23 April Tuesday

ഒമിക്രോൺ അടുത്തുണ്ട്, സൂക്ഷിക്കുക...ഡോ. എസ് എസ് സന്തോഷ് കുമാർ എഴുതുന്നു

ഡോ. എസ് എസ് സന്തോഷ് കുമാർUpdated: Tuesday Jan 4, 2022

വൈറസിനെ പേടിച്ച് ജീവിതം തടയുകയല്ല വേണ്ടത്, മുൻകരുതലുകളിലൂടെ പ്രതിരോധിക്കുകയാണ്. അത്രയ്‌ക്ക് പേടിക്കേണ്ട ഒരു രോഗമല്ല ഒമിക്രോൺ. ഒരേസമയം ഒട്ടേറെപ്പേർക്ക് രോഗം വരുന്നതുമൂലമുള്ള പ്രശ്നങ്ങൾ തടയാനായാൽ ഇതിനെയും നമുക്ക് വരുതിയിലാക്കാൻ പറ്റുമെന്നതിൽ സംശയം വേണ്ട‐ ഡോ. എസ് എസ് സന്തോഷ് കുമാർ എഴുതുന്നു (തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്‌ ലേഖകൻ)

നോർവേക്ക്‌ വടക്ക് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഫാറോ. അവിടെ ആരോഗ്യപ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുത്ത 33 പേരിൽ 21 പേർക്ക് ഒമിക്രോൺ‌ സ്ഥിരീകരിച്ചത്‌ രാജ്യാന്തര ജേർണലുകളിൽ വന്നു. രണ്ട്‌ ഡോസ് വാക്‌സിനു പുറമേ ബൂസ്റ്റർ ഡോസ് കൂടി എടുത്തവരായിരുന്നു അവർ. യോഗത്തിനുമുമ്പുള്ള പരിശോധനയിലും നെഗറ്റീവാണെന്ന് ഉറപ്പാക്കി. എന്നിട്ടും രോഗപ്പകർ‌ച്ചയുണ്ടായി. ഒമിക്രോണിന്റെ പകർച്ചശേഷി എത്രത്തോളം വലുതാണെന്ന്‌ മനസ്സിലാക്കാൻ ഈ ഉദാഹരണം ധാരാളം.

മഹാമാരി വരുമ്പോൾ അവയുടെ സ്വഭാവം നിർണയിക്കാൻ‌ സാധിക്കുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. രോഗം മറ്റൊരിടത്ത്‌ എത്തിയാൽ അത്‌ എങ്ങനെയൊക്കെയാണ് ആളുകളെയും സമൂഹത്തെയും ബാധിക്കുകയെന്ന നിഗമനങ്ങളിലെത്താൻകൂടി ഇത്തരം പകർച്ചകളെപ്പറ്റിയുള്ള കേസ് സ്റ്റഡികൾ ഉപകരിക്കാറുണ്ട്. വുഹാൻ തരംഗം തുടങ്ങിയപ്പോഴുണ്ടായ ഉദാഹരണം ചൂണ്ടിക്കാട്ടാം. ചൈനയിൽനിന്ന് ജപ്പാനിലേക്ക് പോയ കപ്പലിലായിരുന്നു വൈറസ് പടർന്നത്. കപ്പലിൽ ഉണ്ടായിരുന്നവരിൽ 70 ശതമാനത്തോളം പേരാണ് രോഗബാധിതരായത്. അതിൽനിന്നാണ് കോവിഡ് രോഗപ്പകർച്ചയുടെ വേഗതയെപ്പറ്റിയുള്ള ധാരണ  ലഭിച്ചതും പല രാജ്യത്തിനും മുൻകരുതലുകളെടുക്കാൻ സാധിച്ചതും. ഒമിക്രോണിന്റെ കാര്യത്തിൽ അതുപോലൊരു ‘അതിവ്യാപനമാ’ണ് ഫാറോ ദ്വീപിലും നടന്നിട്ടുള്ളത്. വളരെ ലഘുവായ, കാറ്റഗറി എയിലെ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് ആശ്വാസം. വാക്സിനേഷനാകാം രോഗം ഗുരുതരമാകാതിരിക്കാൻ സഹായകമായത്. ശ്വാസകോശപ്പാളികളിൽ പെട്ടെന്ന് പറ്റിപ്പിടിക്കാനുള്ള കഴിവ് ഒമിക്രോണിന് ഉണ്ടെങ്കിലും രോഗം ഗുരുതരമാക്കാനുള്ള കഴിവ് കുറവാണ്.

