28 March Thursday

രജതരേഖയായി 
അറവുകാട്

ലെനി ജോസഫ്‌Updated: Wednesday Dec 7, 2022

അറവുകാട് സമ്മേളനത്തിൽ എ കെ ജി സംസാരിക്കുന്നു (ഫയൽച്ചിത്രം)

 
മഹാനായ എ കെ ജിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം: ‘"ഭൂപരിഷ്‌കരണ ഭേദഗതി നിയമം അനുശാസിക്കുന്നതനുസരിച്ച് നിയമം നടപ്പാക്കാൻ ഗവർമെന്റും ഭൂവുടമയും തയാറായാലും ഇല്ലെങ്കിലും, 1970 ജനുവരി ഒന്നുമുതൽ ആ നിയമം നടപ്പായതായി കണക്കാക്കി അവകാശം സ്ഥാപിക്കുകതന്നെ ചെയ്യും’’. 1969 ഡിസംബർ 14ന്‌ കരിവെള്ളൂർ, കാവുമ്പായി രക്തസാക്ഷികളുടെ പേരിൽ ആലപ്പുഴ അറവുകാട്‌ ക്ഷേത്രമൈതാനത്ത്‌ ഉയർത്തിയ വേദിയിൽ എ കെ ജി പ്രഖ്യാപനം നടത്തുമ്പോൾ മൈതാനത്ത്‌ തിങ്ങിനിറഞ്ഞ പുരുഷാരം ഹർഷാരവത്തോടെ ഏറ്റെടുത്തു. ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ വിളികൾ അന്തരീക്ഷത്തെ മുഖരിതമാക്കി. അറവുകാട്‌ സമ്മേളനമെന്ന പേരിൽ അത്‌ കേരളചരിത്രത്തിന്റെ ഭാഗമായി.

ഇ എം എസ്‌ സർക്കാർ 1969ൽ പാസാക്കിയ കുടികിടപ്പവകാശ സംരക്ഷണ നിയമത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് ഭൂപരിഷ്‌കരണ ഭേദഗതിനിയമ പ്രകാരമുള്ള ഭൂരഹിതന്റെ അവകാശം സ്ഥാപിക്കാനും സംരക്ഷിക്കാനും സിപിഐ എം നേതൃത്വത്തിൽ കർഷകസംഘവും കർഷകത്തൊഴിലാളി യൂണിയനും രംഗത്തുവന്നത്‌. കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള സ്ഥലങ്ങളിൽനിന്ന്‌ ആളുകൾ ബസിലും ജീപ്പിലുമൊക്കെയായി അറവുകാട്ടെത്തി. കിസാൻസഭ നേതാവായിരുന്ന ഹരേകൃഷ്‌ണ കോനാറായിരുന്നു യോഗം ഉദ്‌ഘാടനംചെയ്‌തത്‌. എ കെ ജി അധ്യക്ഷൻ. സിപിഐ എം നേതാക്കളായ ഇ എം എസ്‌, പി സുന്ദരയ്യ, പ്രാദേശിക നേതാക്കളായ മത്തായി മാഞ്ഞൂരാൻ, ഫാദർ വടക്കൻ, ബി വെല്ലിങ്‌ടൺ തുടങ്ങിയവരും പങ്കെടുത്തു. വി എസ്‌ അച്യുതാനന്ദനായിരുന്നു മുഖ്യസംഘാടകൻ. എസ്‌ രാമചന്ദ്രൻപിള്ള, എൻ ശ്രീധരൻ, ജി സുധാകരൻ എന്നിവർ അന്നത്തെ യോഗത്തിൽ പങ്കെടുത്തവരാണ്‌.അറവുകാട്‌ പ്രഖ്യാപനത്തിന്റെ ആഹ്വാനം ഉൾക്കൊണ്ട്‌ 1970 ജനുവരി ഒന്നുമുതൽ എല്ലാ ജില്ലകളിലും ആയിരക്കണക്കിന്‌ സമരവളണ്ടിയർമാർ ഭൂമിയിൽ പ്രവേശിച്ച്‌ അവകാശം സ്ഥാപിച്ചു.

സമരം തുടങ്ങി 13–-ാം നാൾ (1970 ജനുവരി 13) കാവാലം മാറുകാട്‌ ശ്രീധരനെ ജന്മിയുടെ ഗുണ്ടകൾ കൊലപ്പെടുത്തി. കുടികിടപ്പ്‌ സമരത്തിലെ സംസ്ഥാനത്തെ ആദ്യ രക്തസാക്ഷി. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി തട്ടാശേരിയിലെത്തിച്ച്‌ എ കെ ജിയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തി. തുടർന്ന്‌ മാറുകാട്‌ പറമ്പിൽ അവകാശം സ്ഥാപിച്ചെന്ന്‌ എ കെ ജി പ്രഖ്യാപിച്ചു. കള്ളിക്കാട്ട്‌ നടന്ന പ്രക്ഷോഭത്തിൽ നീലകണ്ഠനും ഭാർഗവിയും രക്തസാക്ഷികളായി. സമരത്തിന്റെ ഫലമായി സംസ്ഥാനത്ത്‌ 37 ലക്ഷത്തോളം പേർക്ക്‌ ഭൂമിയിൽ അവകാശം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top