19 April Friday

സമരപഥങ്ങളിൽ മുൻനിരയിലേക്ക്

പി വി രാജേന്ദ്രൻUpdated: Saturday May 7, 2022

കേന്ദ്രത്തിൽ എൻഡിഎ സർക്കാർ നടപ്പാക്കിവരുന്ന അതിതീവ്ര നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഫലമായി കേന്ദ്ര സർവീസ് മേഖലയാകെ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. പ്രതിരോധ വകുപ്പിനു കീഴിലുള്ള 41 ഓർഡനൻസ് ഫാക്ടറികളെ ഏഴ്‌ കോർപറേഷനാക്കി ഉത്തരവിറക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന മേഖലകളിലുള്ള ആയുധനിർമാണ ഫാക്ടറികളെ കോർപറേറ്റുകൾക്ക് വിൽക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ ഒറ്റക്കെട്ടായി പണിമുടക്ക്‌ പ്രഖ്യാപിച്ചപ്പോൾ പണിമുടക്ക് നിരോധിച്ചുള്ള ഓർഡിനൻസ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. പ്രൊഡക്‌ഷൻ, ഓപ്പറേഷൻ, സർവീസ്, റിപ്പയർ എന്നീ മേഖലകളിൽ പണിമുടക്ക് നിരോധിക്കുകയും പണിമുടക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ പിരിച്ചുവിടാനും ജയിൽശിക്ഷ നൽകുന്നതിനും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. പ്രതിരോധമേഖലയിലെ സ്വകാര്യവൽക്കരണവും ആസ്തി വെട്ടിക്കുറയ്‌ക്കലുംമൂലം 31,000 ജീവനക്കാർ അധികപ്പറ്റായി മാറും.

റെയിൽവേയുടെ അനുബന്ധ സ്ഥാപനത്തിലെല്ലാം സ്വകാര്യവൽക്കരണം നടപ്പാക്കുന്നു. കോച്ച് –-എൻജിൻ നിർമാണ ഫാക്ടറികൾ, റെയിൽവേ ആശുപത്രികൾ, മെയിന്റനൻസ്, കാറ്ററിങ്‌, ക്ലീനിങ്‌, ടിക്കറ്റിങ്‌ എന്നിവയെല്ലാം കൈയൊഴിയുകയാണ്. 400 സ്റ്റേഷൻ, 150 ട്രെയിൻ, 1400 കി.മീ. ട്രാക്ക്‌, 265 ഗുഡ്‌സ് ഷെഡ്‌, റെയിൽവേ കോളനികൾ എന്നിവയും വിൽപ്പനയ്‌ക്കുവച്ചു. കോവിഡിന്റെ മറവിൽ റെയിൽവേയിൽ ദുർബല വിഭാഗങ്ങൾക്കുള്ള സൗജന്യങ്ങളും ഇളവുകളും എടുത്തുകളഞ്ഞു. കരാറുകളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മുൻഗണന അവസാനിപ്പിച്ചു. ഒഴിവുകളിൽ നിയമനം നടത്തുന്നതിനു പകരം റിട്ടയർ ചെയ്തവർക്ക് പുനർനിയമനവും കരാർവൽക്കരണവും പുറംകരാറും നടപ്പാക്കി. -അഞ്ചു ലക്ഷത്തോളം ജീവനക്കാരുള്ള തപാൽ മേഖലയും അഞ്ച്‌ കമ്പനിയാക്കി സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചു. ഡാക്‌മിത്ര എന്ന പേരിലുള്ള പുതിയ പദ്ധതി പ്രത്യേക പ്രദേശത്തെയോ സർക്കിളിലെയോ തപാൽ സംവിധാനം പൂർണമായും കോർപറേറ്റുകൾ ഉൾപ്പെടെയുള്ള സ്വകാര്യമേഖലയെ ഏൽപ്പിക്കാൻ നിർദേശിക്കുന്നു. പോസ്റ്റ് ഓഫീസ് സേവിങ്‌സ്‌ ബാങ്കിനെ ദുർബലപ്പെടുത്തി ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് എന്ന ബാങ്കിങ്‌ സ്ഥാപനം നിലവിൽവന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസും പാഴ്‌സൽ ബിസിനസുകളും പ്രത്യേക കോർപറേഷനുകളാക്കുന്നു. ഗ്രാമീണ മേഖലയിൽ ജോലിചെയ്യുന്ന രണ്ടര ലക്ഷം ജിഡിഎസ് ജീവനക്കാരോടുള്ള അവഗണനയും ചൂഷണവും തുടരുന്നു.

