26 April Friday

പി എഫ് വിജ്ഞാപനത്തിലെ വഞ്ചന - അഡ്വ. എസ് 
കൃഷ്ണമൂർത്തി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 7, 2023

പെൻഷൻ സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രോവിഡന്റ് ഫണ്ട് പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനം പെൻഷൻകാരെയും ജീവനക്കാരെയും ഒരുപോലെ കബളിപ്പിക്കുന്നതാണ്. ഉത്തരവ് നടപ്പാക്കിയെന്ന ധ്വനിയോടെ പല മാധ്യമങ്ങളും വാഴ്ത്തി. പക്ഷേ, ഈ മാധ്യമങ്ങൾ ഇപിഎഫ്ഒ ഇനിയും സൂചിപ്പിച്ചിട്ടില്ലാത്ത നിരവധി കാര്യങ്ങൾ ബോധപൂർവം തമസ്‌കരിച്ചു.

സുപ്രീംകോടതി വിധി എട്ട് ആഴ്ചയ്ക്കുള്ളിൽ ഇപിഎഫ് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ്. ആ എട്ട് ആഴ്ച അവസാനിക്കുന്ന ദിവസമായിരുന്നു വിജ്ഞാപനം. ഇത് കോടതിയലക്ഷ്യം ഒഴിവാക്കാൻമാത്രമാണ്‌. വിധിന്യായങ്ങളിലെ പല നിർദേശവും നടപ്പാക്കുന്നതു സംബന്ധിച്ച് വിജ്ഞാപനത്തിൽ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. പിഎഫ്‌ പെൻഷൻ സംബന്ധിച്ച റിവ്യൂ പെറ്റീഷൻ സമർപ്പിച്ചതുതന്നെ കേന്ദ്ര സർക്കാരാണ്. എന്നാൽ, വിധിന്യായത്തിലെ ഒരുഭാഗംമാത്രം നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങളാണ് വിജ്ഞാപനത്തിലുള്ളത്‌.

ഖണ്ഡിക 44.ixൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നിർദേശങ്ങൾ പാലിക്കപ്പെടണമെന്ന ഭാഗത്തുതന്നെ ആ നിർദേശങ്ങൾ ആർ സി  ഗുപ്‌ത കേസിലെ വിധിന്യായങ്ങൾക്ക് അനുസൃതമായും 44–-ാം ഖണ്ഡികയിൽ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുള്ള സുപ്രീംകോടതി നിർദേശങ്ങൾക്കും വിധേയമായി നടപ്പാക്കണമെന്നാണ്  പറഞ്ഞിട്ടുള്ളത്. എന്നാൽ, 44–-ാം ഖണ്ഡികയിലെ മറ്റു ഭാഗമെല്ലാം ഒഴിവാക്കി 44.v ഉം 44.vi ഉം മാത്രമെടുത്ത് വിജ്ഞാപനത്തിൽ ഉദ്ധരിച്ചിട്ടുള്ളത് ബോധപൂർവം മറ്റു കാര്യങ്ങൾ നടപ്പാക്കാതിരിക്കാനാണ്‌.

ആർ സി ഗുപ്‌ത കേസിൽ പ്രധാനമായും പരിഗണിക്കപ്പെട്ടത് പ്രോവിഡന്റ് ഫണ്ട് നിയമത്തിലെ ഹയർ ഓപ്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് നിർദേശിച്ച കട്ട് ഓഫ് തീയതിക്ക് പ്രാബല്യമുണ്ടാ ഇല്ലയോ എന്നതിനെ സംബന്ധിച്ചാണ്. കോടതി അക്കാര്യത്തിൽ വ്യക്തമാക്കിയത് അത്തരത്തിലുള്ള ഒരു കട്ട് ഓഫ് തീയതി നിശ്ചയിക്കുന്നത് തീർത്തും ശരിയല്ലെന്നും അത് ബന്ധപ്പെട്ട ജീവനക്കാരുടെ താൽപ്പര്യങ്ങൾ ഹനിക്കുന്നതിന് ഇടയാക്കുമെന്നുതന്നെയാണ്. ആ ഉത്തരവ് അതേപടി നടപ്പാക്കുകയാണെങ്കിൽ തീർച്ചയായും 2014നു മുമ്പ് ഹയർ ഓപ്ഷൻ നൽകാതെ വിരമിച്ച ജീവനക്കാർക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർന്ന് ഫയർ ഓപ്ഷൻ നൽകുന്നതിനുള്ള അവസരം ഉണ്ടാകുമായിരുന്നു. ആർ സി ഗുപ്‌ത കേസിലെ എല്ലാ വിധിന്യായ ഭാഗങ്ങളെയും സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലെന്ന വസ്തുത വിസ്മരിക്കുന്നില്ല. പക്ഷേ, അത്തരത്തിൽ ഒരു വ്യാഖ്യാനത്തിനുപോലും ഇട നൽകാതെ 44.v ഉം 44.1 ഉം മാത്രം ഇപ്പോൾ പ്രത്യേകമായി എടുത്ത നടപ്പാക്കാൻ തീരുമാനിക്കുന്നതുതന്നെ സുപ്രീംകോടതി വിധിയെ സംബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള വിവിധങ്ങളായ വ്യാഖ്യാനങ്ങളെപ്പോലും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

