03 December Sunday

നെല്ല് സംഭരണവില ; ഇതാ വസ്തുതകൾ - ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
 സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2023

കേരളത്തിലെ കര്‍ഷകരില്‍നിന്ന്‌ സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമീപ ദിവസങ്ങളില്‍ ഉണ്ടായ ചര്‍ച്ചയില്‍ ഇതുസംബന്ധമായ വസ്തുതകള്‍ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള പരാമര്‍ശങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതോടൊപ്പം രാഷ്ട്രീയപ്രേരിതമായ കുപ്രചാരണങ്ങളും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഇക്കാര്യത്തില്‍ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു.

എന്താണ് നെല്ല്‌ സംഭരണപദ്ധതി
കേന്ദ്ര –-സംസ്ഥാനസര്‍ക്കാരുകള്‍ സഹകരിച്ചു നടപ്പാക്കുന്ന ഒന്നാണ് വികേന്ദ്രീകൃത ധാന്യസംഭരണപദ്ധതി. പൊതുവിപണിയില്‍ അരിയുടെയും ഗോതമ്പിന്റെയും വില താഴ്ത്തി ഇടനിലക്കാര്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ കഴിയാത്തവിധമുള്ള ഒരു സംരക്ഷണകവചമാണ് താങ്ങുവില അഥവാ എംഎസ്‌പി. ഇതൊരു കുത്തകസംഭരണമല്ല. പല സംസ്ഥാനത്തും നെല്ല് പൂര്‍ണമായി സര്‍ക്കാര്‍ സംഭരിക്കുന്നില്ല. കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍ നെല്ല് വില്‍ക്കുന്നതിന് ഈ പദ്ധതി ഒരുവിലക്കും ഏര്‍പ്പെടുത്തുന്നില്ല. എന്നാല്‍, രാജ്യത്തേറ്റവും വിജയകരമായി പദ്ധതി നടപ്പാക്കുന്ന കേരളത്തില്‍ കര്‍ഷകര്‍ നല്‍കുന്ന ഒരു മണി നെല്ല് ഒഴിയാതെ സംഭരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവിലയായ 20 രൂപ 40 പൈസയ്ക്കൊപ്പം സംസ്ഥാനം നല്‍കുന്ന പ്രോത്സാഹന ബോണസായ ഏഴുരൂപ 80 പൈസയും കൂടിച്ചേര്‍ത്തു ലഭിക്കുന്ന 28 രൂപ 20 പൈസ രാജ്യത്തെ ഏറ്റവും ഉയര്‍ന്നവിലയാണ്.

ഇപ്രകാരം സംഭരിക്കുന്ന നെല്ല് സംസ്കരിച്ച് അരിയാക്കി റേഷന്‍കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതമായി അനുവദിക്കുന്ന ഭക്ഷ്യധാന്യത്തില്‍ ഇത് കിഴിച്ചുള്ള ഭാഗമാണ് എഫ്സിഐയില്‍നിന്നും പൊതുവിതരണത്തിനായി റേഷന്‍കടകളില്‍ എത്തിക്കുന്നത്. നെല്ല് അരിയാക്കി റേഷന്‍കടകള്‍വഴി വിതരണം ചെയ്തതിനുശേഷം മാത്രമേ താങ്ങുവില ലഭിക്കാനുള്ള ക്ലെയിം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വ്യവസ്ഥയുള്ളൂ. ഈ തുക ലഭിക്കുമ്പോള്‍ ശരാശരി നെല്ലെടുത്ത് ആറുമാസംവരെ കാലതാമസം ഉണ്ടാകാറുണ്ട്.

കര്‍ഷകര്‍ക്ക് സപ്ലൈകോ 
ഉടന്‍ വില നൽകുന്നത്‌ എങ്ങനെ
കര്‍ഷകരില്‍നിന്ന് ഇപ്രകാരം സംഭരിക്കുന്ന നെല്ല് സംസ്കരിച്ച് വിതരണയോഗ്യമായ അരിയാക്കി റേഷന്‍കടകളില്‍ എത്തിക്കുന്ന നോഡല്‍ ഏജന്‍സി കേരളത്തില്‍ സപ്ലൈകോയാണ്. ഈ ജോലി മികച്ച നിലയില്‍ത്തന്നെ സപ്ലൈകോ നിര്‍വഹിക്കുന്നു. സംഭരണവില ലഭ്യമാക്കാന്‍ വരുന്ന കാലതാമസംമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രയാസം മറികടക്കാനാണ് പിആര്‍എസ് വായ്പാപദ്ധതി സപ്ലൈകോ ബാങ്കുകളുമായി ചേര്‍ന്നു നടപ്പാക്കിയത്. ഇപ്രകാരം നെല്ല്‌ അളന്നെടുക്കുമ്പോള്‍ കര്‍ഷകനു നല്‍കുന്ന പാഡി റസീപ്റ്റ് ഷീറ്റ് ഈടായി സ്വീകരിച്ച് ബാങ്കുകള്‍ വായ്പ നല്‍കുന്നു. വ്യക്തിഗത വായ്പയുടെ നടപടിക്രമങ്ങളിലൂടെ കര്‍ഷകന് കടന്നുപോകേണ്ടിവരുമെങ്കിലും നെല്ല്‌ സംഭരിച്ചയുടന്‍ വില ലഭ്യമാക്കുന്നു. വായ്പത്തുക പലിശ സഹിതം സപ്ലൈകോ അടച്ചുതീര്‍ത്തുവരികയായിരുന്നു.

