25 April Thursday

കൃഷിയുടെ കമ്പനിവൽക്കരണം - പി കൃഷ്‌ണപ്രസാദ്‌ എഴുതുന്നു

പി കൃഷ്‌ണപ്രസാദ്‌Updated: Wednesday Jun 10, 2020

ഇന്ന് കൃഷിക്ക് ചരിത്രപരമായ ദിനമാണ്. രാജ്യത്തിന്‌ 1947ൽ സ്വാതന്ത്ര്യം ലഭിച്ചു, കർഷകർക്ക് ഈ ഓർഡിനൻസിലൂടെ ഇന്നാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്'' എന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമാർ 2020 ജൂൺ മൂന്നിന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞുവെന്ന്‌ ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. ഇതാണ് ആർഎസ്എസ് സംഘടനകൾ പ്രചാരണമഴിച്ചുവിടുന്ന രീതി. ആ ദിവസം നരേന്ദ്ര മോഡി മന്ത്രിസഭ മൂന്ന് ഓർഡിനൻസ് അംഗീകരിച്ചു. ദ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ്‌ (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റഷൻ) ഓർഡിനൻസ് 2020, ദ ഫാർമേഴ്‌സ്‌ (എംപവർമെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ) അഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ഓർഡിനൻസ് 2020, എസെൻഷ്യൽ കമോഡിറ്റീസ് (അമൻമെന്റ്) ഓർഡിനൻസ് 2020. ലോക്‌ഡൗൺ കാലഘട്ടത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരതം പാക്കേജിന്റെ ഭാഗമാണിവ. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും തലക്കെട്ട് നൽകിയത് " ഏതു വിലയ്‌ക്കും വിളകൾ വിൽക്കാൻ കർഷകർക്ക് സ്വാതന്ത്ര്യം' എന്നാണ്. എന്നാൽ, ഏതു കർഷകരിൽനിന്നും ഏതു വിലയ്‌ക്കും ഏതു വിളയും വാങ്ങാൻ കാർഷിക കമ്പനികൾക്ക് സ്വാതന്ത്ര്യം എന്നതാണ് യാഥാർഥ്യം.

വില ഉറപ്പുവരുത്തൽ ഓർഡിനൻസിൽ നിശ്ചിതവില ഉറപ്പാക്കി വിള വിൽക്കാൻ കർഷകന് സ്വാതന്ത്ര്യം നൽകുന്ന വകുപ്പ് നമുക്ക് പരിശോധിക്കാം. അധ്യായം 2 ഭാഗം 5 കാർഷികവിളകളുടെ വില സംബന്ധിച്ചാണ്. അതിൽ പറയുന്നത് കാർഷികവിളകൾക്ക് നിശ്ചിതവില ഉറപ്പുനൽകുന്നു എന്നാണ്. എന്നാൽ, അത് ചുരുങ്ങിയ താങ്ങുവിലയേക്കാൾ -എംഎസ്‌പി കുറവാകരുത് എന്ന് വ്യവസ്ഥയില്ല. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള എപിഎംസി (അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) നിശ്ചയിക്കുന്ന വിലയെങ്കിലും നൽകാനും വ്യവസ്ഥയില്ല.  കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം സ്വകാര്യവൽക്കരിക്കാനാണ്‌ മൂന്ന്‌ ഓർഡിനൻസുകളിലും ഊന്നൽ. ഗ്രാമീണ കാർഷിക വിപണികൾ വൻകിട കമ്പനികൾ നേരിട്ടു കൈയടക്കുന്നതു തടയാനുള്ള പരിരക്ഷ ഇല്ലാതാക്കി.

