05 July Tuesday

‘അതിവേഗ’ സംവാദം

ദിനേശ്‌വർമUpdated: Friday May 6, 2022

റെയിൽ വികസനത്തിനു വേണ്ടിയുള്ള മുറവിളിക്ക്‌ കാൽനൂറ്റാണ്ടിലധികം പ്രായം. ഈ ഘട്ടത്തിലാണ്‌ 
സിൽവർ ലൈൻ പദ്ധതിക്ക്‌ മുന്നിട്ടിറങ്ങിയത്‌. ആരെയും അടിച്ചേൽപ്പിക്കാനില്ലെന്ന്‌ സർക്കാർ 
വ്യക്തമാക്കി. തുറന്ന സംവാദത്തിന്‌ വാതിൽ തുറന്നു. പദ്ധതിക്കെതിരെ നിലകൊള്ളുന്നവരെയും 
വിളിച്ചു. അതോടെ, എതിർപ്പ്‌ ഉന്നയിക്കുന്ന പല ‘വിദഗ്ധ’രുടെയും തനിനിറം പുറത്തുവന്നു. 
പദ്ധതി കൊണ്ടുവരലല്ല, തടയലാണ്‌ ലക്ഷ്യം. അതുതന്നെയാണ്‌ കേരളം തിരിച്ചറിയേണ്ടതും

മുമ്പ്‌ കാണാത്ത ചില കീഴ്‌വഴക്കങ്ങൾ കേരളം പരിചയപ്പെടുകയാണ്‌ സിൽവർ ലൈൻ തുറന്ന ചർച്ചകളിലൂടെ. സർക്കാർതന്നെ ജനകീയ സംവാദങ്ങൾക്ക്‌ മുന്നിട്ടിറങ്ങുന്നു. വികസന പദ്ധതികളിൽ ഇതുവരെ കണ്ട്‌ പരിചയിച്ച ‘ഇഴഞ്ഞുനീങ്ങൽ’ പഴങ്കഥയാകുന്നു. നവീനമായ ഈ വികസനമാതൃകകൾതന്നെയാണ്‌ രാഷ്‌ട്രീയ എതിരാളികളെ വിറളിപിടിപ്പിക്കുന്നതും.

ഒരു വികസന പദ്ധതിയിൽ ഇത്ര വിപുല സംവാദം മുമ്പ്‌ നടന്നിട്ടുണ്ടാകില്ല. കെ–-റെയിലിന്റെ ഏറ്റവും പ്രധാന പദ്ധതിയാണ്‌ സിൽവർ ലൈൻ. തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്‌ വരെ നാല്‌ മണിക്കൂർകൊണ്ട്‌ സഞ്ചരിച്ചെത്താവുന്ന അർധ അതിവേഗപാത. വേഗയാത്രാ സംവിധാനം അവശ്യമാണെന്നതിൽ ആർക്കും തർക്കമില്ല. റോഡ്‌, റെയിൽ പാതകളുടെ സ്ഥിതി അതാണ്‌. വ്യാവസായിക വികസനത്തിനുള്ള പ്രധാന തടസ്സവും അതുതന്നെ.

റെയിൽ വികസനത്തിനുവേണ്ടിയുള്ള മുറവിളിക്ക്‌ കാൽനൂറ്റാണ്ടിലധികം പ്രായം. ഈ ഘട്ടത്തിലാണ്‌ സിൽവർ ലൈൻ പദ്ധതിക്ക്‌ മുന്നിട്ടിറങ്ങിയത്‌. ആരെയും അടിച്ചേൽപ്പിക്കാനില്ലെന്ന്‌ സർക്കാർ വ്യക്തമാക്കി. തുറന്ന സംവാദത്തിന്‌ വാതിൽ തുറന്നു. പദ്ധതിക്കെതിരെ നിലകൊള്ളുന്നവരെയും വിളിച്ചു. അതോടെ, എതിർപ്പ്‌ ഉന്നയിക്കുന്ന പല ‘വിദഗ്ധ’രുടെയും തനിനിറം പുറത്തുവന്നു. പദ്ധതി കൊണ്ടുവരലല്ല, തടയലാണ്‌ ലക്ഷ്യം. അതുതന്നെയാണ്‌ കേരളം തിരിച്ചറിയേണ്ടതും.

