17 August Wednesday

വിലക്കയറ്റത്തിന് തീ പിടിപ്പിക്കുന്ന കേന്ദ്രം

ജോർജ് ജോസഫ്Updated: Wednesday Nov 3, 2021

പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലക്കയറ്റം നിരന്തരം ചർച്ചയാകുമ്പോൾ ഇതുവഴി കേന്ദ്രത്തിന് ലഭിക്കുന്ന അധികവരുമാനത്തിന്റെ യഥാർഥ ഉപയോക്താക്കളെക്കുറിച്ച്‌ അറിയേണ്ട യാഥാർഥ്യങ്ങളുണ്ട്. ഇത് ഗ്രാമീണമേഖലയിലെ ക്ഷേമപ്രവർത്തനങ്ങൾക്കും കക്കൂസ് നിർമാണത്തിനും മറ്റും വേണ്ടിയാണെന്ന പ്രചാരണം പൊടിപൊടിക്കുമ്പോൾ, കോർപറേറ്റ് മേഖലയ്‌ക്കായി ജനത്തെ ഞെക്കിപ്പിഴിയുകയാണെന്ന് ബോധ്യപ്പെടുകയാണ്. 2020 ജൂലൈയിലെ പാക്കേജിന്റെ ഭാഗമായി കോർപറേറ്റ് ആദായ നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചു. പുതിയ മാനുഫാക്‌ചറിങ് കമ്പനികളുടെ ആദായനികുതി 25ൽ നിന്ന്‌ 15 ശതമാനമാക്കി കുറച്ചു. മിനിമം ആൾട്ടർനേറ്റ് ടാക്‌സ് 18.5 ശതമാനത്തിൽനിന്ന്‌ 15 ശതമാനമായി ഇളവു നൽകി. 1,45,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി കേന്ദ്രത്തിനുണ്ടായത്. കോവിഡ്മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനുവേണ്ടി എന്ന പേരിലായിരുന്നു ഇത്. ഈ വരുമാനച്ചോർച്ച ഏതെങ്കിലും വിധത്തിൽ നികത്തേണ്ടത് ധനകമ്മിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അനിവാര്യമാണ്. അതുകൊണ്ട് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്ന അവശ്യ വസ്തുവിന്റെ വിലയും എക്‌സൈസ് തീരുവയും ഉയർത്തി ജനങ്ങളെ പിഴിയൽ ശക്തമായിത്തന്നെ കേന്ദ്രം മുന്നോട്ട് കൊണ്ടുപോകുമെന്നുറപ്പ്‌.

കോർപറേറ്റുകൾക്ക് നിസ്സാരപലിശയ്‌ക്ക് വായ്പയടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോഴും കാർഷികമേഖലയ്‌ക്ക് ഫലപ്രദമായ ആശ്വാസം സർക്കാർ നൽകിയില്ല. മൊറട്ടോറിയംകാല പിഴപ്പലിശ ഒഴിവാക്കുന്നതിനുപോലും അനുകൂല നിലപാട് സ്വീകരിക്കാൻ തയ്യാറാകാതെ, കോർപറേറ്റ് മേഖലയോട് ഉദാരനിലപാട് സ്വീകരിച്ചു. വലിയ ആനുകൂല്യങ്ങൾ നേടിയ കോർപറേറ്റുകൾ കോവിഡിന്റെ മറവിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുക, ശമ്പളവും മറ്റ് ആനുകൂല്യവും വെട്ടിക്കുറയ്ക്കുക തുടങ്ങിയ പരിപാടികളാണ് നടത്തിയത്‌. ഇത്തരത്തിൽ വലിയ വരുമാനച്ചോർച്ച ഉണ്ടാകുംവിധം കോർപറേറ്റുകളെ കൈവിട്ട് സഹായിച്ചപ്പോൾ 2020–-21ലെ പുതുക്കിയ കണക്ക്‌ പ്രകാരം ധനകമ്മി 9.5 ശതമാനമായി ഉയർന്നു. ബജറ്റിൽ 30.42 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നത് യഥാർഥത്തിൽ 34.50 ലക്ഷം കോടിയായി ഉയർന്നു. 2021–- -22 സാമ്പത്തിക വർഷത്തേക്ക് പ്രതീക്ഷിക്കുന്ന ധനകമ്മി 6.8 ശതമാനമാണ്.

