20 April Saturday

ഇത്‌ പോരാട്ടഭൂമി - സംഘാടകസമിതി 
ചെയർമാൻ പിണറായി വിജയൻ 
പാർടി കോൺഗ്രസിൽ 
നടത്തിയ സ്വാഗതപ്രസംഗം

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2022

സമ്മേളന നഗറിലെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പ്രതിനിധികൾ അഭിവാദ്യം ചെയ്യുന്നു

 

ചൂഷകർക്കെതിരെ കർഷകരും തൊഴിലാളിവർഗവും നടത്തിയ ഉശിരൻ പോരാട്ടങ്ങളുടെ ധീരചരിത്രമാണ് കണ്ണൂരിനുള്ളത്. കണ്ണൂർ ആദ്യമായാണ് പാർടി കോൺഗ്രസിന് വേദിയാകുന്നത്. മുമ്പ് പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പാർടി കോൺഗ്രസുകൾ ചേർന്നിട്ടുണ്ട്. രാജ്യത്തെത്തന്നെ സമുന്നത കമ്യൂണിസ്റ്റ് നേതാവ് എ കെ ജിയുടെ ജന്മനാടാണ്‌ കണ്ണൂർ. 1939 ഡിസംബറിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് തുടക്കംകുറിച്ച സമ്മേളനത്തിന്റെ വേദി കണ്ണൂർ ജില്ലയിലെ പാറപ്രമായിരുന്നു. സ്വാതന്ത്ര്യസമര പോരാളികളും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ നേതാക്കളായി കോൺഗ്രസിനുള്ളിൽ പ്രവർത്തിച്ചവരുമായ സഖാക്കളാണ്‌ പങ്കെടുത്തത്‌. പ്രഥമ സെക്രട്ടറിയായി ‘സഖാവ്’ എന്നറിയപ്പെട്ട പി കൃഷ്ണപിള്ളയെ തെരഞ്ഞെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയർന്ന കർഷക–--തൊഴിലാളി സമരങ്ങളിൽനിന്നാണ് കണ്ണൂരിലെ കമ്യൂണിസ്റ്റ് പാർടിയുടെ ഉത്ഭവം.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന മുദ്രാവാക്യം വിവിധ സംസ്ഥാനങ്ങളിൽ ഉയർത്തിയത്‌ കമ്യൂണിസ്റ്റുകാരാണ്‌. ഇ എം എസ് രചിച്ച ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം ഐക്യകേരളമെന്ന ആവശ്യം വ്യക്തമായി മുന്നോട്ടുവച്ചു. തിരുവിതാംകൂറിൽ ദിവാന്റെ അമേരിക്കൻ മോഡലിനെതിരെ നടത്തിയ പോരാട്ടത്തിന്‌ പാർടി നേതൃത്വം നൽകി. ദിവാന്റെ ദേശവിരുദ്ധ നീക്കത്തിനെതിരെ പൊരുതാൻ പുന്നപ്ര–-വയലാറിലടക്കം വലിയവില കൊടുക്കേണ്ടിവന്നു.

1948 –- -1952 കാലഘട്ടത്തിൽ കടുത്ത ഭരണകൂട അടിച്ചമർത്തൽ നേരിട്ടു. പലർക്കും ഒളിവിൽ പ്രവർത്തിക്കേണ്ടി വന്നുവെങ്കിലും ജനപിന്തുണ വർധിച്ചു. 1957-ൽ കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടി സർക്കാർ രൂപീകരിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആ സർക്കാരിനെ ഭരണഘടനയുടെ 356–--ാം അനുച്ഛേദം ദുരുപയോഗംചെയ്ത്‌ പിരിച്ചുവിട്ടു. അത്‌ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒട്ടേറെ പുരോഗമന നടപടികൾ കൊണ്ടുവന്ന സർക്കാരായിരുന്നു അത്‌. 1967ലും പാർടിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചെങ്കിലും 32 മാസമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 1969-ൽ രാജ്യത്തെ ഏറ്റവും പുരോഗമനപരമായ ഭൂപരിഷ്‌കരണനിയമം പാസാക്കാനായി.


