30 September Saturday

പതറാത്ത ചെറുത്തുനിൽപ്പ്‌ ; പൊളിയുന്ന അജൻഡ

സാജൻ എവുജിൻUpdated: Friday May 12, 2023

ബിജെപിയും മോദിയും  എക്കാലത്തും അധികാരത്തിലുണ്ടാകുമെന്ന മട്ടിലാണ്‌ ചിലരുടെ പ്രചാരണം.  ചില തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കുമ്പോൾ ഈ വാഴ്‌ത്തുപാട്ട്‌ ഉച്ചത്തിലാകും. ബിജെപിയാകട്ടെ കോർപറേറ്റ്‌–- ഹിന്ദുത്വ അജൻഡ നടപ്പാക്കാനാണ്‌ അധികാരം വിനിയോഗിക്കുന്നത്‌. മോദിയുടെ ഒന്നാം സർക്കാർ 2014ൽ നിലവിൽ വന്നതുമുതലുള്ള നയപരിപാടി പരിശോധിച്ചാൽ ഇക്കാര്യം തെളിഞ്ഞുകാണാനാകും. അതേസമയം, കേന്ദ്രത്തിന്റെ ഉദാരവൽക്കരണ അജൻഡയുടെ ഭാഗമായ പരിഷ്‌കാരങ്ങളെ കർഷകരും തൊഴിലാളികളും ചേർന്ന്‌ ചെറുത്തതിന്റെ തിളങ്ങുന്ന അധ്യായങ്ങളും ദൃശ്യമാണ്‌.

ഇതിൽ ആദ്യത്തേത്‌ 2015ൽ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസ്‌ കേന്ദ്രത്തിന്‌ പിൻവലിക്കേണ്ടി വന്നതാണ്‌. കാർഷികേതര ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ പാലിക്കേണ്ട കൃത്യമായ നടപടികൾ വ്യവസ്ഥ ചെയ്‌ത്‌ 2013ൽ നടപ്പാക്കിയ നിയമം ഭേദഗതി ചെയ്‌ത്‌ കോർപറേറ്റുകളെ പ്രീണിപ്പിക്കാനുള്ള പുതിയ നിയമം കൊണ്ടുവരാനാണ്‌ കേന്ദ്രം ശ്രമിച്ചത്‌. ഇതിനായി 2015 ജനുവരി ഒന്നിന്‌ ഓർഡിനൻസ്‌ ഇറക്കിയപ്പോൾ രാജ്യത്തെ കർഷകപ്രസ്ഥാനങ്ങൾ അതിശക്തമായി എതിർത്തു. ഭൂമി അധികാർ ആന്ദോളൻ എന്ന പൊതുവേദി രൂപീകരിച്ച്‌ രാജ്യവ്യാപകമായ പ്രക്ഷോഭം തുടങ്ങി. അക്കൊല്ലം ഡൽഹിയിലും ബിഹാറിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെടുകയും ചെയ്‌തു. ഇതോടെ ഓർഡിനൻസ്‌ മരവിപ്പിച്ചു.

പിന്നീട്‌ ഇക്കാര്യം മിണ്ടാതിരുന്ന മോദിസർക്കാർ 2020ൽ കോവിഡിന്റെ മറവിൽ മൂന്ന്‌ നിയമം കൊണ്ടുവന്ന്‌ കാർഷികമേഖല പൂർണമായും  കോർപറേറ്റുവൽക്കരിക്കാൻ പദ്ധതിയിട്ടു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിപുലവും ദീർഘവുമായ ജനകീയ പ്രക്ഷോഭമാണ്‌ ഇതിനെതിരെ ഉയർന്നുവന്നത്‌. ചരിത്രപരമായ ജനാധിപത്യ മുന്നേറ്റമായി വളർന്ന സമരം മത, ജാതി വേലിക്കെട്ടുകൾ തകർത്തു. എല്ലാ പ്രക്ഷോഭകാരികളും കർഷകൻ എന്ന മതനിരപേക്ഷ ബോധത്തിൽ ഒന്നിച്ചു. പ്രക്ഷോഭം ഉത്തർപ്രദേശിൽ ജാട്ടുകളെയും മുസ്ലിങ്ങളെയും യോജിപ്പിച്ചു. ഹരിയാനയും പഞ്ചാബും കാലങ്ങളായി കലഹത്തിലായിരുന്നു. കർഷകസമരത്തിൽ പഞ്ചാബികളും ഹരിയാനക്കാരും തമ്മിൽ ഹൃദ്യമായ ഐക്യം ഉയർന്നുവന്നു. തുടക്കംമുതൽ രാജ്യത്തെ തൊഴിലാളിവർഗം പ്രക്ഷോഭത്തിന്‌ പിന്തുണ നൽകി.  കാർഷിക നിയമങ്ങളും  തൊഴിൽ കോഡുകളും കോർപറേറ്റുകളുടെ ആയുധങ്ങളാണെന്ന്‌ കർഷകരും തൊഴിലാളികളും തിരിച്ചറിഞ്ഞു. കർഷകരും തൊഴിലാളികളും ഒരേ രീതിയിലുള്ള കടന്നാക്രമണമാണ്‌ നേരിടുന്നതെന്ന ബോധം വളർന്നു. ഈ ഐക്യപ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രധാനമന്ത്രി കർഷകരോട്‌ മാപ്പുപറഞ്ഞു. തമിഴ്‌നാട്‌, ബംഗാൾ, കേരള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ കനത്ത തിരിച്ചടികൂടി ഉണ്ടായതോടെ മൂന്ന്‌ കാർഷികനിയമവും പിൻവലിച്ചു.

