13 August Saturday

തൃക്കാക്കരയിൽ തെളിഞ്ഞത്‌

കെ ശ്രീകണ്‌ഠൻUpdated: Saturday Jun 4, 2022

കോൺഗ്രസിന്റെ കുത്തകയായ ഒരു മണ്ഡലം അതിന്റെ സഹജമായ രാഷ്‌ട്രീയ സ്വഭാവം ഒരിക്കൽക്കൂടി പ്രകടമാക്കിയെന്നാണ്‌ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്‌. അതിനപ്പുറം രാഷ്‌ട്രീയ, ഭരണതലങ്ങളിൽ ഒരു മാറ്റത്തിനും ഈ വിധിയെഴുത്ത്‌ വഴിയൊരുക്കില്ലെന്നതാണ്‌ വസ്‌തുത. യുഡിഎഫിന്‌ വലിയ സ്വാധീനവും കോൺഗ്രസിന്‌ ശക്തമായ അടിത്തറയുമുള്ള ഒരു മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥി വിജയിച്ചതിൽ അസാധാരണമായി ഒന്നുമില്ല. തെരഞ്ഞെടുപ്പിൽ അസംഭവ്യമായി ഒന്നുമില്ലെന്നതിന്‌ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. തൃക്കാക്കരയിലെ പ്രചാരണാവേശം അവിടുത്തെ രാഷ്‌ട്രീയ ഗതിയിലും പ്രതിഫലിക്കുമെന്നാണ്‌ എൽഡിഎഫ്‌ പ്രതീക്ഷിച്ചത്‌. ഒരു കൊല്ലം മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പിൽ സംഭവിച്ച കൈക്കുറ്റപ്പാട്‌ തിരുത്തി കാലാനുസൃതമായ രാഷ്‌ട്രീയ മാറ്റത്തിന്‌ ഒപ്പം തൃക്കാക്കരയും നിലയുറപ്പിക്കുമെന്ന്‌ കരുതിയെങ്കിലും അതുണ്ടായില്ല.

യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തിൽ ഫലം മറിച്ചായിരുന്നെങ്കിലോ ? കോൺഗ്രസ്‌ മാത്രമല്ല, യുഡിഎഫ്‌ എന്ന രാഷ്‌ട്രീയ സംവിധാനം തന്നെ തകർന്നടിഞ്ഞേനെ. പ്രചാരണം മുറുകിയ ഘട്ടത്തിൽ യുഡിഎഫ്‌ നേതാക്കളെ തുറിച്ചുനോക്കിയതും ഇതാണ്‌. മുസ്ലിംലീഗ്‌ അടക്കം ഘടകകക്ഷികൾ യുഡിഎഫ്‌ പാളയം ഉപേക്ഷിക്കും. കോൺഗ്രസിൽനിന്നിട്ട്‌ കാര്യമില്ലെന്ന തിരിച്ചറിവിൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കും മറ്റും ചേക്കേറുകയും ചെയ്യമായിരുന്നു. തൃക്കാക്കരയിലെ വിജയം അതിൽനിന്ന്‌ തൽക്കാലം രക്ഷിച്ചു. അപ്പോഴും കോൺഗ്രസ്‌ നേരിടുന്ന പ്രതിസന്ധിയും ദൗർബല്യവും പരിഹരിക്കാൻ ഈ ഫലം എന്തെങ്കിലും വകനൽകുന്നുണ്ടോയെന്ന ചോദ്യമാണ്‌ പ്രസക്തം. ഇഴകീറി പരിശോധിച്ചാൽ തൃക്കാക്കരയിൽ പിടിച്ചുനിന്നുവെന്നല്ലാതെ അതിനപ്പുറം കുളിരണിയാൻ തക്കതൊന്നും തൽക്കാലമില്ല.

