20 April Saturday

രാജ്യത്തെ ഇരുട്ടിലാക്കി കേന്ദ്രം

ടി ചന്ദ്രമോഹൻUpdated: Thursday May 5, 2022

ഏഴ്‌ മാസത്തിനിടയിലെ രണ്ടാമത്തെ വലിയ പ്രതിസന്ധിയാണ്‌ ഇപ്പോൾ രാജ്യത്തെ വൈദ്യുതി മേഖലയിൽ ഉണ്ടായിരിക്കുന്നത്‌. 135 താപവൈദ്യുതി നിലയത്തിൽ പകുതിയിലേറെയും അടച്ചുപൂട്ടൽ ഭീഷണിയിൽ. മെയ്‌ മൂന്നിന്റെ കണക്കുപ്രകാരം ആഭ്യന്തര കൽക്കരിയെ അടിസ്ഥാനമാക്കിയുള്ള നിലയങ്ങളിൽ ആറു ദിവസത്തെ ഉൽപ്പാദനത്തിനുള്ള കൽക്കരിശേഖരമേ ഉള്ളൂ.  ഇറക്കുമതി ആശ്രയിച്ചുള്ള നിലയങ്ങളിൽ  4 ദിവസത്തേക്കുള്ള ശേഖരവും.  100 താപനിലയത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ സൂക്ഷിക്കേണ്ട കൽക്കരിയുടെ 25 ശതമാനംപോലുമില്ല. പ്രതിസന്ധി രൂക്ഷമായതോടെ കൽക്കരി കടത്തിന്‌ സൗകര്യമൊരുക്കാൻ റെയിൽവേ മേയ്‌ 24 വരെ  21 എക്‌സ്‌പ്രസ്‌, മെയിൽ–-പാസഞ്ചർ ട്രെയിനുകളുടെ 753 ട്രിപ് റദ്ദാക്കി. ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ കൽക്കരിക്ഷാമം സൃഷ്ടിച്ച്‌ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്‌ മോദി സർക്കാരാണ്‌. കഴിഞ്ഞ ഒക്‌ടോബറിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വേനൽ ശക്തമാകുന്നതോടെ വൈദ്യുതിക്ഷാമം രൂക്ഷമാകുമെന്ന്‌ അന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പുനൽകി. ഇത്‌ മുൻകൂട്ടിക്കണ്ട്‌ മുൻകരുതൽ സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. മൂന്നു വർഷത്തിനിടയിൽ കൽക്കരിക്ഷാമത്താൽ വൈദ്യുതി നിലയങ്ങൾ അടച്ചിടുന്നത്‌ പതിവാണ്‌.  പ്രതിസന്ധിയിൽനിന്ന് എളുപ്പം പുറത്തുകടക്കാൻ കഴിയില്ലെന്നും പ്രശ്നം മാസങ്ങളോളം നീളുമെന്നുമാണ്‌ വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 60 ശതമാനവും താപനിലയങ്ങളിലാണ്. കൽക്കരിയില്ലാതെ  പ്രവർത്തനം നിലച്ചാൽ, ഇന്ത്യ ഇരുട്ടിലാകുമെന്നു മാത്രമല്ല, വ്യാവസായിക, കാർഷിക മേഖലയടക്കം സമ്പദ്‌വ്യവസ്ഥയുടെ എല്ലാതലത്തിലും വൻപ്രത്യാഘാതമുണ്ടാകും.

