27 September Wednesday

ബിജെപിക്ക്‌ കനത്ത തിരിച്ചടി

സാജൻ എവുജിൻUpdated: Wednesday Aug 10, 2022

കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചും  പണമൊഴുക്കിയും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപിക്ക്‌ കനത്ത രാഷ്‌ട്രീയ തിരിച്ചടിയാണ്‌ ബിഹാറിലെ സംഭവവികാസങ്ങൾ. ജെഡിയുകൂടി ബന്ധം വേർപെടുത്തിയതോടെ ദേശീയതലത്തിൽ എൻഡിഎ ഫലത്തിൽ ഇല്ലാതായി. ശിരോമണി അകാലിദൾ, ശിവസേന, ടിഡിപി തുടങ്ങിയ പ്രധാന പ്രാദേശിക പാർടികളും ചെറുപാർടികളും മുമ്പേ എൻഡിഎ വിട്ടു. ശിവസേനയെ പിളർത്തി മഹാരാഷ്‌ട്രയിൽ അടുത്തിടെ ഭരണം തിരിച്ചുപിടിച്ചെങ്കിലും സഖ്യകക്ഷികൾക്ക്‌ വിശ്വസിക്കാൻ കഴിയാത്ത പാർടിയാണ്‌ ബിജെപിയെന്ന പ്രതിച്ഛായ വളരുകയാണ്‌.

ഉത്തരേന്ത്യയിൽ ബിജെപിക്ക്‌ ഇതേവരെ മുഖ്യമന്ത്രിയെ ലഭിക്കാത്ത സംസ്ഥാനമാണ്‌ ബിഹാർ. സമ്മർദവും അനുനയവും ഭീഷണിയും മാറിമാറി പയറ്റി ജെഡിയുവിനെ കൂടെനിർത്തിയാണ്‌ ദീർഘകാലം ഭരണത്തിൽ പങ്കാളിയായത്‌. ഹിന്ദി ഹൃദയഭൂമിയിലെ തന്ത്രപ്രധാന സംസ്ഥാനമായ ബിഹാറിൽ മുഖ്യകക്ഷിയായി മാറാൻ കഴിയാത്തത്‌ ബിജെപിയെ അലട്ടുന്ന വിഷയമാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി  സഖ്യകക്ഷിയായ ജെഡിയുവിനേക്കാൾ സീറ്റ്‌ നേടിയെങ്കിലും നിയമസഭയിലും വോട്ടുവിഹിതത്തിലും ഒന്നാമത്തെ പാർടിയായി ആർജെഡി തുടരുകയാണ്‌. കൂറുമാറ്റം സംഘടിപ്പിച്ച്‌ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി മാറാൻ ബിജെപി ശ്രമിച്ചെങ്കിലും എഐഎംഐഎമ്മിലെ നാല്‌ എംഎൽഎമാർ ആർജെഡിയിൽ ചേർന്നതോടെ ബിജെപിയുടെ ആ തന്ത്രവും പൊളിഞ്ഞു. തുടർന്ന്‌ ജെഡിയുവിനെയും കോൺഗ്രസിനെയും പിളർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ ആശീർവാദത്തോടെ അണിയറനീക്കങ്ങൾ നടന്നുവരവേയാണ്‌ നിതീഷ്‌കുമാർ ചടുലമായി നീങ്ങിയത്‌.

തന്നെ രാഷ്‌ട്രീയമായി അവസാനിപ്പിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന തിരിച്ചറിവിൽനിന്നാണ്‌ നിതീഷിന്റെ തീരുമാനമെന്ന്‌ വാദിക്കാമെങ്കിലും രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ ജെഡിയുവിന്റെ രാഷ്‌ട്രീയനീക്കം ജനാധിപത്യ വിശ്വാസികൾക്ക്‌ അത്യന്തം ആശ്വാസകരമാണ്‌. ബിജെപി ഇതര രാഷ്‌ട്രീയകക്ഷികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകളുടെ നിലനിൽപ്പ്‌ അപകടത്തിലാക്കാൻ കേന്ദ്രം സർവമാർഗങ്ങളും സ്വീകരിക്കുന്ന ഘട്ടത്തിലാണ്‌ ബിജെപി പാളയത്തിൽനിന്ന്‌ നിതീഷും കൂട്ടരും പുറത്തുവന്നത്‌. നിതീഷിന്റെ രാഷ്‌ട്രീയ നിലപാടുകളുടെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടി  ദേശീയസാഹചര്യം ഇന്ന്‌ എത്തിനിൽക്കുന്ന അവസ്ഥ തന്നെയാണ്‌. ബിഹാർ പലപ്പോഴും ദേശീയ രാഷ്‌ട്രീയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള സംസ്ഥാനമാണെന്നതും ശ്രദ്ധേയമാണ്‌. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ബിഹാറിന്റെ സംഭാവന ആർക്കും വിസ്‌മരിക്കാൻ കഴിയില്ല. ചോരപ്പുഴ ഒഴുക്കി എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയെ തടഞ്ഞത്‌ ബിഹാറിലെ ലാലുപ്രസാദ്‌ യാദവ്‌ സർക്കാരാണ്‌. 2015ൽ ബിഹാറിൽ മഹാസഖ്യം നേടിയ വിജയവും പ്രധാനമാണ്‌. 2020ൽ കോൺഗ്രസിന്റെ ദൗർബല്യങ്ങളും ബിജെപിയുടെ പണക്കൊഴുപ്പുമാണ്‌ മഹാസഖ്യത്തിന്റെ വിജയം തടഞ്ഞത്‌.