ഒരു രാജ്യം ഒരു വിപണി
പ്രധാനമന്ത്രി അവതരിപ്പിച്ച മുദ്രാവാക്യങ്ങളാണ് ഒരു രാജ്യം ഒരു വിപണി, തടസ്സരഹിത അന്തർ സംസ്ഥാന, സംസ്ഥാനാന്തര വ്യാപാരം, ഇലക്ട്രോണിക് വ്യാപാരം എന്നിവ. അവശ്യവസ്തു നിയമത്തിലെ ഭേദഗതി വിളകളുടെ സംഭരണത്തിൽ കർഷകർക്കുള്ള എല്ലാ കുത്തകവിരുദ്ധ പരിരക്ഷകളും ഇല്ലാതാക്കി. കർഷകരേക്കാൾ പൊതുജനങ്ങളുടെ താൽപ്പര്യമാണ് അവശ്യവസ്തു നിയമം സംരക്ഷിക്കുന്നത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തു നിയമത്തിൽനിന്ന്‌ ഒഴിവാക്കി. അത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കി. വിത്തിടുമ്പോൾത്തന്നെ കർഷകർക്ക് മുൻകൂർ പണം നൽകി വിള വാങ്ങിയെടുക്കുന്ന കച്ചവടം തടയാൻ നിലവിലുള്ള ഫലപ്രദമായ ഏകനിയമ പരിരക്ഷയാണ് അവശ്യവസ്തു നിയമം. അതില്ലാതാക്കിയതിലൂടെ അവശ്യവസ്തുക്കൾ സംഭരിച്ചു പൂഴ്‌ത്തിവയ്‌ക്കാനും കരിഞ്ചന്ത നടത്തി ലാഭമുണ്ടാക്കാനും മോഡി ഭരണം നിയമമുണ്ടാക്കി. അതായത് പ്രധാനമന്ത്രിയും അനുചരരും പറയുന്നപോലെ സ്വാതന്ത്ര്യം കർഷകർക്കല്ല, മറിച്ച്‌ കാർഷികവ്യാപാര കമ്പനികൾക്കാണ് ലഭിക്കുന്നത്.


 

ഫെഡറൽ തത്വങ്ങൾക്കുമേലുള്ള ആക്രമണം-
ഓർഡിനൻസിലെ വ്യവസ്ഥപ്രകാരം എപിഎംസി ആക്ട് പ്രകാരമുള്ള വിലനിരക്ക് കർഷകരിൽനിന്ന്‌ നേരിട്ട് വിളകൾ വാങ്ങുന്ന കാർഷികവ്യാപാര കമ്പനികൾക്ക് ബാധകമല്ല. രാജ്യത്തെ ഏതു സംസ്ഥാനത്തിൽനിന്നും നേരിട്ട് വിളകൾ വാങ്ങാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. അവശ്യവസ്തുക്കൾ വാങ്ങാനുള്ള നിയന്ത്രണം ഇല്ലാതാക്കിയ ഓർഡിനൻസും മോഡൽ കരാർകൃഷി നിയമവും ഉപയോഗിച്ച് തങ്ങൾക്കാവശ്യമുള്ള വിളകൾ രാജ്യത്തെ ഏത്‌ കർഷകരുടെ ഭൂമിയിൽ ഉൽപ്പാദിപ്പിക്കാനും ആവശ്യമുള്ള അളവിൽ വാങ്ങാനും അവർക്ക് സാധിക്കും. ഭൂമിവിനിയോഗ നിയമങ്ങളും തന്മൂലം ദുർബലപ്പെടും. കൃഷി സംസ്ഥാനവിഷയമാണ്. എന്നാൽ, കേന്ദ്ര സർക്കാർ ഏകപക്ഷീയമായ നടപടി എടുക്കുകയാണ്. ഫെഡറൽ തത്വങ്ങളെ ലംഘിക്കുകയാണ്. തങ്ങളുടെ കാർഷികവിളകളിലും കൃഷിഭൂമിയും തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള വിഭവങ്ങളിലും അധികാരമോ അഭിപ്രായമോ പറയാനാകാത്ത പാർശ്വവർത്തികളെന്ന നിലയിലാണ് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ പെരുമാറുന്നത്. ഈ നയത്തിൽ കിസാൻ സഭ ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാന സർക്കാരുകൾ പ്രതികരിക്കാൻ തയ്യാറാകണമെന്ന് കിസാൻ സഭ അഭ്യർഥിച്ചിട്ടുണ്ട്.

