24 April Wednesday

മതന്യൂനപക്ഷവും ഇന്ത്യൻ ബഹുസ്വരതയും

ഷിജൂഖാൻUpdated: Thursday Apr 11, 2019


ജനാധിപത്യം എന്നാൽ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാപരമായ അധികാര പ്രയോഗമല്ല. ചെറുതും ദുർബലവുമായ ശബ്ദത്തിനുപോലും ലഭിക്കുന്ന സ്വീകാര്യതയാണ്. യോജിപ്പിനെന്നപോലെ വിയോജിപ്പിനും ലഭിക്കുന്ന ആദരവാണ്. ഇന്ത്യയിൽ വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് തന്നിട്ടുണ്ട്. മുസ്ലിം, ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് ഇരകളാകുന്നത്. ഗോരക്ഷാസംഘങ്ങൾ നടത്തിയ എൺപതിലധികം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്നത് മുപ്പതിലധികം കൊലപാതകങ്ങൾ. ഗോരക്ഷാസംഘങ്ങളെ നിരോധിക്കണമെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു. വംശീയവും വർഗീയവുമായ വിവേചനങ്ങൾ, പെരുകുന്ന അസഹിഷ്ണുത എന്നിവയെക്കുറിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ വിമർശനം  ഉന്നയിച്ചിട്ടുണ്ട്. ഭയചകിതരും അസ്വസ്ഥരുമായിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെപ്പറ്റി ചർച്ചകൾ ഉയരുന്നത് സ്വാഭാവികമാണ്. ‘മതനിരപേക്ഷത വിജയിക്കുന്നോ എന്നറിയാൻ  ഭൂരിപക്ഷം എന്ത് ചിന്തിക്കുന്നു എന്നല്ല ന്യൂനപക്ഷത്തിന് എന്ത് തോന്നുന്നു എന്നാണ് നോക്കേണ്ടത്’ നെഹ്റുവിന്റെ വാക്കുകളാണ്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രസക്തമായ ചോദ്യം, ന്യൂനപക്ഷങ്ങളുടെ ഭാവി എന്തായിരിക്കും എന്നതാണ്. ഭൂരിപക്ഷ വർഗീയത രൂപപ്പെടുത്തുന്ന ആശയങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങൾ, ദളിത്‐ആദിവാസികൾ തുടങ്ങിയവരെല്ലാം അവരെന്തായിരിക്കുന്നോ അക്കാരണം കൊണ്ട് വേട്ടയാടപ്പെടുകയാണ്. ഇന്ത്യയെപ്പോലെ ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ അസ്ഥിത്വത്തെ ശിഥിലീകരിക്കാനേ ഇത് ഇടയാക്കൂ.

ഭീഷണികൾ ഇന്നും തുടരുകയാണ്
പല രാജ്യങ്ങളിലും ജനസംഖ്യയിൽ ഭൂരിപക്ഷം പേർ വിശ്വസിക്കുന്ന മതമുണ്ടാകും. അതിന്റെ സാംസ്കാരികവും സാമൂഹ്യവും സാഹിതീയവുമായ സ്വാധീനം പ്രകടവുമായിരിക്കും. അതിലെ അംഗങ്ങളുമായി താരതമ്യപ്പെടുത്തിയാൽ അംഗങ്ങൾ കുറഞ്ഞ മറ്റ് മതവിഭാഗങ്ങളുമുണ്ടാകും. ‘മതന്യൂനപക്ഷങ്ങൾ’ എന്ന് അവരെ വിളിക്കാവുന്നതാണ്. അന്തർദേശീയതലത്തിൽത്തന്നെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഒരു പ്രധാന വിഷയമാണ്. 1992 ലെ ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനമാണ് ഈ ദിശയിലെ ഏറ്റവും പ്രധാന ചുവടുവയ്പ്. അവസരസമത്വം ഉറപ്പുവരുത്തിയും വിവേചനങ്ങളിൽനിന്ന് പരിരക്ഷ നൽകിയും സാംസ്കാരിക വൈവിധ്യം അംഗീകരിച്ചും ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നില ഇപ്രകാരമാണ്. മുസ്ലിം ‐ 17.22 കോടി, ക്രിസ്ത്യൻ ‐ 2.78 കോടി, സിഖ് ‐ 2.08 കോടി, ബുദ്ധിസ്റ്റുകൾ‐ 84.43 ലക്ഷം, ജൈനർ ‐ 44.52 ലക്ഷം, പാഴ്സികൾ 70000. മതത്തിന്റെ പേരിൽ രാജ്യത്ത് യാതൊരു വിവേചനവും പാടില്ല എന്നതാണ് തത്വം. സാംസ്കാരിക‐സാമൂഹ്യ‐രാഷ്ട്രീയ അവകാശങ്ങൾ ന്യൂനപക്ഷ‐ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും ലഭിക്കുകയും വേണം.