തൃക്കാക്കരയിലെ വിജയത്തോടെ കെ സുധാകരനും വി ഡി സതീശനും അടങ്ങിയ പുതിയ നേതൃചേരി കോൺഗ്രസിൽ അധീശത്വം നേടിയിരിക്കുകയാണ്‌. ഇരുവരുടെയും നിലനിൽപ്പിന്റെ കൂടി പ്രശ്‌നമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്‌. എ, ഐ ഗ്രൂപ്പുകളെയും ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കമുള്ളവരെയും ഗൗനിക്കാതെ വിഡി സതീശന്‌ മുന്നോട്ടുപോകാം. സതീശനും സുധാകരനും മുമ്പിൽ മുതിർന്ന നേതാക്കൾക്ക്‌ പോലും പഞ്ചപുച്ഛമടക്കി നിൽക്കുകയേ നിർവാഹമുള്ളൂ. മണ്ഡലം കൈവിട്ടിരുന്നെങ്കിൽ സതീശന്റെയും സുധാകരന്റെയും നില പരുങ്ങലിലാകുമായിരുന്നു. സതീശൻ, സുധാകര വിരുദ്ധ ചേരി മനസ്സില്ലാ മനസ്സോടെയാണ്‌ പ്രചാരണ രംഗത്തുനിന്നത്‌. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി എന്ന നിലയിൽ തങ്ങളുടെ ദുരനുഭവങ്ങൾക്ക്‌ സുധാകരനോടും സതീശനോടും പകരം വീട്ടാമെന്നായിരുന്നു എതിർവിഭാഗം കണക്ക്‌കൂട്ടിയത്‌. അത്‌ പിഴച്ചതിന്റെ അലയൊലിയും വരുംനാളുകളിൽ ഉയരാതിരിക്കാൻ തരമില്ല. എന്തായാലും വെന്റിലേറ്ററിൽനിന്ന്‌ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറാൻ കഴിഞ്ഞുവെന്ന്‌ കേരളത്തിലെ കോൺഗ്രസിന്‌ ആശ്വസിക്കാം. അപ്പോഴും ദേശീയതലത്തിൽ കോൺഗ്രസ്‌ തുടച്ചുനീക്കപ്പെടുകയാണ്‌. തൃക്കാക്കരയ്‌ക്ക്‌ ഒപ്പം നടന്ന ഉത്തരാഖണ്ഡ്‌, ഒഡിഷ എന്നിവിടങ്ങളിലെ രണ്ട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന ചിത്രമതാണ്‌. ഉത്തരാഖണ്ഡിലെ ചമ്പാവത്തിലും ഒഡിഷയിലെ ബ്രജ്‌രാജ്‌ നഗറിലും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ ദയനീയ തോൽവിയുണ്ടായി. ചമ്പാവത്തിൽ ബിജെപി സ്ഥാനാർഥി പുഷ്‌കർ സിങ്‌ ധാമി അമ്പത്തയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ നിർമല ഗഹ്‌തോറിയെ തോൽപ്പിച്ചു.  ഒഡിഷയിൽ കോൺഗ്രസ്‌ 65,999 വോട്ടിന്റെ വ്യത്യാസത്തിലാണ്‌ ബിജെഡിയോട്‌ തോറ്റത്‌.

വികസനവിരുദ്ധ അച്ചുതണ്ട്‌
വികസന വിരുദ്ധരും സംസ്ഥാനത്താകെയുള്ള ഇടതുപക്ഷ വിരുദ്ധരും ഒരു അച്ചുതണ്ടിലേക്ക്‌ കേന്ദ്രീകരിക്കുന്നതാണ്‌ തൃക്കാക്കരയിൽ കേരളം കണ്ടത്‌. അത്തരം ശക്തികളെ കോർത്തിണക്കിയതിലൂടെ മുൻ തെരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫിന്‌ ഭുരിപക്ഷം ഉയർത്താനുമായി. പക്ഷെ യുഡിഎഫിന്റെ ശക്തിദുർഗം പിടിച്ചുലയ്‌ക്കാൻ എൽഡിഎഫിന്‌ കഴിഞ്ഞതാണ്‌ തൃക്കാക്കര നൽകുന്ന ചുവരെഴുത്ത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട്‌ വർധിച്ചെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം കൈവരിച്ചില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്‌. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം നൽകുന്നതെന്ന്‌ കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞുകഴിഞ്ഞു. ഇതെല്ലാംകൂടി ചേരുമ്പോൾ ഭാവിയിൽ തൃക്കാക്കരയിലും മാറ്റം അചിന്ത്യമല്ല.