വൈദ്യുതി ആവശ്യത്തിന്റെ വർധന കണക്കാക്കുന്നതിൽ ഊർജമന്ത്രാലയം കാട്ടിയ അലംഭാവമാണ്‌ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. താപനിലയങ്ങളിൽനിന്ന്‌ പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ കൽക്കരി മുടക്കമില്ലാതെ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിൽ കൽക്കരി മന്ത്രാലയവും വീഴ്‌ച വരുത്തി. ഉൽപ്പാദനശേഷിക്ക്‌ അനുസരിച്ച്‌ കൽക്കരി സംഭരിച്ചുവയ്‌ക്കുന്നതിലെ വീഴ്‌ചയാണ്‌ രാജ്യത്തെ ഇരുട്ടിലാക്കുന്നത്‌. കോവിഡ്കാലം കഴിഞ്ഞ്‌ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക്‌ കടന്നതോടെ  ഉപയോഗത്തിൽ വൻവർധന ഉണ്ടാകുമെന്ന്‌ മുൻകൂട്ടി കണ്ടില്ല. രാജ്യത്തെ കൊടുംചൂടും വൈദ്യുതി ഉപയോഗം കൂട്ടി. ഇപ്പോൾ തന്നെ ഉഷ്‌ണതരംഗം വ്യാപിക്കുന്നതിനാൽ ആവശ്യകത വരുംദിവസങ്ങളിൽ വർധിക്കും. 2019ലെ ഉപയോഗവുമായി താരതമ്യംചെയ്താൽ  2021 ഒക്ടോബറിനുശേഷം വൈദ്യുതി ആവശ്യം 15 മുതൽ 25  ശതമാനത്തോളം വർധിച്ചിട്ടുണ്ട്. അതിനനുസരിച്ച് ഉൽപ്പാദനം കൂട്ടാനായില്ല. ഇന്ധനവില വർധനയിലെന്നപോലെ കേന്ദ്ര സർക്കാരിന്റെ വീഴ്‌ച മറച്ചുവയ്‌ക്കാൻ വൈദ്യുതി പ്രതിന്ധിയുടെ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകളാണെന്നു വരുത്താനാണ്‌  ശ്രമിക്കുന്നത്‌. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്‌, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ കോൾ ഇന്ത്യക്ക്‌ കുടിശ്ശിക വരുത്തിയതാണ്‌ ക്ഷാമത്തിനു കാരണമെന്നാണ്‌ ഊർജ മന്ത്രി ആർ കെ സിങ്‌ കഴിഞ്ഞദിവസം പറഞ്ഞത്‌. താപവൈദ്യുതി നിലയങ്ങളുള്ള സംസ്ഥാനങ്ങൾ ഇറക്കുമതിയിലൂടെ ആവശ്യമായ കൽക്കരി ഉറപ്പുവരുത്തണമെന്നും  നിർദേശിച്ചു.

കൽക്കരിക്ക്‌ ക്ഷാമം വരേണ്ട നാടല്ല ഇന്ത്യ. ലോകത്തെ തന്നെ പ്രധാന കൽക്കരിഖനികൾ ഇന്ത്യയിലേതാണ്. എന്നിട്ടും എന്തുകൊണ്ട് താപനിലയങ്ങളിൽ ക്ഷാമം നേരിടുന്നുവെന്നത്‌ ഗുരുതരമായ പ്രശ്‌നമാണ്‌. കൽക്കരിഖനന മേഖലയെയും താപവൈദ്യുതി നിലയങ്ങളെയും  സ്വകാര്യവൽക്കരിച്ചതിന്റെ ദുരന്തഫലംകൂടിയാണ്‌ ഈ പ്രതിസന്ധി. താപനിലയങ്ങളിൽ പൂർണതോതിലുള്ള ഉൽപ്പാദനത്തിന്‌ ആവശ്യമായ കൽക്കരി എത്രയെന്ന്‌ മുൻകൂട്ടി അറിയാവുന്ന സർക്കാർ അതിനനുസരിച്ചുള്ള കൽക്കരി ഖനനം നടക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിൽ വീഴ്‌ച വരുത്തി. കൽക്കരി ബ്ലോക്കുകൾ ലേലത്തിലൂടെ സ്വന്തമാക്കിയ സ്വകാര്യ കമ്പനികൾ യഥാസമയം ഉൽപ്പാദനം ആരംഭിക്കുന്നില്ല. ഇത്തരം ബ്ലോക്കുകൾ തിരിച്ചുപിടിച്ച്‌ പൊതുമേഖലയിൽ ഖനനം ആരംഭിക്കാൻ സർക്കാർ തയ്യാറായതുമില്ല. ആധുനികവൽക്കരിച്ച്‌ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുപകരം സ്വകാര്യമേഖലയിൽ  ഇറക്കുമതി സർക്കാർ പ്രോത്സാഹിപ്പിച്ചു.

