19 April Friday

ഏത്തമിടേണ്ടത് പകൽക്കൊള്ള നടത്തിയവർ

ജോർജ് ജോസഫ്Updated: Monday Nov 8, 2021

ആറേഴ് വർഷത്തിനിടയിൽ 100 തവണയെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ  വില വർധിപ്പിച്ചപ്പോൾ കഷ്ടിച്ച്‌ എട്ടോ പത്തോ തവണയാണ് എണ്ണവിതരണക്കമ്പനികൾ വില കുറച്ചത്. ഓരോ തവണ വില കുറച്ചപ്പോഴും വിൽപ്പനവിലയിൽ മാറ്റംവരാത്തവിധത്തിൽ എക്‌സൈസ് തീരുവ കേന്ദ്ര സർക്കാർ ഉയർത്തി. അതുവഴി കമ്പനികൾ നൽകിയ ‘നക്കാപ്പിച്ച' ഇളവുപോലും ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടു. കോവിഡ് കാലത്തുപോലും ഈ ദുഷ്ടത കേന്ദ്രം തുടർന്നു. ഇതിന് പറഞ്ഞ ന്യായം, കോവിഡ് കാലത്തെ അധികച്ചെലവുകളും ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ  പണം ചെലവഴിക്കേണ്ടിവന്നതുമാണ്. റവന്യു വരുമാനത്തിൽ,  പ്രത്യേകിച്ച് ജിഎസ്‌ടിയിൽ ഒരു വർഷത്തോളമുണ്ടായ ഇടിവും   കാരണമായി നിരത്തി.

ഇതേ പ്രശ്നങ്ങൾ തന്നെയാണ് കോവിഡ് സമയത്ത് സംസ്ഥാനങ്ങളും അഭിമുഖീകരിച്ചത്. വരുമാന  കുറവ് പരിഹരിക്കുന്നതിന്  രണ്ടു മാർഗമാണ് മുഖ്യമായും അവലംബിച്ചത്. ഒന്ന്, ശമ്പളം അടക്കമുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു.   എളുപ്പത്തിൽ പിരിക്കാവുന്ന പരോക്ഷ നികുതിയായ ഇന്ധന നികുതിയിൽ വർധന വരുത്തിയാണ്  പ്രതിസന്ധി ഒരുവിധം മറികടന്നത്. എന്നാൽ, ഈ രണ്ടു മാർഗവും സ്വീകരിക്കാതെ സാമ്പത്തികസ്ഥിതി മാനേജ് ചെയ്ത  ഏക സംസ്ഥാനം കേരളമാണ്.

കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനത്തിന്റെ കാര്യത്തിലും സർക്കാർ ചെലവഴിക്കൽ സങ്കീർണമായ അവസ്ഥയിലാണ്. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും സർക്കാർ നയങ്ങൾ അതിനനുസൃതമായി മാറി. സംസ്ഥാനങ്ങളുടെ റവന്യു വരുമാനം  കുറയുകയും സബ്‌സിഡികൾ ഉൾപ്പെടെ വരുന്ന റവന്യു ചെലവുകൾ  കുതിച്ചുയരുകയും ചെയ്തു. 2020–-21ൽ കേന്ദ്രത്തിൽനിന്നുള്ള വരുമാനമൊഴിച്ച് സംസ്ഥാന ബജറ്റിൽ പ്രതീക്ഷിച്ചതും യഥാർഥത്തിൽ ലഭിച്ചതുമായ വരുമാനത്തിൽ 22,000 കോടി രൂപയുടെ കുറവുണ്ട്. ബജറ്റിൽ എസ്റ്റിമേറ്റ് ചെയ്തിരുന്ന 67,420 കോടിയിൽനിന്ന്‌ 33 ശതമാനം കുറവാണ്. 2019–-20ലെ യഥാർഥ വരുമാനക്കണക്കുമായി ഒത്തുനോക്കുമ്പോൾ റവന്യു വരുമാനം 10 ശതമാനംകണ്ട് കുറയുകയും ചെലവുകൾ 12 ശതമാനം ഉയരുകയും ചെയ്തു (ഏകദേശം 14,000 കോടിയുടെ വർധന). മൊത്തത്തിലെടുക്കുമ്പോൾ 2020 –-21ലെ റവന്യു കമ്മി 24,200 കോടിയാണ്. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപി) 2.9 ശതമാനംവരും ഇത്. ഇങ്ങനെ അതീവ സങ്കീർണമായ സാഹചര്യത്തിൽപ്പോലും  കേരളം പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിൽ വർധന വരുത്തിയിട്ടില്ല.

