂലധനം രാജ്യത്തിന്റെ അതിർത്തികളിൽ കടന്നുകയറി ദേശരാഷ്ട്രങ്ങളെ ദുർബലമാക്കി. അതേ മാതൃകയിൽ വ്യാജ ഏകാത്മകതയുടെ മറവിൽ ഇന്ത്യൻ കോർപറേറ്റ് മൂലധന താൽപ്പര്യങ്ങൾ സംസ്ഥാനങ്ങളുടെ അതിർത്തികളെ ഭേദിക്കാൻ ശ്രമിക്കുന്നതാണ് ഫെഡറലിസത്തിന്‌ എതിരെ കേന്ദ്രസർക്കാർ നടത്തുന്ന യുദ്ധത്തിൽ നിഴലിക്കുന്നത്. കേരള ഗവർണർ നടത്തുന്ന എല്ലാ കരുനീക്കങ്ങളെയും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ദേശീയ രാഷ്ട്രീയ പാർടിയായ കോൺഗ്രസിന്റെ കേരള നേതൃത്വത്തിന്റെ അൽപ്പ കാഴ്‌ചകൾമൂലം അവർ പ്രകടിപ്പിക്കുന്ന രാജ്ഭവൻ ഭക്തി, അവരെ തുറന്നുകാട്ടുകയാണ്.  ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളും ഫെഡറലിസവും സംരക്ഷിക്കാനുള്ള ദേശീയ പോരാട്ടത്തിന്റെ മുൻനിരയിലേക്ക് കേരളം കടന്നുനിൽക്കുന്നുവെന്നതാണ് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രസാധ്യത തുറന്നുനൽകുന്നത്. രാജ്ഭവനിലെ ഭക്തിവിലാസക്കാരെ കേരളം നിരാകരിക്കുകതന്നെ ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top