20 April Saturday

മുഖംകൊടുക്കാതെ ചട്ടങ്ങൾ
 മുഖം നോക്കാതെ കോടതികൾ

ഡോ. രാജൻ ഗുരുക്കൾ Updated: Monday Dec 5, 2022

മുഖംകൊടുക്കാതെയാണ്‌ നടക്കുന്നതെങ്കിൽ മുഖം നല്ലതായതുകൊണ്ട്‌ എന്തുകാര്യം. നിജസ്ഥിതി മുഖംകാണാതെ തീർപ്പാക്കാനല്ലേ കഴിയൂ. ഉയർന്ന ലക്ഷ്യമുള്ള  യുജിസി ചട്ടവും അത്‌ പിടിച്ചുള്ള വിസി നിയമനവും  കേസുകളുടെ അവസ്ഥയും  ചാൻസലറുടെ നിലപാടും അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.  വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ചുള്ള യുജിസി ചട്ടങ്ങൾ ഉണ്ടാകുന്നത്  ഉന്നത ലക്ഷ്യത്തോടെയാണ്. ചട്ടങ്ങളുടെ മുഖവുരയിൽ അത്‌ സ്പഷ്ടമാക്കിയിട്ടുണ്ട്. പക്ഷേ, നടപടികൾ ചമച്ചുവന്നപ്പോൾ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ നിഴൽവീണ്‌ ലക്ഷ്യമുഖം  മങ്ങി. താല്പര്യങ്ങൾ ഭേദഗതികളായി വളർന്ന് ചട്ടങ്ങളുടെ ആദർശാത്മക മുഖം കാണാതായിരിക്കുന്നു.

ചട്ടങ്ങളും താൽപ്പര്യങ്ങളും
അങ്ങേയറ്റം കഴിവും ധാർമികതയും സത്യസന്ധതയും പ്രതിബദ്ധതയുമുള്ള ഒരാളാകണം വൈസ് ചാൻസലറായി നിയമിക്കപ്പെടേണ്ടതെന്ന്  പ്രസ്താവിച്ചുകൊണ്ടാണ് യുജിസി ചട്ടങ്ങളുടെ പുറപ്പാട്.  അതാണ് ചട്ടങ്ങളുടെ ആദർശാത്മക മുഖം. അതുകഴിഞ്ഞ്‌  പിന്നെ മിനിമം യോഗ്യതകൾ പറയുന്നു:  അക്കാദമിക മികവിന്റെ പേരിൽ പ്രശസ്തിയും ആദരവും നേടിയ, ചുരുങ്ങിയത് 10 വർഷമെങ്കിലും  സർവകലാശാലയിൽ പ്രൊഫസർ എന്നനിലയിൽ  അല്ലെങ്കിൽ തത്തുല്യപദവിയിൽ  പ്രശസ്ത ഗവേഷണകേന്ദ്രത്തിൽ അക്കാദമികമോ ഭരണപരമോ ആയ മേഖലയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ആളാകണം. തത്തുല്യം പറയുന്നതോടെ താൽപ്പര്യം വന്നു. ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കാനുള്ള വകുപ്പുകളായി.

ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭരും പ്രശസ്‌തരും നിയമനം നടക്കേണ്ട സർവകലാശാലയുമായി ഒരുബന്ധവും ഇല്ലാത്തവരുമായ മൂന്നുപേരുടെ സമിതിയാണ് മേൽപ്പറഞ്ഞ യോഗ്യതയുള്ളവരെ കണ്ടെത്താൻ നിർദേശിച്ചിട്ടുള്ളത്. അതിൽ ഒരാൾ ചാൻസലറുടെ പ്രതിനിധിയും സമിതി അധ്യക്ഷനുമാകണം. അടുത്തയാൾ യുജിസിയുടെ പ്രതിനിധി. മൂന്നാമത്തെയാൾ സർവകലാശാലയുടെ പ്രതിനിധി.  അടുത്തകാലംവരെ ചീഫ് സെക്രട്ടറിയെയാണ് ചാൻസലറുടെ പ്രതിനിധിയും അധ്യക്ഷനുമായി നിയമിച്ചിരുന്നത്. സർവകലാശാലയുടെ പ്രതിനിധി സെനറ്റ് ശുപാർശ ചെയ്യുന്ന സിൻഡിക്കറ്റ് അംഗം. അക്ഷരാർഥത്തിൽ ഇതിലൊക്കെ പ്രശ്നമുണ്ടെന്നും ഇല്ലെന്നും തർക്കിക്കാം. ഈ സമിതി മൂന്നുമുതൽ അഞ്ചുവരെ യോഗ്യരുടെ പട്ടിക സമർപ്പിക്കണം. പട്ടികയിൽനിന്ന്‌ ചാൻസലർക്ക്  ഒരാളെ നിയമിക്കണമെന്നാണ് ചട്ടം.  പട്ടികയിൽനിന്ന് ചാൻസലർ ഒരാളെ തെരഞ്ഞെടുത്ത്‌ നിയമിക്കണമെന്ന് പറയുന്നതോടെ ലക്ഷ്യം താൽപ്പര്യത്തിന്‌ വഴിമാറി. കാരണം പട്ടിക വെറും പട്ടികയാണ്. റാങ്ക് ലിസ്റ്റല്ല. പട്ടികയിലുള്ളവരെല്ലാം ഒരുപോലെ യോഗ്യരാകില്ലല്ലോ. 

നമ്മുടെ അവസ്ഥ
തുടക്കത്തിലൊക്കെ വൈസ് ചാൻസലർമാരെ ക്ഷണിച്ചുവരുത്തലായിരുന്നു പതിവ്.  വിഖ്യാതരായ പണ്ഡിതരെ കണ്ടെത്തി അവരോട്‌ ചുമതലയേൽക്കാൻ അഭ്യർഥിക്കും. അത്‌ മാറി പ്രഗത്ഭരെ നാമനിർദേശം ചെയ്യുന്ന സമ്പ്രദായം വന്നു. നാമനിർദേശം ചെയ്യാനുള്ള സമിതി ഓരോ സർവകലാശാലയുടെയും ആക്ടനുസരിച്ച്  സൃഷ്ടിച്ചു. അവർക്ക്‌ പക്ഷേ പരമയോഗ്യരെ  അന്വേഷിച്ച്‌ ബുദ്ധിമുട്ടേണ്ടിവന്നില്ല. ശരാശരി യോഗ്യർ എന്നെ എന്നെ  എന്നുപറഞ്ഞ് അങ്ങോട്ടു ചെന്നു.  പിന്നെപ്പിന്നെ  അയോഗ്യരെ നിയമിക്കുന്നരീതിയും വന്നു.  രാജ്യത്ത്‌ പൊതുവിലും അയൽ സംസ്ഥാനങ്ങളിലുമുള്ള സ്ഥിതിയെ അപേക്ഷിച്ച്‌ കേരളം പൊതുവേ ഭേദമാണെന്ന് പറയാം. അഴിമതി തീരെ ഇല്ലെന്നല്ല. യുഡിഎഫ്‌ ഭരണത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്ററെയും മറ്റും നിയമിച്ച സന്ദർഭമുണ്ടായിട്ടുണ്ട്. എങ്കിലും  വിസി നിയമനം കുറെയൊക്കെ  നോക്കിയും കണ്ടും മാത്രമേ നടന്നിട്ടുള്ളൂ. അങ്ങനെയേ നടക്കാവൂ.  വേണ്ടപോലെ നോക്കണമെന്നു മാത്രം.