2014നു മുമ്പ് ഹയർ ഓപ്ഷൻ നൽകാതെ വിരമിച്ച ജീവനക്കാർക്ക് വിരമിക്കുന്നതിനുമുമ്പ് ഹയർ ഓപ്ഷൻ നൽകിയിട്ടില്ലെന്ന കാരണത്താൽ ഉയർന്ന പെൻഷൻ ലഭിക്കാൻ അർഹതയില്ല. അവർ പെൻഷൻ പദ്ധതിയിൽനിന്നും പുറത്തുപോയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതും വിസ്മരിക്കുന്നില്ല.
എന്നാൽ, ഹയർ ഓപ്ഷൻ നൽകി 2014നു മുമ്പ് വിരമിച്ചവർക്ക്‌  ആ ഹയർ ഓപ്ഷൻ വീണ്ടും പുതുക്കുന്നതിനുള്ള സമയപരിധി നാലു മാസം ദീർഘിപ്പിച്ചുകൊണ്ട് സുപ്രീംകോടതി നിർദേശിച്ചതിനൊപ്പം നിലവിലുള്ള ജീവനക്കാർക്കും 2014നുശേഷം വിരമിച്ച് പെൻഷൻ ലഭിക്കുന്ന ആളുകൾക്കും യഥാർഥ ശമ്പളത്തിന് അനുസൃതമായവിധം പെൻഷൻ ലഭിക്കുന്നതിനുവേണ്ടിയിട്ടുള്ള ഹയർ ഓപ്ഷൻ നൽകുന്നതിനും അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, 2014നു ശേഷം വിരമിച്ചവരുടെ കാര്യത്തിലും ഇപ്പോഴും തുടരുന്ന ജീവനക്കാരുടെ കാര്യത്തിലും ഇത്‌ എങ്ങനെ നടപ്പാക്കുമെന്ന്‌ വിജ്ഞാപനത്തിൽ സൂചനയില്ല. ആറാം ഖണ്ഡികയിലെ നിബന്ധനകൾ പൂർത്തിയായവർക്കു മാത്രമാണ്  വീണ്ടും ഹയർ ഓപ്ഷൻ നൽകാനുള്ള അനുമതി. അത് ഇപ്രകാരമാണ്.  ഇപിഎഫ്‌ പദ്ധതിയിൽ ഖണ്ഡിക 26 (6) അനുസരിച്ച് ഉയർന്ന ശമ്പളപരിധി 5000 –- 6500 (വിവിധ ഘട്ടങ്ങളിൽ നിലനിന്നിരുന്ന പരിധികളാണ്. ആ പരിധികൾക്കുംമേലെ അവർ കൈപ്പറ്റിയിരുന്ന മുഴുവൻ ശമ്പളത്തിനും അനുസൃതമായി പ്രോവിഡന്റ് ഫണ്ട് വിഹിതം അടച്ചിട്ടുള്ളവരാകണം.

5000നും 6500നുംമേൽ മുഴുവൻ ശമ്പളത്തിനും അനുസൃതമായി  വിഹിതം അടയ്ക്കുകയും ഉടമയും തൊഴിലാളിയും സംയുക്തമായും ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷനുകൾ നൽകിയിരിക്കുകയും അതിനുള്ള അപേക്ഷ ഏതെങ്കിലും കാരണത്താൽ  നിരാകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മൂന്നു വ്യവസ്ഥയും പാലിക്കപ്പെടുന്നുണ്ടെങ്കിൽ മാത്രമാണ് അത്തരക്കാർക്ക് ഇപ്പോൾ ഹയർ ഓപ്ഷന്‌ അവസരം.

