27 March Monday

കവിത്വത്തിന്റെ സമുന്നതശീർഷം

പ്രഭാവർമ്മUpdated: Tuesday Jan 10, 2023

മലയാളം കണ്ട ഏറ്റവും ഉയരമുള്ള കവി മഹാകവി ഒളപ്പമണ്ണയാണ്. ശാരീരികമായ ഈ ഔന്നത്യം വലിയതോതിൽ കവിതയിലും അദ്ദേഹം നിലനിർത്തി. എന്നാൽ, ഇത് മലയാള സാഹിത്യ ചിന്താലോകം വേണ്ടത്ര മനസ്സിലാക്കിയോ എന്നു സംശയം. തീരെക്കുറച്ചു മാത്രം എഴുതപ്പെട്ട ഏറ്റവും വലിയ കവികളുടെ നിരയിലായി അദ്ദേഹത്തിന്റെ സ്ഥാനമെന്നത് ഇതിനുള്ള തെളിവാണ്. മഹാനിരൂപകരുടെ നിരയിലുള്ള പലരും ഒളപ്പമണ്ണയുടെ കാവ്യലോകത്തെ അർഹമായ പരിഗണനകൊടുത്ത് അപഗ്രഥിച്ചില്ല. എന്തുകൊണ്ടോ എന്തോ, ഭയഭക്തി ബഹുമാനങ്ങളോടെ അകന്നുനിന്നു വിസ്മയിക്കുകയായിരുന്നു നിരൂപകലോകം. എളുപ്പത്തിൽ വഴങ്ങിക്കൊടുക്കാൻ വിസമ്മതിക്കുന്ന കാവ്യഗരിമ ഒരു കാരണമാകാം; അദ്ദേഹത്തെ ചൂഴ്ന്നു നിന്ന ജന്മിത്വ പ്രതിച്ഛായ മറ്റൊരു കാരണമാകാം.

പുരോഗമന പ്രസ്ഥാനങ്ങൾ അകറ്റിനിർത്തേണ്ട ജന്മിത്വത്തിന്റെ കവിയായിരുന്നോ ഒളപ്പമണ്ണ? അക്കാര്യം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലെങ്കിലും ഒരു പര്യാലോചനയ്ക്കു വിധേയമാക്കേണ്ടതുണ്ട്; പ്രത്യേകിച്ചും പുരോഗമന സാഹിത്യ പ്രസ്ഥാനം. ഓർക്കുക. സർ സി പിക്കും തിരുവിതാംകൂറിലെ അദ്ദേഹത്തിന്റെ നിഷ്ഠൂര വാഴ്ചയ്ക്കുമെതിരെ പാട്ടെഴുതുകയും അതു പാടി വിദ്യാർഥികളെ തിരുവിതാംകൂറിലേക്കു തെരുവുകളിലൂടെ നയിക്കുകയും ചെയ്ത ഉൽപ്പതിഷ്ണുത്വത്തിന്റെ കവിയാണിത്. കെ  പി ആർ ഗോപാലനെക്കുറിച്ചു കവിത എഴുതി പ്രസിദ്ധീകരിച്ചതിനു പൊലീസിനാൽ പിടികൂടപ്പെട്ട പോരാളിയായ കവിയാണിത്. യാഥാസ്ഥിതികരുടെ വിലക്കുകളെ അതിലംഘിച്ചുകൊണ്ട് ചെമ്പൈ അനുമോദന സമ്മേളനത്തിലേക്ക് എ കെ ജിയെ ക്ഷണിച്ചു വരുത്തിയ പുരോഗാമിയായ കവിയാണിത്. ഇ എം എസ് ഇടയ്ക്കു രോഗഗ്രസ്തനായപ്പോൾ അക്കിത്തവുമായി ചേർന്ന് സുഖാശംസാ കവിത എഴുതി വരേണ്യരുടെ അപ്രീതിക്കു പാത്രമായ തീക്ഷ്ണചിന്തയുടെ കവിയാണിത്.

