25 April Thursday

കപ്പല്‍പ്പാതയിലെ കാറും കോളും - പി പി ചിത്തരഞ്‌ജൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സമുദ്രമേഖലയിൽ ആഗസ്‌ത്‌ ഒന്നുമുതൽ നിലവിൽ വന്ന കപ്പൽപ്പാത കേരളത്തിലെ മത്സ്യബന്ധനമേഖലയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. കേരളത്തിന്റെ കടലിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ കപ്പലുകൾ കടന്നുപോകുന്നതിനായുള്ള പാതയാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്. കപ്പലുകൾ ഇടിച്ച് മത്സ്യബന്ധന യാനങ്ങൾ തകരുന്നതും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് പുതിയ കപ്പൽപ്പാതയുടെ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് കേന്ദ്ര ഷിപ്പിങ് ഡയറക്ടറേറ്റ് പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കപ്പൽപ്പാതയ്ക്ക് എതിരല്ല. പാത കടന്നുവരുന്ന റൂട്ടിൽ മാറ്റംവരുത്തണമെന്നാണ് കേരള സർക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. 

കപ്പൽപ്പാതയുടെ ഒന്നും രണ്ടും പാദത്തെ സംബന്ധിച്ച വിവരങ്ങളാണ് ഷിപ്പിങ്‌ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടാം ഭാഗം ആഴക്കടലിലൂടെ ആയതിനാൽ കേരളത്തിലെ മത്സ്യബന്ധന സമൂഹത്തിന് കാര്യമായി ബാധിക്കുന്നതല്ല. എന്നാൽ, ഒന്നാമത്തെ പാത കടന്നുപോകുന്നത് ക്വയിലോൺ ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശത്തുകൂടിയാണ്. നീണ്ടകര കേന്ദ്രീകരിച്ച് ഏറ്റവും കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്. കരിക്കാടി, കഴന്തൻ, പൂവാലൻ, നാരൻ തുടങ്ങിയ മീനുകളും ആവോലി തുടങ്ങിയ അടിത്തട്ട് മത്സ്യങ്ങളും സ്രാവ്, കിളിമീൻ ധാരാളമായിട്ടുള്ള പ്രദേശമാണ് ക്വയിലോൺ ബാങ്ക്. 

കൊല്ലം, ആലപ്പുഴ ജില്ലകളിലായി തീരത്തുനിന്ന്‌ 60 കിലോമീറ്റർ പടിഞ്ഞാറ് 50 കിലോമീറ്റർ വീതിയിൽ പരന്നുകിടക്കുന്ന ഒരു കടൽത്തട്ടാണ് കൊല്ലം പരപ്പ് (ബാങ്ക്) എന്ന പേരിൽ അറിയപ്പെടുന്നത്. ഈ പരപ്പിലൂടെയാണ് കപ്പൽപ്പാത കടന്നുപോകുന്നത്. വർക്കലയുടെ തീരത്തുനിന്ന്‌ 68 കിലോമീറ്റർ പടിഞ്ഞാറ് 17 കിലോമീറ്റർ വീതിയും വടക്ക് അമ്പലപ്പുഴവരെ 85 കിലോമീറ്ററാണ് നിർദിഷ്ട കപ്പൽപ്പാത. അമ്പലപ്പുഴയ്‌ക്ക് 70 കിലോമീറ്റർ പടിഞ്ഞാറ് അവസാനിക്കുന്ന രൂപത്തിലാണ് പാത രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിന്റെ പ്രധാനപ്പെട്ട മത്സ്യസങ്കേതങ്ങളായ വാഡ്ജ് ബാങ്ക്, ചേറ്റുവ പരപ്പ്, ഏഴിമല ബാങ്ക്, മഞ്ഞപ്പാറ പരപ്പ് എന്നിവയെ സംബന്ധിച്ച് ഷിപ്പിങ്‌ മന്ത്രാലയത്തിന്റെ കുറിപ്പിൽ പരാമർശിച്ചിട്ടില്ല. ഏഴിമല ബാങ്ക് നെയ്മീന്റെ പ്രധാന ആവാസകേന്ദ്രമാണ്. മഞ്ഞപ്പാറഭാഗത്താണ് ഏറ്റവും കൂടുതൽ ചൂരമത്സ്യം ലഭിക്കുന്നത്. 


 

