20 April Saturday
നാളെ 
നേതാജിയുടെ
 125–-ാം
 ജന്മവാർഷിക
ദിനം

നേതാജി എന്ന പ്രതിഭാസം - ഡോ. പി ജെ വിൻസെന്റ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന താരകമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. ഭാരതത്തിന്റെ സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ ഇടമുറിയാത്ത പോരാട്ടം അനിവാര്യമാണെന്ന ഉറച്ച പക്ഷക്കാരനായിരുന്നു അദ്ദേഹം. താൽക്കാലിക സന്ധികളും തന്ത്രപരമായ പിന്മാറ്റവും നിഷ്ക്രിയ പ്രതിരോധവും നിർണായക ഘട്ടങ്ങളിലെ പരസ്പര സഹകരണവും അഹിംസാ സമരവുമെല്ലാം ചേർന്ന ഗാന്ധിയൻമാർഗം നേതാജിക്ക് സ്വീകാര്യമായിരുന്നില്ല. ജനഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെ ആവേശത്തിരകളുയർത്തിയ നേതാജി നിരന്തര സമരത്തിന്റെ പാതയാണ് തെരഞ്ഞെടുത്തത്.

ബംഗാൾ പ്രവിശ്യയുടെ ഭാഗമായിരുന്ന ഒറീസയിലെ കട്ടക്ക് നഗരത്തിൽ 1897 ജനുവരി 23നാണ് നേതാജി ജനിച്ചത്. അച്ഛൻ പ്രശസ്ത വക്കീലും ദേശസ്നേഹിയുമായിരുന്ന ജാനകീദാസ് ബോസ്. അമ്മ പ്രഭാവതി. കൽക്കത്താ സർവകലാശാലയിലെ പഠനകാലത്ത് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. അച്ഛന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഐസിഎസ് പരീക്ഷ എഴുതുകയും നാലാം റാങ്കോടെ വിജയിക്കുകയും ചെയ്തു. എന്നാൽ, സിവിൽ സർവീസിൽ നിന്നുകൊണ്ട് അസ്വതന്ത്രമായ രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1921 ഏപ്രിലിൽ രാജിവച്ചു. തുടർന്നങ്ങോട്ട് സുഭാഷ് ചന്ദ്രബോസ് നടത്തിയ നിരന്തര സമരങ്ങൾ മഹാത്മാഗാന്ധി "നേതാജി'യെന്ന് അഭിസംബോധന ചെയ്യുന്ന തലത്തിലേക്ക് അദ്ദേഹത്തെ വളർത്തി. 1923ൽ അഖിലേന്ത്യാ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായും 1927ൽ എഐസിസി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1928ലെ കൽക്കട്ട സമ്മേളനത്തിൽ യൂണിഫോമിലുള്ള കോൺഗ്രസ് വളന്റിയർമാരുടെ ഗ്രൂപ്പുണ്ടാക്കി. ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രാഗ്‌രൂപമായിരുന്നു ഇത്. 1930കളിൽ ഗാന്ധിജിക്കൊപ്പം സ്വാധീനവും ജനസമ്മിതിയും അദ്ദേഹത്തിനുണ്ടായിരുന്നു. 1929ലെ ലാഹോർ സമ്മേളനത്തിൽ "പൂർണ സ്വരാജ്' പ്രമേയം പാസായത് നെഹ്റു, ബോസ് അടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പുരോഗമന വീക്ഷണമുള്ള യുവനിരയുടെ സ്വാധീനഫലമായിരുന്നു.1930-കളിൽ പുരോഗമനവാദികൾ, സോഷ്യലിസ്റ്റുകൾ, റാഡിക്കൽ ഹ്യൂമനിസ്റ്റുകൾ, കമ്യൂണിസ്റ്റുകാർ, കർഷകർ, സാമ്രാജ്യത്വ വിരുദ്ധർ എന്നിങ്ങനെ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പോരാട്ടത്തിന്‌ തയ്യാറായ ദേശസ്നേഹികളുടെ വിപുലമായ കൂട്ടായ്മ ഉയർന്നുവന്നു. ഗാന്ധിജിയുടെ നേതൃത്വം അംഗീകരിക്കുമ്പോഴും ആശയതലത്തിലും പ്രവർത്തനരീതിയിലും "ഗാന്ധിയൻ പദ്ധതി' നിരാകരിച്ച ഈ വിഭാഗത്തിന്റെ നേതൃത്വം നെഹ്റുവിനും സുഭാഷ്ചന്ദ്രബോസിനുമായിരുന്നു. നെഹ്റു പക്ഷേ തികഞ്ഞ വിധേയത്വം ഗാന്ധിജിയോട് പുലർത്തിയപ്പോൾ വിയോജിപ്പിന്റെ പാതയാണ് നേതാജി സ്വീകരിച്ചത്.