കോൺഗ്രസിനോട്‌ വോട്ടർമാരുടെ കണ്ണടച്ചുള്ള ഐക്യദാർഢ്യമായി തൃക്കാക്കരയിലെ വിജയത്തെ വിലയിരുത്തുന്നത്‌ അപ്രായോഗികമാണ്‌. രാഷ്‌ട്രീയ പോരാട്ടത്തിന്‌ അപ്പുറം സഹതാപ തരംഗം, ബിജെപിയുടെ വോട്ട്‌ ചോർച്ച, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരക്കളത്തിലുണ്ടായിരുന്ന ട്വന്റി:ട്വന്റി സ്ഥാനാർഥിയുടെ അസാന്നിധ്യം ഇവയൊക്കെ ഭൂരിപക്ഷം ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ പേരിൽ വോട്ടർമാർക്കിടയിൽ ഭീതിപരത്തിയത്‌ സർക്കാർ വിരുദ്ധ മനോഭാവത്തിന്‌ എരിവ്‌ പകർന്നു. ഈ പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ്‌ കഴിഞ്ഞ തവണത്തേതിൽനിന്ന്‌ രണ്ടായിരത്തിൽപ്പരം വോട്ട്‌ കൂടുതൽ എൽഡിഎഫ്‌ സ്ഥാനാർഥി നേടിയത്‌.

രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ ഭരണത്തിന്‌ എതിരായ വിധിയെഴുത്ത്‌ എന്ന വ്യാഖ്യാനവുമായി കെ സുധാകരനടക്കമുള്ള കോൺഗ്രസ്‌ നേതാക്കളും ചില മാധ്യമങ്ങളും രംഗത്തുവന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഫലം സർക്കാരിന്റെ ഭാവിയെയൊ പ്രവർത്തനത്തെയൊ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും വിരുദ്ധനീക്കങ്ങൾക്ക്‌ ഊർജം പകരാനാണ്‌ ശ്രമം. സർക്കാരിനെതിരായ ജനവിധിയാണെങ്കിൽ ഒരു കൊല്ലം മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ വോട്ട്‌ കുറയണം. ഇവിടെ മറിച്ചാണ്‌ സംഭവിച്ചത്‌. 2021ൽ ലഭിച്ചതിനെക്കാൾ 2244 വോട്ട്‌ എൽഡിഎഫിന്‌ കൂടുതൽ കിട്ടി. വോട്ടിങ്‌ ശതമാനത്തിലും വർധനയുണ്ടായി. ഇതെല്ലാം മറച്ചുപിടിച്ചാണ്‌ മറിച്ചുള്ള പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്‌.

തൃക്കാക്കരയിലെ യുഡിഎഫ്‌ വിജയത്തിൽ സഹതാപ തരംഗത്തിനും ഗണ്യമായ പങ്കുണ്ട്‌. ഇതിന്‌ മുമ്പ്‌ എംഎൽഎമാരായിരുന്ന ഭർത്താക്കന്മാർ മരിച്ചതിനെ തുടർന്ന്‌ നടന്ന രണ്ട്‌ തെരഞ്ഞെടുപ്പിൽ രണ്ടിടത്തും ഭാര്യമാരാണ്‌ വിജയിച്ചത്‌. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ കോൺഗ്രസ്‌ എസ്‌ നേതാവായിരുന്ന സണ്ണി പനവേലിയുടെ നിര്യാണത്തെ തുടർന്ന്‌ 1986ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭാര്യ റെയ്‌ച്ചൽ സണ്ണിയാണ്‌ വിജയിച്ചത്‌. 2003ൽ തിരുവല്ലയിൽ കേരള കോൺഗ്രസ്‌ എമ്മിലെ മാമ്മൻ മത്തായിയുടെ നിര്യാണത്തെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ എലിസബത്ത്‌ മാമ്മൻ മത്തായി വിജയിച്ചു. ഈ പട്ടികയിലെ മൂന്നാമത്തെ പേരാണ്‌ ഉമ തോമസ്‌.

