06 July Wednesday

വിദ്വേഷവിത്ത്‌ തമിഴ്‌മണ്ണിൽ മുളപൊട്ടില്ല - സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ സംസാരിക്കുന്നു

തയ്യാറാക്കിയത്‌ സി അജിത്‌Updated: Saturday Apr 9, 2022

ഹിന്ദുത്വ രാഷ്‌ട്രീയത്തെയും സംഘപരിവാറിനെയും തമിഴകം പടിക്കുപുറത്ത്‌ നിർത്തും. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ആർഎസ്‌എസ്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ വിജയിക്കില്ല. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തമായ ഇടപെടലും ശക്തമായ പ്രതിരോധം തീർക്കും. ബിജെപിക്കെതിരെ ഡിഎംകെയും ഇടതുപക്ഷവും തോളോടുതോൾ ചേർന്നാണ്‌ പ്രവർത്തിക്കുന്നത്‌. സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിലെ സെമിനാറിൽ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പങ്കെടുക്കുന്നത്‌ പ്രതീക്ഷയും സന്തോഷവും പകരുന്നത്‌–-
സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ ദേശാഭിമാനിയോട്‌


? രാജ്യം ഭരിക്കുന്ന ബിജെപിക്ക്‌ കേരളത്തിലെന്നപോലെ തമിഴ്‌നാട്ടിലും അധികാരം ബാലികേറാമലയാണ്‌. മതനിരപേക്ഷത സംരക്ഷിക്കാനുള്ള തമിഴകത്തിന്റെ ചെറുത്തുനിൽപ്പിനെ എങ്ങനെ കാണുന്നു.

● വേദകാലത്തിനു മുമ്പുതന്നെ തമിഴ്‌നാട്ടിൽ വലിയ സാംസ്‌കാരിക മുന്നേറ്റം ഉണ്ടായിട്ടുണ്ട്‌. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം വേണ്ടെന്നാണ്‌ വേദം പറയുന്നത്‌. എന്നാൽ, ഇതിനും എത്രയോ മുമ്പ്‌ സംഘകാലത്ത്‌ ഇവിടെ മുപ്പതിലേറെ കവയിത്രികൾ ഉണ്ടായിട്ടുണ്ട്‌. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‌ ഇടംനൽകാതെ തടയുന്നതിൽ ഈ പൈതൃകം നിർണായകം. ന്യൂനപക്ഷ, ഭൂരിപക്ഷ മതവിഭാഗങ്ങൾ പരസ്‌പര സ്‌നേഹത്തോടെയാണ്‌ കഴിയുന്നത്‌. ഹിന്ദുക്കൾ മുസ്ലിംപള്ളിയിലും മുസ്ലിംവിഭാഗം ഹിന്ദുക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്താറുണ്ട്‌. ചിദംബരം നടരാജക്ഷേത്രത്തിൽ രഥപ്രദക്ഷിണം നടക്കുമ്പോൾ മുസ്ലിംവിഭാഗമാണ്‌ ആദ്യം വരവേൽക്കുന്നത്‌. മാസിമകം ഉത്സവത്തിൽ മുസ്ലിംവിഭാഗക്കാർ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്‌. മധുരയിൽ അഴകർ നദിയിൽ മുങ്ങുംമുമ്പ്‌ മുസ്ലിംവിഭാഗക്കാരുടെ വീട്ടിൽ പോകണമെന്ന ചടങ്ങുണ്ട്‌. ഇതെല്ലാം കാലങ്ങളായി നടക്കുന്നതാണ്‌. മതവെറിയുടെ പേരിൽ ഇതൊന്നും പാടില്ലെന്ന്‌ ആർഎസ്‌എസ്‌ ചട്ടംകെട്ടിയാൽ നടക്കില്ല. മതസൗഹാർദം തകർക്കാൻ സംഘപരിവാർ ശ്രമിക്കുന്നുണ്ടെങ്കിലും ജനം ചെറുക്കും.

?  ഈ ചെറുത്തുനിൽപ്പിൽ സിപിഐ എം, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക്.
● വർഗീയത ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എക്കാലവും മുൻപന്തിയിലാണ്‌ സിപിഐ എമ്മും ഇടതുപക്ഷവും. മധുരയിൽ ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനം ഈ പോരാട്ടം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. ഹിന്ദുത്വ വർഗീയത പ്രചരിപ്പിക്കാൻ സംഘപരിവാർ ക്ഷേത്രങ്ങളെയാണ്‌ ഉപയോഗിക്കുന്നത്‌. ക്ഷേത്രങ്ങളിൽ ആർഎസ്‌എസ്‌ കൊടി കെട്ടുന്നു. ഇത്‌ ജനങ്ങളെ അണിനിരത്തി ചെറുക്കണം. ഈ സാഹചര്യത്തിലാണ്‌ ക്ഷേത്ര ഉത്സവനടത്തിപ്പിൽ ഉൾപ്പെടെ സിപിഐ എം പ്രവർത്തകർ പങ്കെടുക്കാൻ തീരുമാനിച്ചത്‌. പറ്റാവുന്നിടത്ത്‌ ക്ഷേത്ര കമ്മിറ്റിയിലും അംഗമാകും. ഇത്‌ പാർടിയുടെ നയവ്യതിയാനമാണെന്ന വ്യാഖ്യാനമുണ്ടായി. എന്നാൽ, എല്ലാ ജനവിഭാഗങ്ങളുടെയുമായ ക്ഷേത്രങ്ങളെ വർഗീയവൽക്കരിക്കാതെ സംരക്ഷിക്കാനുള്ള ഇടപെടൽ മാത്രമാണ്‌ സിപിഐ എമ്മിന്റേത്‌.