ലെഫ്റ്റിസം: നേതാജിയുടെ ആശയലോകം
സോഷ്യലിസത്തിന്റെ തുല്യതാ സങ്കൽപ്പവും സാമ്രാജ്യത്വവിരുദ്ധതയും നേതാജി സർവാത്മനാ സ്വീകരിച്ചു. സോവിയറ്റ് യൂണിയനെ മാതൃകയാക്കി സ്വതന്ത്ര സോഷ്യലിസ്റ്റ് ഭാരതം സ്ഥാപിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ, ശാസ്ത്രീയ സോഷ്യലിസത്തിന്റെ സാമ്പത്തിക ഘടനയോ കമ്യൂണിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥയോ മാർക്സിസ്റ്റ് ദർശനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോട് ആഭിമുഖ്യം പുലർത്തുംവിധം ആന്തരവൽക്കരിക്കാനോ ജനകീയ വിമോചനസമരത്തിന് നേതൃത്വം നൽകാനോ നേതാജി പരിശ്രമിച്ചതായി കാണുന്നില്ല. പകരം രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ സായുധപോരാട്ടം നടത്തി ഇന്ത്യയെ മോചിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. നാസിസത്തിന്റെ ഭീകരതയ്ക്കു മുന്നിൽ ലോകം വിറച്ചുനിന്ന ഘട്ടത്തിൽ നേതാജിയുടെ "തന്ത്രപരമായ സഹകരണം' വിമർശത്തിന് കാരണമാകുകയും ചെയ്തു.

ഇന്ത്യൻ സാഹചര്യത്തിൽ "ലെഫ്റ്റിസം' സാമ്രാജ്യത്വ വിരുദ്ധതയാണെന്ന് നേതാജി പ്രഖ്യാപിച്ചു. “സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ലെഫ്റ്റിസം സോഷ്യലിസം തന്നെയാണ്. ദേശീയ ജീവിതത്തെ സോഷ്യലിസം അടിസ്ഥാനമാക്കി പുനർനിർമിക്കുക എന്നതാണ് സ്വതന്ത്ര ഭാരതത്തിന്റെ ദേശീയ കടമ'' എന്ന് അദ്ദേഹം വ്യക്തമാക്കി. വലതുപക്ഷ നിലപാടുള്ളവരെ "സാമ്രാജ്യത്വവുമായി സന്ധി ചെയ്തവർ' എന്നദ്ദേഹം വിമർശിച്ചു (ദി ഇന്ത്യൻ സ്ട്രഗിൾ, പേജ്. 28). ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ബാലഗംഗാധര തിലകൻ, അരവിന്ദഘോഷ്, ബിപിൻ ചന്ദ്രപാൽ തുടങ്ങിയ തീവ്രവാദ വിഭാഗത്തെ ഇടതുപക്ഷക്കാരായാണ് നേതാജി കണ്ടത് (ദി ഇന്ത്യൻ സ്ട്രഗിൾ, പേജ്.15). ദേശസ്നേഹത്താൽ പ്രചോദിതമായ സാമ്രാജ്യത്വ വിരുദ്ധതയിലാണ് സോഷ്യലിസത്തെ നേതാജി പ്രതിഷ്ഠിച്ചത്. ഗാന്ധിയൻരാഷ്ട്ര സങ്കൽപ്പവും പ്രായോഗിക പദ്ധതികളും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. അതോടൊപ്പം ഹിന്ദുത്വ ദേശീയതയുടെ വക്താക്കളായിരുന്ന ഡോ. മൂഞ്ചേ, വി ഡി സവർക്കർ, ശ്യാമപ്രസാദ് മുഖർജി എന്നിവരുടെ വാദങ്ങളും അദ്ദേഹം നിരാകരിച്ചു. ഇന്ത്യയുടെ മതവൈവിധ്യത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ സാംസ്കാരിക പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. സോഷ്യലിസ്റ്റ് -മതനിരപേക്ഷ ഇന്ത്യയായിരിക്കണം സ്വാതന്ത്ര്യാനന്തരം രൂപപ്പെടേണ്ടത് എന്ന കാര്യത്തിൽ നേതാജി നിഷ്കർഷ പുലർത്തി.