മഹാരാഷ്‌ട്രയിൽ നടത്തിയ അട്ടിമറിയുടെ വിജയം ആഘോഷിച്ചുവരുന്ന ബിജെപിയുടെ മൂർധാവിലേറ്റ പ്രഹരമാണിത്‌.  അമിത്‌ ഷായുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ബിഹാർ.  നിതീഷിനെ ദുർബലനാക്കാനും നിർവീര്യനാക്കാനും ബിജെപി തുടർച്ചയായി ശ്രമിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണകാലത്ത്‌ ചിരാഗ്‌ പസ്വാനെ ഉപയോഗിച്ച്‌  നിതീഷിനെ അപമാനിച്ചു. നിതീഷുമായി നല്ല ബന്ധത്തിലായിരുന്ന,  കഴിഞ്ഞ സർക്കാരിലെ  ഉപമുഖ്യമന്ത്രി സുശീൽ മോദിയെ ബിജെപി സംസ്ഥാന രാഷ്‌ട്രീയത്തിൽനിന്ന്‌ ഒഴിവാക്കി. അഴിമതിയുടെ പേരിൽ ആർജെഡിയെ തള്ളിപ്പറഞ്ഞാണ്‌  2017ൽ നിതീഷ്‌ മഹാസഖ്യം വിട്ടത്‌. ആർജെഡിയുമായി നിതീഷ്‌ ബന്ധം പുനഃസ്ഥാപിക്കുന്നത്‌ തടയാൻ ലാലു പ്രസാദിനെതിരെ കേന്ദ്രം പുതിയ കേസുകൾ കുത്തിപ്പൊക്കി. ഏറ്റവുമൊടുവിൽ ലാലു പ്രസാദിന്റെ മുൻ സ്‌റ്റാഫ്‌ അംഗത്തെ സിബിഐ അറസ്‌റ്റുചെയ്‌തു. കേന്ദ്രമന്ത്രിസഭയിൽ ജെഡിയു പ്രതിനിധിയായിരുന്ന ആർസിപി സിങ്ങിനെ വരുതിയിലാക്കി നിതീഷിനെ ക്ഷീണിപ്പിക്കാനും ബിജെപി ശ്രമിച്ചു. ഇതെല്ലാം മറികടന്നാണ്‌ നിതീഷ്‌ പുതിയ യാത്ര തുടങ്ങുന്നത്‌.

ബിജെപി സർക്കാരുകൾക്ക്‌ മാത്രമാണ്‌ അതിജീവനശേഷിയുള്ളതെന്ന ധാരണയും പ്രചാരണവും അപ്രസക്തമാക്കുന്ന വഴിത്തിരിവാണിത്‌. എല്ലാ ആയുധവും സന്നാഹങ്ങളും ഒരുക്കിനീങ്ങുന്ന ബിജെപിക്ക്‌ തടയാൻ കഴിയാത്ത രാഷ്‌ട്രീയനീക്കങ്ങൾക്കും സാധ്യതയുണ്ടെന്ന പാഠം ഇതിൽനിന്ന്‌ ലഭിക്കുന്നു.  ഇക്കൊല്ലം ഗുജറാത്തിലും ഹിമാചൽപ്രദേശിലും തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്ന ബിജെപിക്ക്‌ മുഖംമിനുക്കാൻ പുതിയ തന്ത്രങ്ങൾ തേടേണ്ടിവരും. രണ്ട്‌ സംസ്ഥാനത്തും ഭരണവിരുദ്ധവികാരം ശക്തമാണ്‌. മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ ആവർത്തിക്കുന്ന വിഷമദ്യ ദുരന്തങ്ങൾക്ക്‌ വിശദീകരണം നൽകാൻ ബിജെപി സർക്കാരിന്‌ കഴിഞ്ഞിട്ടില്ല. ഒറ്റമഴയിൽ തകരുന്ന റോഡുകളും ദേശീയ മാധ്യമങ്ങളിൽ വാർത്തയാകുന്നു. ഭരണത്തിന്റെ മികവിൽ വോട്ട്‌ ചോദിക്കാൻ കഴിയാതെ വർഗീയധ്രുവീകരണ നീക്കങ്ങളെ ആശ്രയിക്കുന്ന ബിജെപി ബിഹാറിൽനിന്നുള്ള പ്രഹരമേറ്റ്‌ കൂടുതൽ തീവ്രമായ നിലപാടിൽ അഭയം കണ്ടെത്താൻ ശ്രമിക്കാനാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top