26 April Friday

അധ്യാപകർ മാറ്റത്തിന്റെ 
ചാലകശക്തി - പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
 എഴുതുന്നു

ഇന്ന്‌ 
അധ്യാപക
ദിനംUpdated: Monday Sep 5, 2022

ഇന്ത്യ കണ്ട പ്രതിഭാധനനായ അധ്യാപകശ്രേഷ്‌ഠനാണ് മുൻ രാഷ്‌ട്രപതികൂടിയായ ഡോ. എസ് രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്. ദരിദ്രകുടുംബത്തിലാണ് ഡോ. എസ് രാധാകൃഷ്ണന്റെ ജനനം. പഠനത്തിൽ മികവു കാട്ടിയ അദ്ദേഹം പഠനത്തിനുശേഷം മദ്രാസ് പ്രസിഡൻസി കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി കോളേജ്, കൽക്കത്ത യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി. തുടർന്ന് ആന്ധ്ര യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലറായി.

രാഷ്‌ട്രപതിയായപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ആലോചിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. തന്റെ ജന്മദിനം എന്നതിലുപരി ഇന്ത്യയിലെ മുഴുവൻ അധ്യാപകരുടെയും ദിനമാക്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. അങ്ങനെ 1962 മുതൽ സെപ്തംബർ അഞ്ച്‌ അധ്യാപകദിനമായി തീരുമാനിക്കപ്പെട്ടു.

രാജ്യത്തെ ശരാശരി അന്തരീക്ഷത്തേക്കാൾ തീർത്തും വിഭിന്നമാണ് കേരളത്തിന്റെ അന്തരീക്ഷം. കേരളത്തിൽ സ്കൂൾ പ്രായത്തിലെത്തിയ ഏതാണ്ടെല്ലാ കുട്ടികളും സ്കൂളിൽ എത്തിച്ചേർന്ന് 12–-ാം ക്ലാസ്‌ വരെ പഠനം തുടരുന്നു. രാജ്യത്ത് കൊഴിഞ്ഞുപോക്ക് നിരക്ക്  ഏറ്റവും കുറവ് കേരളത്തിലാണ്. കുട്ടികളുടെ പഠനം നമ്മുടെ രക്ഷിതാക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. സ്കൂൾ എന്നത് വിദ്യാർഥികളും അധ്യാപകരും  പൊതുസമൂഹവും ചേർന്ന ഒരു ആവാസവ്യവസ്ഥ കണക്കെയാണ് നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ സർവേകളിൽ  പ്രഥമശ്രേണിയിൽത്തന്നെയാണ് കേരളം. ഈ നേട്ടങ്ങളുടെ ചാലകശക്തി തീർച്ചയായും അധ്യാപകരാണ്.

അവകാശ പോരാട്ടങ്ങൾക്ക് പേരുകേട്ട നാടാണ് കേരളം. ആദ്യകാലത്ത് അധ്യാപകർക്ക് ഇന്നത്തെപ്പോലെ ശമ്പളമോ തൊഴിൽസുരക്ഷയോ ഇല്ലായിരുന്നു. എന്നിട്ടും നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം എന്നും അധ്യാപകർ ഉണ്ടായിരുന്നു. ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി  അവതരിപ്പിച്ച്‌ നിയമമാക്കിയ വിദ്യാഭ്യാസ ബില്ലാണ് അധ്യാപകരുടെ അന്തസ്സ് ഉയർത്തിയത്. അവിടെനിന്ന് ഇങ്ങോട്ടുള്ള എല്ലാ ഇടതുപക്ഷ സർക്കാരുകളും അധ്യാപകരുടെ അഭിമാനം സംരക്ഷിക്കുന്നതിന് പ്രാഥമിക പരിഗണന നൽകി.

2011 മുതൽ 2016 വരെയുള്ള കാലയളവിൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്ന നിലപോലും വന്നു. ഈ അന്തരീക്ഷത്തിലാണ് 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. നവകേരള നിർമിതിക്കായുള്ള കർമപദ്ധതിയിൽ ഏറ്റവും സുപ്രധാനമായ ഒന്നായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കൊണ്ടുവന്നു. പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെടേണ്ടവയല്ലെന്നും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും  പ്രതീകങ്ങളായി തുടരണമെന്നും  എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചു.

വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്ന് സർക്കാർ തിരിച്ചറിഞ്ഞു. കിഫ്‌ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികളും ലാബും ലൈബ്രറിയും ഉണ്ടായി. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായതന്നെ മാറി. ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി കണക്കാക്കപ്പെട്ടു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായതോടെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് ഒഴുകിയെത്തിയത് പത്തര ലക്ഷം പുതിയ കുട്ടികളാണ്.

ഈ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിലാണ് കോവിഡ് മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ചത്. ലോകം അമ്പരന്ന് നിന്നപ്പോൾ കേരളം വിദ്യാഭ്യാസമേഖലയിലും പുതിയ വഴി വെട്ടിത്തെളിച്ചു. ഡിജിറ്റൽ -ഓൺലൈൻ പഠന സാധ്യതകൾ കേരളം ഉപയോഗിച്ചത് രാജ്യത്തിനുതന്നെ മാതൃകയായി. സ്കൂൾ തുറക്കാനുള്ള സാഹചര്യം വന്നപ്പോൾ സ്കൂൾ തുറക്കാനും എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കാനും കേരളത്തിന് കഴിഞ്ഞു. കോവിഡ് കാലത്ത് ഏതെങ്കിലും തരത്തിലുള്ള പഠനവിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അതുകൂടി പരിഹരിക്കാനുള്ള  നടപടികളുമായി മുന്നോട്ടു പോകുകയാണ് നമ്മൾ. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ഹയർ സെക്കൻഡറിഘട്ടംവരെ 1.80 ലക്ഷത്തിലധികം അധ്യാപകരുണ്ട്. അതിൽ 70 ശതമാനത്തിലേറെയും അധ്യാപികമാരാണ്. ദേശീയതലത്തിൽ ഇത് 50 ശതമാനത്തിനടുത്താണ്. സാമ്പത്തികപ്രയാസം ഉണ്ടെങ്കിൽപ്പോലും കോവിഡ് പശ്ചാത്തലത്തിലും ഒഴിവുള്ള തസ്തികകളിൽ അധ്യാപകനിയമനം നടത്താനും നമുക്കായി.

കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ മികച്ച സഹകരണമാണ് അധ്യാപകരിൽനിന്നുണ്ടായത്. നമ്മുടെ പാഠ്യപദ്ധതി പരിഷ്കരിക്കപ്പെടുകയാണ്. ഇതിനായുള്ള സമിതികൾ പ്രവർത്തനം തുടരുകയാണ്. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ പാഠപുസ്തകങ്ങളിൽ പ്രതിഫലിക്കപ്പെടും. ജനാധിപത്യ, മതേതര, ഭരണഘടനാ മൂല്യങ്ങൾ പാഠപുസ്തകങ്ങളുടെ ഭാഗമാകും. ശുചിത്വം, മാലിന്യനിർമാർജനം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും പാഠഭാഗങ്ങളിൽ ഉണ്ടാകും. സാമൂഹ്യ തിന്മകളായ സ്ത്രീധനം, ലഹരിപദാർഥങ്ങളുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച ബോധവൽക്കരണവും ഉൾപ്പെടുത്തും.

സജീവമായ അക്കാദമിക വർഷമാണ് കടന്നുപോകുന്നത്. അക്കാദമിക വർഷത്തിൽ ഉൾച്ചേരേണ്ടുന്ന എല്ലാ പ്രവർത്തനവും ഈ വർഷത്തിൽ ഉണ്ടാകും. കലാ -കായിക -ശാസ്ത്ര മേളകൾക്കുള്ള സമയക്രമം പ്രഖ്യാപിച്ചു കഴിഞ്ഞു. വിദ്യാഭ്യാസമേഖലയിൽ നാം മുന്നിൽത്തന്നെയാണ് എന്നതിൽ തർക്കമില്ല. എന്നാൽ, ആധുനികകാലത്തിന് അനുസൃതമായി പഠനവും അധ്യയനവും മാറേണ്ടതുണ്ട്. ആ മാറ്റത്തിന്റെ പാതയിലാണ് നമ്മൾ. അതിന് വഴികാട്ടേണ്ടവരാണ് അധ്യാപകർ. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്ന പ്രതിജ്ഞയോടെയാകട്ടെ ഇത്തവണത്തെ അധ്യാപകദിനം ആചരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top