09 December Saturday

പേരുമാറ്റൽ പകർച്ചവ്യാധിയുടെ പാരമ്യം

എ എം ഷിനാസ്Updated: Thursday Sep 7, 2023

ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെയും  കേന്ദ്ര സർക്കാരിനെയും ‘പേരുമാറ്റൽ പകർച്ചവ്യാധി’ പിടികൂടിയിട്ട്  ഒരു പതിറ്റാണ്ടാകുന്നു. ഒട്ടും നിഷ്കളങ്കമല്ലാത്തതും വർഗീയോദ്ദീപനംമാത്രം ലക്ഷ്യമിടുന്നതുമായ ഈ പേരുമാറ്റൽ നീക്കത്തിന്റെ പാരമ്യമാണ് ഇന്ത്യക്ക് പകരം ഭാരത്‌ എന്ന് ഉപയോഗിക്കണമെന്ന ഇപ്പോഴത്തെ ഹിന്ദുത്വ ദുശ്ശാഠ്യം. ഇന്ത്യ എന്ന പേര് പാടേ  ഒഴിവാക്കണമെന്നും പകരം  ഭാരത് എന്നുവിളിക്കണമെന്നുമുള്ള നിർദേശം മൂന്നുദിവസംമുമ്പ് അസമിലെ ഒരു മതസമ്മേളനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതാണ് മുന്നോട്ടുവച്ചത്.  ഇന്ത്യക്കകത്തും പുറത്തും വാക്കിലും എഴുത്തിലും ഭാരത്‌ എന്ന പേരുതന്നെ ഉപയോഗിക്കണമെന്ന സംഘപരിവാർ സാരഥിയുടെ ഈ സുഗ്രീവാജ്ഞ കേട്ടപാതി ആദ്യം നടപ്പാക്കിയത് രാഷ്ട്രപതി ഭവനാണ്. ജി–-20 ഉച്ചകോടി തുടങ്ങുന്ന ആഗസ്‌ത്‌ ഒമ്പതിലെ അത്താഴവിരുന്നിലേക്കുള്ള അതിഥികൾക്ക്‌ അയച്ച ക്ഷണക്കത്തിലാണ് ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പതിവു തെറ്റിച്ചുള്ള വിശേഷണം ഇടംപിടിച്ചത്.

ഭരണഘടനയുടെ അനുച്ഛേദം1 (1) പറയുന്നത്, ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കുമെന്നാണ്. ഭരണഘടനാ സഭയിൽ കൂലങ്കഷമായ ചർച്ചകൾക്കുശേഷമാണ് ഈ അനുച്ഛേദം ഏകകണ്ഠമായി അംഗീകരിച്ചത്. ആ സഭാ ചർച്ചയിൽ ഭാരതം അല്ലെങ്കിൽ ഭാരതവർഷ എന്നീ പേരുകൾ മാത്രമേ പാടുള്ളൂവെന്ന് നിഷ്കർഷിച്ചവർ ഉണ്ടായിരുന്നു. ഇവയൊന്നും സ്വീകരിക്കപ്പെട്ടില്ല. അനുച്ഛേദം 52ൽ രാഷ്ട്രപതിയുടെ പദവി വിശദീകരിക്കുമ്പോൾ ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകുമെന്നാണ് എഴുതിയിരിക്കുന്നത്. 2016ൽ ഇന്ത്യ എന്ന പേരുമാറ്റി ഭാരതം ആക്കണമെന്ന് സുപ്രീംകോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി വന്നപ്പോൾ രൂക്ഷ പരാമർശങ്ങളോടെ കോടതി അത് തള്ളിയിരുന്നു.

