19 April Friday

പരക്ലേശ വിവേകമില്ലെങ്കിൽ...

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021


രാജ്യ തലസ്ഥാനത്ത്‌  മരംകോച്ചുന്ന തണുപ്പിൽ  മണ്ണിന്റെ മക്കൾ  അതീജീവന പോരാട്ടത്തിലാണ്‌. ചെങ്കൊടികളുമേന്തി വീര്യംപകർന്ന്‌ ഇടതുപക്ഷവുമുണ്ട്‌. ഫാസിസ്‌റ്റ്‌ വിരുദ്ധ പോരാട്ടം ഏറ്റെടുക്കുമെന്ന്‌ ഉറപ്പുനൽകി ജയിച്ച 18 യുഡിഎഫ്‌ എംപിമാരും ദേശീയ നേതാവും എവിടെയാണ്‌. സ്‌കൂൾ കവാടോദ്‌ഘാടനം, ബേക്കറിയിലെ ലഡു‐ ജിലേബി  തീറ്റ, സ്‌കൂൾ പാർലമെന്റിലെ പ്രഭാഷണം, , കൂൺ ബിരിയാണിയും തനിയെ ഉണ്ടാക്കിയ സാലഡും കഴിക്കൽ  ‐  ഇങ്ങനെ പോകുന്നു  കുട്ടിക്കളികൾ. ഇതാണ്‌ ഗതിയെങ്കിൽ അടുത്ത തലമുറയും കെഎസ്‌യു രാഷ്ട്രീയത്തിന്റെ നിലവാരത്തിൽ കറങ്ങും. അതിൽക്കൂടുതൽ  വളർച്ച പ്രാപിക്കില്ലെന്നും ഉറപ്പിക്കാം.

കെ സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന വിടുവായൻ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും യുഡിഎഫ്‌ ഘടകകക്ഷിയായ മാധ്യമങ്ങൾക്കും  അസഹ്യമായിട്ടുണ്ട്‌.  ‘മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ പരാമർശ വിവാദം’ എന്ന തലക്കെട്ടിൽ മനോരമക്കുപോലും വാർത്ത നൽകേണ്ടിവന്നത്‌ അതിന്റെ സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്‌ചാത്തലം സംബന്ധിച്ച്‌ കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരൻ എംപി പൊതുയോഗത്തിൽ നടത്തിയ പരാമർശം വിവാദമാകുന്നു. ‘‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ മുഖ്യമന്ത്രിയായ പിണറായിക്കു സഞ്ചരിക്കാൻ ഹെലികോപ്‌റ്റർ വാങ്ങിയത്‌ തൊഴിലാളിവർഗ പാർടിക്ക്‌ അഭിമാനിക്കാൻ വകയുള്ളതാണോയെന്ന്‌ സിപിഐ എം ചിന്തിക്കണം എന്നായിരുന്നു പരാമർശം’’. അതിനെതിരെ പലകോണിൽനിന്ന്‌ വിമർശമുയർന്നിട്ടുണ്ടെന്നും വാർത്തയിലുണ്ട്‌.

അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നുവെന്ന പരാമർശം ഈയടുത്തും കേൾക്കേണ്ടിവന്ന മകനാണ്‌ താങ്കൾ. ആ പൈതൃകത്തെയും അച്ഛനെയും അമ്മയെയും ജനിച്ചുവളർന്ന വീടിനെയുംപറ്റി..? ദേശാഭിമാനി വാരിക 2020 ഡിസംബർ 20 ലക്കത്തിലെ അഭിമുഖത്തി (ഇത്‌ ജനങ്ങളുടെ പ്രസ്ഥാനം)ലെ ചോദ്യത്തിന്‌ ‘‘തൊഴിലെടുത്ത്‌ ജീവിക്കുകയെന്നത്‌ അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ്‌ എന്റേത്‌. ഏതു തൊഴിലും അഭിമാനകരമാണ്‌. എനിക്ക്‌ ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്‌ അച്ഛൻ. ഒപ്പം പ്രിയപ്പെട്ടതാണ്‌ അദ്ദേഹത്തിന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണംചെയ്‌ത്‌ ജീവിക്കുകയെന്ന രീതി സംസ്‌കാരമാക്കിയവരുണ്ട്‌. ലോകത്തെയാകെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയ ശക്തിയാണ്‌ തൊഴിലാളിവർഗം എന്ന ബോധത്തിലേക്ക്‌ ചരിത്രബോധത്തോടെ അവർ ഉണരുമ്പോൾ അവരുടെ കാഴ്‌ചപ്പാടും മാറിക്കോളും.  നാട്ടിൻപുറത്തെ അതിസാധാരണ കുടുംബത്തിലാണ്‌ ജനിച്ചത്‌. ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യമാകാം ഒരുപക്ഷേ, ഇന്ന്‌ പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം.