   ബഹിരാകാശ ഗവേഷണമേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള സ്വകാര്യപങ്കാളിത്തം രാജ്യത്തിന്റെ അഭിമാനസ്ഥാപനമായ ഐഎസ്ആർഒയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കും. ദൂരദർശൻ, ആകാശവാണി റിലേ കേന്ദ്രങ്ങൾ വ്യാപകമായി അടച്ചുപൂട്ടുന്നതിനും ഫിലിം ഡിവിഷൻ നിർത്തലാക്കുന്നതിനും തീരുമാനിച്ചു. 17 ഗവ. പ്രസിൽ നാലെണ്ണം ഒഴികെ പൂട്ടുന്നതിന്റെ ഭാഗമായി തൃശൂർ കൊരട്ടിയിലെ ഗവ. പ്രസും അടച്ചുപൂട്ടി. എജീസ് ഓഫീസിലെ പ്രധാനപ്പെട്ട അക്കൗണ്ടിങ്‌ ജോലികൾ ചെയ്യുന്ന വിഭാഗത്തിലെ അനുവദിക്കപ്പെട്ട തസ്തികകളും ജീവനക്കാരുടെ എണ്ണവും മൂന്നിലൊന്നായി കുറച്ചു.

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ വഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്‌തി വിൽപ്പനയിലൂടെ ആറു ലക്ഷം കോടി സമാഹരിക്കാമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നാഷണൽ ഹൈവേയുടെ 22 ശതമാനം, 25 വിമാനത്താവളം, പവർ ട്രാൻസ്മിഷൻ ലൈനുകൾ, 160 കൽക്കരി ഖനി, ടെലികോം ടവറുകൾ, ഒപ്‌ടിക്കൽ ഫൈബർ കേബിളുകൾ, വൈദ്യുതി ഉൽപ്പാദനകേന്ദ്രങ്ങൾ, എണ്ണ പ്രകൃതിവാതക പൈപ്പ് ലൈനുകൾ, 31 തുറമുഖം, വെയർഹൗസിങ്‌ കോർപറേഷൻ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിൻ റൂട്ടുകൾ, റെയിൽവേ ട്രാക്കുകളടക്കമുള്ള ആസ്തികളാണ്  സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നത്.  

ജീവനക്കാരോടുള്ള സമീപനവും വ്യത്യസ്തമല്ല. 2004നു ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതോടെ 50 ശതമാനത്തിലേറെ ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം ഇല്ലാതായി. എട്ടു ലക്ഷത്തിലധികം തസ്തിക ഒഴിഞ്ഞുകിടക്കുന്നു.  അധികജോലിഭാരം അടിച്ചേൽപ്പിക്കുകയും കോൺട്രാക്ട്, കാഷ്വൽ, പാർട്ട് ടൈം, ജിഡിഎസ് എന്നീ പേരുകളിൽ കടുത്ത തൊഴിൽ ചൂഷണവും നടപ്പാക്കുകയാണ്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളിൽ ബോണസും ശമ്പള പരിഷ്കരണ  ആനുകൂല്യങ്ങളും നിഷേധിക്കുന്നു. സംഘടനാ ഭാരവാഹിത്വത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഉത്തരവുകൾ, നിർബന്ധിത പിരിച്ചുവിടലിന് വിധേയമാക്കാനുള്ള ഉത്തരവ്, ആവശ്യ സർവീസ് നിയമപ്രകാരം പ്രതിരോധമേഖലയിലെ പണിമുടക്ക് നിരോധിച്ച ഉത്തരവുകൾ എന്നിവയൊക്കെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കത്തിന്റെ തെളിവുകളാണ്. അംഗീകാരം പോലുമില്ലാത്ത ബിഎംഎസ് സംഘടനകൾക്ക് അനർഹമായ ആനുകൂല്യങ്ങളും നൽകുന്നു.

കേന്ദ്ര സർവീസ് മേഖല നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും ജീവനക്കാരുടെ അവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യം നിരോധിക്കുന്നതടക്കമുള്ള പ്രശ്നങ്ങളും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സിന്റെ പാലക്കാട്ട്‌  ചേരുന്ന 13–--ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യുകയും പ്രക്ഷോഭ പരിപാടികൾക്ക് രൂപംനൽകുകയും ചെയ്യും.

(കോൺഫെഡറേഷൻ ഓഫ് സെൻട്രൽ 
ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് 
സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top