ഇവിടെ മാറിമാറിവന്ന സർക്കാരുകൾ ചെയ്തത് നമ്മൾ കണ്ടു.  ഒരു സർക്കാർ നോക്കി നിയമനം നടത്തി. മറ്റേ സർക്കാർ കണ്ടും. കണ്ട്‌ നിയമനം നടത്തിയ സർക്കാർ വേണ്ടപോലെ ചെന്നു കണ്ടവരെ നിയമിച്ചു. പട്ടികയിൽനിന്ന്‌ നിയമനമെന്നു വന്നതോടെ ചെന്നുകണ്ടു നിയമനം തരപ്പെടുത്താനുള്ള വകുപ്പായല്ലോ. കക്ഷിരാഷ്ട്രീയഭേദമില്ലാത്ത ആളാണ്‌ ചാൻസലർ എങ്കിൽ സംഗതി എളുപ്പം. അല്ലെങ്കിൽ കക്ഷികൾ ചാൻസലറെ വേണ്ടപോലെ കാണേണ്ടിവരും. ചെന്നുകണ്ട്‌ നിയമനം നേടിയവരെ അയോഗ്യരെന്നുകണ്ട്‌ പിരിച്ചുവിട്ട സംഭവം നമുക്ക്‌ പുത്തരിയല്ല. എന്നാൽ, നോക്കിയ രീതി ശരിയല്ലെന്നു പറഞ്ഞ്‌ യോഗ്യരെ പിരിച്ചുവിടുന്ന സംഭവം കേരളത്തിൽ ആദ്യമാണ്. നോക്കിയ രീതി  യുജിസി പുറപ്പെടുവിച്ച നിബന്ധനകൾ പ്രകാരമല്ല, യോഗ്യരുടെ പട്ടിക കൊടുത്തില്ല എന്നൊക്കെയാണ് കുറ്റം.
ഒന്നു  ചോദിക്കട്ടെ. എന്തിനാ പട്ടിക. അത്‌ യുജിസിയുടെ ആദ്യ പ്രസ്താവത്തിന്‌ എതിരല്ലേ.  എന്നിട്ടും പട്ടിക സമ്പ്രദായത്തിനുള്ള ശ്രേഷ്ഠത നോക്കണേ. യുജിസിയുടെ ആമുഖപ്രസ്താവം  മുറുകെപ്പിടിച്ചു നോക്കുമ്പോൾ ഒരേയൊരു ആളേയുള്ളൂ എന്നുകണ്ട് ഏകകണ്‌ഠം ശുപാർശ ചെയ്താൽ  എന്താ കുഴപ്പം. ഒരാളുടെ തീരുമാനമല്ലെന്നോർക്കണം.  എന്നിട്ടും അതിൽ താല്പര്യപ്രശ്നം പറയും. റാങ്കുചെയ്യാത്ത പട്ടികയിൽനിന്ന് ചാൻസലർ ഒരാളെ നിയമിക്കുമ്പോൾ താല്പര്യപ്രശ്നമില്ല.  ചാൻസലറുടെ അധികാരം കവരുന്നുയെന്ന്‌ കോടതികൾക്കുപോലും തോന്നുന്നു. അധികാരമായാലും അവകാശമായാലും മെറിറ്റിനപ്പുറം പോകാനുള്ളതല്ലേ. ഇതിൽ  അക്ഷരാർഥത്തിലേ കുഴപ്പമുള്ളൂ. ഉദ്ദിഷ്ടാർഥത്തിലാകട്ടെ  ഒരുകുഴപ്പവുമില്ലതാനും. യുജിസി മിനിമം യോഗ്യതയല്ലേ നിശ്ചയിച്ചത്. യോഗ്യത കൂട്ടി നിയമിച്ചാൽ അതും അക്ഷരാർഥത്തിൽ കുഴപ്പമാണെന്നു തർക്കിക്കാം. 