ഓർഡിനൻസ് അധ്യായം 5 വകുപ്പ് 15 പ്രകാരം ഓർഡിനൻസ് പ്രകാരമുള്ള ഏതെങ്കിലും വിഷയത്തിൽ നാല്‌ പരാതി സ്വീകരിക്കാനോ നടപടി എടുക്കാനോ ഒരു സിവിൽ കോടതിക്കും അധികാരമില്ല. കർഷകനും കാർഷികവ്യാപാര കമ്പനിയും തമ്മിലുള്ള തർക്കത്തിൽ നീതി ലഭിക്കാൻ കർഷകന് കോടതിയെ സമീപിക്കാൻ അവകാശമില്ല. ഇന്ത്യൻ ഭരണഘടനപ്രകാരം കോടതി ഇടപെടലുകളെ നിയന്ത്രിക്കാനല്ലാതെ നിഷേധിക്കാൻ പാർലമെന്റിന്‌ അധികാരമില്ല. സ്വാഭാവികമായും നിയമവിരുദ്ധമായ നിയമനിർമാണത്തിന്‌ സാധുതയില്ല. പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ, കർഷകസംഘടനകൾ എന്നിവയോട് യാതൊരു കൂടിയാലോചനയും നടത്താതെ ധൃതിപിടിച്ച്‌ ഓർഡിനൻസ് രാജിലൂടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെ തുറന്നുകാണിക്കാനും നിയമപരമായി ചോദ്യം ചെയ്യാനും സാധിക്കണം.

കാർഷികവ്യവസ്ഥയുടെ കമ്പനിവൽക്കരണം-
ചൂഷണത്തെ സംബന്ധിച്ച് ഭയപ്പെടാതെ മൊത്തക്കച്ചവടക്കാർ, കാർഷിക സംസ്കരണ വ്യവസായികൾ, സംഭരണശാല ഉടമകൾ, കയറ്റുമതിക്കാർ, വൻകിട വിതരണക്കാർ എന്നിവരുമായി തുല്യനിലയിൽ ഇടപെടാൻ കർഷകരെ ശക്തിപ്പെടുത്തി എന്നാണ് ഓർഡിനൻസുകൾ അവകാശപ്പെടുന്നത്. നേരെമറിച്ച്‌ കർഷകരെ ക്രമമായി തുടച്ചുനീക്കി അവരുടെ ചെലവിൽ വൻകിട ഭൂസ്വാമിമാർക്കും കാർഷിക വ്യാപാരികൾക്കും ലാഭം വർധിപ്പിക്കാൻ സൗകര്യമൊരുക്കുകയാണ് അവയുടെ ദൗത്യം. കരാർ കൃഷി വ്യാപനത്തിലൂടെയും പാട്ടക്കൃഷി നടപ്പാക്കിയും കാർഷികവ്യാപാര കമ്പനികളുടെ ഉടമസ്ഥതയിൽ കൃഷിഭൂമിയുടെ കേന്ദ്രീകരണമാണ് ലക്ഷ്യം.
വിപണി അനിശ്ചിതത്വത്തിന്റെ നഷ്ടം കർഷകരിൽനിന്ന്‌ പണം മുടക്കുന്നവരിലേക്ക് കൈമാറുമെന്ന അവകാശവാദം ചൂണ്ടിക്കാണിക്കുന്നത് കമ്പനികൾ കർഷകരെ കൃഷിഭൂമിയുടെ ഉടമസ്ഥതയില്ലാത്തവരാക്കിമാറ്റി കാർഷികവ്യവസ്ഥയെ തങ്ങളുടെ കാൽക്കീഴിലൊതുക്കാനും  വാശിയോടെ മുന്നോട്ടുവരുമെന്നാണ്. കൃഷിയിടങ്ങളുടെ കവാടങ്ങളെയും പ്രാഥമിക സംഭരണ കേന്ദ്രങ്ങളെയും ഇലക്ട്രോണിക് വിപണിവരെ ബന്ധിപ്പിക്കുന്ന കോൾഡ് ചെയിൻ ഉൾപ്പെടെയുള്ള പായ്ക്ക് ഹൗസിങ്‌, വെയർഹൗസിങ്‌, ട്രാൻസ്പോർട്ട് സംവിധാനം ഉൾപ്പെടുന്ന കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ കാർഷിക പശ്ചാത്തല വികസന ഫണ്ട് കാർഷികവ്യാപാര കമ്പനികളുടെ താൽപ്പര്യങ്ങൾക്കായി വിനിയോഗിക്കപ്പെടുമെന്ന് വ്യക്തമാണ്.