‘ദാരിദ്ര്യമെന്തന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ’എന്നൊരു കവിതാഭാഗമുണ്ട്‌. പരക്ലേശ വിവേകമുള്ളവനായി എന്നെ വളർത്തിയത്‌ ബാല്യത്തിന്റെ പാരുഷ്യമാണ്‌. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായേനെ’’  എന്നാണ്‌ പിണറായി മറുപടി നൽകിയത്‌. തുടർന്ന്‌, മറ്റൊരു ചോദ്യത്തോടുള്ള പ്രതികരണം ശ്രദ്ധിക്കാം: കമ്യൂണിസ്‌റ്റ്‌ കുടുംബമായതിന്റെ പേരിൽ എന്റെ കുടുംബത്തിൽ തന്നെയുണ്ടായ  വേട്ടയാടലുകളെക്കുറിച്ച്‌ അമ്മ പറഞ്ഞതു കേട്ടാണ്‌ വളർന്നത്‌. ആ അറിവുകളുടെ അനുഭവങ്ങളിലൂടെയാണ്‌ കമ്യൂണിസ്‌റ്റായതും.

‘‘ ചെത്ത് തൊഴിലാളിയായിരുന്നു, മകൻ സ്കൂളിൽ പോകുന്നുണ്ട്, നിർത്തലാക്കാം അല്ലേ? ഒരു സൈക്കിൾ വാങ്ങി കൊടുത്തിട്ടുണ്ട്, ആക്രിക്കാർക്ക് കൊടുക്കാം, ചെരിപ്പ് ഇടാമോ, കുപ്പായം പാന്റ്? അവനും തോർത്തുടുക്കണമോ? പുസ്തകം വായിക്കാൻ കൊടുക്കാമോ?പല്ലു തേക്കാൻ ബ്രഷുണ്ട്, ഒഴിവാക്കാം മാവിലയല്ലേ നല്ലത്, ഉറങ്ങാൻ കട്ടിലുണ്ട്‌, കിടക്കയും. നിലത്ത് കിടത്താം വിരിപ്പെന്തിനാ? പുതപ്പും. അവന്റെച്ഛൻ നനയുംപോലെ, തണുത്ത് വിറക്കുംപോലെ, വെയിലേറ്റുണങ്ങുംപോലെ, ഉണങ്ങാൻ തളപ്പ് ഇടട്ടെ, ശ്രദ്ധിക്കുക, അവനൊരിക്കലും സർക്കാരാഫീസിലെ, പ്യൂൺപോലും ആകരുത്‌, കാരണം അവൻ/അവൾ ചെത്ത് തൊഴിലാളിയായിരുന്ന അച്ഛന്റെ മകനായിരുന്നു; മകളായിരുന്നു’’

‐ കള്ളുചെത്തു തൊഴിലാളിയും എഴുത്തുകാരനുമായ മാടായി സുരേഷ്‌ മുഖപുസ്‌തകത്തിലിട്ട കവിതയാണിത്‌. തനിക്ക്‌ അന്നം നൽകുന്ന തൊഴിൽ  മേഖലയോട്‌  ഒരു മാടമ്പി  നേതാവ്‌  ചുഴറ്റിയെറിഞ്ഞ  പുച്ഛത്തെയും സാമൂഹ്യ നിരക്ഷരതയെയും വരേണ്യവാദത്തെയും വർഗവിരുദ്ധ പ്രത്യയശാസ്‌ത്രത്തെയും അതിൽ കീറിമുറിക്കുകയാണ്‌.

