24 April Wednesday

ഇനി തദ്ദേശഭരണത്തിന്‌ ഒറ്റവകുപ്പ്‌

എം വിജയകുമാരൻUpdated: Monday Dec 5, 2022

അധികാരവികേന്ദ്രീകരണം പൂർണ അർഥത്തിൽ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. കേരളത്തിലെ അധികാരവികേന്ദ്രീകരണ ചരിത്രം ആരംഭിക്കുന്നത് ഇ എം എസിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്താണ്. 1987ൽ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ്‌ അതിന്  മൂർത്തരൂപം കൈവന്നത്‌. ജില്ലാ കൗൺസിലുകൾ പിരിച്ചുവിട്ടതോടെ അധികാരവികേന്ദ്രീകരണ ശ്രമങ്ങൾക്ക് വൻതിരിച്ചടി നേരിട്ടെങ്കിലും 73, 74 ഭരണഘടനാ ഭേദഗതി തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന് കാരണമായി. 1992ലെ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 1994ൽ കേരള പഞ്ചായത്തിരാജ് ബില്ലും മുനിസിപ്പൽ ബില്ലും നിയമസഭ പാസാക്കി. എന്നാൽ, വ്യവസ്ഥകൾ തദ്ദേശഭരണ സ്ഥാപനങ്ങളെ മൂന്നാമത്തെ അധികാരകേന്ദ്രങ്ങളാക്കാൻ പര്യാപ്തമായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് 1998ൽ ഇ കെ നായനാർ മന്ത്രിസഭ പഞ്ചായത്തിരാജ് മുനിസിപ്പൽ നിയമങ്ങളിൽ കാതലായ മാറ്റംവരുത്തി. ഈ നിയമഭേദഗതികളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അധികാരങ്ങളുള്ള സ്ഥാപനങ്ങളായി കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ മാറ്റിയത്.

കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെമേൽ രാഷ്ട്രീയ അധികാരംമാത്രമാണ് ഭരണഘടനാ ഭേദഗതിയിലൂടെ ലഭിച്ചത്. എന്നാൽ, എൽഡിഎഫ്‌ സർക്കാർ ഭരണ,ആസൂത്രണ, നിർവഹണ, സാമ്പത്തിക അധികാരം നൽകി. മാത്രമല്ല, വാർഷിക പദ്ധതിയുടെ 30 ശതമാനംവരുന്ന തുക ബജറ്റിലൂടെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ കൈമാറുകയും ചെയ്തു. മഹത്തായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപംനൽകുകയും ഒമ്പതാം പഞ്ചവത്സരപദ്ധതി ജനകീയ പദ്ധതിയായി നടപ്പാക്കുകയും ചെയ്തു.  ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ ഉണരുകയും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുകയും ചെയ്തു. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ആരംഭിച്ചിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. തദ്ദേശഭരണസ്ഥാപനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വകുപ്പുകളെ ഏകോപിപ്പിക്കാൻ എൽഡിഎഫ്‌ തീരുമാനിക്കുകയും ഇക്കാര്യം പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.

തദ്ദേശസ്ഥാപനങ്ങൾക്ക് പിന്തുണാ സംവിധാനത്തിനായി പഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടറേറ്റും ബ്ലോക്കുകൾക്ക് ഗ്രാമവികസന കമീഷണറേറ്റും നഗരസഭകൾക്ക് നഗരകാര്യ ഡയറക്ടറേറ്റും സാങ്കേതികസേവനം നൽകുന്നതിന് എൻജിനിയറിങ് വിഭാഗവും നഗരഗ്രാമാസൂത്രണത്തിന്‌ ചീഫ് ടൗൺ പ്ലാനറുടെ വകുപ്പും പ്രവർത്തിക്കുന്നു.  ഇവ പരസ്പരം ബന്ധപ്പെടാതെ തുരുത്തുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട്  ഏകോപനം നടക്കുന്നില്ല. പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്കിടയിലും നഗരസഭകളും ത്രിതല പഞ്ചായത്തുകൾ തമ്മിലും യോജിച്ച പ്രവർത്തനം ഉണ്ടാകണം. വിവിധ തട്ടുകളെ ഏകോപിപ്പിക്കുകയും ജില്ലയുടെ മൊത്തം വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും വേണം. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഒരു വകുപ്പ് മതിയാകുമെന്ന തീരുമാനത്തിലെത്തിയത്.

എൽഡിഎഫ്‌  പ്രകടനപത്രികയിൽ പറഞ്ഞിരുന്നത് ‘എല്ലാ വകുപ്പുകളെയും ചേർത്ത് മന്ത്രിയും സെക്രട്ടറിയും ഒരു പൊതു കേഡറുമുള്ള വകുപ്പാക്കി മാറ്റും’എന്നാണ്.  ഈ വാഗ്ദാനം നിറവേറ്റുന്നതിന് ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ചുമതല ലോക്കൽ ഗവൺമെന്റ്‌ കമീഷനെയാണ് ഏൽപ്പിച്ചത്. ഒന്നാം ഭരണപരിഷ്കാര കമീഷൻ മുതലുള്ള എല്ലാ റിപ്പോർട്ടും പരിശോധിച്ച് ബന്ധപ്പെട്ട എല്ലാ സംഘടനയുമായും ചർച്ച ചെയ്തുമാണ് വിശേഷാൽ ചട്ടങ്ങളുടെ കരട് തയ്യാറാക്കിയത്.  ഈ വകുപ്പിന്റെ പ്രവർത്തനം മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാണ്. മറ്റു വകുപ്പുകളിൽ ഉള്ളതുപോലെ ഭരണനിർവഹണത്തിന് ഇവിടെ സാധ്യതയില്ല.  വകുപ്പുകളുടെ ഏകീകരണം എന്നാൽ തസ്‌തികകളുടെ ഏകീകരണമല്ല. പ്രധാന ലക്ഷ്യം ചുമതലാപരമായ ഏകോപനമാണ്. ഭരണഘടനാപരമായും നിയമപരവുമായി പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ കാതൽ  തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളും അധ്യക്ഷരുമാണ്. അവർക്ക്‌ ആവശ്യമായ പിന്തുണ സംവിധാനം നൽകാൻ മാത്രമേ വകുപ്പിന് കഴിയുകയുള്ളൂ.

