29 March Friday

പുതിയ ലക്ഷ്യം, ദിശാബോധം

വി ബി പത്മകുമാർUpdated: Saturday Jan 8, 2022


ജില്ലാ സഹകരണ ബാങ്കുകൾ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരള ബാങ്ക് രൂപീകൃതമായിരിക്കുകയാണല്ലോ. മൂന്നു വർഷം നിയമപോരാട്ടം നടത്തി പലവിധ രാഷ്ട്രീയ ഇടപെടലും മറികടന്നാണ് രൂപീകരണം. 14 ജില്ലാ സഹകരണ ബാങ്കും ഇതിൽ ചേരണമെന്ന ജനങ്ങളുടെ താൽപ്പര്യം മലപ്പുറം ജില്ലയിലെ ഒരുവിഭാഗം രാഷ്ട്രീയനേതൃത്വത്തിന്റെ  സങ്കുചിതത്വംമൂലം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. നടപടികൾ പൂർത്തിയാക്കി മലപ്പുറം ജില്ലാ ബാങ്കുകൂടി വൈകാതെ കേരള കേരള ബാങ്കിന്റെ ഭാഗമാകും.

ഭരണഘടനയുടെ ഏഴാം പട്ടികയിൽ സ്റ്റേറ്റ് ലിസ്റ്റിൽ   32–--ാമതായി വരുന്ന, സഹകരണ സംഘങ്ങളുടെ രൂപീകരണത്തിനും നിയന്ത്രിക്കാനുമുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉള്ളപ്പോഴാണ് പുതിയ കേന്ദ്രസഹകരണ മന്ത്രാലയം രൂപീകരിക്കപ്പെട്ടത്. ഇപ്രകാരം സഹകരണമേഖലയെ കേന്ദ്ര സർക്കാർ വ്യത്യസ്തമായ നടപടിയിലൂടെ കൈപ്പിടിയിൽ ഒതുക്കുമ്പോഴാണ് കേരളത്തിൽ സഹകരണ മേഖലയ്‌ക്ക്‌ പുത്തൻ ഉണർവ് നൽകി കേരള ബാങ്ക് രൂപീകരിച്ചത്. ഏറെ രാഷ്ട്രീയ എതിർപ്പിനും നിയമപോരാട്ടങ്ങൾക്കുംശേഷമാണ്  കേരള ബാങ്ക് നിലവിൽ വന്നത്. സഹകരണമേഖലയിൽ ഒരു ബദൽ ധനസ്ഥാപനമെന്നനിലയിൽ ഏറെ ശ്രദ്ധ നേടാൻ ഇക്കാലയളവിനുള്ളിൽ കേരള ബാങ്കിന് സാധിച്ചിട്ടുണ്ട്.  

ജനകീയ ഭരണസമിതി വന്നശേഷം കേരള ബാങ്കിന്റെ പ്രവർത്തനത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവന്നു. മൊത്തം ബിസിനസിൽ ഇപ്പോൾ കേരളത്തിലെ രണ്ടാമത് ബാങ്കായി മാറി.  ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കി. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകം പരിഹരിക്കപ്പെട്ടില്ല. രണ്ടു വർഷമായി ജീവനക്കാരുടെ പ്രൊമോഷൻ നഷ്ടപ്പെട്ടു. ഇക്കാലയളവിൽ 493 പേർ പിരിഞ്ഞുപോയി. പകരം നിയമനത്തിന് റിക്രൂട്ട്മെന്റ് സ്കൂളിലെ അപാകംമൂലം പിഎസ്‌സിക്ക്‌ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നില്ല.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളാ ഘടകത്തിൽ അഫിലിയേറ്റു ചെയ്ത പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട്‌ കോ–- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരളയും കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും ലയിക്കുകയാണ്. ലയനസമ്മേളനം ശനിയും ഞായറും ആലപ്പുഴയിൽ ചേരുന്നു. സഹകരണമേഖലയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലും അതിനെതിരായ പ്രതിഷേധവും ഭാവിപ്രവർത്തനങ്ങളും സമ്മേളന ചർച്ചയിൽ തീരുമാനമെടുക്കും. ഉയർന്നുവരുന്ന തൊഴിലാളി, കർഷക ഐക്യ സമരങ്ങളിൽ പങ്കാളിയാകുന്നതിനും പിന്തുണ നൽകുന്നതിനും തീരുമാനമുണ്ടാകും. കേരള ബാങ്കിന് കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുന്നതിനും സഹകരണമൂല്യം ഉയർത്തിപ്പിടിക്കുന്ന ജനകീയ ബാങ്കായി നിലനിർത്തുന്നതിനുമുള്ള ചർച്ച നടക്കും. സമാനസ്വഭാവമുള്ള രണ്ടു സംഘടനയാണ് ലയിക്കുന്നത്. ഈ സമ്മേളനം ജീവനക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിലും സഹകരണമേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പരിശ്രമിക്കും.

(ഡിസ്ട്രിക്ട്‌ കോ-–-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് 
ഫെഡറേഷൻ കേരള ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top