“ഉറക്കുപാട്ടുകൾ അരുതു പാടരു
 തൊരിക്കലുമെന്റെ മണി വിപഞ്ചികേ”

എന്നു തന്റെതന്നെ കവിമനസ്സിനോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഈ കവി പകലിരവില്ലാതെ പണിയെടുക്കുകയും വയറെരിയുകയും നട്ടെല്ലു നുറുങ്ങുകയും മെയ്ചതഞ്ഞു നോവുകയും ചെയ്യുന്ന പണിയെടുക്കുന്ന മനുഷ്യരുടെ ഭാഗത്തുനിന്നു. അവർക്കു വേണ്ടത് ഉറക്കുപാട്ടല്ല, ഉണർത്തു പാട്ടാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ടുതന്നെ കവിതയിലേക്കു കടന്നുവരികയും അവിടെ നിലയുറപ്പിക്കുകയും ചെയ്തു. മനുഷ്യനോടും പ്രകൃതിയോടുമുള്ള സംവാദത്തിന്റെ മാനവിക ഭാഷയായിരുന്നു ഒളപ്പമണ്ണയ്ക്ക് എന്നും കവിത. സവിശേഷമായ ഒരു ജീവകാരുണ്യപരത ഒളപ്പമണ്ണക്കവിതകളിൽ എന്നും നിറഞ്ഞുനിന്നു. ആദ്യകാലത്തു കവിതയിൽ പ്രകടമായ വിപ്ലവാവേശം അതേ പടി തുടർന്നിട്ടുണ്ടാകില്ല. എന്നാൽ, സർവാശ്ലേഷിയായ ഒരു മാനുഷിക സത്തയായി അതു കാവ്യവ്യക്തിത്വത്തിൽ അലിഞ്ഞു പരിണമിക്കുന്നതാണു നാം കണ്ടത്.

ചങ്ങമ്പുഴയുടെ കാൽപ്പനിക പ്രഭാവം നിറഞ്ഞുകവിഞ്ഞുനിന്ന അന്തരീക്ഷത്തിൽ ഭാഷാപരമായും ഭാവുകത്വപരമായും വലിയ മാറ്റം സൃഷ്ടിക്കുന്നതിൽ ഒളപ്പമണ്ണ വഹിച്ച പങ്ക് ചരിത്രപരമായി അടയാളപ്പെടുത്തപ്പെടേണ്ടതാണ്. ആദ്യ ഘട്ടത്തിലെ പ്രകട വിപ്ലവാത്മകതയിൽനിന്നു പരോക്ഷ പുരോഗാമിത്വത്തിലേക്കു മാറിയ അതേ ഘട്ടത്തിൽ അന്നത്തെ പൊതു കാവ്യസങ്കൽപ്പത്തിനു നിരക്കുന്ന കാൽപ്പനിക മസൃണതയിൽനിന്ന് ഭാവപാരുഷ്യത്തിലേക്കു സ്വയം വേർതിരിഞ്ഞു നടക്കാനും ഒളപ്പമണ്ണ ശ്രദ്ധിച്ചു.

പനിനീർപ്പൂക്കളുടെയും പൂനിലാവിന്റെയും വർണനാകാലത്ത് ചുടലപ്പറമ്പിലെ വെന്ത മാംസം ഭക്ഷിക്കുന്ന മനുഷ്യന്റെ വർണനയിലേക്ക് ഒളപ്പമണ്ണ, കവിതയുടെ ഗതിയെ മാറ്റിയെടുത്തു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തെ സ്വപ്നങ്ങൾ പൊലിയുന്നതിന്റെ വ്യഥയും പുതിയ കാലം തുറക്കാനുള്ള പുതിയ താക്കോൽ കണ്ടെത്തേണ്ടതിന്റെ ആവശ്യകതാബോധവും ആ കവിത്വത്തെ പുതുക്കിപ്പണിതു. പ്രഖ്യാപനങ്ങളല്ല, പ്രായോഗിക കർമപരിപാടികളാണു വേണ്ടത് എന്ന്‌ അദ്ദേഹം പറഞ്ഞു.

“സ്വാതന്ത്ര്യമുദിച്ചുവോ വിളകൊയ്തോടാൻ വന്ന
 ഘാതകൻ പാടത്തിന്റെ നടുക്കുനിൽപ്പുണ്ടിന്നും”

എന്നെഴുതിയ ഈ കവി ഉദയമായി നാം ധരിച്ചത് പാതിരാവിലെ പൊട്ടിച്ചൂട്ടിന്റെ ചിരി മാത്രമാണ് എന്ന് ജാഗ്രതപ്പെടുത്തുക കൂടി ചെയ്തു.

