26 April Friday

ചരിത്രം കുറിച്ച പ്രക്ഷോഭം - ഡോ. കെ ഹേമലത എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

മാർച്ച്‌ 28നും 29നുമായി നടന്ന പണിമുടക്ക്  രാജ്യത്തെ തൊഴിലാളിവർഗ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുപണിമുടക്കുകളിൽ ഒന്നായാണ്‌ അടയാളപ്പെടുത്തുക. തൊഴിലാളിവർഗവും അധ്വാനിക്കുന്ന ജനങ്ങളും വളരെ വെല്ലുവിളി നിറഞ്ഞതും ദുഷ്‌കരവുമായ സാഹചര്യത്തിലും തങ്ങളുടെ പോരാട്ടവീര്യം പ്രകടിപ്പിച്ചുവെന്നതാണ് പണിമുടക്കിനെ പ്രസക്തമാക്കുന്നത്‌.
അതേസമയം, മോദി സർക്കാർ നവഉദാരവൽക്കരണ നയങ്ങളിലൂടെ ജനങ്ങൾ നേടിയെടുത്ത എല്ലാ അവകാശവും അവരുടെ ജീവിത സാഹചര്യങ്ങളും ഇല്ലാതാക്കുകയാണ്‌. 29 തൊഴിൽ നിയമം കൂട്ടിച്ചേർത്ത്‌ നാല്‌ തൊഴിൽ കോഡാക്കി മാറ്റി. മൂന്ന്‌ കർഷക നിയമം  പിൻവലിച്ചെങ്കിലും കർഷക സമരത്തിന്‌ നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയ്‌ക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

തൊഴിലില്ലായ്‌മ ഉയരുകയാണ്‌. എന്നാൽ, ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് തസ്തിക  നികത്താനും അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മറ്റു നടപടികൾക്കുമായി പൊതു ചെലവ് വർധിപ്പിക്കാനും സർക്കാർ തയ്യാറാകുന്നില്ല. തൊഴിലാളികളുടെ കൂട്ടായ സംഘടിത ഇടപെടലുകളെയും പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തൊഴിൽ കോഡുകൾ പാസാക്കിയതിന്റെ ധൈര്യത്തിൽ  തൊഴിലുടമകൾ അവരുടെ അവകാശങ്ങൾ ,ഉറപ്പിക്കുന്ന തൊഴിലാളികളെ ഇരകളാക്കാനും പ്രതികാര നടപടികൾ സ്വീകരിക്കാനും തുടങ്ങി. അധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും സ്ഥിതി പരിതാപകരമാണ്‌.

എന്നാൽ, ബിജെപിയും ആർഎസ്‌എസും വർഗീയ ധ്രുവീകരണം നടത്തുകയാണ്‌. മതം മാത്രമല്ല, ജാതിയും ഭാഷയും മറ്റും ജനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനും ഐക്യം തകർക്കാനുമായി ഉപയോഗിക്കുകയാണ്‌. ഹിജാബ് വിഷയം, കശ്മീർ ഫയൽസ്‌, ഹലാൽ മാംസം, ക്ഷേത്രങ്ങൾക്ക് സമീപമുള്ള മുസ്ലിം വ്യാപാരികളോട് വിവേചനം, ഗോരക്ഷ, ലവ് ജിഹാദ് തുടങ്ങിയവയ്‌ക്കൊപ്പം  ഓരോ ദിവസവും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്‌. ചില ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് വളർന്നുവരുന്ന അതൃപ്‌തി ശമിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഈ പദ്ധതികൾ എത്രത്തോളം നടപ്പാക്കുന്നുവെന്നുപോലും നോക്കാതെ തെരഞ്ഞെടുപ്പുനേട്ടത്തിനായി വിജയകരമായി ഉപയോഗിച്ചുവെന്നതിന്റെ തെളിവാണ്‌ സമീപത്ത്‌ നടന്ന തെരഞ്ഞെടുപ്പിൽ നാല്‌ സംസ്ഥാനത്തിൽ ഭരണം നിലനിർത്തിയത്‌.