ഒരു കക്ഷിയുടെ രാഷ്‌ട്രീയ ശക്തിയെ ആശ്രയിച്ചല്ല തെരഞ്ഞെടുപ്പ്‌ മത്സരത്തിന്‌ മറ്റുള്ളവർ തയ്യാറാകുന്നത്‌. യുഡിഎഫിന്റെ ശക്തികേന്ദ്രത്തിൽ അനായാസം വിജയിച്ച്‌ കയറാമെന്ന്‌ എൽഡിഎഫ്‌ കരുതിയിരുന്നില്ല. എൽഡിഎഫ്‌ ശക്തിദുർഗങ്ങളിൽ യുഡിഎഫ്‌ മത്സരത്തിനിറങ്ങുന്നതിനും കാരണം മറ്റൊന്നല്ല. വിജയപ്രതീക്ഷയാണ്‌ ഏത്‌ തെരഞ്ഞെടുപ്പിന്റെയും അടിസ്ഥാന തത്വം. ആ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌ എൽഡിഎഫ്‌ പൊരുതിയത്‌. ഒരു ഉപതെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചുവെന്ന്‌ കരുതി അടിപടലെ തകർന്നടിഞ്ഞ ചരിത്രവുമില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ 19ഉം യുഡിഎഫ്‌ ആണ്‌ നേടിയത്‌. തൊട്ടടുത്ത വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഒരു വർഷം കഴിഞ്ഞ്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ വൻമുന്നേറ്റമാണ്‌ കാഴ്‌ചവച്ചത്‌. 2021ൽ തുടർഭരണത്തിലേക്ക്‌ നയിച്ച തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ വ്യത്യാസത്തിലാണ്‌ സെഞ്ച്വറി അടിക്കാൻ കഴിയാതെ പോയത്‌. ആ ഒരു സീറ്റ്‌ നേടുകയായിരുന്നു എൽഡിഎഫ്‌ ലക്ഷ്യമിട്ടത്‌. അത്‌ സാധിതമായില്ലെന്ന്‌ കരുതി രാഷ്‌ട്രീയ പോരാട്ടത്തിന്റെ കരുത്ത്‌ തരിമ്പും ചോരാൻ പോകുന്നില്ല.

സഹതാപമൊരുക്കി മാധ്യമങ്ങൾ; സ്വഭാവഹത്യക്ക് അധമവേലയും
യുഡിഎഫിന്‌ അനുകൂലമായ സഹതാപതരംഗത്തിലും എൽഡിഎഫ്‌ വോട്ട്‌ വർധിപ്പിച്ചത്‌ കോൺഗ്രസിന്റെ നെറികെട്ട അധമവേലകളെയും വലതുപക്ഷ മാധ്യമങ്ങളുടെ വേട്ടയാടലുകളെയും അതിജീവിച്ച്‌. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ സഭ്യതയുടെ അതിർവരമ്പുകൾപോലും മറികടന്ന പ്രചാരണത്തിനും യുഡിഎഫ്‌ തയ്യാറായി. എൽഡിഎഫ്‌ സ്ഥാനാർഥിയുടെതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോവരെ യുഡിഎഫ്‌ നിർമിച്ചു. അത്‌ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കാൻ യുഡിഎഫ്‌ സൈബർ സംഘങ്ങൾ മത്സരിച്ചു.