നിരർഥക തർക്കങ്ങൾ
ഗേജ്‌ തർക്കത്തിന്റെ നിരർഥകത വിളിച്ചോതി എതിർക്കുന്നവർ ഒരു കാര്യം അംഗീകരിച്ചു; ഏറ്റവും ആധുനികമായതും കൂടുതൽ രാജ്യങ്ങൾ സ്വീകരിക്കുന്നതും സ്‌റ്റാൻഡേർഡ്‌ ഗേജാണ്‌. അതിവേഗ ട്രെയിനുകൾക്ക്‌ സ്‌റ്റാൻഡേർഡ്‌ ഗേജ്‌ എന്നത്‌ റെയിൽവേ നയമാണ്‌. റോഡിൽനിന്ന്‌ കാറുകളുടെയും ട്രക്കുകളുടെയും എണ്ണം കുറയും, അത്‌ കാർബൺ ബഹിർഗമനം വൻതോതിൽ കുറയ്ക്കും–- അതിലും തർക്കമില്ല. ക്രമേണ സൗരോർജത്തിലേക്ക്‌ മാറുന്നതോടെ കൽക്കരി വൈദ്യുതിയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നത്തിനും പരിഹാരം. സാധാരണക്കാർക്ക്‌ കയറാൻ പറ്റാത്തതുകൊണ്ട്‌ അതിവേഗപാത വേണ്ടെന്നു വയ്ക്കണമെന്ന വാദവും നിലനിൽക്കാത്തത്‌. വിമാനത്താവളങ്ങളും കാറുകളും മറ്റും വേണ്ടെന്നു വയ്ക്കുന്നുണ്ടോ ? സാധാരണക്കാർക്കുള്ള ഒരു സൗകര്യത്തെയും ഈ പദ്ധതി ബാധിക്കുന്നില്ല. അനുബന്ധ വികസനങ്ങളാകട്ടെ പുതിയ തൊഴിലവസരങ്ങളടക്കം പ്രദാനം ചെയ്യുന്നതും.

പ്രളയം വന്നാൽ പാത അണക്കെട്ടായി മാറുമെന്ന്‌ പറയുന്നവർക്ക്‌ റെയിൽവേ മറുപടി നൽകുന്നു; ‘മതിയായ ജലനിർഗമന മാർഗങ്ങളില്ലാതെ റെയിൽവേ ഒരു പദ്ധതിയും അംഗീകരിക്കില്ല. റെയിൽപ്പാതമൂലംമാത്രം എവിടെയും വെള്ളപ്പൊക്കമുണ്ടായിട്ടുമില്ല. ’ മറ്റെല്ലാ ആരോപണങ്ങളുടെയും മുനയൊടിഞ്ഞതുകൊണ്ടാകണം, ഭൂമാഫിയക്കു വേണ്ടിയാണ്‌ പദ്ധതിയെന്ന പുതിയ അസംബന്ധം. ജനങ്ങളെ അധികം ഒഴിപ്പിക്കാതെ നഗരത്തിനോടുചേർന്ന്‌ സ്‌റ്റേഷൻ എന്ന ലക്ഷ്യത്തിനുപിന്നിൽ ആ പ്രദേശത്തിന്റെ വികസനം കൂടിയുണ്ട്‌.
നീണ്ടുനീണ്ട്‌ ...

പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഒരേസമയം ബഹുതലത്തിൽ പദ്ധതി പ്രവർത്തനം നടത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന രീതിയാണ്‌ കെ–-റെയിൽ സ്വീകരിക്കുന്നത്‌. അലൈൻമെന്റിന്‌ ‘ലിഡാർസർവേ ’ ഉപയോഗിച്ചതിലൂടെ വൻ സമയലാഭമുണ്ടായി. ‘സെന്റീമീറ്റർ കൃത്യമായ ’ ലിഡാർ സർവേ റെയിൽവേ അംഗീകരിച്ചിട്ടുണ്ട്‌.

എന്തിനാണ്‌ കല്ലിടുന്നത്‌ ? ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം. നടപ്പാക്കാനുള്ള പദ്ധതിയാണിതെന്ന്‌ മനസ്സിലാക്കിയാൽത്തന്നെ സംശയം തീരും. പദ്ധതിക്ക്‌ സ്ഥലം ഏറ്റെടുത്തേ മതിയാകൂ. അളന്ന്‌ തിരിക്കാം പക്ഷേ, കല്ലിടാൻ പറ്റില്ലെന്ന വാദത്തിലെന്തർഥം. ക്രയവിക്രയം സംബന്ധിച്ച ആശങ്കയ്ക്ക്‌ അടിസ്ഥാനമില്ല. ഇവിടെയും കെ–- റെയിലിന്റെ നിർമാണവേഗതയാണ്‌ കാണേണ്ടത്‌. സർവേ നടത്താനും അളക്കാനും അടയാളപ്പെടുത്താനും പിന്നീട്‌ കല്ലിടാനുമായി നീണ്ടുനീണ്ട്‌ പോകുന്ന പതിവ്‌ ശൈലി സ്വീകാര്യമല്ല. ചെയ്യാവുന്നതെല്ലാം മുൻകൂർ ചെയ്യുകയാണ്‌. കേന്ദ്ര അനുമതി കിട്ടുന്ന നിമിഷംമുതൽ പദ്ധതി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനം തുടങ്ങുകയും നിശ്‌ചയിച്ച കാലപരിധിക്കുള്ളിൽ പൂർത്തിയാക്കലുമാണ്‌ ലക്ഷ്യം.

സാമൂഹ്യാഘാത പഠന റിപ്പോർട്ട്‌ എതിരായാൽ പദ്ധതി ഉപേക്ഷിക്കുമോയെന്ന്‌ ചില വിദഗ്ധർ ചോദിക്കുന്നു. ഇതും പച്ചയായി തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന ആഘാതങ്ങൾ മനസ്സിലാക്കാനും അതിന്റെ അളവ്‌ കുറയ്ക്കാനുമാണ്‌ പഠനമെന്ന്‌ അറിയാത്തവരല്ല ഈ പ്രചാരണം നടത്തുന്നത്‌.

ലിഡാർ സർവേ പോര, തിരുവനന്തപുരംമുതൽ കാസർകോട്‌ വരെ ടേപ്പ്‌ പിടിച്ച്‌ അളന്നുതന്നെ വേണമെന്ന്‌ വാദിക്കുന്നവരും പദ്ധതിയെ എതിർക്കുന്നവരുടെ മുൻനിരയിലുണ്ട്‌. സ്വയം മാറാതിരിക്കുകയും കാലം ആവശ്യപ്പെടുന്ന പുതിയ രീതികളെ പഴഞ്ചൻവാദങ്ങൾകൊണ്ട്‌ ഖണ്ഡിക്കാൻ ശ്രമിച്ച്‌ ഇളിഭ്യരാകുന്നവരും കുറവല്ല. പദ്ധതിയെ നഖശിഖാന്തം എതിർക്കുന്നവർ കേരളത്തിലെ വിദ്യാർഥി–-യുവജന വിഭാഗങ്ങളിൽ ഒരു സർവേ നടത്തിയാൽമാത്രം മതി, ആധുനിക ഗതാഗതസംവിധാനത്തെ അവർ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നറിയാൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top