20 April Saturday

സിൽവർലൈനിലെ സ്‌ത്രീപക്ഷ ചിന്ത

അഡ്വ. രാജശ്രീ പിUpdated: Thursday May 5, 2022


കഴിഞ്ഞ 50 വർഷംകൊണ്ട് നാടിനുണ്ടായ മാറ്റം ആലോചിക്കുമ്പോൾ നാം അത്ഭുതപ്പെടുന്നു. പുരോഗമനം എല്ലാ മേഖലയിലും അനിവാര്യമാണ്. അത് ഒരിക്കലും മനുഷ്യന് ഒഴിവാക്കാനാകുന്നതല്ല.സ്വാതന്ത്ര്യം കിട്ടിയപ്പോഴത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ‘കൈ നനയ്ക്കാതെ മീൻ പിടിക്കാൻ പറ്റില്ല’ എന്ന് പഴമക്കാർ പറയുന്നതുപോലെ ചില ചില നഷ്ടങ്ങളിലൂടെ മാത്രമേ പുരോഗമനം സാധ്യമാകൂ.  നഷ്ടങ്ങളുടെ ആഴം കഴിവതും കുറയ്ക്കണമെന്നു മാത്രം. സിൽവർ ലൈൻ പദ്ധതിയെപ്പറ്റി പറയാനാണ് ഈ മുഖവുര.

അതിവേഗ ട്രെയിൻ വന്നാൽ വെറും നാലു മണിക്കൂർകൊണ്ട് കാസർകോട്ടുനിന്നു തിരുവനന്തപുരത്ത് എത്താം. പ്രകൃതിക്ക് വലിയ ദോഷം വരാതെ, ആഘാതങ്ങൾ കഴിവതും കുറച്ച്‌ പദ്ധതി നടപ്പാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. സ്ത്രീകൾക്ക് ഈ പദ്ധതികൊണ്ടുള്ള ഗുണങ്ങൾ  ചൂണ്ടിക്കാണിക്കുക മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. പദ്ധതിയിലൂടെ ലഭിക്കുന്ന സ്ത്രീക്ഷേമം ശാരീരികം, മാനസികം, സാമ്പത്തികം, സാമൂഹ്യം എന്നിങ്ങനെ  പല തലത്തിലാണ്‌.

ശാരീരികക്ഷേമം
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ച് തിരുവനന്തപുരത്തേക്കുമുള്ള വേണാട്‌ എക്‌സ്‌പ്രസിലെ യാത്ര ഉദാഹരണമായി എടുക്കാം. പുലർച്ചെ തിരുവനന്തപുരത്തുനിന്ന്‌ 5.05ന് തിരിച്ച് 9.45ന് എറണാകുളത്തും വൈകിട്ട് 5.30ന് എറണാകുളത്തുനിന്ന്‌ തിരിച്ച് 10 മണിയോടെ തിരുവനന്തപുരത്തും എത്തുന്നതാണ്‌ ഈ യാത്ര. പുലർച്ചെ 5.05നുള്ള ട്രെയിൻ കയറാൻ 4.45ന് തിരുവനന്തപുരം  റെയിൽവേ സ്റ്റേഷനിൽ എത്തണം. മൂന്ന്‌ മണിക്കെങ്കിലും ഉറക്കമെണീറ്റാലേ വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ്‌ സമയത്തിന്‌ സ്‌റ്റേഷനിൽ എത്താനാകൂ. മടക്കയാത്രയിൽ എറണാകുളത്തുനിന്നു തിരികെ തിരുവനന്തപുരത്തേക്കുള്ള വേണാട് എക്സ്പ്രസിൽ പല സ്‌ത്രീകളും പിറ്റേ ദിവസത്തേക്കുള്ള പച്ചക്കറികൾവരെ അരിഞ്ഞ് പാത്രങ്ങളിൽ വയ്ക്കുന്നത് കാണാറുണ്ട്. ഉറക്കക്കുറവും യാത്രയും സ്‌ത്രീയുടെ ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കും.

ഇനി അതിവേഗ ട്രെയിൻ വന്നാലുള്ള വ്യത്യാസം നോക്കാം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ 9.45ന് എറണാകുളത്ത് എത്തണമെങ്കിൽ 8.45ന് തിരുവനന്തപുരത്തുനിന്നു തിരിച്ചാൽ മതി. അപ്പോൾ പുലർച്ചെ മൂന്നിന്‌ എഴുന്നേറ്റുള്ള ഒരുക്കങ്ങൾ രാവിലെ ആറിലേക്ക് മാറ്റാം. മൂന്നു മണിക്കൂർ ഉറക്കം കൂടുതൽ കിട്ടുന്നു. മടക്കയാത്രയിൽ  5.30ന് എറണാകുളത്തുനിന്നു തിരിക്കുന്ന ട്രെയിൻ 6.30ന് തിരുവനന്തപുരത്ത് എത്തും. അപ്പോൾ വീട്ടുകാര്യങ്ങൾ ചെയ്യാനും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാനും മറ്റും സമയം കൂട്ടിക്കിട്ടുന്നു.  എറണാകുളം -തിരുവനന്തപുരം യാത്ര ഒരു ഉദാഹരണം മാത്രം.