ഒട്ടേറെപ്പേർ ഒരുമിച്ചു കൂടുന്നിടത്ത് എത്ര മുൻ‌കരുതൽ എടുത്താലും ചില പഴുതിനുള്ള സാധ്യത കൂടുതലാണ്. ഉറക്കെ സംസാരിക്കുക, പാട്ടുപാടുക, ചിരിക്കുക തുടങ്ങിയവയൊക്കെ രോഗം പകരാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പുതുവത്സരാഘോഷം ഒഴിവാക്കാൻ സർക്കാർ ചില നടപടിയെടുത്തതിന്റെ കാരണവും ഇതായിരുന്നു. പൂർണമായും അല്ലെങ്കിലും കുറേ  നിയന്ത്രിക്കാനും ആളുകളിൽ വ്യക്തമായ സന്ദേശം എത്തിക്കാനും സാധിച്ചു. സ്വാഭാവികമായും ഇതിനെതിരെ എതിർപ്പുകളുമുണ്ടായി.

രണ്ടുമൂന്നാഴ്ച മുമ്പ്‌ രണ്ടു ശതമാനമായിരുന്ന ഒമിക്രോൺ ഏകദേശം 30 ശതമാനത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഡൽഹിയിൽനിന്നും മുംബൈയിൽനിന്നുമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. പരിശോധനാ സംവിധാനങ്ങൾ വളരെ കുറവായതിനാൽ  റിപ്പോർട്ട് ചെയ്യുന്നത്‌ കുറവാകാനുള്ള സാധ്യതയുമുണ്ട്. റിപ്പോർട്ട് ചെയ്യുന്നതിന്റെ 10 മടങ്ങെങ്കിലും കൂടുതൽ കേസ്‌ ഉണ്ടായിരിക്കാമെന്നാണ് വിദഗ്‌ധ നിഗമനം. ഡെൽറ്റാ വകഭേദം കുറഞ്ഞുവരുമ്പോൾ ഒമിക്രോൺ പടിപടിയായി കൂടുകയാണ്. ഡെൽറ്റാ വകഭേദം മൂർധന്യത്തിൽ എത്തിയപ്പോൾ ഇന്ത്യയിൽ ഒരു ദിവസം നാലു ലക്ഷം കേസ്‌ വരെയാണ് ഉണ്ടായിരുന്നത്. ഒമിക്രോണിൽ അത് 16 ലക്ഷംമുതൽ 20 ലക്ഷംവരെ ആയേക്കാമെന്നതാണ് ഭീഷണി. അതിന്റെ ഒരു ശതമാനത്തിന് കിടത്തി ചികിത്സ വേണ്ടിവന്നാൽപ്പോലും അത് ആശുപത്രി സംവിധാനങ്ങളെ മറികടക്കും. രോഗം വന്നവരിൽ വളരെ കുറച്ചുപേർക്കു മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുള്ളൂവെന്നത് ആശ്വാസകരമാണ്. എങ്കിലും ഡെൽറ്റാ വകഭേദം സൃഷ്ടിച്ചതിനേക്കാൾ വലിയ പ്രശ്നം ഒമിക്രോൺ ആശുപത്രികളിൽ സൃഷ്ടിച്ചേക്കാം. എങ്കിൽ മാത്രമേ കൂടുതൽ മുൻകരുതലുകൾ എടുക്കാനാകൂ. കൂടുതൽ പരിശോധനയും രോഗം കൃത്യമായി മനസ്സിലാക്കാനുള്ള സാമ്പിൾ ചെയ്ത് യഥാർഥ കണക്ക് കണ്ടെത്താനുള്ള സംവിധാനങ്ങളും അത്യാവശ്യമാണ്.

ഒമിക്രോണിന്റെ സ്വഭാവത്തെപ്പറ്റി നമുക്ക് ധാരണ ലഭിച്ചു. വളരെ വേഗം പകരുന്നു, വാക്സിൻ എടുത്തവർക്കും രോഗമുണ്ടാക്കുന്നു, രോഗലക്ഷണങ്ങൾ കുറവാണെങ്കിലും എണ്ണം വളരെ കൂടുതലായതിനാൽ പഴയതിനേക്കാൾ അഞ്ചിരട്ടിയെങ്കിലും കേസ്‌ ഉണ്ടായേക്കാം എന്നൊക്കെയാണത്. വേഗത്തിൽ പകരുന്ന രോഗം സമൂഹത്തിൽ വന്നാൽ എന്താണ് ചെയ്യേണ്ടത്‌ എന്നതിനെപ്പറ്റിയുള്ള ധാരണയുണ്ടാകണം. വേഗത്തിൽ പകരുമ്പോൾ എത്രപേർക്ക് രോഗമുണ്ടെന്നതും എത്രപേർക്ക് ഇല്ലെന്നതും നിർണായക ഘടകമാണ്.