നേതാജിയുടെ സമരങ്ങൾ
1920 മുതൽ 34 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വിശകലനം ചെയ്തുകൊണ്ട് നേതാജി എഴുതിയ "ദി ഇന്ത്യൻ സ്ട്രഗിൾ' എന്ന പുസ്തകം ഗാന്ധിമാർഗത്തിന്റെ വിമർശവും നിരന്തര സമരത്തിന്റെ ആവശ്യകതയും സോഷ്യലിസവും മുന്നോട്ടുവച്ചു. ബ്രിട്ടീഷ് സർക്കാർ പുസ്തകം നിരോധിച്ചു. ബലപ്രയോഗവും സായുധസമരവും ഇന്ത്യയുടെ വിമോചനത്തിന് ആവശ്യമാണെന്ന നേതാജിയുടെ വാദത്തിന് കോൺഗ്രസിൽ നിരവധി പിന്തുണക്കാരുണ്ടായി. ഈ സാഹചര്യത്തിലാണ് 1938ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാകുന്നത്. 1939ൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിജിയുടെ നോമിനിയായ പട്ടാഭി സീതാരാമയ്യയെയാണ് അദ്ദേഹം തോൽപ്പിച്ചത്. ""പട്ടാഭിയുടെ തോൽവി എന്റെ തോൽവിയാണ് '' എന്ന് ഗാന്ധിജി പ്രതികരിച്ചു. ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും "രാഷ്ട്രപിതാവ്' എന്ന് അഭിസംബോധന ചെയ്യുംവിധം സ്നേഹവും ബഹുമാനവും ആദരവും അദ്ദേഹത്തിന് ഗാന്ധിജിയോടുണ്ടായിരുന്നു.

ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം നേതാജി ഏറ്റെടുത്തതോടെ സ്വാതന്ത്ര്യ സമരത്തിന്റെ ദിശ മാറി. സിങ്കപ്പുർ അസ്ഥാനമാക്കി "സ്വതന്ത്ര ഭാരത സർക്കാർ' അദ്ദേഹം രൂപീകരിച്ചു. മലയാളിയായ ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു ഈ പ്രവാസി സർക്കാരിലെ ഏക വനിതാ അംഗം. ഐഎൻഎ പോരാളികൾ ഇംഫാൽവരെ മുന്നേറിയെങ്കിലും ജപ്പാന്റെ പരാജയത്തോടെ ഐഎൻഎ ചിതറപ്പെട്ടു. ഇന്ത്യൻ ദേശീയതയാൽ പ്രചോദിതമായ രാജ്യസ്നേഹികളുടെ പോരാട്ടവീര്യത്തിന്റെയും ത്യാഗ നൊമ്പരങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും മഹാപർവമാണ് ഐഎൻഎ. 1945 ആഗസ്ത്‌ എട്ടിന് തയ്‌വാനിലെ തെയ്ഹോക്ക് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ സുഭാഷ് ചന്ദ്ര ബോസ് ഉൾപ്പെട്ടതോടെ "നേതാജി' യില്ലാത്ത ഭാരതം അനാഥമായി. എന്നാൽ, അദ്ദേഹത്തിന്റെ തിരോധാനം ഇന്നും ഒരു പ്രഹേളികയാണ്. വിമാനാപകടം അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങളിലൊന്നായി നേതാജിയുടെ തിരോധാനം ഇന്നും നിലനിൽക്കുന്നു.