 

കർഷകസമരം നടക്കുന്നതിനിടയിൽ 2021 നവംബറിൽ നടന്ന ദേശീയ കൺവൻഷനിലാണ്‌ ദ്വിദിന ദേശീയ പണിമുടക്ക്‌ പ്രഖ്യാപിക്കുന്നത്‌. അതുവരെ അജയ്യനെന്നു കരുതിയ മോദി, മൂന്ന് കാർഷിക നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിക്കാനും പാർലമെന്റിൽ മാപ്പുപറയാനും നിർബന്ധിതനായതോടെയാണ്‌ കർഷകസമരം വിജയകരമായി അവസാനിച്ചത്‌. ഇത്‌ തൊഴിലാളികളടക്കം സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും പ്രത്യാശയും ആത്മവിശ്വാസവും നൽകി.

എന്നാൽ, തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ഈ പ്രത്യാശയ്‌ക്ക്‌ കുറച്ച്‌ ക്ഷതമേൽപ്പിച്ചിട്ടുണ്ട്‌. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചില വിഭാഗങ്ങൾ ഉൾപ്പെടെ ചിലരിൽ ഇത്‌  നിരാശയിലേക്ക്‌ നയിച്ചു. കോവിഡ്‌ മഹാമാരിയും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളും തൊഴിലാളികൾ സമരത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച്‌ ചോദ്യങ്ങളുയർത്തി. ഇങ്ങനെ  പണിമുടക്ക്‌ വിജയിപ്പിക്കുന്നതിനായി സംയുക്ത തൊഴിലാളി യൂണിയൻ നിരവധി വെല്ലുവിളികളാണ്‌ നേരിട്ടത്‌. എന്നാൽ, തൊഴിലാളി വർഗവും അധ്വാനിക്കുന്ന ജനവിഭാഗവും ഈ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനുള്ള തങ്ങളുടെ നിശ്ചയദാർഢ്യവും കഴിവും  തെളിയിച്ചു. ജനങ്ങൾക്കും രാഷ്ട്രത്തിനുമെതിരായ കോർപറേറ്റ് വർഗീയ ആക്രമണങ്ങളെ നേരിടുമെന്ന ശക്തമായ സന്ദേശം മോദി സർക്കാരിന് നൽകുകയും ചെയ്തു.

ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പണിമുടക്കിന്‌ തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗം സാധാരണക്കാരിൽനിന്നും നല്ല പിന്തുണയാണ്‌ ലഭിച്ചത്‌. 2020 നവംബർ 26നു നടത്തിയ പണിമുടക്കിൽ പങ്കെടുത്തതിലും കൂടുതൽ പേർ ഇത്തവണത്തെ പണിമുടക്കിൽ പങ്കാളികളായി. തങ്ങളുടെ ഉപജീവനമാർഗത്തിനും  ജീവിതസാഹചര്യങ്ങൾക്കുംമേലെയുള്ള ആക്രമണങ്ങൾക്കെതിരെ മാത്രമല്ല, രാജ്യത്തിന്റെ പൊതുസമ്പത്തും  തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെ  വികസിപ്പിച്ചെടുത്ത രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും  രാജ്യത്തിനകത്തെയും പുറത്തെയും കോർപറേറ്റുകൾക്ക്‌ കൈമാറാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരായ രോഷവുമായി മാറി. പടുകൂറ്റൻ ജാഥകളും പ്രകടനങ്ങളുമാണ്‌ രാജ്യമെമ്പാടും പണിമുടക്കിന്റെ ഭാഗമായി നടന്നത്‌.

