28 March Thursday

റെയിൽവേയെ മറന്ന കേന്ദ്ര ബജറ്റ്

ആർ ജി പിള്ളUpdated: Thursday Feb 9, 2023

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ റെയിൽവേയെ പാടെ അവഗണിച്ചിരിക്കുന്നു. എന്നാൽ, ബജറ്റിൽ റെയിൽവേക്കുള്ള ബജറ്റ് വിഹിതം വൻതോതിൽ വർധിപ്പിച്ചതായി പ്രഖ്യാപിക്കുന്നു. റെയിൽവേ മൂലധന നിക്ഷേപം 2022-–-23ലെ 2,45,300 കോടിയിൽനിന്ന്‌ 2023-–-24ൽ 2,60,200 ആയി മാത്രമായേ വർധിക്കുന്നുള്ളൂ. കാരണം ബജറ്റിനു പുറമെയുള്ള വിഭവസമാഹരണം 81,700 കോടിയിൽനിന്ന്‌ 17,000 കോടിയായി കുത്തനെ കുറഞ്ഞു. കൂടുതലായുള്ള നിക്ഷേപത്തിൽ 22,424 കോടിയും റോളിങ് സ്റ്റോക്കിലാണ് വകയിരുത്തിയത്‌.

200 സെറ്റ് ട്രെയിനുകൾക്കാണ് ടെൻഡർ നടപടികൾ പൂർത്തിയാകുന്നത്. സീമെൻസാണ് മുന്നിൽ. 26,000 കോടിയാണ് അടങ്കൽ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, മറാത്താബാദ്, റായ്ബറേലി എന്നിവിടങ്ങളിൽ സീമെൻസ് ട്രെയിൻ നിർമിക്കും. 35 കൊല്ലത്തെ പരിപാലനവും നമ്മുടെ വർക് ഷോപ്പുകളിൽ ടെർമിനലുകളിൽ അവർ നിർവഹിക്കും. 32,000 കോടി നൽകണം. നമ്മൾ നോക്കിനിൽക്കും. ആത്മനിർഭർ ഭാരതത്തിന്റെ ഉദാത്തമാതൃക.

ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി ഇതിനകം എട്ട്‌ ട്രെയിൻ സെറ്റുകൾ തികഞ്ഞ സാങ്കേതികമികവോടെ നിർമിച്ചുകഴിഞ്ഞിരിക്കുന്നു. അതും കുറഞ്ഞ ചെലവിൽ. റെയിൽ ഗതാഗതത്തിൽ പുരോഗതി ഉണ്ടായിരിക്കുന്നു. അത് സാധ്യമാക്കിയത് കോവിഡ് കാലത്തും ട്രാക്ക് സുരക്ഷയൊരുക്കിയ ജീവനക്കാരാണ്. നൂറുകണക്കിനുപേർ കോവിഡിന് ഇരയായി. അവരോട് റെയിൽവേ കടപ്പെട്ടിരിക്കുന്നു. ഇന്നിപ്പോൾ നാല്‌ ലക്ഷം ഒഴിവാണ് സുരക്ഷാ മേഖലകളിലടക്കം നികത്തപ്പെടാതെ കിടക്കുന്നത്. ചരക്കുയാത്രാ ഗതാഗതം അനുദിനം വർധിക്കുന്നു. കടുത്ത സമ്മർദത്തിലാണ് ജോലി നിർവഹിക്കേണ്ടത്. നാലു ലക്ഷം ഒഴിവുകൾ നികത്താൻ ബജറ്റിൽ നിർദേശങ്ങളില്ല. പകരം രാപകലില്ലാതെ ജോലി ചെയ്യുന്ന കോൺട്രാക്ട് തൊഴിലാളികൾക്ക് ഒരു പരിഗണനയും  നൽകുന്നില്ല. 10 ശതമാനം ശമ്പളവിഹിതം നൽകിയിട്ടും നാഷണൽ പെൻഷൻ ഒരു ചെറിയ ആശ്വാസംപോലും നൽകുന്നില്ല. റെയിൽവേയിൽ അടക്കം ജീവനക്കാർ ദേശവ്യാപകമായി  സമരത്തിനു തയ്യാറെടുക്കുകയാണ്.

സ്വകാര്യ കുത്തകകൾക്ക് റെയിൽവേ സംവിധാനങ്ങൾ അടിയറ വയ്ക്കാതെ അവ ശക്തിപ്പെടുത്തി കൂടുതൽ സൗകര്യം ഏർപ്പെടുത്തിയാൽ കുറഞ്ഞ ചെലവിൽ റെയിൽവേ വികസനം സാധ്യമാകും. ലോകമെങ്ങും സബ്സിഡിയോടെമാത്രം റെയിൽവേ യാത്ര സാധ്യമായിരിക്കെ ഇന്ത്യൻ റെയിൽവേമാത്രം വ്യത്യസ്തമായിരുന്നത് അതിന്റെ ഏകോപിത പ്രവർത്തനവും പൊതു ഉടമസ്ഥതയുംമൂലമാണ്. കഞ്ചിക്കോട് പോലുള്ള ഭൂമിയിൽ പുതിയ കോച്ച്‌ ഫാക്ടറി സ്ഥാപിച്ചാൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും കോച്ചുകൾ കുറഞ്ഞ ചെലവിൽ നിർമിക്കാനും  സാധ്യമാകും. റെയിൽവേ വികസനത്തിന്റെപേരിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നത്‌ തികച്ചും ജനദ്രോഹപരമാണ്. റെയിൽവേ വികസനത്തിനായി സൗജന്യമായി വിട്ടുനൽകിയ ഭൂമി അതിന്‌ ഉപയോഗിക്കാതെ വിറ്റുതുലയ്‌ക്കുന്നതും പാട്ടത്തിനു നൽകുന്നതും അപലപനീയമാണ്. കോവിഡിന്റെ മറവിൽ നിർത്തലാക്കിയ യാത്രാ സൗജന്യങ്ങൾ പുനഃസ്ഥാപിക്കാത്തത് പ്രതിഷേധാർഹമാണ്. 

പ്രതിസന്ധിഘട്ടത്തിലും ദേശീയ സമ്പദ് വ്യവസ്ഥയ്‌ക്ക് ഊർജം നൽകുകയും പ്രവർത്തനലാഭം കാണിക്കുകയും ചെയ്യുന്ന ഈ പൈതൃകസ്വത്തിനെ പൊതു ഉടമസ്ഥതയിൽത്തന്നെ സംരക്ഷിക്കണം. ബജറ്റ് പ്രഖ്യാപനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സ്വകാര്യവൽക്കരണ അജൻഡയ്‌ക്കെതിരെ ജാഗ്രത പുലർത്താം.

(റെയിൽവേ കോൺട്രാക്ട്‌ കാറ്ററിങ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top