27 April Saturday

തെരഞ്ഞെടുപ്പ്‌ കമീഷനെ 
സ്വതന്ത്രമാക്കുന്ന വിധിന്യായം

അഡ്വ. വി എൻ ഹരിദാസ്Updated: Saturday Mar 11, 2023

ഇന്ത്യൻ ജനാധിപത്യത്തിലെ സുതാര്യതയുടെയും അമിതാധികാര പ്രവണതകൾക്ക് എതിരെയുള്ള പ്രതിരോധത്തിന്റെയും ചരിത്രത്തിൽ നിർണായക ഇടപെടലായി രേഖപ്പെടുത്താവുന്ന ഒന്നാണ് തെരഞ്ഞെടുപ്പ് കമീഷണർ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി. നാല് ഹർജി ഒന്നിച്ചു പരിഗണിച്ചായിരുന്നു വിധി. കെ എം ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിൽ ജസ്റ്റിസ് കെ എം ജോസഫാണ് വിധിന്യായം എഴുതിയത്. അതിനെ പിന്തുണച്ച്‌ ജസ്റ്റിസ് അജയ് രസ്തോഗി  പ്രത്യേക വിധിന്യായവും എഴുതി. പലതുകൊണ്ടും ഏറെ ശ്രദ്ധേയവും പ്രധാനവുമാണ് ഈ വിധി. അഞ്ചംഗ ബെഞ്ചിൽ ആരും വിയോജിപ്പ് പ്രകടിപ്പിച്ചില്ല. ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള മോദി ഭരണത്തിന്റെ കൈകടത്തലിനും പിടിച്ചടക്കലിനുമെതിരെ നീതിന്യായ വിഭാഗത്തിൽനിന്നുള്ള ശക്തമായ തിരിച്ചടിയാണ് ഈ വിധി.

നിയമനിർമാണ മേഖലയുടെ (Parliament), നിർവഹണ വിഭാഗത്തിന്റെ (Executive) മേഖലകളിലേക്ക് നീതിന്യായ വിഭാഗം (Judiciary) അതിക്രമിച്ചു കയറി, നീതിന്യായ വിഭാഗത്തിന്റെ നിയമനിർമാണം, തുടങ്ങി എതിരെ ഉയരാവുന്ന എല്ലാ വിമർശങ്ങൾക്കും ഒരു സാധ്യതയും നൽകാത്ത വിധത്തിൽ പഴുതടച്ച വിധി. വാദിഭാഗത്തിന്റെയും സർക്കാർ ഭാഗത്തുനിന്നുള്ള അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും വാദമുഖങ്ങളെടുത്ത് എഴുതി ഓരോ വാദത്തെയും സവിശേഷമായി പരിശോധിക്കുന്നു. ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ, ഭരണഘടന അനുച്ഛേദങ്ങൾ, ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകൾ, ഇതിനു മുമ്പുണ്ടായ സുപ്രീംകോടതി വിധികൾ എന്നിവ സവിശേഷമായി പരിശോധിക്കുകയും വിലയിരുത്തുകയും  ചെയ്യുന്നു. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സവിശേഷ സംഭാവനയാണ് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പിനെ ജനാധിപത്യ പ്രക്രിയയുടെ ആധാരശിലയായിക്കണ്ട്‌ സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമീഷനെ വിഭാവനം ചെയ്‍തത്. ഭാവിയിൽ ഭരണാധികാരികൾ തങ്ങളുടെ ഇച്ഛാവർത്തികളെക്കൊണ്ട് കമീഷനെ നിറയ്‌ക്കാനുള്ള  ആപൽസാധ്യതകളെ എച്ച്‌ എൻ കുൻസ്റുവിനെപ്പോലുള്ള ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ മുൻകൂട്ടി കണ്ടിരുന്നു.

ഈ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടയിൽത്തന്നെയാണ് സുപ്രീംകോടതിയുടെതന്നെ ഭാഷയിൽ "മിന്നൽ വേഗത്തിൽ' കേന്ദ്ര സർക്കാർ അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്. മെയ് അഞ്ചുമുതൽ നിലനിൽക്കുന്ന ഒഴിവാണ് ഒറ്റദിവസംകൊണ്ട് നികത്തിയത്. 2022 നവംബർ 18ന് ഒഴിവ് നികത്തുന്നതിനുള്ള അനുമതി തേടുന്നു. അന്നുതന്നെ പരിഗണിക്കപ്പെടാവുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഡിസംബറിൽ വിരമിക്കേണ്ട അരുൺ ഗോയൽ സ്വമേധയാ വിരമിക്കലിനുള്ള അപേക്ഷ നൽകുന്നു. അന്നുതന്നെ പ്രധാനമന്ത്രി അദ്ദേഹത്തെ തെരഞ്ഞെടുപ്പ്  കമീഷണറായി നിയമിക്കുന്നതിനുള്ള ശുപാർശ നൽകുന്നു. സ്വമേധയാ വിരമിക്കലിനുള്ള മൂന്നു മാസ പരിധിയിൽനിന്ന് അരുൺ ഗോയൽ ഇളവ് തേടിയുള്ള അപേക്ഷ നൽകുന്നു. അന്നുതന്നെ നിയമനവും നടത്തി.

ഭരണഘടനാ സ്ഥാപനങ്ങളിൽ തങ്ങളുടെ ആളുകളെക്കൊണ്ട് നിറയ്‌ക്കുന്ന തന്ത്രത്തിനാണ് ഇപ്പോൾ കടിഞ്ഞാൺ വീഴുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തുള്ള മുഖ്യ രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധി എന്നിവരടങ്ങിയ ഒരു കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരിക്കണം കമീഷണറെ നിയമിക്കേണ്ടതെന്ന് വരുന്നതോടെ ഭരണപക്ഷത്തിന്റെ അപ്രമാദിത്വം അവസാനിക്കുകയാണ്. സാങ്കേതികമായി പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തെക്കൂടി കണ്ട് വലിയ പ്രതിപക്ഷ കക്ഷിയുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. മറ്റൊന്ന് കമീഷണർമാർക്ക്‌ ആറു വർഷം പൂർത്തിയാക്കാനുള്ള അവസരം ഉണ്ടാകണമെന്ന നിർദേശമാണ്. മോദിയുടെ സർവാധിപത്യ പ്രവണതകളും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കൈപ്പിടിയിൽ  ഒതുക്കുകയും ചെയ്യുകയെന്ന തന്ത്രത്തിന് സിബിഐ ഡയറക്ടർ നിയമനത്തിലെന്നതിന് സമാനമായ തിരിച്ചടിയാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. 2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പായിരിക്കും പുതിയ മാർഗനിർദേശത്തിന് അനുസൃതമായ നിയമനം നടക്കുകയെന്നതും ശ്രദ്ധേയമാണ്.

(ഹൈക്കോടതി അഭിഭാഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top