സ്വകാര്യ ഖനികളിൽനിന്നും ഇറക്കുമതി വഴിയുമുള്ള കൽക്കരിക്ക്‌ കൂടുതൽ വില ഈടാക്കുന്നത്‌ സംഭരണം കുറയ്‌ക്കാൻ താപനിലയങ്ങളെ പ്രേരിപ്പിച്ചു. സ്വകാര്യ താപനിലയങ്ങളെ സഹായിക്കാൻ 2015ൽ സർക്കാർ കൊണ്ടുവന്ന ജസ്റ്റ് ഇൻ ടൈം (ജെഐടി) ഇൻവെന്ററി മാനേജ്മെന്റ് സംവിധാനമാണ്‌ പ്രതിസന്ധിക്ക്‌ പ്രധാന കാരണം. ഏഴു വർഷംമുമ്പ്‌ എല്ലാ താപനിലയത്തിലും മൂന്നു ലക്ഷംമുതൽ അഞ്ചു ലക്ഷം ടൺവരെ കൽക്കരി ശേഖരമുണ്ടായിരുന്നു. ഒന്നുമുതൽ മൂന്നുമാസംവരെ  വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഇത്‌ തികയുമായിരുന്നു. കൽക്കരി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കോൾ ഇന്ത്യാ ലിമിറ്റഡ് ഖനനം ചെയ്യുന്ന കൽക്കരിയാണ്‌ മുഖ്യമായും ശേഖരിച്ചിരുന്നത്‌. കൺസൽട്ടന്റുമാരെ നിയമിച്ചതോടെ സ്ഥിതിയിൽ മാറ്റംവന്നു.

കൂടുതൽ കൽക്കരി ശേഖരിച്ചുവയ്ക്കുന്നത് ചെലവ് വർധിപ്പിക്കുമെന്നും പകരം വൈദ്യുതി  ഉൽപ്പാദനത്തിനുവേണ്ടത്‌ അപ്പപ്പോൾ എത്തിച്ച്‌ (ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി) ചെലവുകുറയ്ക്കാമെന്നും നിർദേശിച്ചു. കൂടുതൽ ഉൽപ്പാദിപ്പിച്ച് സൂക്ഷിക്കുന്നതിനുപകരം മൂന്നോ നാലോ ദിവസത്തേക്കു മാത്രം സ്റ്റോക്ക് എടുക്കുന്നതു തുടങ്ങിയതോടെ കോൾ ഇന്ത്യ ഉൽപ്പാദനം കുറച്ചു. ഒരു വർഷം എത്ര കൽക്കരി എടുക്കുമെന്ന്‌ താപനിലയങ്ങൾ മുൻകൂട്ടി ഉറപ്പുനൽകാത്തതിനാൽ  കൂടുതൽ ഖനനംചെയ്‌ത്‌ സൂക്ഷിക്കുന്നത് അപ്രായോഗികമായി. കോൾ ഇന്ത്യയും ആവശ്യം അനുസരിച്ചുമാത്രം ഖനനമെന്ന രീതിയിലേക്കു മാറി. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച്‌ വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുമ്പോൾ കൽക്കരി കിട്ടാത്ത സ്ഥിതിയുണ്ടായി. ഇതോടെ ഇടയ്‌ക്കിടെ പല നിലയവും അടച്ചിടാൻ തുടങ്ങി. ക്ഷാമം സൃഷ്ടിച്ച്‌ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർത്താൻ കോർപറേറ്റുകൾ ശ്രമിച്ചു. കൽക്കരി ക്ഷാമത്തെത്തുടർന്ന്‌ വൈദ്യുതി ഉൽപ്പാദനം കുറയുമ്പോൾ നേട്ടം ഈ മേഖലയിലെ വൻകിടക്കാർക്കു തന്നെയാണ്‌. വൈദ്യുതിയുടെ ആവശ്യക്കാർ ഏറുകയും ഉൽപ്പാദനം കുറയുകയും ചെയ്യുമ്പോൾ  കൂടിയ വിലയ്‌ക്ക്‌ സ്വകാര്യനിലയങ്ങൾക്ക്‌ വൈദ്യുതി വിൽക്കാനാകുന്നു.  ഉൽപ്പാദനക്കുറവുമൂലമുണ്ടാകുന്ന നഷ്ടം ഇതിലൂടെ നികത്തുന്നു.
സ്ഥാപിതശേഷി 4,03,967 മെഗാവാട്ട്‌ 
പരമാവധി ഉൽപ്പാദിപ്പിച്ചാലും തികയില്ല

