19 April Friday

നവകേരളവും ജ്ഞാനസമ്പദ്‌‌വ്യവസ്ഥയും

ഡോ. പി എസ്‌ ശ്രീകലUpdated: Monday Jul 18, 2022

കേരള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് നവകേരളം. ഭൗതിക സൗകര്യങ്ങളുടെ മെച്ചപ്പെടലിനോടൊപ്പം സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവുമായ മുന്നേറ്റംകൂടിയാണ് വികസനമെന്ന അർഥത്തിലാണ് നവകേരളത്തെ സർക്കാർ കാണുന്നത്.
നവോത്ഥാനമൂല്യങ്ങളിൽ പടുത്തുയർത്തിയ ആധുനിക കേരളത്തെ ശാസ്ത്രീയമായി പുനർനിർമിക്കുക എന്നതാണ് അതിന്‌ അടിസ്ഥാനം. ഈ നവീകരണത്തിന്റെ ഭാഗമായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് കേരളത്തെ ജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അധിഷ്ഠിതമായ സമൂഹമായി പരിവർത്തിപ്പിക്കുകയെന്നത്.

ജ്ഞാനമാണ് -ആധുനിക സാമ്പത്തികവളർച്ചയുടെ അടിസ്ഥാനം. അറിവിനെ - അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയാണ് ജ്ഞാന സമ്പദ്‌വ്യവസ്ഥയെന്ന് ലളിതമായി പറയാം. അതായത്, അറിവിനെ ആധാരമാക്കിയുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപ്പാദനം.  അറിവാണ്‌ അവിടെ മൂലധനം. ബുദ്ധിയിൽ,- തലച്ചോറിൽ- കേന്ദ്രിതമാണ്‌ അത്. ആധുനിക സാമ്പത്തികവളർച്ചയെ സഹായിക്കുന്ന നൂതന ആശയങ്ങളെയും വിവരങ്ങൾ ആർജിക്കാനും വിനിമയം ചെയ്യാനുമുള്ള സംവിധാനങ്ങളെയും നിർണയിക്കുന്നത് ബൗദ്ധികസ്വത്താണ് (ഇന്റലക്ച്വൽ പ്രോപ്പർട്ടി) എന്നതാണ് അവിടത്തെ സവിശേഷത.

സാമ്പത്തിക വികസനത്തിന്റെ മൂന്നാം ഘട്ടമായാണ് ജ്ഞാന സമ്പദ്‌വ്യവസ്ഥയെ ലോകം കാണുന്നത്. മാറുന്ന സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച്, മാർക്സിന്റെ പ്രശസ്തമായ  ഒരു നിരീക്ഷണമുണ്ട്. അത്‌ ഇങ്ങനെയാണ്–- "കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന മില്ലുകൾ സമൂഹത്തിനു നൽകിയത് ഭൂവുടമകളെയാണ്; ആവികൊണ്ട് പ്രവർത്തിപ്പിക്കുന്ന മില്ലുകൾ സമൂഹത്തിനു നൽകുന്നത് വ്യാവസായിക മുതലാളിയെയാണ്’. കാർഷിക സമ്പദ്‌വ്യവസ്ഥയെയും വ്യാവസായിക സമ്പദ്‌വ്യവസ്ഥയെയുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ജ്ഞാന സമ്പദ്‌വ്യവസ്ഥ വ്യാവസായികാനന്തര സമ്പദ്‌വ്യവസ്ഥയാണ്. അത് ഡിജിറ്റൽ ലോകമാണ്. അറിവിന്റെ കേന്ദ്രീകരണമാണ്‌ അവിടെ പ്രധാനം. മാർക്സിന്റെ നിരീക്ഷണം ആധാരമാക്കിയാൽ, അറിവിന്റെ കേന്ദ്രീകരണത്തിലൂടെ ആഗോള മുതലാളിയാണ് സൃഷ്ടിക്കപ്പെടുകയെന്ന് പറയാം.