മതമൈത്രി പണ്ടുമുതലേ ഇന്ത്യയുടെ സവിശേഷതയായിരുന്നു. അക്ബർ ചക്രവർത്തി ഉൾപ്പെടെയുള്ളവർ മതസഹിഷ്ണുത ഉയർത്തിപ്പിടിച്ചിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സമരഭടന്മാർ ഇംഗ്ലീഷുകാർക്കെതിരെ തങ്ങളുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത് ബഹദൂർഷ സഫറിനെയാണ്. മുഗൾ വംശാവലിയിലെ അവസാനത്തെ കണ്ണിയെ, അംഗീകരിക്കാൻ ഭൂരിപക്ഷം ഹിന്ദുക്കൾക്കും മടിയുണ്ടായില്ല. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും മതസൗഹാർദം ഒരു പ്രധാന ഘടകമായി. വിഭജിച്ചു ഭരിക്കുക എന്ന സിദ്ധാന്തത്തിലൂടെ മതപരമായ ഭിന്നിപ്പ് മുതലെടുത്തത് ബ്രിട്ടീഷുകാരാണ്. 1905 ലെ ബംഗാൾ വിഭജനത്തിൽ ഈ കൗശലം പ്രകടമായിരുന്നു. സ്വാതന്ത്ര്യസമരകാലയളവിൽ ആർഎസ്എസ്, ഹിന്ദുമഹാസഭ തുടങ്ങിയ സംഘടനകൾ വർഗീയ ചേരിതിരിവ് സൃഷ്ടിച്ചു. വരേണ്യവിഭാഗക്കാരും അധികാര തൽപ്പരരുമായ മുസ്ലിങ്ങളെയാണ്  മുഖ്യമായും  ലീഗും മുഹമ്മദലി ജിന്നയുടെ പാകിസ്ഥാൻ വാദവും സ്വാധീനിച്ചത്. മുസ്ലിങ്ങളിലെ സാധാരണക്കാരും മതപണ്ഡിതരിൽ പ്രമുഖരും വിഭജനത്തിനെതിരെ നിലപാട് സ്വീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഏറ്റവും കരുത്തുറ്റ ശബ്ദമായിരുന്ന മൗലാനാ അബ്ദുൾകലാം ആസാദ്, വിഭജനത്തെ ശക്തമായി എതിർത്തു. വിഭജനാനന്തരവും ലക്ഷണക്കിന് മുസ്ലിങ്ങൾ ഇന്ത്യയിൽ ജീവിക്കാൻ തീരുമാനിച്ചു. പക്ഷേ, പിൽക്കാലത്തും അവരെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് സംഘപരിവാരം ശ്രമിച്ചത്.

ന്യൂനപക്ഷങ്ങളുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്തും ‘പാകിസ്ഥാനിലേക്ക് നാടുകടത്തു’മെന്ന് ആക്രോശിച്ചും  ഭീഷണികൾ ഇന്നും തുടരുകയാണ്.
പല ഘട്ടങ്ങളിലും ആർഎസ്എസ് നടത്തിയ വർഗീയ അതിക്രമങ്ങൾ, കലാപങ്ങൾ എന്നിവ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി. 1992 ലെ അയോധ്യ സംഭവവും സംഘർഷങ്ങളും യുപിയെ മാത്രമല്ല, ഇന്ത്യയെ മുഴുവൻ വേദനിപ്പിച്ചു. ഗുജറാത്ത് കലാപം, മുസഫർ നഗർ കലാപം എന്നിവ സ്വതന്ത്ര ഇന്ത്യയുടെ മഹാസങ്കടങ്ങളായി. പലപ്പോഴായി നിരപരാധികളായ മുസ്ലിങ്ങളെ ഭീകരാക്രമണ കേസുകളിൽ പ്രതിചേർത്ത് പീഡിപ്പിച്ചു. വർഷങ്ങൾ തടവറയിൽ കഴിയുകയും കുറ്റക്കാരല്ലെന്ന് കണ്ട് പിന്നീട് വെറുതെ വിടുകയും  ചെയ്തവരുടെ അവസ്ഥ ചിന്തിച്ചുനോക്കുക. കള്ളക്കേസിൽപ്പെട്ട് കാരാഗൃഹത്തിലടയ്ക്കപ്പെട്ട മുസ്ലിം‐ ദളിത് വിഭാഗക്കാരുടെ എണ്ണം ആരെയും ഞെട്ടിക്കുന്നതാണ്. ഈ വിഷയം മുഖ്യധാരയിൽ കൊണ്ടുവന്നത് ഇടതുപക്ഷമാണ്.  