താമരയേന്തുമോ സുധാകരൻ
എന്തുകൊണ്ടാണ്‌ കെ സുധാകരൻ  മലീമസമായ നിലയിലും അക്രമാസക്തമായും തുടർച്ചയായി പ്രസംഗിക്കുന്നത്‌‐ ആ പാർലമെന്റംഗത്തിന്റെ രാഷ്ട്രീയം മനസ്സിലായ  ആർക്കും  അത്ഭുതമുണ്ടാകില്ല. അത്തരം ചില പ്രസ്‌താവങ്ങൾ പലപ്പോഴായി കേട്ടതുമാണ്‌. സുധാകരനെ   സ്വയംപരിഹാസ്യനാക്കുന്ന കോമാളി  പ്രസംഗങ്ങൾ കേട്ട് കൈയടിക്കുന്നവരിൽ പ്രധാനികൾ  കാവിപ്പടയും  ലീഗിലെ തീവ്രവാദ മനോഭാവമുള്ള വിഭാഗവുമാണ്‌. മുന്നിലിരമ്പുന്ന  ആൾക്കൂട്ടത്തെ ഇളക്കിവിടാനാണ്‌  അതിരുവിട്ട പദപ്രയോഗങ്ങളും തരംതാണ  ഭാഷയും.  സുധാകരൻ അത്തരക്കാർക്ക് രക്ഷകനാണ്‌.

രാഷ്ട്രീയമായോ  ബൗദ്ധികമായോ മറ്റു പാർടികളിൽപ്പെട്ടവരെ അഭിമുഖീകരിക്കാൻ ശേഷിയില്ലാത്തവർ അതിനു കഴിവുള്ളവരെ കൊടുംശത്രുക്കളായി ചാപ്പകുത്തുകയും  നീചമായ  വ്യക്തിഹത്യയിലും വർഗീയതയിലും  അഭയം തേടുകയും ചെയ്യും. നവോത്ഥാനം തുടച്ചുനീക്കിയ  ചില പ്രവണതകൾക്കാണ്‌ സുധാകരൻ ജീവൻവയ്‌പിക്കുന്നത്‌. അദ്ദേഹവും   കോൺഗ്രസും  സംഘപരിവാറുകാരുമായി വേർപിരിയാത്ത  കൂട്ടുകാരും  ജനാധിപത്യ വിരുദ്ധതയുടെയും ചാതുർവർണ്യത്തിന്റെയും മൃദുഹിന്ദുത്വത്തിന്റെയും  ചാവേറുകളുമാണ്‌. ബിജെപിക്കുവേണ്ടി ചില ഇടനിലക്കാരും കേന്ദ്ര നേതാക്കളും ബന്ധപ്പെട്ടിട്ടുണ്ടെന്ന്‌ സുധാകരൻ ഒരു ചാനലിലാണ്‌ പറഞ്ഞത്‌. തനിക്ക്‌ തോന്നുമ്പോൾ തീരുമാനമെടുക്കാൻ മടിയില്ലെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെ വിശ്വസിക്കാൻ കൊള്ളാത്തൊരാളെയാണ്‌ ഭാവിയിൽ  കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ ഹൈക്കമാൻഡ്‌ കണ്ടുവച്ചിരിക്കുന്നതും.