തൊഴിലാളികളുടെ അധ്വാനശേഷി കോർപറേറ്റുകൾക്ക്‌ ചൂഷണംചെയ്യാൻ പാകത്തിൽ ചുട്ടെടുത്ത നാല്‌ തൊഴിൽ കോഡിനെതിരായ രോഷവും ശക്തിയാർജിച്ചിട്ടുണ്ട്‌. ദീർഘകാല പോരാട്ടങ്ങളുടെ ഫലമായി നിലവിൽവന്ന 29 തൊഴിൽനിയമം അസാധുവാക്കിയാണ്‌ കോഡുകൾ കൊണ്ടുവന്നത്‌. വ്യവസായബന്ധം, സാമൂഹ്യസുരക്ഷ, തൊഴിൽ സുരക്ഷയും ആരോഗ്യവും ജോലിസാഹചര്യവും, വേതനം എന്നിങ്ങനെയാണ്‌ കോഡുകൾ. കരാർവൽക്കരണം വ്യാപകമാക്കുക, എട്ട്‌ മണിക്കൂർ ജോലിപരിധി എടുത്തുകളയുക, തൊഴിൽ വകുപ്പിന്റെ പ്രവർത്തനം പരിമിതപ്പെടുത്തുക, സംഘടിച്ച്‌ വിലപേശാനുള്ള അവകാശം ഇല്ലാതാക്കുക,  ത്രികക്ഷി ചർച്ചകൾ ഒഴിവാക്കുക എന്നിവയാണ്‌ കോഡുകളുടെ മുഖ്യലക്ഷ്യം. എന്നാൽ, ഇവ നടപ്പാക്കാൻ കഴിയാതെ മോദി സർക്കാർ പ്രതിസന്ധിയിലാണ്‌. ഈ സാമ്പത്തിക വർഷത്തോടെ  നാല്‌ തൊഴിൽ കോഡും നടപ്പാക്കാമെന്ന്‌ കേന്ദ്രം കണക്കുകൂട്ടിയിരുന്നു. കോഡുകൾ നടപ്പാക്കാൻ  സംസ്ഥാന സർക്കാരുകൾ താൽപ്പര്യം കാട്ടാത്തതും കേന്ദ്രത്തിന്‌ തിരിച്ചടിയായി. തൊഴിൽ സമവർത്തിപ്പട്ടികയിൽ വരുന്ന വിഷയമായതിനാൽ ഇവ നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളും നിയമം പാസാക്കണം. തമിഴ്‌നാട്‌ സർക്കാർ കോഡുകൾ നടപ്പാക്കാൻ നിയമം കൊണ്ടുവന്നെങ്കിലും അതിശക്തമായ പ്രതിഷേധം ഉയർന്നതോടെ അത്‌ പിൻവലിച്ചു. കർഷകസംഘടനകളും ട്രേഡ്‌ യൂണിയനുകളും ചേർന്ന്‌ ‘കോർപറേറ്റ്‌ ഹഠാവോ, ദേശ്‌ ബച്ചാവോ’ എന്ന പ്രസ്ഥാനത്തിന്‌ തുടക്കംകുറിച്ചിട്ടുണ്ട്‌.

ഇടതുപക്ഷ പാർടികൾ തൊഴിൽ കോഡുകളെ തുടക്കംമുതൽ എതിർത്തു.  ഏപ്രിൽ അഞ്ചിന്‌ ഡൽഹിയിൽ സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിയിൽ ഉയർത്തിയ മുദ്രാവാക്യങ്ങളിൽ പ്രധാനം തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നതാണ്‌. സംയുക്ത കിസാൻ മോർച്ചയും തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെടുന്നു. രാജ്യാന്തര തൊഴിൽ സംഘടനയുടെ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്ന്‌ ട്രേഡ്‌ യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. അടുത്തവർഷം നടക്കേണ്ട ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടും തൊഴിൽ കോഡുകൾ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക്‌ കേന്ദ്രം നീങ്ങുകയാണ്‌. കർഷകരുടെയും ആദിവാസികളുടെയും ലോങ്‌ മാർച്ചുകൾക്ക്‌ മുന്നിൽ മഹാരാഷ്‌ട്ര സർക്കാരിന്‌ പലവട്ടം കീഴടങ്ങേണ്ടിവന്നതും ഐക്യപ്രക്ഷോഭത്തിനു മുന്നിൽ ശിങ്കിടി മുതലാളിത്തത്തിന്‌ കീഴടങ്ങേണ്ടി വന്നതിന്‌ ഉദാഹരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top