20 April Saturday

എല്ലാവരും സന്നദ്ധപ്രവർത്തകരാകുക

അജീഷ്‌ തടിക്കടവ്‌Updated: Saturday Jul 11, 2020

പ്രകൃതിദുരന്തങ്ങളിലും പകർച്ചവ്യാധി പോലുള്ള മറ്റു പ്രതിസന്ധികളിലും സഹായമെത്തിക്കാനായി രൂപീകരിച്ച സാമൂഹ്യ സന്നദ്ധ സേനയുടെ ഓൺലൈൻ പരിശീലനത്തിന്‌ കഴിഞ്ഞദിവസം തുടക്കം കുറിച്ചിരിക്കുകയാണല്ലോ. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ആവർത്തിച്ചു വരുന്നത്‌ കേരളത്തിൽ‌ അത്ര പതിവ്‌ കാഴ്‌ചയായിരുന്നില്ല. എന്നാൽ, അടുത്തിടെ സാഹചര്യങ്ങൾ മാറി. കഴിഞ്ഞ ഏതാനും വർഷങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുടെ കാലമായിരുന്നു. കൂട്ടായ യത്‌നങ്ങളിലൂടെയും സാമൂഹ്യമായ ഇടപെടലുകളിലൂടെയും മാത്രമേ ദുരന്തമുഖങ്ങളിൽ മുന്നോട്ടു പോകാനാകൂ എന്ന്‌ മലയാളികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.

കേരളം അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ദുരന്തനിവാരണ രംഗത്ത് സേവന സന്നദ്ധരായെത്തുന്ന ഒരു സേനയെ വാർത്തെടുക്കുക എന്നതാണ് സന്നദ്ധ സേനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മരുന്നുവിതരണം, അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി, സാമൂഹ്യ അടുക്കള, രക്തദാനം, വിത്ത് വിതരണം ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇവർ പ്രവർത്തിക്കുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തല ഇടപെടലുകൾക്ക് സന്നദ്ധ സേന ഏറെ ഗുണം ചെയ്തിട്ടുണ്ട്. രോഗവ്യാപന നിയന്ത്രണത്തിന് സേനയുടെ പ്രവർത്തനം സഹായകരമായിട്ടുണ്ട്.സന്നദ്ധ സേനാ അംഗങ്ങൾക്ക് ലഭിക്കുന്ന പരിശീലനം ദുരന്തങ്ങളെ നേരിടാനും നാശനഷ്ടങ്ങൾ കുറയ്ക്കുവാനും സഹായകരമാകും. മുൻ വർഷങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളെ തുടർന്ന് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സഹായകരമാകുന്ന ഒരു സന്നദ്ധസേന സർക്കാർ രൂപീകരിച്ചത് പ്രശംസനീയമാണ്. ഇപ്പോഴത് നാടിന്റെയാകെ രക്ഷയ്ക്കായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. രാജ്യത്താദ്യമായി ഗവൺമെന്റ് തലത്തിൽ സന്നദ്ധ സേന രൂപീകരിക്കുന്നത് കേരളത്തിലാണ്.


 

അവശതയനുഭവിക്കുന്ന ആളുകളെ തിരിച്ചറിയാനായത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ്. ഒറ്റപ്പെട്ടുപോയ അനേകം കുടുംബങ്ങൾ മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു. ഈ ഘട്ടത്തിൽ സന്നദ്ധ സംഘടനകളും യുവജനപ്രസ്ഥാനങ്ങളും ഇവർക്ക് ഭക്ഷണസാധനങ്ങളും മരുന്നും എത്തിക്കുന്നതിനായി നേതൃത്വം നൽകി. ജീവൻ രക്ഷാമരുന്നുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കും എത്തിക്കാൻ ഫയർ ആൻഡ്‌ റെസ്ക്യൂ, പൊലീസ് ഡിപ്പാർട്ട്മെന്റുകളുടെ സേവനം ഉപയോഗപ്പെടുത്താനായി. ഓരോ അഗ്‌നിരക്ഷാ നിലയത്തിന് കീഴിലുമുള്ള അമ്പത് വീതം സിവിൽ ഡിഫൻസ് വളന്റിയർമാരും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്താകെ  ആറായിരത്തി ഇരുനൂറോളം സിവിൽ ഡിഫൻസ് വളന്റിയർമാർ ഉണ്ട്.


 

സന്നദ്ധ രക്തദാന രംഗത്തും വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ് കടന്നു പോകുന്നത്. രോഗവ്യാപന ഭീതിയും തെറ്റായ പ്രചാരണങ്ങളും രക്തദാതാക്കളെ പിന്നോട്ടടിപ്പിച്ചു. നാട്ടിൻപുറങ്ങളിൽ പോയി രക്തബാങ്കുകളിലേക്ക് രക്തം ശേഖരിക്കുന്ന ക്യാമ്പുകളും പാടേ നിലച്ചു.രക്തദാന - യുവജന സംഘടനകൾ രക്ത ബാങ്കുകളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഇതിന് പരിഹാരമായി. എന്നാൽ, മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും വർധിച്ച് വരുന്നതിനാൽ രക്തത്തിന് ദൗർലഭ്യം അനുഭവപ്പെടുന്നു. കോവിഡ് ഭീതിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ നാം പിറകോട്ട് പോയി എന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി എന്നിവ വ്യാപകമായിരിക്കുകയാണ്. നിരവധി ആളുകളുടെ ജീവൻ നഷ്ടമായി. സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഈ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചാൽ ഇനിയെങ്കിലും പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനാകും. അതിന്‌ വേണ്ടത്‌ സർക്കാർ സംവിധാനങ്ങളുമായി ചേർന്നുള്ള ശക്‌തമായ ബോധവൽക്കരണമാണ്‌. എന്നാൽ ദിവസവും ബോധവൽക്കരിക്കാൻ ആള് വന്നാലേ ഞങ്ങൾക്ക് ബോധം വരൂ എന്ന മട്ടിലാണ് ഓരോ മലയാളിയും ജീവിക്കുന്നത്. ഓരോരുത്തരും അവരവരുടെ വീടുകളിലെ ശുചിത്വകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മനുഷ്യന് ഒരു രോഗവും വരില്ല. സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ വാർഡ്തല ശുചിത്വ കമ്മിറ്റിയും കുടുംബശ്രീ പ്രവർത്തകരും ദിവസവും വരണമെന്നാണ് ചിലരെങ്കിലും ധരിച്ചിരിക്കുന്നത്. ഈ മനോനിലയിൽ മാറ്റം വരുത്തി ഈ കോവിഡ്‌ കാലത്തെ പാഠം ഉൾക്കൊണ്ട്‌ ഓരോരുത്തരും സന്നദ്ധ പ്രവർത്തകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(ബ്ലഡ്‌ ഡോണേഴ്‌സ്‌ കേരള കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top