ഈ പ്രതികൂല സാഹചര്യത്തിലും കോർപറേറ്റുകൾക്ക് ഇളവ് നൽകാതിരിക്കാൻ കേന്ദ്രത്തിന് കഴിയില്ല. വരുമാന ഇടിവ് നികത്താതിരിക്കാനും കഴിയില്ല. അതല്ലെങ്കിൽ ധനകമ്മി 12 ശതമാനത്തിനു മുകളിലേക്ക് ഉയരും. അത് വിദേശ സാമ്പത്തികശക്തികൾക്ക്‌ ഹിതകരമല്ല. അതുകൊണ്ട് ഏറ്റവും അവശ്യവസ്തുവായ ഇന്ധനവിലയെ ഉപയോഗിച്ചുതന്നെ ഇത് സമാഹരിക്കുക എന്ന തന്ത്രത്തിനാണ് മുൻതൂക്കം നൽകുക. അതുകൊണ്ടുതന്നെ, സാധാരണക്കാരെ പിഴിഞ്ഞാലും കേന്ദ്രം പിന്നോട്ട് പോകുന്നതിനുള്ള ഒരു സാധ്യതയുമില്ല.

വൻതോതിലുള്ള വിലക്കയറ്റത്തിലേക്ക് രാജ്യം നീങ്ങുമ്പോഴും വീണവാദനത്തിൽ അഭിരമിക്കുകയാണ് കേന്ദ്രഭരണകർത്താക്കൾ. റിസർവ് ബാങ്ക് വിപൽക്കരമായ ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് പലതവണ ഉൽക്കണ്ഠ രേഖപ്പെടുത്തി. കാർഷിക പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനവും ഉൽപ്പാദനത്തെ തളർത്തുമ്പോൾ ഇന്ധന വിലവർധന എരിയുന്ന തീയിലേക്ക് വീണ്ടും എണ്ണ കോരിയൊഴിക്കുകയാണ്. റിസർവ് ബാങ്ക് പറയുന്നത് നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.8 ശതമാനത്തിലേക്ക് ഉയരുമെന്നാണ്. പാചകവാതകത്തിന്റെ സബ്‌സിഡി നിലച്ചു. കണക്കുതന്നെ ഇത് വ്യക്തമാക്കുന്നു. 2019–-20 സാമ്പത്തികവർഷത്തിൽ 35,605 കോടി ഈ ഇനത്തിലുള്ള സബ്സിഡിക്കായി നീക്കിവച്ചപ്പോൾ 2020–-21ൽ അത് 25,520 കോടിയായി കുറഞ്ഞു. 2021–-22ലെ ബജറ്റിൽ ഇതിനായി കാണിച്ചിരിക്കുന്നത് കേവലം 12,480 കോടിയും.

ഇപ്പോൾ സബ്‌സിഡി നൽകുന്നുമില്ല. 2014ൽ മോദി അധികാരത്തിൽ വരുമ്പോൾ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 9.48 രൂപയും ഡീസലിന്റേത് 3.56ഉം ആയിരുന്നു. ഇപ്പോൾ അത് യഥാക്രമം 22.98ഉം 18.83 രൂപയുമാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ പെട്രോളിന്റെ എക്‌സൈസ് തീരുവ 258 ശതമാനവും ഡീസലിന്റേത് 820 ശതമാനവുമാണ് വർധിപ്പിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട (ഡിവിസിബിൾ പൂൾ) അടിസ്ഥാന എക്‌സൈസ് തീരുവ 2016ൽ 9.48 രൂപയായിരുന്നത് കുറച്ച് 1.4 രൂപയാക്കുകയാണ് കേന്ദ്രം ചെയ്തത് എന്നതാണ്. പകരം സംസ്ഥാനങ്ങളുമായി പങ്ക് വയ്‌ക്കേണ്ടതില്ലാത്ത സെസ്, സ്പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി, കാർഷിക സെസ്‌ തുടങ്ങിയ ഇനങ്ങളിലായി 31.5 രൂപയായി വർധിപ്പിക്കുകയും ചെയ്തു.