എണ്ണക്കമ്പനികൾ വിലയിൽ ഇളവ് നൽകിയപ്പോൾ തീരുവ ഉയർത്തി കേന്ദ്രം ഖജനാവിന്റെ നില മെച്ചപ്പെടുത്തിയതുപോലെ ഇപ്പോൾ എക്‌സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ സംസ്ഥാനത്തിനും അത് ചെയ്യാമായിരുന്നു. ഫലത്തിൽ നടപ്പുവർഷം 500 കോടിയുടെയും അടുത്ത സാമ്പത്തിക വർഷത്തിൽ 1000 കോടിയുടെയും വരുമാന നഷ്ടം സഹിച്ചാണ് സംസ്ഥാനം ആനുപാതികമായ ഇളവ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ചെയ്യാത്ത തെറ്റിന് സംസ്ഥാന സർക്കാർ ഏത്തമിടണമെന്ന് ആവശ്യപ്പെടുന്നതിനു പിന്നിൽ നിലവാരത്തകർച്ച നേരിടുന്ന രാഷ്ട്രീയമാണ്.

ഇളവ് നൽകുന്നതിന് കേന്ദ്രം തെരഞ്ഞെടുത്ത സാഹചര്യവുംകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ നടപടിക്ക് തൊട്ടുമുമ്പ്‌ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില 266 രൂപയും റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് എട്ടുരൂപയും ഉയർത്തി. അതായത് ഇതിൽ നിന്നുണ്ടാകുന്ന നികുതിവരുമാനം ചെറുതല്ലാത്ത നേട്ടം കേന്ദ്ര ഖജനാവിന് നൽകുന്നു. ഇതിന്റെ സ്വാഭാവികനേട്ടം സംസ്ഥാനങ്ങൾക്കും ഉണ്ടാകും. ജിഎസ്ടി വരുമാനത്തിൽ  വർധന പ്രകടമായ ഒന്നാണ്. ഒക്ടോബറിൽ ഇത് 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. 2017 ജൂലൈയിൽ ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ പ്രതിമാസ  വരുമാനമാണ് ഇത്. കോവിഡിനുശേഷം  പൊതുവെ റവന്യു വരുമാനം ഉയരുന്നതിനുള്ള സാഹചര്യംകൂടി കണക്കിലെടുത്താണ് യുപി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൂടി പരിഗണിച്ച് ദീപാവലി സമ്മാനം നൽകിയെന്ന വലിയ പ്രചാരണം നൽകുന്നതിന് ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇപ്പോൾ നൽകിയ ഇളവുവഴി കേന്ദ്രത്തിന് 8700 കോടിയുടെ നികുതി നഷ്ടമാണ് സംഭവിക്കുക. നടപ്പുസാമ്പത്തിക വർഷമെടുത്താൽ മൊത്തം 43,500 കോടി രൂപയുടെ നഷ്ടം. പകൽക്കൊള്ള കണക്കെ നികുതി സമാഹരിച്ച അനുഭവവും മാറിവരുന്ന സാമ്പത്തിക സാഹചര്യവും കണക്കിലെടുക്കുമ്പോൾ ഇതൊരു വലിയ ഇളവല്ല.


 