മാനസികം
മാനസിക ക്ഷേമത്തെപ്പറ്റി നോക്കിയാൽ എറണാകുളം–- തിരുവനന്തപുരം യാത്ര ഉദാഹരണത്തിൽ 4.00 മണിക്കൂർ യാത്ര ചെയ്യേണ്ടിടത്ത് ഒരു മണിക്കൂർകൊണ്ട് എത്തുമ്പോഴുള്ള സമയലാഭത്തിൽ ടിവി കാണാനും അച്ഛനമ്മമാരെ പരിചരിക്കാനും കുട്ടികളോട് അടുത്ത് ഇടപഴകാനും സമയം കിട്ടുന്നു. കൂടാതെ യാത്രചെയ്ത് ക്ഷീണിച്ചു വരുന്നവർക്ക് ഉണ്ടാകുന്ന ക്ഷീണം അവരുടെ കിടപ്പറയിൽ പോലും ബാധിക്കും. അത് ചിലപ്പോൾ മാനസിക സമ്മർദത്തിന്‌ വഴിയൊരുക്കും.  ഈ മാനസിക സമ്മർദം പലതരം സ്വഭാവ വൈകല്യത്തിനും മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി തീരും. 

സാമ്പത്തികം
പല കുടുംബത്തിലും സ്‌ത്രീയും പുരുഷനും വ്യത്യസ്‌ത ജില്ലയിൽ ജോലി ചെയ്യുന്നവരാകും. യാത്ര ചെയ്യാനുള്ള ആരോഗ്യപ്രശ്നവും അധിക യാത്രാസമയവും കാരണം ഒരാൾ കുട്ടികളോടൊപ്പം സ്വന്തം വീട്ടിലും മറ്റേയാൾ ഹോസ്റ്റലിലോ അല്ലെങ്കിൽ ലോഡ്ജിലോ  അല്ലെങ്കിൽ മറ്റൊരു വീടെടുത്ത് ജോലി ചെയ്യുന്ന ജില്ലയിലോ ആകും താമസിക്കുന്നത്. ഇത് അധികച്ചെലവിന് കാരണമാകും. തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ട്‌ രാവിലെ ഇന്റർവ്യൂവിന് എത്തിച്ചേരേണ്ട ഒരു പെൺകുട്ടിക്ക് തലേദിവസം യാത്രചെയ്ത് കാസർകോട്ട്‌ തങ്ങി ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടിവരും. താമസസൗകര്യം കണ്ടെത്തേണ്ടിവരും. അതിന്‌ നല്ല പണം ചെലവാകും. അതിവേഗ ട്രെയിൻ വന്നാൽ രാവിലെ പോയി  വൈകിട്ട് തിരികെയെത്താം. ചെലവുകൾ കുറയ്ക്കാൻ കഴിയും.

സാമൂഹ്യം
അതിവേഗ റെയിൽ വന്നാൽ  യാത്രാസമയം ലാഭിക്കുന്നതോടെ  രക്ഷാകർത്താക്കൾക്ക് സ്വന്തം കുട്ടികളോടൊത്തും പ്രായമായ അച്ഛനമ്മമാരോടൊത്തും ഇടപഴകാൻ കൂടുതൽ സമയം ലഭിക്കും.  അത് കുട്ടികളുടെയും പ്രായമായവരുടെയും മാനസിക സന്തോഷത്തിന്‌  വഴിയൊരുക്കും. അച്ഛനമ്മമാർക്ക് കുട്ടികളോടൊപ്പം കഴിയാനുള്ള സമയം കൂടുമ്പോൾ കുട്ടികളുടെ മാനസിക പ്രശ്നങ്ങളിലും  പഠനകാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നു. പ്രകൃതിസ്നേഹം നല്ലതുതന്നെ. പക്ഷേ, അത്‌ നാടിന്റെ വികസനത്തിന് തടസ്സമാകരുത്. പ്രകൃതിക്ക്‌ കാര്യമായ ദോഷമില്ലാത്ത വികസനം നാടിന്റെ ആവശ്യമാണ്‌. ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ വികസനമൊക്കെ  സാധ്യമായത്‌ എങ്ങനെയെന്നും ഓർക്കണം. കാലത്തിനൊത്ത വികസനം ആവശ്യംതന്നെ.  മറ്റു പല സംസ്ഥാനത്തിലും ഇതിനകംതന്നെ അതിവേഗ ട്രെയിൻ എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കപ്പെട്ടിട്ടുണ്ട്.  നമ്മുടെ സ്വപ്നവും സാക്ഷാൽക്കരിക്കപ്പെടണം.

(തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top