09 December Saturday

നവലിബറൽ നയങ്ങളുടെ ബാക്കിപത്രം

ഡോ. രഘുനാഥൻ എംUpdated: Monday Jul 11, 2022

ശ്രീലങ്കയിൽ അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിഗതികൾക്ക്‌ എതിരായ ജനരോഷം പ്രസിഡന്റ് ഗോതബായ രജപക്സെയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കുന്നതിലും പ്രധാനമന്ത്രി റനിൽവിക്രമ സിംഗെയുടെ സ്വകാര്യവസതി തീവയ്ക്കുന്നതിലുംവരെ എത്തി. അവശ്യസാധനങ്ങൾക്കായി ജനങ്ങൾ നെട്ടോട്ടമോടേണ്ട സ്ഥിതിയിലേക്ക്‌ എത്തിച്ച പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയർത്തി പതിനായിരക്കണക്കിനാളുകൾ തലസ്ഥാന നഗരമായ കൊളംബോയിൽ തടിച്ചുകൂടി. കഴിഞ്ഞ ഏപ്രിൽമുതൽ ആരംഭിച്ച പ്രക്ഷോഭമാണ് കഴിഞ്ഞദിവസം എല്ലാ അതിരുംവിട്ട് മുന്നോട്ടുനീങ്ങുന്നത്. ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനായി നിശാനിയമം, കർഫ്യൂ, അടിയന്തരാവസ്ഥ തുടങ്ങിയ കരിനിയമങ്ങൾ കൊണ്ടുവന്നു. അവയൊക്കെയും അവഗണിച്ച് ജനകീയ പ്രക്ഷോഭം മുന്നേറുന്നു. 2019 മുതൽ നടന്നുവരുന്ന രജപക്സെ കുടുംബവാഴ്ചയിൽ ശ്രീലങ്കൻ ജനതയ്ക്ക് ചരിത്രത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടിവരുന്നു. ഭക്ഷണമില്ല, മരുന്നില്ല, ഇന്ധനമില്ല, മണിക്കൂറുകൾ നീണ്ട പവർകട്ട് എന്നിവയായിരുന്നു മാസങ്ങളോളമായി ശ്രീലങ്കയിലെ അവസ്ഥ.

ശ്രീലങ്കയിലെ സമീപകാല പ്രതിസന്ധിയെക്കുറിച്ച് വളരെയധികം എഴുതിക്കഴിഞ്ഞിട്ടുള്ളതാണ്. 1970കളുടെ തുടക്കത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ആദ്യമായി സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയത് ശ്രീലങ്കയിലാണ്. വംശീയ ലഹളയെത്തുടർന്ന് മന്ദഗതിയിലായ സാമ്പത്തിക പരിഷ്കാരങ്ങൾ ആഭ്യന്തരയുദ്ധം അവസാനിച്ച 2009 മുതൽ ഊർജിതമായി നടപ്പാക്കിത്തുടങ്ങി. 1977 മുതൽ നടപ്പാക്കാൻ തുടങ്ങിയതും 2009 മുതൽ തീവ്രവുമാക്കിയ നവലിബറൽ നയങ്ങളുടെ ഭാഗമായി നാണയത്തിന്റെ മൂല്യശോഷണം, ഇറക്കുമതി ഉദാരവൽക്കരണം, വിദേശവ്യാപാര ബഹുതല പങ്കാളിത്തം, നിയന്ത്രിത ധനമാനേജ്മെന്റ്, കൂലി/ശമ്പള വർധന നടപ്പാക്കാതിരിക്കൽ, നിയന്ത്രണങ്ങൾ റദ്ദാക്കൽ, വിപണി പ്രോത്സാഹനം, സ്വകാര്യമൂലധന പ്രോത്സാഹനം, വിദേശനിക്ഷേപം, സ്വകാര്യവൽക്കരണം, തൊഴിൽ അവകാശങ്ങൾ റദ്ദാക്കൽ എന്നിവ നടപ്പാക്കി. 1978 അവസാനമായപ്പോഴേക്കും വിദേശ സഹായമില്ലാതെ ശ്രീലങ്കയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതിയായി. ധനസ്ഥാപനങ്ങൾ വായ്പയ്ക്കൊപ്പം പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന നിബന്ധന വച്ചു. തൽഫലമായി ഇറക്കുമതി കൂടി, കയറ്റുമതി കുറഞ്ഞു. കമ്മി കൂടിക്കൂടി വന്നു.

സബ്സിഡികൾ വെട്ടിക്കുറച്ചു, സ്വകാര്യ മൂലധനത്തിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു, ഇളവുകൾ കൊടുത്തു, ആഭ്യന്തര കമ്പോളം തുറന്നുകൊടുത്തു, വിദ്യാഭ്യാസം, ആരോഗ്യംപോലുള്ള സാമൂഹ്യ സേവനരംഗങ്ങളിലെ സർക്കാർ ചെലവഴിക്കലുകൾ വെട്ടിക്കുറച്ചു, നാണയത്തിന്റെ മൂല്യംകുറച്ചു, വിലനിയന്ത്രണം ഇല്ലാതാക്കി, എല്ലാവിധ ഇറക്കുമതി നിയന്ത്രണവും റദ്ദാക്കി, ധന നയങ്ങൾ ഉദാരമാക്കി, സാമ്പത്തിക വളർച്ചയ്ക്കായി വിദേശ മൂലധനത്തെ സ്വാഗതം ചെയ്തു, അത് വായ്പയായും നേരിട്ടുള്ള വിദേശ നിക്ഷേപമായും മറ്റു രീതികളിലും എത്തി. ഈ നയങ്ങളുടെ ഫലമായുണ്ടായ കൃഷി, വ്യവസായം എന്നിവയോടുള്ള അവഗണന, ആഗോള ധനമൂലധനത്തോടുള്ള പ്രതിപത്തി, ഇറക്കുമതി ആശ്രിതത്വവുമൊക്കെ രാജ്യത്തിനകത്ത് അടിസ്ഥാനമാറ്റങ്ങൾക്ക് കാരണമായി, ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക അസ്ഥിരതയിലേക്കു നയിക്കുകയും ചെയ്തു.