അടച്ചിടൽ സമയത്ത് ഒട്ടുമിക്ക സംസ്ഥാനവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വാറ്റിൽ നല്ല വർധന വരുത്തിയിരുന്നു. മണിപ്പുർ പെട്രോളിന് 15 ശതമാനവും ഡീസലിന് 12 ശതമാനവും കൂട്ടിയപ്പോൾ ഗോവ യഥാക്രമം 10ഉം ഏഴും ശതമാനംവീതം ഉയർത്തി. അസം പെട്രോളിന് അഞ്ചും ഡീസലിന് ഏഴു ശതമാനവും കൂട്ടിയപ്പോൾ കർണാടകം കൂട്ടിയത് അഞ്ചു ശതമാനംവീതമാണ്. ത്രിപുര എട്ടും ആറും ശതമാനമാണ് ഉയർത്തിയത്. 2019ൽ  യുപി സർക്കാർ  പെട്രോളിന് 10 ശതമാനവും ഡീസലിന് ഏഴു ശതമാനവും വീതമാണ് വാറ്റ് വർധിപ്പിച്ചത്. പെട്രോളിന് 60 ശതമാനവും ഡീസലിന് 68 ശതമാനവുമാണ് ഡൽഹി വർധിപ്പിച്ചത്.  ഇപ്പോൾ നികുതിയിളവ് പ്രഖ്യാപിച്ച 22 സംസ്ഥാനത്തിൽ  ഭൂരിപക്ഷവും കോവിഡ് കാലത്തോ അതിനുമുമ്പോ വലിയതോതിൽ സംസ്ഥാന നികുതി വർധിപ്പിച്ചവരാണ്. എന്നാൽ, 2016 മുതൽ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. 2018 ജൂണിൽ പെട്രോളിന്റെ നികുതിനിരക്ക് 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറയ്ക്കുകയും ചെയ്തു. 

2014ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയുമായിരുന്നു. ഇപ്പോൾ അത് യഥാക്രമം 22.98 രൂപയും 18.83 രൂപയുമാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ പെട്രോളിന്റെ എക്‌സൈസ് തീരുവ 258 ശതമാനവും ഡീസലിന്റേത് 820 ശതമാനവുമാണ് വർധിപ്പിച്ചത്. ഭീമമായ വർധനയുടെ ചെറിയൊരു ഭാഗം മാത്രമാണ് നീണ്ട കൊള്ളയ്ക്കുശേഷം ജനങ്ങൾക്ക് നൽകുന്നത്. ജിഎസ്ടി വരുമാനത്തിലുണ്ടായ വളർച്ച കണക്കിലെടുത്ത് കോവിഡിനു മുമ്പ്‌ പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന വിലയിലേക്ക് കുറയ്ക്കാൻ കേന്ദ്രം തയ്യാറാകുകയാണ് വേണ്ടത്.  കോർപറേറ്റ് നികുതിയിൽ നൽകിയ ഇളവുകൾ പിൻവലിക്കാനും തയ്യാറാകണം.

2018–-19ലെ കണക്കുപ്രകാരം കേന്ദ്രം സമാഹരിക്കുന്ന മൊത്തം എക്‌സൈസ് തീരുവയുടെ 85 -–-90 ശതമാനവും പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നാണ്. മൊത്തം പരോക്ഷനികുതിയുടെ 24 ശതമാനംവരും ഇത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽനിന്നുള്ള കേന്ദ്ര വരുമാനം 2014–- -15നും 2019 –--20 നുമിടയിൽ വർധിച്ചത് 94 ശതമാനമാണ്. അതായത് 1,72,000 കോടിയിൽനിന്ന് 3,34,300 കോടിയായി ഉയർന്നു. എന്നാൽ, ഇതേ കാലയളവിൽ സംസ്ഥാനങ്ങളുടെ വാറ്റിൽ ഉണ്ടായ വളർച്ച കേവലം 37 ശതമാനമാണ്. 1,60,500 കോടിയിൽനിന്ന് 2,21,000 കോടിയായി. ഈയിനത്തിൽ കേന്ദ്രത്തിനുണ്ടായ വരുമാനവർധന അന്യാദൃശ്യമാണ്. കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും സംസ്ഥാനം ഒരുവിധത്തിലുള്ള നികുതിവർധന വഴി ജനങ്ങളെ പിഴിയാൻ തയ്യാറായില്ല. നികുതികൾ വൻതോതിൽ കൂട്ടിയശേഷം അതിന്റെ ചെറിയ അംശംമാത്രം തിരിച്ചുനൽകി വമ്പ് പറയുന്നവർ,  പുര കത്തിയമർന്നപ്പോൾ വാഴക്കുല  വെട്ടിക്കൊണ്ടുപോയവരാണ്. ഏത്തമിടേണ്ടതും അവർ മാത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top