19 April Friday

നിയോകോവ് വൈറസ് നാലാം തരംഗത്തിന് കാരണമാവുമോ?

Dr. B EkbalUpdated: Saturday Jan 29, 2022

നിയോകോവ് വൈറസ് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമാണെന്നും കൂടുതൽ മരണസാധ്യതയുള്ള  നാലാം തരംഗത്തിന് കാരണമാവുമെന്നും മറ്റും  ഭയപ്പെടേണ്ടതില്ല

കൊച്ചി> മാരക രോഗാണുബാധക്ക് കാരണമായ നിയോകോവ്  (NeoCov) എന്നൊരു പുതിയ കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന അതിശയോക്തിലർന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു  ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ കണ്ടെത്തിയ നിയോകോവ് വൈറസുമൂലം  രോഗം ബാധിക്കുന്ന മുന്നിലൊരാൾ മരണമടയുമെന്ന്  ചൈനീസ് ഗവേഷകർ മുന്നറിയിപ്പ് നൽകിയതായാണ് വാർത്ത.  
 
ഡോ. ബി ഇക്‌ബാൽ

ഡോ. ബി ഇക്‌ബാൽ

012-14 കാലത്ത് സൌദിഅറേബ്യയിൽ ഉത്ഭവിച്ച മെഴ് സ് (MERS: Middle East Respiratory Syndrome) പടർത്തിയ മെഴ് സ് കൊറോണ വൈറസിനോട്  സാമ്യമുള്ളതാണ് നിയോകോവ് എന്നും  റിപ്പോർട്ട് ചെയ്യപ്പെട്ടു    വവ്വാലുകളിൽ നിന്ന് ഒട്ടകത്തിലൂടെ മനുഷ്യരിലെത്തിയ മെഴ് സ് വൈറസ് 2519 ഓളം പേരെ ബാധിക്കയും 866 പേർ മരണമടയുകയും ചെയ്തിരുന്നു (മരണനിരക്ക് 34.3%). 
 
നിയോകോവ് വൈറസ് പുതുതായി  കണ്ടെത്തിയ വൈറസല്ല. 2011 ൽ അലോബാറ്റ്സ് (Aloe Bats) എന്നറിയപ്പെടുന്ന നിയൊറോമികിയ (Neoromicia,)  എന്ന ഇനം വവ്വാലുകളിൽ നിയോകോവ് വൈറസിന്റെ സാന്നിധ്യം ആഫ്രിക്കൻ മലഗാസി പ്രദേശത്ത്  കണ്ടെത്തിയിരുന്നതാണ്. മെഴ് സ് കൊറോണ  വൈറസിനോട് 85% ജനിതകസാമ്യമുള്ള വൈറസാണ് നിയോകോവ്.  എന്നാൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കാൻ മെഴ് സ്  വൈറസ് ഉപയോഗിക്കുന്ന   മനുഷ്യശരീരത്തിലെ  DPP4 റിസപ്റ്റർ  (Dipeptidyl peptidase 4  receptor)  ഉപയോഗിക്കാൻ ഈ വൈറസിന് കഴിയില്ല.
 
കോവീഡിന് കാരണമായ സാർഴ് സ് കൊറോണ വൈറസ്-2 മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നത് മനുഷ്യശരീരത്തിലെ  ACE 2  ഗ്രാഹികൾ (ACE-2 Reeptor: Angiotensin  converting enzyme-2 Receptor) വഴിയാണ്.  നിയോകോവ് വൈറസ് വവ്വാലുകളുടെ കോശങ്ങളിൽ കടക്കുന്നത് ACE 2  ഗ്രാഹികളിലൂടെയാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന  ഗവേഷണപഠനം പറയുന്നത്  നിലവിൽ മനുഷ്യകോശങ്ങളിലെ ACE 2  ഗ്രാഹികളുമായി  ചേരാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോകോവ് വൈറസിനില്ലെന്നും എന്നാൽ. നിയോകോവ് വൈറസിന്റെ  സ്പൈക്ക് പ്രോട്ടീനിൽ  ഉചിതമായ ജനിതകവ്യതിയാനം സംഭവിച്ചാൽ  ACE 2  ഗ്രാഹികളുമായി  ചേർന്ന്  മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാൻ നിയോകോവ് വൈറസിന്  കഴിഞ്ഞേക്കാമെന്നും  മാത്രമാണ്.  
 
മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോകോവ് എന്ന കൊറോണ വൈറസ് എന്നറിഞ്ഞിരിക്കേണ്ടതാണ്. വവ്വാലുകളിലും മറ്റും അവക്ക് രോഗമുണ്ടാക്കാതെ കഴിയുന്ന ഇത്തരം വൈറസുകൾ മനുഷ്യരിലേക്ക് കടന്ന് ജനിതകവ്യതിയാനത്തിലൂടെ രോഗകാരണമാവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകാനാണ് ഗവേഷകർ ശ്രമിച്ചത്. മനുഷ്യരിലേക്ക് ഇങ്ങനെ മറ്റ് ജീവികളിൽ നിന്നും വൈറസ് കടക്കുന്നതിനെ സ്പിൽ ഓവർ (Spill Over) എന്നാണ് വിശേഷിപ്പിക്കുക. പലപ്പോഴും ഒരു ഇടനിലജീവിയിലൂടെയാണ് (Intermediate Host) വൈറസ് മനുഷ്യരിലെത്തുന്നത്. ചൈനയിൽ 2002-04 ൽ വ്യാപിച്ച സാർഴ് സ് (SARS: Severe Acute Respiratory Syndrome) വവ്വലുകളിൽ നിന്നും ചൈനീസ് മാംസകമ്പോളത്തിലെ (Wet market)  വെരുകിലൂടെയാണ് (Civet Cat) മനുഷ്യരിലെത്തിയത്. കോവിഡ് വൈറസ് മനുഷ്യരിലെത്തിയതിന് കാരണമായ ഇടനിലജീവിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെതന്നെ ജനിതകപഠന നിരീക്ഷണത്തിലൂടെ (Genomic Surveillance)  കണ്ടെത്തുകയും, ജനിതക സവിശേഷതകൾ  പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചും മാംസ മൃഗവ്യാപാരങ്ങളടക്കമുള്ള മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധപ്പെടലുകൾ ഉചിതമായി നിയന്ത്രണ വിധേയമാക്കിയും ഭാവിയിലെ മഹാമാരികളെ തടയാൻ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളിൽ ഒന്നു മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന നിയോകോവ് ഗവേഷണ പഠനം. 
 
എന്തായാലും നിയോകോവ് വൈറസ് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമാണെന്നും കൂടുതൽ മരണസാധ്യതയുള്ള  നാലാം തരംഗത്തിന് കാരണമാവുമെന്നും മറ്റും  ഭയപ്പെടേണ്ടതില്ല. ..
 
Dr. B Ekbal

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top