20 June Thursday

ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം

വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ മന്ത്രിUpdated: Thursday Mar 9, 2023

വീണ്ടും ഒരു പരീക്ഷക്കാലം വരവായി. വ്യാഴാഴ്‌ച എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്‌ച ഹയർ സെക്കൻഡറി പരീക്ഷകളും തുടങ്ങും. കോവിഡ്  പ്രതിസന്ധികൾക്കുശേഷം പൂർണ അക്കാദമിക വർഷം ലഭിച്ചത് ഈ വർഷമാണ്.  കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സർക്കാർ ചെയ്തിരുന്നു. ഈ അക്കാദമിക വർഷം ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ  പാഠപുസ്തകങ്ങൾ വിതരണം ചെയ്‌തു. സാങ്കേതികവിദ്യയെ ഫലപ്രദമായി സജ്ജമാക്കാൻ സഹായകമാകുംവിധം അധ്യാപകർക്ക് പരിശീലനം നൽകി.

ഈ സർക്കാർ വന്നശേഷം നിരവധി നേട്ടങ്ങൾ വിദ്യാഭ്യാസരംഗത്ത്‌ ഉണ്ടായി. 1655 പ്രൈമറി അധ്യാപകർക്ക് ഹെഡ് മാസ്റ്റർമാരായി നിയമനം നൽകി. 10,475 തസ്തികയിൽ പുതിയ പിഎസ്‌സി അധ്യാപക നിയമനങ്ങൾ നടത്തി. വിവിധ വിഭാഗത്തിൽ 162 സ്പെഷ്യൽ ടീച്ചർമാരെ നിയമിച്ചു. 2227 അധ്യാപകർക്ക് പ്രൊമോഷൻ നൽകി. നാലു ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി. മലയോര,- പിന്നാക്ക മേഖലകളിലെ വിദ്യാർഥികൾക്ക് പഠന വിടവ് പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകി. ഭിന്നശേഷി വിദ്യാർഥികളുടെ പഠന പിന്തുണയ്ക്കായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പാക്കി. ഓൺലൈനായി  "ജാലകങ്ങൾക്കപ്പുറം’ പദ്ധതി നടപ്പാക്കി. പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കംകുറിച്ചു. പാഠ്യപദ്ധതി പരിഷ്കരണസമിതികൾ നിലവിൽവന്നു. മാതൃഭാഷാ പഠനത്തിന് പ്രത്യേക ശ്രദ്ധ നൽകി. പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തി. ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ കർമസമിതി രൂപീകരിച്ചു.

പൊതുവിദ്യാലയങ്ങളിൽ മികച്ച കെട്ടിടങ്ങളും ക്ലാസ് മുറികളും ലാബും ലൈബ്രറിയും നിർമിച്ചു. ഏഴുവർഷംകൊണ്ട് 3000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനം നടപ്പാക്കി. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ്  വിദ്യാർഥികളും എസ്എസ്എൽസി പരീക്ഷയെഴുതുന്നു. മൊത്തം 2960   സെന്ററാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 പേരും ഇക്കൊല്ലം പരീക്ഷയെഴുതുന്നു. ഹയർ സെക്കൻഡറിയിൽ 4,25,361 പേർ ഒന്നാംവർഷ പരീക്ഷയും 4,42,067 പേർ രണ്ടാം വർഷവും എഴുതുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷത്തിൽ 28,820ഉം രണ്ടാം വർഷത്തിൽ 30,740ഉം പേർ എഴുതുന്നു.
പൊതുവിദ്യാഭ്യാസരംഗത്ത് തുല്യതയും ഗുണതയും വർധിപ്പിക്കണമെങ്കിൽ വിലയിരുത്തൽ രംഗത്തും വലിയ മാറ്റങ്ങൾ വേണ്ടതുണ്ട്. പഠിപ്പിക്കുന്ന ടീച്ചർമാർക്കാണ് സ്വന്തം കുട്ടികളുടെ ശക്തിദൗർബല്യങ്ങൾ ഏറ്റവും നന്നായി അറിയാൻ കഴിയുക. കുട്ടികളുടെ ശക്തികൾ കണ്ടെത്തി അത് കൂടുതൽ മികവുള്ളതാക്കിത്തീർക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും കുട്ടികളെ സഹായിക്കാൻ ടീച്ചർമാരെ സജ്ജമാക്കാൻ കഴിയേണ്ടതുണ്ട്. അധ്യാപക പരിശീലനങ്ങൾ ഇതെല്ലാം ഉൾക്കൊള്ളിച്ച് പരിവർത്തിപ്പിക്കാനുള്ളതാക്കി മാറ്റും.  മെന്ററിങ്‌ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ദേശീയ വിദ്യാഭ്യാസനയം 2020ൽ കേരളത്തിന്‌ വിയോജിപ്പുള്ള മേഖലകളുണ്ട്. അത് നാം വ്യക്തമാക്കിയിട്ടുമുണ്ട്.

സാമൂഹ്യമായി നടക്കുന്ന ഇത്തരം ചർച്ചകൾ നടക്കട്ടെ. പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾ ഈ ഘട്ടത്തിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. പരീക്ഷയ്ക്ക് നന്നായി സജ്ജമാകുക. ഒരു തരത്തിലുമുള്ള പരീക്ഷാപ്പേടിയുടെ ആവശ്യമില്ല. ഏറ്റവും ഉന്നതവിജയത്തിനായി കഠിന പരിശ്രമം നടത്തുക. ഫലം  അനുകൂലമായിരിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു പരീക്ഷയല്ല ജീവിതത്തെ നിർണയിക്കുന്നത്. പരീക്ഷാഫലമല്ല ജീവിതത്തിന്റെ അന്തിമഫലം. - ഇതെല്ലാം വിദ്യാഭ്യാസ യാത്രകളുടെ ചില അനിവാര്യതകൾ മാത്രമാണെന്ന് കണ്ടാൽ മതി. പരീക്ഷക്കാലത്ത് കുട്ടികളിൽ ഒരു തരത്തിലുമുള്ള സമ്മർദവും ഉണ്ടാക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. സ്വാഭാവികമായ തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുക. വിജയം നിങ്ങളോടൊപ്പമായിരിക്കും. എല്ലാവർക്കും വിജയാശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top