ആർഎസ്എസ്–--ബിജെപി നേതൃത്വം നൽകുന്ന മോഡിസർക്കാർ നവ ഉദാരവൽക്കരണ വാദത്തിനുമുമ്പിൽ മുട്ടിൽ ഇഴയുന്നത് ആത്മഹത്യാപരമാണ്. തൊഴിലാളികൾ, കർഷകർ ഉൾപ്പെടെ അധ്വാനിക്കുന്ന മനുഷ്യരുടെ കണ്ണിൽ ഭരണവർഗങ്ങളുടെ വിശ്വാസ്യത മുമ്പൊരിക്കലും ഇല്ലാത്തവിധം നഷ്ടപ്പെട്ടു. മുതലാളിത്തത്തിന്റെ ആന്തരികമായ ആക്രമണോൽസുകത വ്യക്തമാക്കി ബദൽ സാധ്യതകൾ മുന്നോട്ടുവയ്‌ക്കാനുള്ള സമയമാണിത്.


 

എൽഡിഎഫ് സർക്കാരിന്റെ പ്രാധാന്യം-
കേരളത്തിലെ എൽഡിഎഫ് സർക്കാർ കൊറോണ മഹാമാരിയെ നേരിടാനും അതിന്റെ പ്രത്യാഘാതം സംസ്ഥാനത്തെ ജനങ്ങളിൽ പരമാവധി കുറയ്‌ക്കാനും സമഗ്രമായ നയം ആവിഷ്കരിച്ച്‌ നടപ്പാക്കിയതിലൂടെ വലിയ അംഗീകാരം നേടി. സിപിഐ എം നയിക്കുന്ന പിണറായി വിജയൻ സർക്കാരാണ് രാജ്യത്ത്‌ ആദ്യമായി 20000 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. 82ശതമാനം നാണ്യവിള കൃഷിയുള്ള കേരളത്തിൽ ഭക്ഷ്യസ്വയംപര്യാപ്തത നേടാൻ സഹകരണമേഖലയിലെ വിഭവശേഷി പിന്തുണ ഉറപ്പുവരുത്തി സുഭിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ എല്ലാ വിളകൾക്കും മൂല്യവർധന വരുത്തി ലഭിക്കുന്ന മിച്ചം അധികവിലയും അധിക വേതനവും ആയി പ്രാഥമിക ഉൽപ്പാദകരുമായി പങ്കുവയ്‌ക്കുക എന്ന നയം മുൻനിർത്തി കേരള ആധുനിക സഹകരണ കൃഷി (ഉൽപ്പാദനം, വ്യാവസായിക സംസ്കരണം, വ്യാപാരം) നിയമം നിർമിക്കാൻ എൽഡിഎഫ് സർക്കാർ മുൻകൈ എടുക്കേണ്ടതാണ്.

എന്തു വിലകൊടുത്തും ഈ ഓർഡിനൻസുകളെ എതിർത്ത് കർഷകരുടെ കാർഷികവ്യവസ്ഥയെ സംരക്ഷിക്കാൻ കിസാൻ സഭ പ്രതിജ്ഞാബദ്ധമാണ്. അതിന്‌ കാർഷികമേഖലയിൽ ഏറ്റവും വിപുലമായ ഐക്യം പടുത്തുയർത്താൻ സാധിക്കണം. അതേസമയം, ലോക്‌ഡൗൺമൂലം ചെറുത്തുനിൽപ്പിനുള്ള ബഹുജനങ്ങളുടെ പരിമിതികൾ ദുരുപയോഗിച്ച്‌ തൊഴിലാളിവർഗത്തിനെതിരെ മോഡി സർക്കാർ അഴിച്ചുവിടുന്ന കടന്നാക്രമണങ്ങൾ - പൊതുമേഖലയുടെയും പ്രകൃതിവിഭവങ്ങളുടെയും സ്വകാര്യവൽക്കരണം, തൊഴിൽനിയമങ്ങളെ ഇല്ലാതാക്കൽ- കണക്കിലെടുക്കുമ്പോൾ ജനങ്ങളെയാകെ അണിനിരത്തുന്ന ഐക്യമുന്നണി ഊട്ടിയുറപ്പിക്കാൻ ലക്ഷ്യം വയ്‌ക്കണം. അതിനായി കർഷക, കർഷകത്തൊഴിലാളി സംഘടനകളും ട്രേഡ് യൂണിയനുകളും ഉൾപ്പെടുന്ന തൊഴിലാളി- കർഷക ഐക്യം ശക്തിപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top