ഇറക്കുമതിച്ചെലവ് കൂടിവരികയും കയറ്റുമതിയിൽ വേണ്ടത്ര പുരോഗതി കൈവരിക്കാതിരിക്കുകയും ആയപ്പോൾ വ്യാപാരക്കമ്മി വർധിച്ചുവന്നു. വിദേശ നാണയശേഖരം ഗണ്യമായി കുറഞ്ഞുവന്നു. ഏക ആശ്വാസം അന്താരാഷ്ട്ര നാണയ നിധിയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള കടമായി. ആഭ്യന്തര യുദ്ധം കഴിഞ്ഞ 2009 സാമ്പത്തിക പ്രതിസന്ധിയിൽനിന്നും ലോകം പതുക്കെ മോചിതമാകുന്ന കാലവുമായിരുന്നു. ധനമൂലധനം ഇതൊരു അവസരമായിട്ടെടുത്ത് ശ്രീലങ്കയിലേക്കെത്തി.  ഈ തിളക്കം അധികനാൾ നീണ്ടുനിന്നില്ല. 2014–- -15 ആകുമ്പോഴേക്കുതന്നെ ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന സൂചനകളുണ്ടായി. വലിയതോതിലുള്ള തൊഴിലാളി പ്രക്ഷോഭങ്ങൾ അരങ്ങേറി. കടത്തിനുമേൽ കടംവാങ്ങി ഇത് ക്രമീകരിച്ചു മുന്നോട്ടുപോകുകയായിരുന്നു. 2009ലും 2016ലും ഐഎംഎഫിൽനിന്ന്‌ വായ്പ എടുത്തപ്പോൾ അവർ കർശനമായ വ്യവസ്ഥകൾ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം, വ്യാപാര ഉദാരവൽക്കരണം, കമ്പോള മേധാവിത്വം  എന്നിവ മുന്നോട്ടുവയ്ക്കുകയും ശ്രീലങ്ക അത് അംഗീകരിച്ചു നടപ്പാക്കുകയും ചെയ്തു. അങ്ങനെ ജനങ്ങളുടെമേൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിച്ചതാണ് രജപക്സെ ഭരണകൂടത്തിനെതിരായി പ്രതിഷേധം ശക്തമായത്. സാധാരണ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ ഉള്ളവരെയാണ്. എന്നാൽ, ശ്രീലങ്കയിൽ ഇപ്പോൾ മധ്യവർഗത്തിനുപോലും മോചനമില്ലെന്ന സ്ഥിതിയാണ്. പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം അതാണ് കാണിക്കുന്നത്.

രജപക്സെ ഭരണം ജൈവകൃഷി അടിച്ചേൽപ്പിച്ചതും ടൂറിസം രംഗത്തെ തകർച്ചയും വരുമാനം ഗണ്യമായി കുറച്ചു. അതേപോലെ ആഭ്യന്തര രംഗത്ത് നിലവിലുണ്ടായിരുന്ന നികതി നിരക്ക് പകുതിയായി കുറച്ചതും തിരിച്ചടിയായി മാറി. നികുതി നിരക്ക്‌ കുറച്ചതുവഴി സർക്കാരിന്റെ വരുമാനത്തിൽ 22 ശതമാനം കുറവുവന്നതായി കണക്കാക്കുന്നു. ഈ നീക്കമൊരു സമ്പന്നവർഗ പ്രീണനമായിരുന്നു. പ്രക്ഷോഭം ആദ്യം തുടങ്ങുന്നത് കർഷകരാണ്. കൃഷിക്ക് രാസവളം അനുവദിക്കുക എന്നതായിരുന്നു മുദ്രാവാക്യം. എന്നാൽ, അത് ഭരണകൂടം ചെവിക്കൊണ്ടില്ല. കാർഷികോൽപ്പാദനം 40 ശതമാനംകണ്ട് കുറഞ്ഞു. കയറ്റുമതി ചെയ്യുന്ന നാണ്യവിളകളിൽ മാത്രമല്ല, അരിപോലുള്ള ധാന്യങ്ങളുടെയും ഉൽപ്പാദനം കുറഞ്ഞു. അത് കൂടുതൽ ഇറക്കുമതി ചെയ്യാൻ സർക്കാരിനെ നിർബന്ധിതമാക്കുന്നു.

നവലിബറൽ നയങ്ങൾ നടപ്പാക്കിയതുമുതൽ കുഴപ്പസാധ്യതയുള്ള ഒരു സമ്പദ്ഘടനയായി മാറി ശ്രീലങ്ക. ധനമൂലധനത്തിന്റെ ഒഴുക്കോടുകൂടി ഈ കുമിള വലുതാകാൻ തുടങ്ങി. അത് അനിവാര്യമായ പ്രതിസന്ധിയിലേക്ക്‌ എത്തിച്ചേർന്നു. പ്രൊഫ. പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടുന്നതുപോലെ നവലിബറൽ നയങ്ങളിൽനിന്നുള്ള പിന്മാറ്റമല്ലാതെ മറ്റൊരു പരിഹാരം ശ്രീലങ്കയിലെ സാമ്പത്തിക പ്രശ്നത്തിന്‌ ഇല്ലതന്നെ. എന്നാൽ, അത് ലളിതമോ, എളുപ്പത്തിൽ സാധ്യമാകുന്നതോ അല്ല.

(സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top