കേരളതീരത്ത് (ഒമ്പത്‌ അപകടത്തിലായി 2012 മുതൽ 2018 ആഗസ്‌ത്‌ ഏഴുവരെ 13 മത്സ്യത്തൊഴിലാളികൾ മരിച്ചു) നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ കപ്പൽപ്പാത കൂടുതൽ പടിഞ്ഞാറോട്ട് മാറ്റണമെന്ന് കേരള സർക്കാർ കേന്ദ്രസർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. 2018 നവംബർ 10, 11 തീയതികളിൽ കൊച്ചിയിൽ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിൽ നിർദിഷ്ട കപ്പൽപ്പാത 50 നോട്ടിക്കൽ മൈൽ (92.5 കിലോമീറ്റർ) പടിഞ്ഞാറുകൂടി വേണമെന്ന നിലപാടാണ് കേരള ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ നിലപാട് ഏകപക്ഷീയമായി തള്ളിക്കളയുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. കോവിഡ് വ്യാപനം, ലോക്ഡൗൺ നിയന്ത്രണം തുടങ്ങിയവമൂലം കടുത്ത പ്രതിസന്ധിയിലാണ് മത്സ്യമേഖല. കേന്ദ്രസർക്കാർ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും മത്സ്യമേഖലയ്ക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. വൻകിട കുത്തകകളുടെയും കോർപറേറ്റുകളുടെയും താല്പര്യ സംരക്ഷണംമാത്രമാണ് നടക്കുന്നത്. കേന്ദ്രസർക്കാർ കേരളത്തോട് പ്രതികാരപരമായാണ് പ്രവർത്തിക്കുന്നത്. തീരസംരക്ഷണത്തിന് വർഷങ്ങളായി സാമ്പത്തികസഹായം നൽകുന്നില്ല. ഹാർബറുകളുടെ നിർമാണത്തിനുള്ള കേന്ദ്രവിഹിതം നിർത്തലാക്കി, മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണത്തിന് സഹായം നൽകുന്നില്ല, ഒടുവിലായി പതിനായിരങ്ങളുടെ ജീവിതം തകർക്കുന്ന പുതിയ കപ്പൽപ്പാതയും. 

കന്യാകുമാരിക്ക് തെക്ക് വാഡ്ജ് ബാങ്ക് എന്നറിയപ്പെടുന്ന മത്സ്യസങ്കേതം പുതിയ കപ്പൽപ്പാതമൂലം ഭീഷണി നേരിട്ട മറ്റൊരു മേഖലയായിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ തമിഴ്നാട്ടിലെ എഐഎഡിഎംകെ സർക്കാരിന്റെയും എംപിമാരുടെയും ശ്രമഫലമായി പ്രത്യേക ക്രമീകരണങ്ങളോടെ ഒഴിവാക്കി. എന്നാൽ, കേരള നിർദേശം പൂർണമായും അവഗണിച്ചു. കേരള സർക്കാരുമായും മത്സ്യബന്ധന സമൂഹവുമായി ചർച്ചചെയ്തുകൊണ്ട് കപ്പൽപ്പാതയിൽ ആവശ്യമായ മാറ്റംവരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്‌.

അടുത്ത കാലത്തുണ്ടായ കപ്പൽ അപകടങ്ങൾ
(1) 2012 ഫെബ്രുവരി 15ന്‌ എൻറിക്ക ലെക്സി എന്ന കപ്പലിൽനിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. 20.2 നോട്ടിക്കൽ മൈൽ അകലെവച്ചായിരുന്നു സംഭവം.

(2) 2012 മാർച്ച് ഒന്നിന് വെളുപ്പിന് മനക്കോടത്തിന് പടിഞ്ഞാറ് പ്രഭൂദയ എന്ന കപ്പലിടിച്ച് അഞ്ച് ബോട്ട് തൊഴിലാളികൾ മരണമടഞ്ഞു.

(3)2017 ജനുവരി: കൊല്ലത്തിന് 67 നോട്ടിക്കൽ മൈൽ അകലെ കപ്പലിടിച്ച് ബോട്ട് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു.

(4)2017 ജൂൺ: കൊച്ചിക്ക് 14 നോട്ടിക്കൽ മൈൽ അകലെ ആംബർ–-എൽ കപ്പലിടിച്ച് കാർമൽ മാതാ ബോട്ടിലെ മൂന്നുപേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു.

(5)2017 ഒക്ടോബർ: ബേപ്പൂരിൽ 50 നോട്ടിക്കൽ മൈൽ അകലെ കപ്പലിടിച്ച് ഇമ്മാനുവൽ ബോട്ട് തകർന്നു. കപ്പലിനെ തിരിച്ചറിഞ്ഞിട്ടില്ല.

(6)2017 ആഗസ്‌ത്‌: കൊല്ലത്തിന്‌ 39 നോട്ടിക്കൽ മൈൽ അകലെ ഹോങ്‌കോങ് പതാക വഹിച്ച കപ്പലിടിച്ച് ആരോഗ്യ അന്ന എന്ന ബോട്ട് തകർന്നു. കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല.

(7)2018 ജനുവരി: കന്യാകുമാരിക്ക് പടിഞ്ഞാറ് അജ്ഞാത കപ്പലിടിച്ച് നെൽസൺ എന്ന ബോട്ട് തകർന്നു.

(8)2018 ജൂലൈ 2:  മുനമ്പത്ത് പടിഞ്ഞാറ് മയൂരിനാരി എന്ന കപ്പലിടിച്ച് ഡിവൈൻ എന്ന വള്ളം തകർന്നു.

(9)2018 ആഗസ്‌ത്‌ 7:  ചേറ്റുവയ്‌ക്ക് പടിഞ്ഞാറ് ദേശശക്തി എന്ന കപ്പലിടിച്ച് ഓഷ്യാന എന്ന ബോട്ട് തകർന്ന് മൂന്നുപേർ മരിച്ചു.

(കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു )ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top