“കഷ്ടപ്പാടിനെബ്ഭവാൻ താരാട്ടിയുറക്കുന്നു
 കഷ്ടമിക്കൃഷിക്കാരനുണർന്നു കഴിഞ്ഞിട്ടും”

എന്ന് അധികാരത്തിന്റെ വിഫലവാഗ്ദാനങ്ങളെ അദ്ദേഹം കവിതകൊണ്ടു തുറന്നുകാട്ടി. ആ വഴിക്കുള്ള സഞ്ചാരമധ്യേ ഒളപ്പമണ്ണക്കവിത പലപ്പോഴും പ്രവചനാത്മകസ്വഭാവം ആർജിക്കുന്നതു കാണാം.

“ആർഷസംസ്കാരം  നോക്കു; ജാതിയും മതങ്ങളും
 ആയുധമെടുക്കുന്നിതന്യോന്യം കുത്തിക്കീറാൻ”

എന്ന് എത്രയോ മുമ്പേ തന്നെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു മുന്നറിയിപ്പു നൽകി ഒളപ്പമണ്ണ! വ്യവസ്ഥിതിക്കെതിരായ ഇടിവെട്ടുകൾ കാണാതെ, കേൾക്കാതെ അകത്തളങ്ങളിൽ കഴിയുന്ന വരേണ്യതയുടെ മനസ്സുകളോടുള്ള ഒളപ്പമണ്ണയുടെ പുച്ഛം കവിതകളിൽ പ്രകടമായി.
വയലാറും ഇരിക്കൂറും കൈ കോർക്കണമെന്ന ആഹ്വാനത്തിലൂടെ ഐക്യകേരള സ്വപ്നത്തെ പണ്ടേ കവിതയിലേക്കു കൊണ്ടുവന്നു ഒളപ്പമണ്ണ. സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രതീക്ഷകൾ വൃഥാവിലാകുന്നതിന്റെ രോഷ സന്താപങ്ങൾ പ്രതിഫലിപ്പിച്ചു, ‘കിരീടങ്ങളുടെ കഥ’, ‘സ്വർഗത്തിന്റെ ചിത്രങ്ങൾ’, ‘കള്ളൻ ചക്കട്ടു’ തുടങ്ങിയവ.

ഇതെല്ലാമിരിക്കിലും ഒളപ്പമണ്ണയുടെ മാസ്റ്റർപീസ് ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ‘നങ്ങേമക്കുട്ടി’. കണ്ണീർ നനവുകൊണ്ട് ഒറ്റയടിക്കു വായിച്ചെത്തിക്കാൻ കഴിയാതെ വന്നിട്ടുള്ള രണ്ടോ മൂന്നോ കവിതകളേ ഈ ലേഖകന്റെ മുമ്പിൽ വന്നിട്ടുള്ളു. അതിൽ ഒന്ന് ‘നങ്ങേമക്കുട്ടി’ തന്നെ. ഇന്നും അത് ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കഴിയാറില്ല. ഗദ്ഗദത്താൽ, കണ്ണുനീരാൽ വായന മുറിഞ്ഞുപോകും. ഇടവേളയ്ക്കുശേഷം ബാക്കി ഭാഗം. അങ്ങനെയേ പറ്റാറുള്ളൂ.

ഇല്ലത്തുനിന്ന് ഭ്രഷ്ടയാവുന്ന നങ്ങേമക്കുട്ടി നിരാലംബയായി അലയുന്നതു തെരുവുകളിലല്ല, അനുവാചകന്റെ മനസ്സിലാണ്. മനുഷ്യത്വത്തേക്കാൾ മാമൂലുകൾക്കു പ്രാമുഖ്യം കൽപ്പിക്കുന്ന ബ്രാഹ്മണ്യം വില്ലനില്ലാത്ത ഈ കഥാകാവ്യത്തിൽ വില്ലനിയുടെ പ്രതീകമായി വരുന്നു. മലയാളത്തിലുണ്ടായ അതിവിശിഷ്ടമായ കാവ്യാഖ്യായികയായ നങ്ങേമക്കുട്ടി, ഒരേസമയം വൈകാരിക തീവ്രത കൊണ്ടും വൈചാരിക തീക്ഷ്ണത കൊണ്ടും ശ്രദ്ധേയമായി നിൽക്കുന്നു. ‘ഏഹിസൂനരി’, ‘അംബ’, ‘നിഴലാന ജാലകപ്പക്ഷി’, ‘സുഫല’ തുടങ്ങി എത്രയോ ഒളപ്പമണ്ണക്കൃതികൾ മനസ്സിൽ വന്നുനിറയുന്നു. നിഴലാന ദാർശനികമായ ഭാവമേഖലയിൽ സഞ്ചരിക്കുന്ന വിലപ്പെട്ട ലോക കൃതികൾക്കിടയിൽ സ്ഥാനമുണ്ടാകേണ്ട ഒന്നത്രെ.