സിന്ധു എന്ന നദിയുടെ പേരിൽനിന്നാണ് ഇന്ത്യ എന്ന പേരുണ്ടാകുന്നത്. സിന്ധു സംസ്കൃതനാമമാണ്. ഇന്തോ–- യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ഭാഷാ ഉപശാഖകളിൽപ്പെടുന്നവയാണ് സംസ്കൃതവും പ്രാചീന പേർഷ്യനും ഒട്ടുമിക്ക യൂറോപ്യൻ ഭാഷകളും. പേർഷ്യക്കാരാണ് സിന്ധുനദിയുടെ സമതലത്തിലും അതിന്റെ കിഴക്കുള്ള ഭൂഭാഗത്തെയും ജനവിഭാഗത്തെയും ഹിന്ദുസ്ഥാൻ എന്നും ഹിന്ദുവെന്നും ആദ്യം വിളിച്ചുപോന്നത്. അവർക്ക് ‘സ’ ഉച്ചരിക്കാൻ പ്രയാസമായിരുന്നു. അതിനാൽ സിന്ധു ഹിന്ദുവും ‘സപ്തസിന്ധു’ ‘ഹപ്തഹിന്ദുവും’ ‘സോമ’ ‘ഹോമ’യുമൊക്കെയായി അവർക്ക്. അറബിഭാഷ സംസാരിക്കുന്നവർക്ക് ‘അൽ–-ഹിന്ദ്’ ആയി, ഇന്ത്യ. ഗ്രീക്കുകാർ  ബിസി അഞ്ചാം നൂറ്റാണ്ടുമുതൽ ഇന്ത്യ ഇന്ത്യക്കാർ എന്നൊക്കെ വിളിച്ചുപോന്നു. ഇംഗ്ലീഷുകാർക്കും ഇന്ത്യ പഥ്യമായി.

ഹിന്ദുത്വവാദികളുടെ വാദമുഖം അനുസരിച്ച് ഇന്ത്യ എന്ന പേര് പുറത്തുനിന്നുള്ളവർ നൽകിയതാണ്. അതൊരു തദ്ദേശീയ പദമല്ല. അതുകൊണ്ട് മാറ്റണം. സിന്ധുവിൽനിന്നാണ് ഹിന്ദും ഹിന്ദുസ്ഥാനും  ഇൻഡസും ഇന്ത്യയുമൊക്കെയുള്ള പേരുകൾ പുറമെ നിന്നുള്ളവർ നൽകിയത്. സിന്ധുസ്ഥാനാണ് ഹിന്ദുസ്ഥാൻ. ഇവിടെ രസപ്രദമായ രണ്ട് വിരോധാഭാസമുണ്ട്. ഒന്ന്, സിന്ധു എന്ന പദം ഉൾക്കൊള്ളുന്ന സംസ്കൃതഭാഷ (ആര്യഭാഷ) സംസാരിച്ചിരുന്ന ഇന്തോ–- ആര്യ ഭാഷാസമൂഹം  ഈ സപ്തസിന്ധു മേഖലയിൽ എത്തിയത് എവിടെനിന്നാണ്? യൂറേഷ്യൻ പുൽമേടുകളിൽനിന്ന്. അപ്പോൾ സംസ്കൃതം ‘തനത് ഇന്ത്യൻ’ ഭാഷയാണോ? പ്രാചീന പേർഷ്യക്കാരുടെ വേദഗ്രന്ഥമായ ‘സെൻഡ് അവസ്ത’യും ഋഗ്വേദവും ചേർത്തുവായിച്ചാൽ പുറത്തുനിന്നുള്ളവരും അകത്തുനിന്നുള്ളവരും തമ്മിലുള്ള ഹിന്ദുത്വ വേലിക്കെട്ട് ഇളകിയാടും.

സിന്ധു എന്ന പേര് ആര്യൻമാർ (ആര്യഭാഷ സംസാരിക്കുന്നവർ) നൽകിയത്‌ ആയിരിക്കാമെങ്കിലും അവർക്കു മുമ്പേ ഇവിടെയുണ്ടായിരുന്നവരും ആര്യൻമാരുമായി സൗഹാർദം പുലർത്തിയിരുന്നവരുമായ പ്രാദേശിക ഗോത്രവിഭാഗങ്ങൾ ഈ നദിയെ ഹിന്ദു എന്നായിരിക്കാം വിളിച്ചിരിക്കുക എന്നാണ് സവർക്കറിന്റെ വിചിത്ര ചരിത്രഭാഷ്യം.