തൊഴിലും സാമൂഹ്യപദവിയും
തൊഴിലിലും വിദ്യാഭ്യാസത്തിലുമുള്ള പിന്നോക്കാവസ്ഥ, പാർലമെന്ററി രംഗത്ത് കുറഞ്ഞുവരുന്ന പങ്കാളിത്തം, രാജ്യസ്നേഹി/രാജ്യദ്രോഹി ദ്വന്ദ്വം സൃഷ്ടിക്കുന്ന അപരവൽക്കരണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങൾ നേരിടുകയാണ്. ദേശീയ സാമ്പിൾ സർവേയുടെ അറുപത്തിയെട്ടാം റൗണ്ട് കണക്ക്  ആരെയും ഞെട്ടിക്കുന്നതാണ്. ദേശീയ മാധ്യമങ്ങൾ ഗൗരവപൂർവം ഇത് ചർച്ച ചെയ്തു. നഗരങ്ങളിലെ 1000 മുസ്ലിങ്ങളിൽ 15 പേർക്കാണ് (പുരുഷന്മാർ) ബിരുദാനന്തര ബിരുദമുള്ളത്. ബിരുദം നേടിയത് 1000 ൽ 71 പേരും. പ്ലസ് ടു പൂർത്തിയാക്കിയത് 1000 ൽ 90 പേരും സ്ഥിരജോലിയുള്ളത് 288 പേർക്കുമാണ്. മറ്റ് സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ശോചനീയമായ സ്ഥിതിയാണ്. ഇന്ത്യൻ മുസ്ലിങ്ങളിൽ 75 ശതമാനവും സാമൂഹ്യ‐ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ കഴിയുന്നവരാണ്. മുസ്ലിങ്ങളിൽ 67.42 ശതമാനം തൊഴിൽ രഹിതരാണ്. ഉയർന്ന സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം 5 ശതമാനത്തിനും താഴെയാണ്.
തൊഴിൽ മേഖലയിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനായി സച്ചാർകമ്മിറ്റി നിർദേശിച്ച തുല്യ അവസര കമീഷൻ ഇതുവരെയും രൂപീകരിച്ചിട്ടില്ല. ജനസംഖ്യാനുപാതികമായി സർക്കാർ സർവീസുകളിൽ പങ്കാളിത്തത്തിനുള്ള അവസരം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്.

പാർലമെന്ററി രംഗത്തെ പങ്കാളിത്തം പ്രത്യേകമായി ചർച്ച ചെയ്യേണ്ടതാണ്. 545 അംഗ പാർലമെന്റിലെ  ഇപ്പോഴത്തെ മുസ്ലിം പ്രാതിനിധ്യം 23 ആണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പങ്കാളിത്തമാണ് (4.22 ശതമാനം) ഇത്. അസം, കേരളം, ജമ്മു കശ്മീർ, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് ഈ പങ്കാളിത്തം.

ജനാധിപത്യം പ്രതീക്ഷയാണ്
എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾ ഇല്ലാതാകണം. സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ബിൽ, പൗരത്വ ഭേദഗതി എന്നിവയെ ശക്തമായി എതിർത്തത് ഇടതുപക്ഷമാണ്.  ബീഫ് നിരോധനത്തിന്റെ മറവിൽ കഴിഞ്ഞ 5 വർഷവും പാവപ്പെട്ട മുസ്ലിങ്ങളെ സംഘപരിവാരം ആക്രമിച്ചു. നിരവധിപേരെ ജയിലിലടച്ചു. ഇപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരും ഇതാണ് ചെയ്യുന്നത്. വർഗീയതയെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണം. ഭൂരിപക്ഷവർഗീയതയ്ക്ക് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയില്ല. ന്യൂനപക്ഷ സംരക്ഷണത്തിനുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുന്നതും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളാണ്.

ന്യൂനപക്ഷ സംഘാടനം ഒന്നിനും പരിഹാരമല്ല. മതേതര‐ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി അണിചേരുകയാണ് അഭികാമ്യം. പ്രത്യേക ഗ്രൂപ്പായി വിഘടിച്ചുനിന്നാൽ യാതൊരു ഫലവുമില്ല. ജനാധിപത്യത്തിന്റെ വിശാലമായ ഭൂമികയിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുകയാണ് ഏവരുടേയും കടമ. ദളിതർ, ആദിവാസികൾ, പീഡിത ന്യൂനപക്ഷങ്ങൾ, സാമ്പത്തിക‐ സാമൂഹ്യ പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നയമാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top