26 April Friday

സ്വാഗതാർഹ പരിവർത്തനം ; പതിവ് ശൈലിയിൽനിന്നുള്ള വ്യതിയാനം

ആദികേശവൻ എസ്‌Updated: Saturday Feb 4, 2023

അപ്രിയമെന്ന്‌ പറയാവുന്ന നികുതി സമാഹരണ മാർഗത്തിലേക്ക്‌ ധനമന്ത്രി കെ എൻ ബാലഗോപാലിനെ എത്തിച്ചത്‌ എന്താണ്‌ ? പരമ്പരാഗതമായി നേരിടുന്ന ധനനിർവഹണ പ്രശ്നമാണിത്‌. അധിക നികുതി സമാഹരണത്തിനുവേണ്ടി കാലാകാലങ്ങളായി  ക്രമമായി എടുക്കേണ്ടിയിരുന്നതും എന്നാൽ എടുക്കാത്തതുമായ നടപടികളുടെ ആകെത്തുകയാണ് ബജറ്റിൽ കണ്ടത്. ക്ഷേമംമാത്രം ഉറപ്പാക്കുക, വരുമാനമാർഗങ്ങളിലേക്കുള്ള കാൽവയ്പുകളൊന്നും പരീക്ഷിക്കാതിരിക്കുകയെന്ന പതിവ് ശൈലിയിൽനിന്നുള്ള വ്യതിയാനം. യാഥാസ്ഥിതിക ഇടതുപക്ഷ വീക്ഷണത്തിന് യോജിക്കാൻ പറ്റാത്ത സ്വാഗതാർഹമായ ഒരു പരിവർത്തനം.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വ്യാവസായിക പാർക്കുകൾ,  വിഴിഞ്ഞം പദ്ധതിക്കനുബന്ധമായ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ള 1000 കോടി രൂപയുടെ നീക്കിയിരുപ്പ് തുടങ്ങി പുതിയ സമീപനങ്ങളുടെ നിഴലാട്ടവും ബജറ്റിലുണ്ട്‌. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് വർധിച്ച ഊർജം പകരനായിട്ടുള്ള ‘മേക്ക്‌ ഇൻ കേരള’ പദ്ധതി ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മുതൽക്കൂട്ടാകും.

കോയമ്പത്തൂർ–-കൊച്ചി വ്യാവസായിക ഇടനാഴിക്കായുള്ള 10,000 കോടിയുടെ പദ്ധതിയാണ് ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രഖ്യാപനം. സമയബന്ധിതമായി നടപ്പാക്കിയാൽ സംസ്ഥാനത്തിന് ‘ക്ലസ്റ്റർ’ അധിഷ്ഠിതമായ ഒരു പുതിയ വളർച്ചാ ശൃംഖല സൃഷ്ടിക്കാം.  ചെറുകിട സംരംഭങ്ങളുടെ സിരാകേന്ദ്രമായ കോയമ്പത്തൂരും കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയും തമ്മിലുള്ള കൈകോർക്കൽ.  കൊച്ചിക്കുള്ള തുറമുഖ കവാടം ഈ വ്യാവസായിക ഇടനാഴിയുടെ സാധ്യതയ്ക്ക് മാറ്റും കൂട്ടുന്നു.

നാം സാധാരണ മറക്കുന്ന ആഭ്യന്തര വളർച്ച കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തുടരുകയും നികുതി പിരിവുകൾ ഉദ്ദേശിച്ചതോതിൽ എത്തുകയും ചെയ്‌താൽ  സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റ് ഒന്നുകൂടി കൈയിലൊതുക്കാനാകും. അനാവശ്യ ചെലവുകൾ പരമാവധി കുറച്ച്‌  സർക്കാർ മേഖലയുടെ കാര്യക്ഷമതയും സേവന മേന്മയുംകൂടി വർധിപ്പിച്ചാൽ ഈ അധിക ഭാരംപോലും പൊതുജനത്തിന് സ്വീകാര്യമായി വരാം. ആഭ്യന്തര ഉൽപ്പാദനത്തിന്റെ തോത് കൂടിയാൽ തീരുന്ന പ്രശ്നമേയുള്ളൂ ധനകമ്മി മുതലായ അനുപാതങ്ങൾ. അതിന് സ്ഥായിയായ വ്യവസായ സൗഹൃദ സംസ്കാരം  ഉടലെടുക്കണം. വിഭവ സമാഹരണത്തിന് അത്യന്താപേക്ഷിതമായ  തീരുമാനങ്ങൾ കൈക്കൊള്ളണം.

(എസ്‌ബിഐ മുൻ 
സിജിഎം ആണ്‌ 
ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top