“കവിതാരചനയ്ക്കുണ്ണീ
 കരളിൽക്കത്തി നിൽക്കണം
 കറയറ്റ വികാരത്തിൻ
 കാന്തിമത്തായ പാവകൻ”

എന്ന് എഴുതിയിട്ടുണ്ട് ഒളപ്പമണ്ണ. അദ്ദേഹത്തിന്റെ കവിതയുടെ സൂത്രവാക്യമാണത്. വികാരത്തിന്റെ ജ്വാലയിൽ സ്ഫുടം ചെയ്ത കവിതകളാണദ്ദേഹം എഴുതിയത്. മലയാളത്തിലെ കവിതകളൊക്കെ കടലെടുത്തു പോയാലും മനസ്സുകളിൽ നിന്നു മനസ്സുകളിലേക്കു സർവകാലവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ചുരുക്കം ചില കവിതകളുണ്ട്. അതിൽ ഒന്നാണ് ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി! മലയാളത്തിന്റെ കണ്ണുനീർത്തുള്ളിയാണത്. “നാളത്തിൽ സ്നേഹമെന്നപോൽ” എന്നെഴുതിയ കവിയാണല്ലോ ഇത്. പദചേരുവ കവിതയാകുന്നത് എങ്ങനെയാണ് എന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ അതിൽ വെണ്ണപ്പാളി പോലെ തെളിഞ്ഞുകിടക്കുന്നു.

“കൈതെറ്റിവീണുപോം കുപ്പി
 പ്പാത്രംപോലൊരു വാചകം”
എന്നിടത്തായാലും,
“ചിലനാൾ പുസ്തകത്തിന്റെ
 താളുപോലെ മറിഞ്ഞുപോയ്
 കാറ്റത്തിട്ടൊരു പുസ്തകം”
എന്നിടത്തായാലും
“നങ്ങേമക്കുട്ടിയെപ്പോലെ
 നിന്നൂ നിശ്ശബ്ദയാമിനി   
 ഉത്തരം പറയാത്തവൾ.”

എന്നിടത്തായാലും കവിത തിളച്ചുനിൽക്കുന്നത് നമുക്കനുഭവിക്കാം. നങ്ങേമക്കുട്ടിയെന്നല്ല, ഒളപ്പമണ്ണയുടെ ഏതു കവിതയെടുത്താലും കവിതയുടെ ഈ വെണ്ണപ്പാളി നമുക്കു കണ്ടെത്താനാകും. ‘മലമ്പുഴ’ എന്ന കവിതയിലെ:

“കൈക്കുടന്ന നിറച്ചും ഞാൻ
നിന്നെക്കോരിയെടുക്കവേ
ചോരുന്നൂ ലജ്ജകൊണ്ടു നീ”

എന്നതടക്കം എത്രയോ വരികൾ മനസ്സിലേക്കു വരുന്നു. വെറും വരികൾ എഴുതിയിട്ടേയില്ല ഈ കവി. ഗായത്രം എന്ന വൃത്തത്തിന്റെ അപാരമായ ഭാവസംവേദന സാധ്യത ഇതുപോലെ ഉപയോഗിച്ച കവികൾ ചുരുങ്ങും. ‘മലമ്പുഴ’ മുതൽ ‘നങ്ങേമക്കുട്ടി’ വരെ ഗായത്രത്തിലാണല്ലോ.
ഒളപ്പമണ്ണയെക്കുറിച്ചുള്ള ഏതു കുറിപ്പും അദ്ദേഹം കഥകളിക്കും കലാമണ്ഡലത്തിനും നൽകിയ സംഭാവനകളെക്കൂടി പരാമർശിക്കാതെ പൂർണമാകില്ല. അതിനാകട്ടെ മറ്റൊരു ലേഖനം തന്നെ വേണം. അതുകൊണ്ട് അംബ എന്ന ആട്ടക്കഥയിലൂടെയടക്കം അദ്ദേഹം കഥകളിക്കു നൽകിയ സംഭാവനകളിലേക്ക് ഇവിടെ കടക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top