മൊത്തം വൈദ്യുതി ആവശ്യകത പൂർണമായും നിറവേറ്റാനുള്ള സ്ഥാപിതശേഷി രാജ്യത്തെ നിലയങ്ങൾക്ക്‌ ഇല്ല. സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ 2022 ഏപ്രിൽ 28ലെ  കണക്കുപ്രകാരം വൈദ്യുതി നിലയങ്ങളുടെ മൊത്തം സ്ഥാപിതശേഷി 4,03,967 മെഗാവാട്ടാണ്‌. ജൈവഇന്ധന നിലയങ്ങളുടെ ശേഷി 2,40,579 മെഗാവാട്ട്‌- (59.55 ശതമാനം). ഇതിൽ കൽക്കരി നിലയങ്ങളുടെ ശേഷി 2,04,559 മെഗാവാട്ട്‌ (52.6 ശതമാനം). ലിഗ്‌നൈറ്റ്‌, ഗ്യാസ്‌, ഡീസൽ നിലയങ്ങളുമുണ്ട്‌. ജൈവേതര വൈദ്യുതിയുടെ ഉൽപ്പാദനം കൂടിയിട്ടുണ്ടെങ്കിലും ലക്ഷ്യം കൈവരിക്കാനായിട്ടില്ല. നിലവിലെ സ്ഥാപിതശേഷിയുടെ 40.45 ശതമാനം (1,63,388 എംഡബ്ല്യു) ഈ മേഖലയിൽനിന്നാണ്‌. സൗരോർജം, കാറ്റ്‌ തുടങ്ങിയ പാരമ്പേര്യതര മേഖലയിലെ ശേഷി 1,09,885 മെഗാവാട്ടും ജലവൈദ്യുതി പദ്ധതികളുടെ ശേഷി 46,412 മെഗാവാട്ടുമാണ്‌. ആണവനിലയങ്ങളിൽനിന്ന്‌ 6780 മെഗാവാട്ട്‌ മാത്രം.

വൈദ്യുതി ആവശ്യകത ഏറ്റവും ഉയർന്നുനിൽക്കുന്ന സമയത്ത്‌ പരമാവധി ഉൽപ്പാദനം നടത്തിയാലും കമ്മി നേരിടുന്നു. പല കാരണത്താലും സ്ഥാപിതശേഷിയുടെ- 70 ശതമാനംവരെയാണ്‌ ഉൽപ്പാദനം. പവർ സിസ്റ്റം ഓപ്പറേഷൻ കോർപറേഷന്റെ കണക്കുപ്രകാരം ഏപ്രിൽ 28 വരെയുള്ള വൈദ്യുതി ഉൽപ്പാദനക്കുറവ്‌ 207 കോടി യൂണിറ്റാണ്‌. 2021 ഏപ്രിലിൽ 41.7 കോടി യൂണിറ്റും ഒക്‌ടോബറിൽ 123 കോടി യൂണിറ്റുമായിരുന്നു. 2022 തുടക്കംമുതൽ തന്നെ ക്രമാനുഗതമായി ഉൽപ്പാദനം കുറഞ്ഞു. ജനുവരിയിൽ 31.5 കോടി യൂണിറ്റിന്റെയും ഫെബ്രുവരിയിൽ 26 കോടി യൂണിറ്റിന്റെയും മാർച്ചിൽ 61.9 കോടി യൂണിറ്റിന്റെയും കുറവുണ്ടായി. ഏപ്രിൽ 28നു പകൽ രാജ്യത്തെ മൊത്തം വൈദ്യുതി ആവശ്യകത 2,04,650 മെഗാവാട്ടായിരുന്നു. ആ ദിവസം മാത്രം 19.21 കോടി യൂണിറ്റിന്റെ കുറവുണ്ടായി. വരുംദിവസങ്ങളിൽ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വിടവ്‌ കൂടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top