ഈ അപേക്ഷകൾ നൽകുന്നതു സംബന്ധിച്ചും വിജ്ഞാപനത്തിൽ  നിബന്ധനയുണ്ട്. നിർദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. വിരമിക്കുന്നതിനുമുമ്പ് നൽകിയ ഹയർ ഓപ്ഷന്റെ സന്ദർഭത്തിൽ ഹാജരാക്കിയിട്ടുള്ള അതേ തെളിവുകളും രേഖകളും ഇപ്പോൾ വീണ്ടും പുതിയ അപേക്ഷയോടൊപ്പം ഹാജരാക്കണം. പല രേഖയും ഒരുപക്ഷേ തൊഴിലാളികൾ കൈവശം വയ്‌ക്കുന്നതിനുപോലും സാധ്യതയില്ല.

മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടി സൂചിപ്പിച്ചു പോകേണ്ടതുണ്ട്. 2014ലെ ഭേദഗതി നിയമം പുറപ്പെടുവിച്ചപ്പോൾ പരമാവധി ശമ്പളപരിധി 15,000 ആക്കി ഉയർത്തുകയുണ്ടായി. ആ 15,000ത്തിനു മേലെയുള്ള സംഖ്യക്ക്‌ വിഹിതം അടയ്ക്കുന്നവർ ആ സംഖ്യയുടെ 1.16 ശതമാനംകൂടി കൂടുതലായി അടയ്ക്കണമെന്ന  നിബന്ധനയുണ്ടായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട ഭാഗംകൂടി വിജ്ഞാപനത്തിൽ പരാമർശിക്കപ്പെടാതെ പോയിട്ടുണ്ട്. 2014നു മുമ്പ് ജോയിന്റ് ഓപ്ഷൻ നൽകാതെ വിരമിച്ച നിരവധി പെൻഷൻകാർ ആർ സി ഗുപ്‌ത വിധിന്യായത്തിന്റെയും തുടർന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിന്റെയും അടിസ്ഥാനത്തിൽ ഹയർ ഓപ്ഷനുകൾ അന്ന് നൽകിയിരുന്നു. പല തൊഴിലാളികളും അവർ പിൻവലിച്ച തുകയിൽനിന്നും പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന പെൻഷൻ തുക ലഭിക്കേണ്ടുന്നതിന് അടയ്‌ക്കേണ്ട ബാക്കി വിഹിതം അടയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അടവുവരുത്തിയ പെൻഷൻകാരിൽ കുറെപ്പേർക്ക് ഉയർന്ന പെൻഷൻ തുക ലഭിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, അധിക സംഖ്യ ഇപിഎഫ്‌ഒ തിരിച്ചുകൊടുക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഹയർ ഓപ്ഷൻ സ്വീകരിച്ചിട്ടും അധികത്തുക അടയ്ക്കാൻ ഉത്തരവുകൾ നൽകാതെയും അടച്ചതുതന്നെ സ്വീകരിക്കാതെയുമുള്ള നിലപാടുകളും ഇപിഎഫ്‌ഒ  എടുത്തിട്ടുണ്ട്. ഈ വിഭാഗം പെൻഷൻകാരെ സംബന്ധിച്ച് ഒന്നുംതന്നെ സുപ്രീംകോടതി വിധിയിലും പരാമർശിച്ചിട്ടില്ല. ആയിരക്കണക്കിന് പെൻഷൻകാർ ഇത്തരത്തിൽ ഫയർ ഓപ്ഷൻ നൽകുകയും സ്വീകരിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവരുടെ കാര്യത്തിലും വ്യക്തമായ തീരുമാനം തുടർന്ന് ഉണ്ടാകേണ്ടതുണ്ട്.

കൂടുതൽ ജാഗ്രതയോടെ പെൻഷൻകാരും ജീവനക്കാരും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളും ഉൾപ്പെടെ  എല്ലാ വിഭാഗം ആളുകളുടെയും ശ്രദ്ധയും ജാഗ്രതയും ഇക്കാര്യത്തിൽ അനിവാര്യമാണ്. സുപ്രീംകോടതി വിധിയിലെ ബാക്കി നിർദേശങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി ഇപിഎഫ്‌സിയുടെമേൽ സമ്മർദം ചെലുത്തുന്നതിനും സുപ്രീംകോടതി വിധി മറികടക്കുന്ന വിധത്തിലുള്ള നിയമഭേദഗതി  ഉണ്ടാകുന്നില്ല എന്നത് ഉറപ്പുവരുത്തുന്നതിനും ഈ ജാഗ്രത കൂടിയേ തീരൂ.

(ഇപിഎഫ്ഒ കേരള റിജിയൺ 
ഉപദേശകസമിതി അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top