രാജ്യത്തെ വിവിധ മേഖലയിൽ പണിമുടക്കിന്‌ വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. വൈദ്യുതി ഉൽപ്പാദനമേഖലയിൽ സമരം വലിയ വിജയമായിരുന്നു. സബ്‌ സ്‌റ്റേഷനുകളിൽ 45–-50 ശതമാനം പേരും പണിമുടക്കി. ജമ്മു കശ്‌മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്‌, അസം എന്നിവിടങ്ങളിലെ ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളും പണിമുടക്കി. പെട്രോളിയം മേഖലയിലെ വടക്കുകിഴക്കൻ മേഖലയിൽ പ്രവേശന കവാടങ്ങളിൽ കനത്ത പിക്കറ്റിങ്‌ മൂലം എല്ലാ എണ്ണ ടെർമിനലുകളും എൽപിജി ബോട്ടിലിങ്‌ പ്ലാന്റുകളും അടച്ചു. ആദ്യ ദിനത്തേക്കാളും പങ്കാളിത്തം രണ്ടാം ദിനമായിരുന്നു. മുഴുവൻ കരാർ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. ഹൈക്കോടതിയുടെ സമര നിരോധനം തള്ളി കൊച്ചിൻ റിഫൈനറിയിൽ തൊഴിലാളികൾ പണിമുടക്കി. 25 യൂണിയനും പണിമുടക്ക്‌ നോട്ടീസ്‌ നൽകി. തുറമുഖത്തൊഴിലാളികളും കൂട്ടമായി പണിമുടക്കി.

രാജ്യത്തെ റോഡ് ഗതാഗതത്തെ വലിയ രീതിയിൽ പണിമുടക്ക്‌ ബാധിച്ചു. കേരളം, തമിഴ്‌നാട്‌, പഞ്ചാബ്‌, ജമ്മു കശ്‌മീർ, തെലങ്കാന, ഒഡിഷ, ബിഹാർ, ജാർഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ റോഡ്‌ ഗതാഗതമേഖലയെ നന്നായി ബാധിച്ചു. മണ്ഡികൾ അടഞ്ഞുകിടന്നതോടെ ത്രിപുര, ബംഗാൾ, അസം, വിവിധ സംസ്ഥാനങ്ങളിലെ പല ജില്ലയിലും ബന്ദിന്‌ സമാനമായ സ്ഥിതിയായിരുന്നു. വൈദ്യുതി, ബാങ്കിങ്‌ മേഖലയിലും പണിമുടക്കിന്‌ നല്ല പിന്തുണ ലഭിച്ചു. പൊതു, സ്വകാര്യ, വിദേശ, സഹകരണ ബാങ്കുകളെല്ലാം അടഞ്ഞുകിടന്നു. കേന്ദ്ര സർക്കാർ ജീവനക്കാരും വ്യാപകമായി സമരത്തിൽ അണിനിരന്നു. വിവിധ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായി.

പ്ലാന്റേഷൻ മേഖല, മെഡിക്കൽ സെയിൽസ്‌ റെപ്രസന്റേറ്റീവ്‌സ്‌ തുടങ്ങി നാനാമേഖലയിലുള്ളവർ പണിമുടക്കിൽ അണിചേർന്നു. സ്വകാര്യ മേഖലയിലും വ്യാവസായിക മേഖലയിലുള്ളവരും പണിമുടക്കി. 80 ലക്ഷം ആശ വർക്കർമാരും അങ്കണവാടി ജീവനക്കാരും  പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, വിവിധ സംസ്ഥാനത്തെ 17 ലക്ഷം നിർമാണത്തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികളും പണിമുടക്കി. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പണിമുടക്ക്‌ ചരിത്രപരമായിരുന്നു. പണിമുടക്ക്‌ നിരോധിച്ചിട്ട കോടതി ഉത്തരവ്‌ തള്ളി കൊച്ചി ബിപിസിഎൽ, പാലക്കാട്‌ ബെമൽ എന്നിവയിൽ സമരം നടന്നു.  കോടതി ഉത്തരവിനെത്തുടർന്ന്‌ രണ്ടാം ദിവസം സമരം കരുത്താർജിച്ചു. പ്രകടനങ്ങൾക്കും റാലികൾക്കും പുറമേ രാവും പകലും സജീവമായിരുന്ന  1040 സമരകേന്ദ്രം തുറന്നു.