സ്ഥാനാർഥിയെ പ്രഖ്യാപിച്ച ദിവസം സഭയുടെ സ്ഥാനാർഥിയെന്നുപറഞ്ഞ്‌ വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ശ്രമിച്ചത്‌. കർദിനാളിന്റെ സ്ഥാനാർഥിയെന്നുവരെ നുണ പ്രചരിപ്പിച്ചു. ഡോ. ജോ ജോസഫ്‌ ജോലി ചെയ്യുന്ന ലിസി ആശുപത്രിയെയും അവഹേളിച്ചു.
ഡോക്ടർ വലിയ ഫീസ്‌ വാങ്ങുന്നയാളാണെന്നുവരെ വ്യാജ രസീതുവച്ച്‌ പ്രചാരണം നടത്തി. 150 രൂപ വാങ്ങുന്നിടത്താണ്‌ 750 രൂപയെന്നാക്കി സമൂഹമാധ്യമങ്ങളിലടക്കം യുഡിഎഫ്‌ അനുകൂല ഐഡികളിൽനിന്ന്‌ തെറ്റായ പ്രചാരണം നടത്തിയത്‌. അവിടംകൊണ്ടും നുണപ്രചാരണം നിന്നില്ല. മുഖ്യമന്ത്രി കൺവൻഷൻ ഉദ്‌ഘാടനത്തിൽ നടത്തിയ പ്രസംഗത്തിലെ ഒരു വരി വളച്ചൊടിച്ച്‌ ദുഷ്‌പ്രചാരണം നടത്താനും യുഡിഎഫ്‌ കിണഞ്ഞു പരിശ്രമിച്ചു.

വ്യാജ അശ്ലീലവീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിന്‌ എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി എം സ്വരാജ്‌ നൽകിയ പരാതിയിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും എട്ടു നേതാക്കളാണ്‌ പിടിയിലായത്‌. വീഡിയോയ്‌ക്കുപിന്നിലെ ഗൂഢാലോചന പൊലീസ്‌ അന്വേഷിക്കുകയാണ്‌. എൽഡിഎഫ്‌ സ്ഥാനാർഥിയായതിന്റെപേരിൽ ഡോ. ജോ ജോസഫിന്റെ കുടുംബത്തെ അപമാനിക്കാൻ നടത്തിയ വീഡിയോ പ്രചാരണത്തെ സതീശൻ നിലമറന്ന്‌ ന്യായീകരിച്ചു. ഇത്തരം വീഡിയോ കിട്ടിയാൽ ആരാണ്‌ പ്രചരിപ്പിക്കാത്തതെന്നായിരുന്നു സതീശന്റെ അശ്ലീലച്ചിരിയോടെയുള്ള ന്യായീകരണം. മഹിളാ കോൺഗ്രസ്‌ നേതാക്കൾപോലും ഈ പരാമർശത്തിനെതിരെ രംഗത്തുവന്നു. എഐസിസി അംഗങ്ങളായ പത്മജ വേണുഗോപാലും സിമ്മി റോസ്‌ബെൽ ജോണും വീഡിയോ പ്രചാരണത്തെ വിമർശിച്ചത്‌ വലതുപക്ഷമാധ്യമങ്ങൾ വാർത്തയാക്കാതെ യുഡിഎഫിനെ സഹായിച്ചു. സതീശനെ ന്യായീകരിക്കാൻ ചർച്ച നടത്തിയ മനോരമ ചാനൽ അവതാരകന്‌ ഒടുവിൽ സത്യാവസ്ഥ വ്യക്തമാക്കി സമൂഹമാധ്യമത്തിൽ പരസ്യമായി മാപ്പുപറയേണ്ടി വന്നു. യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ അനുകൂലമായി സഹതാപതരംഗമൊരുക്കാൻ ദിവസവും പ്രത്യേക വാർത്തകൾ ചമയ്‌ക്കാനും മാധ്യമങ്ങൾ തമ്മിൽ മത്സരമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top