രണ്ടാമത്തെ വിരോധാഭാസം, ഹിന്ദുസ്ഥാൻ എന്ന പേരിന്റെ  പ്രോത്സാഹകനും  ‘ഹിന്ദു–-ഹിന്ദി–-ഹിന്ദുസ്ഥാൻ’ എന്ന വിഭാഗീയ മത–-ഭാഷ–-പ്രദേശ ത്രയം ഉൾച്ചേർന്ന മുദ്രാവാക്യത്തിന്റെ പ്രഘോഷകനുമായിരുന്നു വി ഡി  സവർക്കർ എന്നതാണ്. ഈ മൂന്നു വാക്കുകളുടെയും പേർഷ്യൻ നിഷ്പത്തിയെ ചരിത്രപരമായ ‘ഇന്ദ്രജാല’ത്തിലൂടെ അദ്ദേഹം തദ്ദേശീയമാക്കുന്നത്‌ ഇങ്ങനെയാണ്: വടക്ക് സിന്ധുനദിക്കും തെക്ക് സിന്ധുസമുദ്രത്തിനുമിടയിൽ ജീവിക്കുന്നവരെയും ഭൂഭാഗത്തെയും കുറിക്കാൻ ഹിന്ദു, ഹിന്ദുസ്ഥാൻ എന്നീ പദങ്ങൾ തന്നെയാണ് സമുചിതമെന്ന് സവർക്കർ എഴുതുന്നു (എസ്സൻഷ്യൽസ് ഓഫ് ഹിന്ദുത്വയിൽ). സിന്ധു എന്ന പേര് ആര്യൻമാർ (ആര്യഭാഷ സംസാരിക്കുന്നവർ) നൽകിയത്‌ ആയിരിക്കാമെങ്കിലും അവർക്കു മുമ്പേ ഇവിടെയുണ്ടായിരുന്നവരും ആര്യൻമാരുമായി സൗഹാർദം പുലർത്തിയിരുന്നവരുമായ പ്രാദേശിക ഗോത്രവിഭാഗങ്ങൾ ഈ നദിയെ ഹിന്ദു എന്നായിരിക്കാം വിളിച്ചിരിക്കുക എന്നാണ് സവർക്കറിന്റെ വിചിത്ര ചരിത്രഭാഷ്യം. അതുകൊണ്ട് ഹിന്ദു, ഹിന്ദുസ്ഥാൻ തികച്ചും തദ്ദേശീയംതന്നെ.  ഭാരതവർഷവും ആര്യാവർത്തവും പിൽക്കാല പേരുകളാണ്. അവ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ആസകലം നടന്ന ആര്യ–- അനാര്യ ഉദ്ഗ്രഥനത്തെ പ്രതിനിധാനം ചെയ്യുന്നവയല്ല. ആര്യഭാഷ സംസാരിച്ചിരുന്നവരുടെ വരവിനുമുമ്പ് സിന്ധുനദിക്കരയിൽ താമസിച്ചിരുന്ന മോഹൻജൊദാരൊ നഗരവാസികൾ ഈ നദിയെ ഹിന്ദു എന്നുതന്നെ വിളിച്ചിരിക്കുമെന്ന് സവർക്കറിന്റെ വ്യാഖ്യാനം അനുസരിച്ച് നമുക്ക് കരുതാം.

‘ഇന്ത്യ’ എന്ന മതനിരപേക്ഷ പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മ ഹിന്ദുത്വത്തിനെതിരെ അണിനിരന്നപ്പോൾ രാജ്യത്ത് ചില മാറ്റങ്ങൾ പൊടുന്നനെ പൊട്ടിവിടരുകയാണ്. കൂട്ടിക്കൂട്ടി ഉത്തുംഗപദത്തിൽ എത്തിച്ച പാചകവാതകത്തിന്റെ വില ഇത്തിരി കുറച്ചു. 2047ൽ ഇന്ത്യ വർഗീയതയും ജാതീയതയും അശ്ശേഷമില്ലാത്ത സമ്പദ്‌സമൃദ്ധ മുൻനിര രാഷ്ട്രമാകുമെന്ന തമാശ അശ്വമുഖത്തുനിന്ന് വന്നു. ഇന്ത്യയെ അടിമുടി മാറ്റുമെന്ന് (വേറൊരു രീതിയിൽ മാറ്റിയെന്ന കാര്യം എല്ലാവർക്കും അറിയാം) പേർത്തും പേർത്തും പറയുന്നവർ ഒടുവിൽ ഇന്ത്യ എന്ന പേരുമാറ്റാനാണ് ഇപ്പോൾ തത്രപ്പെടുന്നത്.

(മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top