പൊതുപണിമുടക്കിൽ ഐടി ജീവനക്കാരുടെ പങ്ക് ശ്രദ്ധേയമായിരുന്നു. യൂണിയനുകളുടെ കീഴിൽ, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, കേരളം, ഡൽഹി  തലസ്ഥാനമേഖല തുടങ്ങിയ സ്ഥലങ്ങളിലെ ഐടി ജീവനക്കാർ സമരത്തെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെയും ചുവരെഴുത്ത്, പ്രകടനങ്ങൾ തുടങ്ങിയവയടക്കം ഉപയോഗിച്ചും പ്രചാരണം നടത്തി. പ്രതിരോധ–-അവശ്യസേവന നിയമത്തിന്റെ പേരിൽ പണിമുടക്കിൽ പങ്കെടുക്കാതെയിരുന്ന ജീവനക്കാർ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഓർഡനൻസ് ഫാക്ടറികൾക്കും മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. കേരളത്തിൽ സമരത്തിന് നോട്ടീസ് നൽകാതെയാണ് അവർ സമരത്തിൽ പങ്കെടുത്തത്.


 

കർഷകരും -കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിനു നൽകിയ ഐക്യദാർഢ്യം ശ്രദ്ധേയമാണ്. സംയുക്ത കിസാൻ മോർച്ചയുടെ നേതാക്കൾ തൊഴിലാളി  കൺവൻഷനുകളിൽ പങ്കെടുക്കുകയും പിന്തുണ അറിയിക്കുകയും ചെയ്‌തിരുന്നു. പണിമുടക്കിന്റെ വിജയത്തിന് തൊഴിലാളിവർഗത്തെ അഭിനന്ദിക്കുകയും തൊഴിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരായ തൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ സമരം തുടരാൻ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി ഐക്യദാർഢ്യ പ്രവർത്തനങ്ങൾക്കു പുറംമേ തൊഴിലാളികളുടെയും കർഷകരുടെയും ഐക്യത്തിനായുള്ള ശ്രമങ്ങൾ തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ സന്നദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതൊരു നല്ല സംഭവവികാസമാണ്.

പണിമുടക്കിന്‌ രാജ്യത്ത്‌ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും പിന്തുണ ലഭിച്ചു.  അന്താരാഷ്ട്ര തൊഴിലാളിവർഗ പ്രസ്ഥാനം, വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ഉൾപ്പെടെ നിരവധി ട്രേഡ് യൂണിയനുകൾ തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു. നിലവിൽ ഭൂഖണ്ഡങ്ങളിലും സമുദ്രങ്ങളിലുമായി വിവിധ രാജ്യത്ത്‌ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ നാവികർ തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

വിവിധ സംസ്ഥാനത്ത്‌ എഐകെഎസും എഐഎഡബ്ല്യുയുവും സിഐടിയുവുമായി യോജിച്ച്‌ പണിമുടക്ക് ദിവസങ്ങളിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. കർഷകരും കർഷകത്തൊഴിലാളികളും മിക്കവാറും എല്ലാ സംസ്ഥാനത്തിലും പ്രകടനങ്ങളിലും റെയിൽ, റോഡ് ഉപരോധങ്ങളിലും പങ്കെടുത്തു. വർഗ സംഘടനകൾക്കിടയിലെ ഈ ഐക്യദാർഢ്യവും പിന്തുണയും വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. എഐഡിഡബ്ല്യുഎ, ഡിവൈഎഫ്ഐ, എസ്എഫ്ഐ അംഗങ്ങളും രണ്ട് ദിവസത്തിലായി വിവിധ സംസ്ഥാനത്ത്‌ നടന്ന സമരങ്ങളിൽ പങ്കെടുത്തു.

പണിമുടക്കിന്‌ രാജ്യത്തുടനീളം ജനങ്ങളിൽനിന്ന്‌ വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. കോർപറേറ്റ്‌–- വർഗീയ സർക്കാരിന്റെ വിനാശകരമായ നവഉദാരവൽക്കരണ അജൻഡയിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്‌ ജനങ്ങൾ തയ്യാറെടുക്കുകയാണെന്നാണ്‌ ദ്വിദിന പണിമുടക്കിന്റെ വിജയം നൽകുന്ന സന്ദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top