പ്രയാസത്തിന്‌ കാരണം
സംഭരിച്ച നെല്ല് സംസ്കരിച്ച് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തതിനുശേഷം കണക്കുകള്‍ അനുരഞ്‌ജനപ്പെടുത്തുന്നത് സാങ്കേതികപ്രക്രിയയാണ്. ഇതിലുണ്ടാകുന്ന സ്വാഭാവിക കാലതാമസംമൂലം കേന്ദ്രവിഹിതം ലഭിക്കാന്‍ വൈകുകയും തൽഫലമായി സപ്ലൈക്കോയ്ക്ക് ബാങ്കുകളിലെ കര്‍ഷകവായ്പകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ കഴിയാതെ വരികയും ഇത് കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ സപ്ലൈകോ വര്‍ക്കിങ്‌ ക്യാപിറ്റല്‍ ലോണെടുത്ത് കര്‍ഷകരുടെ വായ്പാബാധ്യത ഒഴിവാക്കി തിരിച്ചടവ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് നെല്ല്‌ സംഭരണവില നൽകുന്നതിന് പിആര്‍എസ് വായ്പകള്‍ നല്‍കുന്നതിന് വിമുഖത കാണിക്കുന്ന സമീപനമാണ് ബാങ്കുകള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടുകൊണ്ട് എസ്ബിഐ, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയടങ്ങിയ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പ ലഭ്യമാക്കി ഭൂരിപക്ഷം കര്‍ഷകര്‍ക്കും തുക നല്‍കി. എന്നാല്‍, മുഴുവന്‍ പേര്‍ക്കും കൊടുത്തുതീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതിനെ മറികടക്കാനും സത്വരനടപടികള്‍ സ്വീകരിച്ചു.

താങ്ങുവില ഇനത്തില്‍ കേന്ദ്രത്തില്‍നിന്ന്‌ കേരളത്തിനു ലഭ്യമാകാനുള്ള കുടിശ്ശിക 637.7 കോടി രൂപയാണ്. ഈ തുക ലഭ്യമായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കാന്‍ സര്‍ക്കാരിന് ബാങ്കുകളെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ല. ഈ കുടിശ്ശിക ലഭിക്കുന്നതിനുവേണ്ടി നിരവധി തവണ കേരള സര്‍ക്കാര്‍ കത്തുകള്‍ അയക്കുകയും ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും ഇടപെടുകയും ചെയ്തെങ്കിലും കേന്ദ്രത്തില്‍നിന്ന്‌ അനുകൂല സമീപനമുണ്ടായില്ല. ഈ ഘട്ടത്തിലൊന്നും ഇപ്പോള്‍ കര്‍ഷകപ്രേമവുമായി വന്നിരിക്കുന്ന യുഡിഎഫ് എംപിമാരൊന്നും  ചെറുവിരൽപോലും അനക്കിയില്ല.

ഇപ്പോഴത്തെ സ്ഥിതി
2022–-23 സീസണില്‍ ആകെ ശേഖരിച്ച 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ലിന്റെ വിലയായി 2070.71 കോടിയാണ് നല്‍കേണ്ടിയിരുന്നത്. അതില്‍ 1820.71 കോടി വിതരണം നടത്തിക്കഴിഞ്ഞിട്ടുള്ളതാണ്. ബാങ്ക് വായ്പ ലഭിക്കാന്‍ കാലതാമസം നേരിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 180 കോടിയില്‍നിന്ന് 50,000 രൂപവരെ കിട്ടാനുള്ള ചെറുകിട കര്‍ഷകരുടെ മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കുകയും അവശേഷിച്ച കര്‍ഷകരുടെ അക്കൗണ്ടിലേക്ക്‌ അവര്‍ക്ക് ലഭിക്കാനുള്ള തുകയുടെ 28 ശതമാനംവീതം ക്രെഡിറ്റ്‌  ചെയ്തു. ഓണത്തിനു മുമ്പേ ഇത്‌ പൂര്‍ത്തിയായി. ശേഷിച്ച തുക വായ്പയായി നല്‍കുന്നതിന് എസ്ബിഐ, കനറാ ബാങ്കുകളുമായി ധാരണപത്രം ഒപ്പിടുകയും വിതരണം ആരംഭിക്കുകയുംചെയ്തു. ഓണത്തിനു മുമ്പുതന്നെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. കനറാ ബാങ്ക് നല്ല നിലയില്‍ സഹകരിച്ചെങ്കിലും എസ്ബിഐയുടെ വായ്പാ വിതരണത്തിന്റെ വേഗത നിരാശാജനകമാണ്. കനറാ ബാങ്ക് നാലായിരത്തോളം കര്‍ഷകര്‍ക്കായി 38.32 കോടി വിതരണം ചെയ്തപ്പോള്‍ 100ല്‍ താഴെ കര്‍ഷകര്‍ക്കായി കേവലം 42 ലക്ഷം രൂപയാണ് എസ്ബിഐ വിതരണം ചെയ്തിട്ടുള്ളത്.