ജീവിക്കുന്ന രക്തസാക്ഷിയെയും വെറുതെവിട്ടില്ല
യുവജന സമരത്തിനിടെ കൂത്തുപറമ്പ്‌ വെടിവയ്‌പിൽ പരിക്കേറ്റ്‌ കാൽനൂറ്റാണ്ടിലധികമായി ശരീരം തളർന്ന്‌ കിടപ്പിലായ പുഷ്‌പനെ അധിക്ഷേപിക്കാനും  സുധാകരന്‌ മടിയുണ്ടായില്ല. യുഡിഎഫ്‌ ജാഥാ  സ്വീകരണത്തിലായിരുന്നു അതും. പുഷ്‌പന്‌ 35 ലക്ഷം രൂപ സർക്കാർ നൽകിയെന്ന്‌ ആരോപിച്ച അദ്ദേഹം, ‘‘മുഖ്യമന്ത്രിയുടെ തറവാട്ട്‌ സ്വത്തിൽനിന്നോ പാർടി ഫണ്ടിൽനിന്നോ അല്ല അവന്‌ തുക നൽകിയത്‌. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്‌ ലോകമെമ്പാടുനിന്നും ലഭിച്ച പണം ക്രിമിനലുകളായ പാർടി സഖാക്കൾക്കാണോ നൽകേണ്ടതെന്നും ’’ ആക്രോശിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ തുകയിൽനിന്ന്‌ 35 ലക്ഷം പുഷ്‌പന്‌ നൽകിയെന്ന ആരോപണം  കല്ലുവച്ച നുണയാണ്‌.  ഭരണകൂട ഭീകരതയുടെ ഇരയും ജീവിക്കുന്ന രക്തസാക്ഷിയുമായ  പുഷ്പനെ അവഹേളിച്ച  സുധാകരൻ പൊതുപ്രവർത്തകർക്കാകെ അപമാനമാണ്. ഖദർ വസ്‌ത്രം ധരിച്ച്‌ ഗാന്ധി  സ്‌തുതി നടത്തുന്ന അദ്ദേഹം ഉത്തരേന്ത്യൻ  നേതാക്കളെയും പിറകിലാക്കി ഗുണ്ടാ–- ക്രിമിനൽ രാഷ്ട്രീയത്തിന്‌ വളംവച്ചുകൊടുത്ത്‌ കണ്ണൂരിനെ  വർഷങ്ങൾ ചോരയിൽ കുതിർക്കുകയുണ്ടായി. 1993 മാർച്ച്‌ നാലിന്‌ നാൽപ്പാടി വാസുവിനെ വെടിവച്ചുകൊന്ന് മണിക്കൂറുകൾക്കകം ‘താൻ ഒരുത്തനെ കാച്ചിയിട്ടാണ് വന്നതെ’ന്ന് പൊതുയോഗത്തിൽ ശൗര്യപ്രകടനം നടത്തി.

കണ്ണൂർ നഗരമധ്യത്തിലെ സേവറി ഹോട്ടലിൽ 1992 ജൂൺ 13ന്‌ ബോംബെറിഞ്ഞ് അവിടത്തെ തൊഴിലാളി കെ  നാണുവിനെ  വധിച്ചത്‌ സുധാകരൻ ഡിസിസി അധ്യക്ഷനായിരിക്കെയാണ്‌. അക്കാലത്ത്‌  പാർടി  ആസ്ഥാനത്ത്‌ സൂക്ഷിച്ച  ഉഗ്രശേഷിയുള്ള ബോംബുകളെപ്പറ്റി ‘ഇന്ത്യാ ടുഡേ’ യിൽ  ഫോട്ടോ ഉൾപ്പെടെ  ലേഖനം വന്നിരുന്നു. കണ്ണൂർ സഹ. പ്രസിലും ചൊവ്വ സഹ. ബാങ്കിലും  ജില്ലാ കൗൺസിൽ അധ്യക്ഷനായിരുന്ന ടി കെ ബാലന്റെ വീട്ടിലും വധശ്രമങ്ങൾ നടന്നത്‌ സുധാകരൻ കോൺഗ്രസിനെ നയിക്കുമ്പോഴാണ്. വാടകക്കൊലയാളികളെ ഏർപ്പാടാക്കി സിപിഐ എം  നേതാവ്‌ ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയായി.  ഇത്തരം പാരമ്പര്യമുള്ള സുധാകരൻ, യുവപോരാളിക്ക്‌  തനിക്കുമാത്രം ഇണങ്ങുന്ന ക്രിമിനൽപട്ടം ചാർത്തിക്കൊടുത്ത്‌ അധിക്ഷേപിക്കുന്നത് പരിഹാസ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top