തദ്ദേശഭരണ പൊതുസർവീസ് രൂപീകരണത്തോടെ സംസ്ഥാനതലത്തിൽ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയും നിലവിൽവരും. ഏകദേശം 32,000 സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം കണ്ടിൻജൻസി ജീവനക്കാരും ചേരുമ്പോൾ മേജർ വകുപ്പുകളിൽ ഒന്നായിമാറും. ഏകീകൃത വകുപ്പുമേധാവി പ്രിൻസിപ്പൽ ഡയറക്ടർ ആയിരിക്കും. റൂറൽ, അർബൻ, പ്ലാനിങ്, എൻജിനിയറിങ് എന്നീ നാല് വിഭാഗം ഉണ്ടാകും.

ഏകോപനത്തിലൂടെ ഉണ്ടാകുന്ന പ്രധാന നേട്ടം ജില്ലാതലത്തിൽ ശക്തമായ ഭരണസംവിധാനം നിലവിൽ വരുന്നു എന്നതാണ്. പഞ്ചായത്തിനും ഗ്രാമവികസനത്തിനും നഗര–-ഗ്രാമാസൂത്രണത്തിനും മാത്രമാണ് ഇപ്പോൾ ജില്ലാ ഓഫീസുകളുള്ളത്. മറ്റു രണ്ടു വകുപ്പുകൾക്കും മേഖലാ ഓഫീസുകളാണ്‌.  എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള ജില്ലാ ജോയിന്റ്‌ ഡയറക്ടറുടെ കാര്യാലയം ഇനി നിലവിൽവരും.

ഏകോപനത്തോടെ ജില്ലാ ആസൂത്രണസമിതിയുടെ പ്രവർത്തനം കാര്യക്ഷമമാകും. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും ജില്ലാ ഓഫീസിന്റെ സഹായം ഉണ്ടാകും. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും തമ്മിലുള്ള പരസ്പരപൂരകത്വം ഉറപ്പാക്കാൻ എളുപ്പമാകും. എൻജിനിയറിങ്, നഗരഗ്രാമാസൂത്രണം, പൊതുജനാരോഗ്യം തുടങ്ങിയ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സേവനം തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഇനിമുതൽ മെച്ചപ്പെട്ട രീതിയിൽ ലഭിക്കും. അടിയന്തരഘട്ടങ്ങളിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും പിടിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലാ കാര്യാലയത്തിന് കഴിയും. ദുരന്ത സാഹചര്യങ്ങളിൽ ജില്ലയിൽ ഒട്ടാകെ തദ്ദേശസ്ഥാപനങ്ങളെ പ്രവർത്തനസജ്ജമാക്കാൻ കഴിയും.

വകുപ്പിലെ ജീവനക്കാരുടെ പ്രത്യേകത അവർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സർക്കാരുകളിൽ പ്രവർത്തിക്കുന്നു എന്നതാണ്. പ്രാദേശിക വികസനത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ ജീവനക്കാർക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.  നിലവിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ ഏകോപനം ഒരുതരത്തിലും ബാധിക്കുന്നതല്ല. ഏകോപനം അധികാരകേന്ദ്രീകരണമാണെന്ന ചിലരുടെ സംശയത്തിന് ഒരടിസ്ഥാനവുമില്ല. ജീവനക്കാരുടെ താൽപ്പര്യങ്ങളെ ഹനിക്കുന്നതല്ല. മറിച്ച് കൂടുതൽ പ്രൊമോഷൻ സാധ്യതകളും മെച്ചപ്പെട്ട പ്രവർത്തനസാഹചര്യവും ലഭിക്കും. തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസിലും പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും. ജനസേവനത്തിനുള്ള ഒരു വിശാലവേദിയാണ് തുറക്കുന്നത്.
അഞ്ച് വകുപ്പുകൾ ഏകീകരിക്കുന്നത് മുമ്പ്‌ ഉണ്ടായിട്ടില്ലാത്തതാണ്. മറ്റൊരു സംസ്ഥാനവും ഇത്ര ധീരമായ ഒരു ഭരണപരിഷ്കാരത്തിന് തയ്യാറായിട്ടില്ല. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിച്ചത്‌ അടുത്തിടെ നടന്ന വലിയ പരിഷ്കാരമാണ്. എൽഡിഎഫ്‌ സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടു മാത്രമാണ് അഞ്ച് വകുപ്പുകൾ ഏകീകരിക്കാൻ കഴിഞ്ഞത്. അതിലൂടെ അധികാരവികേന്ദ്രീകരണ വിപ്ലവ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കുകയാണ്.

(ലോക്കൽ ഗവൺമെന്റ്‌ കമീഷനിലെ 
കൺസൾട്ടന്റായിരുന്നു ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top