യാഥാര്‍ഥ്യങ്ങള്‍ കാണണ്ടേ
രാജ്യമെങ്ങും കര്‍ഷകര്‍ ദുരവസ്ഥയിലാണ്. വിപണി കേന്ദ്രീകൃതമായ ഉദാരവൽക്കരണനയങ്ങള്‍, അന്തര്‍ദേശീയ വ്യാപാര -വാണിജ്യ കരാറുകള്‍, സഹായ പദ്ധതികളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റങ്ങള്‍ എന്നിങ്ങനെ നിരവധി കാരണം ഇതിനുണ്ട്. ഈ പൊതുചിത്രത്തില്‍നിന്നും കേരളത്തിന് പൂര്‍ണമായും മാറിനിൽക്കാൻ സാധ്യമല്ല. എന്നാല്‍, കര്‍ഷകര്‍ക്ക് പിന്തുണയും സമാശ്വാസവും നല്‍കുന്ന കാര്യത്തില്‍ രാജ്യത്ത് മുൻപന്തിയില്‍ത്തന്നെയാണ് കേരളം. ഇക്കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്.

വസ്തുതകള്‍ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നവരോട് സംവാദമാകാം. എന്നാല്‍, മനപ്പൂര്‍വം കുപ്രചാരണം അഴിച്ചുവിടുന്നവരോട് എന്തുപറയാന്‍? കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുന്ന സമീപനത്തിനെതിരെ ഒരുമിച്ചുനിന്ന് ശബ്ദമുയര്‍ത്താന്‍ ഒരു യുഡിഎഫ് എംപിപോലും ഇല്ലാത്തത് എന്തുകൊണ്ട്? കേരളത്തിന്റെ തനതു നികുതിവരുമാനം 12.6 ശതമാനം വര്‍ധിച്ചിട്ടുപോലും റവന്യുവരുമാനം ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 16.2 ശതമാനം കുറഞ്ഞത് കേന്ദ്ര ഗ്രാന്റില്‍ 82 ശതമാനം കുറവുവന്നതുകൊണ്ടല്ലേ? സംസ്ഥാനത്തിന്റെ വിഭവസാധ്യതകള്‍ തടയുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കാനുള്ള ശക്തി കുറയുകയില്ലേ? ബാങ്കിങ്‌ നയത്തിലും ജനവിരുദ്ധസമീപനങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുകയും സ്വകാര്യവൽക്കരണനയങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്നതുമൂലമല്ലേ ജനങ്ങളുടെ ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കര്‍ക്കശ സമീപനം ബാങ്ക് മാനേജ്മെന്റുകള്‍ കൈ
ക്കൊള്ളുന്നത്? പരമ്പരാഗതമായി മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന എസ്ബിടിയെ ഇല്ലാതാക്കി എസ്ബിഐയില്‍ ലയിപ്പിച്ചത് കേരളത്തിന്റെ വായ്പാലഭ്യത സാധ്യതകളെ പ്രതികൂലമായി ബാധിച്ചിട്ടില്ലേ? ഇതെല്ലാം കേരളീയസമൂഹം സഗൗരവം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭംകൂടിയാണ് ഇത്.

ഒരുകാര്യംകൂടി പറഞ്ഞ്‌ അവസാനിപ്പിക്കാം. ചലച്ചിത്രനടന്‍ ജയസൂര്യ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം വസ്തുതാവിരുദ്ധമാണ്. അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ് കോട്ടയം ജില്ലയില്‍ പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലത്ത് ചാത്തന്‍ങ്കേരി പാടശേഖരത്തിലെ 1.87 ഏക്കര്‍ കൃഷി ഭൂമിയില്‍ വിളയിച്ച 5568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിട്ടുള്ളതും അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈയില്‍ത്തന്നെ എസ്ബിഐ മുഖേന പിആര്‍എസ് വായ്പയായി നല്‍കിയിട്ടുള്ളതുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top