?  തമിഴ്‌നാട്ടിൽ പലയിടത്തും ദളിത്‌ വിഭാഗം അടിച്ചമർത്തൽ നേരിടുന്നുണ്ട്‌. ഇത്‌ എങ്ങനെ നേരിടാനാകും.

● ജാതീയ അടിച്ചമർത്തലുകളെ നേരിടുന്നതിലും സിപിഐ എം മുൻനിരയിലാണ്‌. അയിത്തമതിലുകൾ തകർക്കുന്നതിലും ക്ഷേത്ര പ്രവേശനത്തിലുമെല്ലാം ഐതിഹാസിക പോരാട്ടം സിപിഐ എം ഏറ്റെടുത്തിട്ടുണ്ട്‌. അത്‌ തുടരുന്നു. 12 വർഷംമുമ്പ്‌ രൂപീകരിച്ച അയിത്തോച്ചാടന മുന്നണിയിൽ ഇപ്പോൾ നൂറിലേറെ സംഘടനയുണ്ട്‌. ഇത്‌ വലിയ മാറ്റത്തിനു തുടക്കമിട്ടു. ജയ്‌ ഭീം സിനിമയിൽ കണ്ടതും സിപിഐ എം ഇടപെടലിന്റെ നേർച്ചിത്രം. എന്നാൽ, ഇനിയും ഏറെ മുന്നോട്ടുപോകണം. ജാതീയ പ്രശ്‌നങ്ങൾ ആളിക്കത്തിക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമം. ഇത്‌ വലിയ സംഘർഷത്തിന്‌ ഇടയാക്കും. കപടമായ ദളിത്‌ പ്രേമം കാണിച്ചാണ്‌ ജാതി സംഘടനകളുമായി സംഘപരിവാർ അടുക്കുന്നത്‌. ഇതിൽ വീഴുന്നവരുമുണ്ട്‌. ദളിത്‌ വിഭാഗത്തിന്റെ ഉന്നമനത്തിനാണ്‌ ആർഎസ്‌എസ്‌ പ്രവർത്തിക്കുന്നതെങ്കിൽ തൊട്ടുകൂടായ്‌മയ്‌ക്കെതിരെ എന്തുകൊണ്ട്‌ നിലപാട്‌ സ്വീകരിക്കുന്നില്ല. ക്ഷേത്ര പ്രവേശനത്തിനായി സമരം ചെയ്യാത്തത്‌ എന്താണ്‌. ഒരു നാട്ടിൽ ഒരുതരം ശ്‌മശാനംമാത്രം മതിയെന്നെങ്കിലും പറയാനുള്ള ആർജവം കാണിക്കണ്ടേ. കേവലം രാഷ്‌ട്രീയ മുതലെടുപ്പുമാത്രമാണ്‌ ലക്ഷ്യം.

?  തദ്ദേശ തെരഞ്ഞെടുപ്പിലെ സിപിഐ എം വിജയത്തെ എങ്ങനെ വിലയിരുത്തുന്നു.
● ഡിഎംകെയുമായി സഹകരിക്കാൻ പറ്റുന്നിടങ്ങളിൽ അങ്ങനെയും അല്ലാത്തിടത്ത്‌ ഒറ്റയ്‌ക്കുമാണ്‌ സിപിഐ എം മത്സരിച്ചത്‌. കോർപറേഷൻ, നഗരസഭ ഉൾപ്പെടെ എല്ലായിടത്തും നല്ല മുന്നേറ്റമുണ്ടാക്കാനായി. ചരിത്രത്തിലാദ്യമായി ചെന്നൈ കോർപറേഷനിൽ ആറ്‌ കൗൺസിലർമാരെ വിജയിപ്പിക്കാനായി. കന്യാകുമാരിയിൽ ഒറ്റയ്‌ക്ക്‌ മത്സരിച്ച്‌ മികച്ച നേട്ടമുണ്ടാക്കി.

?  തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നുണ്ട്‌. തമിഴ്‌ ജനത ഇതിനെ എങ്ങനെയാണ്‌ വരവേൽക്കുന്നത്‌.
● സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ എം കെ സ്‌റ്റാലിൻ പങ്കെടുക്കുന്നത്‌ തമിഴ്‌നാട്‌ വളരെ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. ഡിഎംകെ പ്രവർത്തകരും ആവേശത്തിലാണ്‌. മുൻകാലങ്ങളിൽ കലൈഞ്ജർ കരുണാനിധിയോടൊപ്പം സിപിഐ എം നേതാക്കളായ ജ്യോതിബസു, നായനാർ തുടങ്ങിയവർ സമാന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്‌. കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിന്‌ രാഷ്‌ട്രീയ പ്രാധാന്യമേറെ. സംസ്ഥാന അധികാരം കവർന്നെടുക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുമ്പോൾ വിവിധ രാഷ്‌ട്രീയ പാർടികൾ കൊടിയുടെ നിറങ്ങൾക്കപ്പുറം ഒന്നിക്കണം. ബിജെപിക്കെതിരായ ഒരു ചെറുത്തുനിൽപ്പായി ഇതു മാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top