രോഗി കാറ്റഗറി ‘എ’യിൽ ആണെങ്കിൽ ഹോം കെയറിലായിരിക്കും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്. വീട്ടിൽ എല്ലാവർക്കും ഒരുമിച്ചുവന്നാൽ  കാഠിന്യം താരതമ്യേന കുറവുള്ളവർ മറ്റുള്ളവരെ പരിചരിക്കുക. ഹോം കെയറിനെപ്പറ്റി ബോധവൽക്കരണം എല്ലാവർക്കും ലഭ്യമാക്കണം. മുറികളിൽ വായുസഞ്ചാരം വേണം. പുറത്തുനിന്നുള്ളവർ വരുമ്പോൾ ഉൾപ്പെടെ മാസ്ക് ധരിക്കണം. വസ്ത്രങ്ങൾ അണുവിമുക്തമാക്കണം. ഭക്ഷണം കഴിച്ച പാത്രങ്ങൾ അവരവർ തന്നെ കഴുകുക. പൾസ് ഓക്സിമീറ്റർ‌ ഉപയോഗിക്കേണ്ടവിധം അറിഞ്ഞിരിക്കണം. ഡോക്ടർമാരുമായി ഇ- സഞ്ജീവനി വഴിയും മറ്റും ബന്ധപ്പെടാനുള്ള മാർഗങ്ങളിൽ പരിശീലനം നൽകണം.
ലക്ഷണങ്ങളുള്ള മുഴുവൻ പേരെയും ഒമിക്രോൺ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സംവിധാനം നമുക്കില്ല. അതുകൊണ്ടുതന്നെ ക്ലിനിക്കൽ പരിശോധനയിലൂടെ രോഗം നിർണയിക്കേണ്ടിവന്നേക്കാം. അങ്ങനെയെങ്കിൽ സാമ്പിൾ സർവേയോ മറ്റോ നടത്തി നിഗമനങ്ങളിൽ എത്താൻ പറ്റുന്ന രീതികൾ വികസിപ്പിച്ചാൽ സമൂഹത്തിൽ എത്രമാത്രം ഒമിക്രോൺ ഉണ്ടെന്ന് ധാരണ ലഭിക്കും.  ഐസിയു പോലുള്ള സംവിധാനങ്ങൾ എത്രപേർക്ക് ആവശ്യമായേക്കാം എന്നതൊക്കെ കണക്കാക്കണം. ഒരു ശതമാനമെന്നത് മൂന്നു ശതമാനമായാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മനസ്സിലാക്കിയുള്ള തയ്യാറെടുപ്പുകളാണ്‌ ആവശ്യം.

രോഗം പ്രതിരോധിക്കുന്ന കാര്യത്തിൽ നാം മുൻപന്തിയിൽത്തന്നെയാണ്. പതിയെ തുടങ്ങി പതിയെ അവസാനിക്കുന്ന തരത്തിലായിരുന്നു  ഉണ്ടായത്. മാസ്കും സാമൂഹ്യ അകലവും കൈകഴുകലുംപോലുള്ള പ്രതിരോധമാർഗങ്ങൾ കൃത്യമായി പിന്തുടർന്നതുകൊണ്ടുതന്നെയാണ് ആ ഗുണം കേരളത്തിനു കിട്ടിയത്. എൻ- 95 മാസ്ക്  ഉപയോഗം വ്യാപകമാക്കിയാൽത്തന്നെ ഒമിക്രോണിന്റെ വ്യാപനം തടയാൻ കുറേയൊക്കെ സാധിക്കും.
    വൈറസിനെ പേടിച്ച് ജീവിതം തടയുകയല്ല വേണ്ടത്, മുൻകരുതലുകളിലൂടെ പ്രതിരോധിക്കുകയാണ്. അത്രയ്‌ക്ക് പേടിക്കേണ്ട രോഗമല്ല ഒമിക്രോൺ. ഒരേസമയം ഒട്ടേറെപ്പേർക്ക് രോഗം വരുന്നതുമൂലമുള്ള പ്രശ്നങ്ങൾ തടയാനായാൽ ഇതിനെയും നമുക്ക് വരുതിയിലാക്കാൻ പറ്റുമെന്നതിൽ സംശയം വേണ്ട.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top