 

1980, 1987, 1996, 2006, 2016, 2021 വർഷങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപീകരിച്ചു. ഈ സർക്കാരുകളും കേരളവികസനത്തിൽ ചരിത്രപരമായ സംഭാവനകളാണ്‌ നൽകിയത്‌. ഉദാരവൽക്കരണ നയത്തോടെ രാജ്യത്ത്‌ കൂടുതൽ ദുരിതം വിതയ്ക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ചത്. തൊഴിൽ സുരക്ഷിതത്വമില്ലായ്മ, പൊതുമേഖലയുടെ തകർച്ച, ഊഹക്കച്ചവട മൂലധനത്തിന്റെ സ്വതന്ത്രമായ നീക്കം, കോർപറേറ്റ് സമ്പന്നർക്ക് ഇളവുകൾ എന്നീ നയങ്ങൾ അസമത്വം വർധിപ്പിച്ചു. കോൺഗ്രസ്‌, ബിജെപി സർക്കാരുകൾ പൊതുവേ സമാന നയങ്ങളാണ്‌ സ്വീകരിച്ചത്‌. ജനദ്രോഹകരമായ ഈ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളാണ്‌ കമ്യൂണിസ്റ്റ്‌ പാർടി സംഘടിപ്പിക്കുന്നത്‌. സമരരംഗത്ത് മാത്രമല്ല, സംസ്ഥാന സർക്കാരിന് ലഭ്യമായ പരിമിത അധികാരത്തിനുള്ളിൽ ബദൽ നയങ്ങൾ നടപ്പാക്കാനും ശ്രമിച്ചു. സംസ്ഥാന സർക്കാരുകളുടെ പരിമിത സാമ്പത്തിക അധികാരങ്ങൾ പോലും കൂടുതൽ നിയന്ത്രിക്കപ്പെടുന്നു. ജിഎസ്ടിയിലും വായ്പ എടുക്കുന്നതിന് വ്യവസ്ഥ ഏർപ്പെടുത്തിയതിലും ഇത്‌ കാണാം.

മുൻ ഇടതുപക്ഷ സർക്കാരുകളുടെ തുടർച്ചയായി ഇപ്പോഴത്തെ സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഊന്നൽനൽകുന്നു. കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുക, ഭക്ഷ്യസുരക്ഷ, ഭവനരഹിതർക്ക്‌ സുരക്ഷിതമായ വീടുകൾ നൽകുക, ഇന്റർനെറ്റ് അവകാശമാക്കുക, പൊതുസേവനങ്ങൾക്ക്‌ ബുദ്ധിമുട്ടില്ലാത്ത സംവിധാനമൊരുക്കുക, കാർഷികമേഖലയെ പുനരുജ്ജീവിപ്പിച്ച് ഉൽപ്പാദനക്ഷമമായ തൊഴിൽ സൃഷ്ടിക്കുക തുടങ്ങിയവയാണ്‌ നടപ്പാക്കുന്നത്‌. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകിയും നടപടിക്രമങ്ങൾ ലളിതമാക്കിയും സംസ്ഥാനത്ത് സുഗമമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിച്ചും മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്‌.

ജനാധിപത്യ അവകാശങ്ങൾക്കും മതനിരപേക്ഷ മൂല്യങ്ങൾക്കുംവേണ്ടി എന്നും നിലകൊണ്ട സിപിഐ എമ്മിലും എൽഡിഎഫിലും ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നു. സംസ്ഥാനത്ത് ‘ഹൈ വോൾട്ടേജ്’ പ്രചാരണം നടത്തിയ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ഉണ്ടായിരുന്ന ഏക സീറ്റ്‌ നഷ്ടമായി. ബിജെപിയുടെ വോട്ട് വിഹിതം 15.01 ശതമാനത്തിൽനിന്ന് 12.47 ശതമാനമായി കുറഞ്ഞു.

സംഘപരിവാറും മറ്റു വർഗീയ സംഘടനകളും കോൺഗ്രസും പാർടിക്കെതിരെ കിരാത ആക്രമണങ്ങളാണ്‌ തുടർച്ചയായി നടത്തുന്നത്‌. എത്രയോ വിലപ്പെട്ട ജീവനുകളാണ്‌ നഷ്ടമായത്‌. അസാമാന്യ ക്ഷമയാണ്‌ ഞങ്ങൾ കാണിക്കുന്നത്‌. നാട്ടിലെ ജനങ്ങൾക്കും അത്‌ മനസ്സിലായിട്ടുണ്ട്‌. രാജ്യംതന്നെ ഉറ്റുനോക്കുന്ന സമ്മേളനമാണ്‌ വിപ്ലവത്തിന്റെ നാടായ കണ്ണൂരിൽ നടക്കുന്നത്‌. നിങ്ങളെ ഏവരെയും കണ്ണൂരിലേക്ക്‌ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top