26 April Friday

കള്ളമൊഴികൾ തെളിവാകില്ല - അഡ്വ. മുകുന്ദ് പി ഉണ്ണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2022

ഒരു കേസിൽ വിചാരണ തുടങ്ങുംമുമ്പ്‌ പ്രതിയോ സാക്ഷിയോ ക്രിമിനൽ നടപടിക്രമത്തിലെ (CrPC) 164 –-ാം വകുപ്പുപ്രകാരം മജിസ്‌ട്രേട്ട്‌ മുമ്പാകെ രേഖപ്പെടുത്തുന്ന മൊഴിയാണ്‌ 164 സ്റ്റേറ്റ്മെന്റ്. ഇങ്ങനെ രേഖപ്പെടുത്തുന്ന മൊഴികൾ തെളിവുകളല്ല. മൊഴികൾ സാധൂകരിക്കണമെങ്കിൽ തെളിവുകൾ ലഭ്യമാകണം. 164 –-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പറയുന്ന മൊഴികൾക്ക്‌ തെളിവുകളുടെ അഭാവത്തിൽ ഒരു മൂല്യവുമില്ല.

സ്വർണക്കടത്തുകേസിലെ പ്രതി കഴിഞ്ഞദിവസം മാധ്യമങ്ങൾക്കു മുമ്പാകെ നടത്തിയ പ്രസ്താവനകൾ അത്യന്തം ബലഹീനമായതും നിയമപരമായി ഒരു സാധുതയും ഇല്ലാത്തതുമാണ്‌. മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും പ്രതി നടത്തിയ പരാമർശങ്ങൾ നിയമപരമായി നിലനിൽപ്പുള്ളതല്ല. 164–-ാം വകുപ്പുപ്രകാരം പ്രതി കോടതിക്കു മുമ്പാകെ നൽകിയ മൊഴി മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞതിലെ അനൗചിത്യം കോടതിയുടെ പരിഗണനയിൽ വരുമ്പോൾ പ്രതിയുടെ മൊഴിക്ക് ഒരു മൂല്യവും ലഭിക്കില്ല.

അന്വേഷണഘട്ടത്തിൽ അന്വേഷണ ഏജൻസിക്കു മുമ്പാകെ നൽകിയ മൊഴിയേക്കാൾ മൂല്യം 164 സ്റ്റേറ്റ്മെന്റിന്‌ ഉണ്ടെന്നതിനാൽ അതിന് ആ രീതിയിലുള്ള പ്രാധാന്യം കോടതിയും നൽകാറുണ്ട്. എന്നാൽ, വിചാരണഘട്ടത്തിൽ കോടതിയിൽ നൽകുന്ന മൊഴിയുമായി 164 സ്റ്റേറ്റ്മെന്റിന് ബന്ധമില്ല എന്നുള്ളതാണ് പ്രധാനം. അതുകൊണ്ടുതന്നെ, 164–-ാം വകുപ്പുപ്രകാരം നൽകുന്ന മൊഴി പ്രതിക്ക് വിചാരണഘട്ടത്തിൽ മാറ്റിപ്പറയാം. നേരത്തെ നൽകിയ മൊഴിയുമായി ഒത്തുനോക്കാനും വിചാരണാഘട്ടത്തിൽ നൽകുന്ന മൊഴിയുമായി തട്ടിച്ചുനോക്കാനും മാത്രമേ 164 സ്റ്റേറ്റ്മെന്റിനെ വിചാരണക്കോടതി പരിഗണിക്കാൻ പാടുള്ളൂവെന്ന് ജോർജ് / സ്റ്റേറ്റ് ഓഫ് കേരള (1998 (https://indiankanoon.org/doc/1456372/) എന്ന കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. പുതുതായി പറയുന്ന ആരോപണങ്ങൾക്ക് പ്രത്യേകമായ സ്ഥാനമൊന്നും ഇല്ലെന്ന് സാരം. ഒരു പ്രതിയെ കുറ്റക്കാരനായി കണ്ടെത്തണമെങ്കിൽ അന്വേഷണ ഏജൻസി കണ്ടെടുത്ത തെളിവുകൾ ബലവത്തായതും കഴമ്പുള്ളതും ആയിരിക്കണം. രേഖപ്പെടുത്തുന്ന മൊഴികൾ തെളിവുകളല്ല. മൊഴികൾ സാധൂകരിക്കാൻ തെളിവുകൾ ലഭ്യമാകണം. തെളിവുകളുടെ അഭാവത്തിൽ 164–-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പറയുന്ന മൊഴികൾ പോലും മൂല്യവത്താകുകയില്ല.


 

മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും നടത്തിയ പ്രസ്താവനകൾക്കും കോടതിയിൽ നൽകിയെന്ന് പറയപ്പെടുന്ന മൊഴിക്കും അടിവരയിടാൻ ഒരു തെളിവും പ്രതി ഹാജരാക്കുകയോ ഏതെങ്കിലും തെളിവുകൾ അന്വേഷണ ഏജൻസികൾ കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സ്വർണക്കടത്തുകേസ് പ്രതിയുടെ മൊഴിക്ക്‌ അനാവശ്യ പ്രാധാന്യം നൽകി മാധ്യമങ്ങൾ വാർത്തയാക്കുന്നത് തികഞ്ഞ അനൗചിത്യവും അങ്ങേയറ്റം അധാർമികവുമായ പ്രവൃത്തിയാണ്. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനോ മുൻമന്ത്രി കെ ടി  ജലീൽ എംഎൽഎയോ പ്രതിപ്പട്ടികയിൽപ്പോലും ഇല്ല. കൂടാതെ, മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എഫ്ഐആറിലോ കുറ്റപത്രത്തിലോ അന്വേഷണ ഏജൻസികളുടെ ഏതെങ്കിലും റിപ്പോർട്ടിലോ ഒന്നും പരാമർശിക്കപ്പെട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ പുതുതായി പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക്‌ കോടതിയിൽ എന്തെങ്കിലും രീതിയിലുള്ള പ്രാധാന്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിക്കോ മുൻ സ്‌പീക്കർക്കോ എതിരെ ഒരുവിധത്തിലുമുള്ള തെളിവുമില്ലെന്ന്‌ നേരത്തെ തന്നെ വ്യക്തമായിട്ടുള്ള കാര്യമാണ്. ബിരിയാണി ചെമ്പ് കോൺസുലേറ്റിൽനിന്ന് കൊടുത്തുവിട്ടെന്ന് പ്രതി പറഞ്ഞിട്ടുള്ളതല്ലാതെ അങ്ങനെയൊരു വാദം കേന്ദ്ര അന്വേഷണ ഏജൻസികൾ പോലും നടത്തിയിട്ടില്ല. നിയമപരമായ ഏതർഥത്തിലും പ്രതിയുടെ ഈ ആരോപണങ്ങൾക്ക് ഒരു കഴമ്പുമില്ലെന്ന് നിസ്സംശയം പറയാം.

പ്രതിയുടെ ആരോപണങ്ങൾ തെറ്റെന്ന്‌ തെളിയിക്കപ്പെട്ടാൽ  കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കള്ളസാക്ഷ്യം രേഖപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുക്കാനും സാധിക്കും. തെളിവില്ലാതെ  മുഖ്യമന്ത്രിക്കെതിരെയും  കുടുംബത്തിനെതിരെയും ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ പ്രതിക്കെതിരെ അപകീർത്തിക്കേസും നിലനിൽക്കും.

(സുപ്രീംകോടതിയിൽ 
അഭിഭാഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top