നമ്മുടെ ഇപ്പോഴത്തെ പ്രശ്നം  മുഖംകൊടുക്കാതെ ഒഴിയുന്ന ചട്ടങ്ങളും മുഖംനോക്കാതെയുള്ള കോടതിവിധികളും എല്ലാത്തിനെയും വട്ടംപിടിച്ചു നിൽക്കുന്ന ചാൻസലറുമാണ്. ഇവ ഉയർത്തിവിടുന്ന ആരോപണങ്ങളുടെ ആരവം കേട്ടാൽ കേരളത്തിലെ സർവകലാശാലകളിലൊന്നും യോഗ്യരായ വൈസ് ചാൻസലർമാർ ഇല്ലെന്നുതോന്നും. സത്യത്തിൽ യുജിസി ചട്ടങ്ങളുടെ മുഖവുരയിൽ പറയുന്ന ലക്ഷ്യം നടപ്പാക്കാൻ തന്നെയാണോ ഈ ബഹളം. അല്ലെന്നു തീർച്ച. കാരണം ചട്ടങ്ങളുടെ ഉന്നത ലക്ഷ്യം കളഞ്ഞുകുളിക്കുന്ന, നിക്ഷിപ്ത താല്പര്യങ്ങൾ പതിയിരിക്കുന്ന, മിനിമം നടപടിക്രമം പറഞ്ഞാണ്‌ കോലാഹലം. അല്ലാതെ യുജിസിയുടെ മഹത്തായ ആത്യന്തിക ലക്ഷ്യം  എങ്ങനെ നടപ്പാക്കാം എന്നന്വേഷിച്ചല്ല.

ലക്ഷ്യം പ്രഹസനമാക്കി ഭേദഗതികൾ
2010ലെ ചട്ടം 2013ൽ യുജിസി ഭേദഗതി ചെയ്തു. സമിതിയിൽ ചാൻസലറുടെ പ്രതിനിധിയെത്തന്നെ വേണ്ടെന്നുവച്ചു. എല്ലാം സംസ്ഥാന സർവകലാശാലയുടെ ആക്ട്‌ അനുസരിച്ചു മതിയെന്നും  വ്യവസ്ഥ ചെയ്തു. 2018ൽ ഇതൊക്കെ വീണ്ടും ഭേദഗതി ചെയ്തു.  അത് 2010ലെ ചട്ടം 10 വർഷം പ്രൊഫസർ അല്ലെങ്കിൽ തത്തുല്യം അടിസ്ഥാനയോഗ്യതയായി പറയുന്ന താരതമ്യേന വ്യക്തതയുള്ള ഭാഗം വെറും 10 വർഷത്തെ സർവീസ് എന്ന്‌ തോന്നുംവിധം അവ്യക്തമാക്കി. അതിൽ മർമസ്ഥാനത്ത്‌ ഒരച്ചടിത്തെറ്റും വന്നു. ബാക്കിയെല്ലാം പഴയതുപോലെ എന്നും വരുത്തി. 

മുഖം കാണാനാകാത്ത കോലത്തിലായിരുന്നതിനെ  ഒന്നുകൂടി ഒളിപ്പിച്ചു. 2010ലെ ചട്ടം അതുപോലെ പിന്തുടരണോ അതോ 2013ലെ ഭേദഗതി അനുസരിക്കണോ അല്ല 2018ലെ ഭേദഗതി മാത്രം മതിയോ എന്നൊക്കെ പല സംസ്ഥാനങ്ങൾക്കും സംശയം തോന്നി. ഒന്നിനും യുജിസി സംശയനിവൃത്തി വരുത്തിയതായി കണ്ടിട്ടില്ല. ഓരോ സംസ്ഥാനവും യുക്തമെന്നു തോന്നിയത് പിന്തുടർന്നു. പലപ്പോഴും എല്ലാ ചട്ടവും കാറ്റിൽ പറത്തിയുള്ള നിയമങ്ങൾപോലും നടന്നു.

തിരിച്ചും മറിച്ചും വിധികൾ
രാജ്യത്തെ പല സർവകലാശാലകളിലും ഇങ്ങനെയൊക്കെയാണ് വിസി നിയമനം ഇപ്പോഴും നടന്നുപോരുന്നത്.  പലേടങ്ങളിലും  കോടികളുടെ അഴിമതിയാണെന്ന കുപ്രസിദ്ധിയുമുണ്ട്. ചില  സർവകലാശാലകളിൽ  മുൻ  മിലിട്ടറി ജനറൽമാരെയും ഐഎഎസ്‌, ഐപിഎസ് ഉദ്യോഗസ്ഥരെയും ഒക്കെ നിയമിച്ചു. രാജ്യമാകെ പല സർവകലാശാലകളിലെയും വിസി നിയമനം  കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടു. വക്കീലന്മാർ തലയും തറുതലയും പറഞ്ഞു.  കോടതികൾ തിരിച്ചുംമറിച്ചും വിധിച്ചു. എന്നിട്ടും അമ്മട്ടിൽ നിയമനം തുടരുന്നു.  കേസുകളും. 