ശരാശരി മൂന്നു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഒരു വർഷം ഇതുവഴി കേന്ദ്രം നേടുന്നുണ്ടെന്ന മിതമായ കണക്കെടുത്താൽപ്പോലും നികുതിവർധന വഴി പിഴിഞ്ഞെടുത്തിരിക്കുന്നത് 21 ലക്ഷം കോടിയാണ് എന്നോർക്കണം. എന്നാൽ, ഇക്കാലയളവിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിൽ ഒരു വർധനയും കേരളത്തിൽ സംസ്ഥാന സർക്കാർ വരുത്തിയിട്ടില്ല. 2018ൽ നികുതി നിരക്കുകളിൽ ഇളവ് വരുത്തുകയും ചെയ്തു. പെട്രോളിനും ഡീസലിനും വാറ്റ് ആയതിനാൽ വില വർധിക്കുന്നതിന്‌ അനുസരിച്ച് സംസ്ഥാനത്തിന്റെ നികുതിവരുമാനം ഉയരുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ, എണ്ണക്കമ്പനികൾ വില ഉയർത്താതിരുന്നാൽ നികുതിയിലെ വർധന ഉണ്ടാകില്ല. വില ഉയർത്തുന്നതിന്‌ അനുസരിച്ച് സ്വാഭാവികമായ വരുമാനവർധനയാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. ഇത് കേരളത്തിന്റെ കാര്യത്തിൽമാത്രം സംഭവിക്കുന്നതല്ല. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇങ്ങനെതന്നെ. അവിടങ്ങളിൽ കേരളത്തേക്കാൾ വളരെ കൂടിയ നികുതിയുമുണ്ട്‌. ഇനി എന്തുകൊണ്ട് കേരളത്തിന് അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിച്ചുകൂടാ എന്ന ചോദ്യത്തിലേക്ക് വരാം. സ്വാഭാവികമായും പെട്ടെന്ന് ശരിയല്ലേ എന്ന് ദ്യോതിപ്പിക്കുന്ന ഈ ചോദ്യം സമർഥമായി ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർടികളും മുഖ്യധാരാ മാധ്യമങ്ങളും ഇളക്കിവിടുന്നുണ്ട്.

ഇവിടെ പ്രസക്തമായ ചോദ്യം, ബിജെപി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങൾ ഇത്തരത്തിൽ നികുതി ഇളവ് നൽകിയിട്ടുണ്ട് എന്നതാണ്. അവിടെയൊന്നും നൽകാത്ത ആനുകൂല്യമാണ് കേരളത്തിൽ അവർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലെ യഥാർഥ പ്രശ്നം എന്തെന്ന് ഒന്ന് പരിശോധിക്കാം. കഴിഞ്ഞ ഏതാനും ദിവസമായി ശരാശരി 35, -40 പൈസയുടെ വർധനയാണ് നിത്യേന വരുത്തുന്നത്. ഇതിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി ഒഴിവാക്കിയാൽ ഉപയോക്താവിന് കിട്ടുന്ന ഇളവ് കേവലം എട്ട് പൈസയാണ്. അതായത്, 108.40 രൂപയാണ് വിലയെങ്കിൽ അത് 108.32 രൂപയായി മാറും. ഇതുകൊണ്ട് എന്ത് വിലക്കുറവാണ് സംഭവിക്കുന്നത്? നിലവിൽ സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിൽ ഒരു രൂപയുടെ നഷ്ടംപോലും താങ്ങാൻ കഴിയാത്ത സാഹചര്യവുമുണ്ട്‌.

കേരളമുൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളുടെ കാര്യത്തിലും സർക്കാർ ചെലവഴിക്കൽ സങ്കീർണമായ അവസ്ഥയിലാണ്, പ്രത്യേകിച്ച് കോവിഡിനുശേഷം. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും സർക്കാർ നയങ്ങൾ അതിന്‌ അനുസൃതമായി മാറുകയും ചെയ്തു. റവന്യൂവരുമാനം കുത്തനെ കുറയുകയും സബ്‌സിഡികൾ ഉൾപ്പെടെ വരുന്ന റവന്യൂചെലവുകൾ കുതിച്ചുയരുകയും ചെയ്തു. 2020–- -21ൽ കേന്ദ്രത്തിൽനിന്നുള്ള വരുമാനം ഒഴിച്ചുനിർത്തിയാൽ സംസ്ഥാന ബജറ്റിൽ പ്രതീക്ഷിച്ചതും ലഭിച്ചതുമായ വരുമാനത്തിൽ 22,000 കോടിയുടെ കുറവുണ്ട്. ബജറ്റിൽ കണക്കാക്കിയ 67,420 കോടിയിൽനിന്ന്‌ 33 ശതമാനം കുറവാണ് ഇത്. 2019–- -20 വർഷവുമായി ഒത്തുനോക്കുമ്പോൾ റവന്യൂവരുമാനം 10 ശതമാനംകണ്ട് കുറയുകയും ചെലവ്‌ 12 ശതമാനം ഉയരുകയും ചെയ്തു. (ഏകദേശം 14,000 കോടിയുടെ വർധന). മൊത്തത്തിൽ 2020–-21ലെ റവന്യൂകമ്മി 24,200 കോടിയാണ്. മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഎസ്ഡിപി) 2.9 ശതമാനം വരുമിത്. ഇത്തരമൊരു സന്ദിഗ്‌ധ ഘട്ടത്തിലൂടെയാണ്‌ കേരളം കടന്നുപോകുന്നത്‌. കേന്ദ്രം നികുതി അടിക്കടി വർധിപ്പിച്ചതും എല്ലാ ദിവസവും വില ഉയർത്തുന്നതുമാണ്‌ അടിസ്ഥാന പ്രശ്നം. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top