ഇന്ത്യയിലെ ജനകീയ സംസ്കൃതിയിലും രാഷ്ട്രീയ സംസ്കൃതിയിലും നേതാജി ഒരു പ്രതിഭാസമായി ഇന്നും നിലനിൽക്കുന്നു. അദ്ദേഹം തിരിച്ചുവരുമെന്നും "ഇന്ത്യൻ സോഷ്യലിസം' സ്ഥാപിക്കുമെന്നും വിശ്വസിക്കുന്നവർ നിരവധിയാണ്. നേതാജിയുടെ സോഷ്യലിസ്റ്റ് ആഭിമുഖ്യം അദ്ദേഹം സ്ഥാപിച്ച ഫോർ‍വേഡ് ബ്ലോക്കിലും അദ്ദേഹത്തിന്റെ അനുയായികളിലും രൂഢമൂലമാണ്. ക്യാപ്റ്റൻ ലക്ഷ്മി അടക്കമുള്ള നിരവധി ഐഎൻഎ നേതാക്കളും ഭടന്മാരും പിന്നീട് കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ക്യാപ്റ്റൻ ലക്ഷ്മി ഇടതുപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി. അവരുടെ പുത്രി സുഭാഷിണി അലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്. അഖിലേന്ത്യാ തലത്തിൽ ഫോർവേഡ് ബ്ലോക്ക് ഇടതുമുന്നണിയുടെ ഭാഗമാണ്. 1945-–-46 കാലത്ത് ഐഎൻഎ ഭടന്മാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിനെതിരെ ഇന്ത്യയിലാകെ അലയടിച്ച പ്രതിഷേധത്തിന്റെ മുൻനിരയിൽ ട്രേഡ് യൂണിയൻ പ്രവർത്തകരും കമ്യൂണിസ്റ്റുകാരുമായിരുന്നു. ഐഎൻഎ പതാകയും ചെങ്കൊടിയുമേന്തി ആയിരക്കണക്കിന് തൊഴിലാളികൾ ബോംബെയിൽ പ്രകടനം നടത്തി.

എല്ലാ മതത്തോടുമുള്ള സമഭാവന, കറകളഞ്ഞ ദേശസ്നേഹം, സാമ്രാജ്യത്വ-കോളനിവാഴ്ച വിരുദ്ധത, സോഷ്യലിസം എന്നിങ്ങനെ നേതാജി മുന്നോട്ടുവച്ച ആശയങ്ങൾ സമകാലീന ഇന്ത്യയിൽ ഏറെ പ്രസക്തമാണ്. നേതാജി കഠിനമായി വിമർശിച്ച "സാമ്രാജ്യത്വവുമായി സന്ധിചെയ്ത വലതുപക്ഷക്കാർ' ഭരണകൂടത്തെ ആമൂലാഗ്രം നിയന്ത്രിക്കുന്ന വർത്തമാനകാലത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 "പരാക്രം ദിവസ് ' ആയി ആചരിക്കുകയാണ്. അദ്ദേഹം മുന്നോട്ടുവച്ച മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരായ മുന്നേറ്റമായി "പരാക്രം ദിവസ് ' ആചരണം മാറണം. ഇന്ത്യയുടെ മോചനം ജനതയുടെ ഐക്യത്തിലും തുല്യതയിലും മതനിരപേക്ഷതയിലും അധിഷ്ഠിതമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച അനശ്വരനായ നേതാജിയെ അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കിക്കൊണ്ട് നമുക്ക് ആദരിക്കാം. ഈ മഹത്തായ രാഷ്ട്രം സുഭാഷ് ചന്ദ്രബോസ് എന്ന കറകളഞ്ഞ ദേശസ്നേഹിയെ, സോഷ്യലിസ്റ്റിനെ, "നേതാജി'യായി സ്വീകരിക്കുമ്പോൾ അവിടെ വിഭജിത രാഷ്ട്രീയത്തിനും വർഗീയ പ്രത്യയശാസ്ത്രങ്ങൾക്കും പ്രസക്തിയില്ല എന്നതാണ് യാഥാർഥ്യം.

(കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top