തർക്കത്തിനു കൂടുതൽ വഴിതുറക്കുന്ന ചട്ട ഭേദഗതികളും കോടതി വിധികളും ഒരുപോലെ കേസുകൾ പെരുകുന്നതിന് ആക്കം കൂട്ടുകയാണ്. യുജിസി 2010ലെ ചട്ടങ്ങൾ പാർലമെന്റിന്റെ ഇരുസഭയും പാസാക്കിയത്‌ ആയതിനാൽ  എല്ലാ സംസ്ഥാനങ്ങളും അനുസരിക്കണമെന്നും അല്ലാത്തപക്ഷം ഭരണഘടനയുടെ ആർട്ടിക്കിൾസ് 14ന്റെയും 16ന്റെയും ലംഘനമാണെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. പക്ഷേ,  2013ലെ ഭേദഗതി സംസ്ഥാന ആക്ട്‌ അനുസരിക്കാമെന്നു പറഞ്ഞതിനാൽ മറിച്ചും വിധിയുണ്ടായി. അല്ല 2018ലെ ഭേദഗതിയാണ് ബാധകമെന്നു പിന്നാലെ വേറെ വിധിവന്നു. ഇന്ന് ഏറെ കേസും ഉണ്ടായിരിക്കുന്നത് 2018ലെ  ഭേദഗതികളുടെയും അവയുണ്ടാക്കുന്ന അസ്പഷ്ടതയുടെയും പേരിലാണ്. പ്രധാന തർക്കവിഷയം വേറൊന്നായിരുന്നെങ്കിലും  സുപ്രീംകോടതി അടുത്തിടെ കടുപ്പിച്ചൊരു  വിധി പ്രസ്താവിച്ചു.  ഉടനെ ചാൻസലർക്ക്‌ വെളിപാടുണ്ടായി. നടപടികളുടെ പടവാളിളക്കി.  ജഡ്ജിമാരും രംഗത്തുവന്നു.  പക്ഷേ, ശങ്കയ്ക്കിടയില്ലാത്തവിധം  ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല.  വീണ്ടും തർക്കങ്ങൾക്കും പുനഃപരിശോധനകൾക്കും വഴിതുറന്നിരിക്കുകയാണ്. 

വലതുകൈയിൽ വാൾ താഴ്ത്തിപ്പിടിച്ചും  ഇടതുകൈയിൽ നീതിയുടെ തുലാസ്‌ ഉയർത്തിക്കാട്ടിയും കണ്ണ് മൂടിക്കെട്ടി നിൽക്കുന്ന ദേവതയെ അന്വർഥമാക്കുന്ന അഥവാ കണ്ണടച്ച്‌ മുഖം നോക്കാതെയുള്ള വിധി നിർണയങ്ങളാണ് നീതിപൂർവകം. കണ്ണടച്ച ദേവത എങ്ങനെ തുലാസിന്റെ സന്തുലനം നിരീക്ഷിക്കുമെന്ന്‌ തോന്നാം.  ഇരുഭാഗവും  അക്ഷരാർഥം പറഞ്ഞു തലനാരിഴകീറി  ഉയർത്തുന്ന യാന്ത്രികമായ വാദങ്ങളുടെ തൂക്കം നിരീക്ഷിച്ചല്ല, നിയമത്തിന്റെ ഉദ്ദേശ്യം മുറുകെ പിടിച്ചുള്ള ഗാഢമായ ശ്രദ്ധയിലൂടെയാണ് നീതി ഉറപ്പുവരുത്തുന്ന വിധിനിർണയങ്ങൾ ഉണ്ടാകുന്നത്.  മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറുന്ന ഉദ്ദേശ്യം വ്യാഖ്യാനിച്ച്‌ ശങ്കയ്ക്കിട കൊടുക്കാത്ത വിധി അങ്ങനെയേ വരൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top