 

വ്യക്തികൾ അറിവ് സ്വാംശീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും സാമൂഹ്യ,- സാമ്പത്തിക വികസനത്തിനായി പ്രയോഗിക്കുകയും ചെയ്യുമ്പോഴാണ് ജ്ഞാന സമ്പദ്‌വ്യവസ്ഥ പ്രസക്തമാകുന്നത്. അറിവ് സ്വാംശീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനം കേരളത്തിനുണ്ട്. കേരളത്തിലെ, ലോകശ്രദ്ധ നേടിയിട്ടുള്ള വിദ്യാഭ്യാസ,- ആരോഗ്യ മേഖല അതിന്‌ തെളിവാണ്. അറിവ് ആർജിക്കാൻ ആവശ്യമായ എല്ലാ ഭൗതികസൗകര്യവും നമ്മുടെ പൊതുവിദ്യാലയങ്ങളിലും കോളേജുകളിലും സർവകലാശാലകളിലുമുണ്ട്. നാക് അക്രെഡിറ്റേഷനിൽ കേരള സർവകലാശാലയ്ക്കു ലഭിച്ച ഉന്നതപദവി അതിനൊരു ഉദാഹരണമാണ്. കേരളത്തിന്റെ ഈ ഗുണപരമായ അവസ്ഥയെ, അറിവിനെ അടിസ്ഥാനമാക്കിയുള്ള  ഉൽപ്പാദനത്തിലേക്ക് വികസിപ്പിക്കുകയും ആ ഉൽപ്പാദനം നാടിന്റെ സാമൂഹ്യ, - സാമ്പത്തിക വികാസത്തിന്‌ പ്രയോജനപ്പെടുത്താൻ പാകത്തിൽ പരുവപ്പെടുത്തുകയും ചെയ്താൽ നമ്മൾ ജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അധിഷ്ഠിതമായ ജ്ഞാനസമൂഹമായി - മാറും. കാർഷികമോ വ്യാവസായികമോ ആയ സമ്പദ്‌വ്യവസ്ഥയിലും അറിവ് സുപ്രധാനംതന്നെ. അതേസമയം, കാർഷിക - വ്യാവസായിക സമ്പദ്‌വ്യവസ്ഥയിൽ അവയുമായി ബന്ധപ്പെട്ട അറിവാണ് മുഖ്യം. എന്നാൽ, അറിവിനെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയിൽ എല്ലാ മേഖലയെയും സംബന്ധിക്കുന്ന അറിവ് പ്രധാനമാണ് എന്നതാണ് വ്യത്യാസം. കൃഷിയെയോ വ്യവസായത്തെയോ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും സ്ഥാനത്ത് അറിവിനെ, - ബൗദ്ധിക മൂലധനത്തെ - അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനവും ഉപഭോഗവുമാണ് ജ്ഞാന സമ്പദ്‌വ്യവസ്ഥ.

നൈപുണി (സ്കിൽ) നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടുള്ള തൊഴിൽ ശക്തിക്കാണ് അവിടെ കൂടുതൽ പ്രസക്തിയുള്ളത്. സവിശേഷമായ നൈപുണികളെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ അവസരങ്ങളായിരിക്കും കൂടുതൽ സൃഷ്ടിക്കപ്പെടുന്നത്. അറിവും നൈപുണിയും ഒത്തുചേരുന്നതിലൂടെ, പരമ്പരാഗതമായ മൂലധനത്തിലേക്കും തൊഴിലിലേക്കും കൂട്ടിച്ചേർക്കപ്പെടുന്ന അധിക നിക്ഷേപമായി അത് മാറും.
ഇവിടെ ഒരു കാര്യംകൂടി വ്യക്തമാക്കേണ്ടതുണ്ട്. അത്, വിവരാധിഷ്ഠിതമായ സമൂഹത്തെക്കുറിച്ചാണ്. വിവരസാങ്കേതിക വിദ്യയിലുണ്ടായ വളർച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കി വിവരത്തിന്‌ അടിസ്ഥാനമായ അറിവിനെത്തന്നെ വികസനത്തിന്‌ ആസ്പദമാക്കുകയാണ് ജ്ഞാനസമൂഹത്തിന്റെ സവിശേഷത. ഉദാഹരണത്തിന്, കാർഷികമേഖലയെയോ വ്യവസായത്തെയോ സഹായിക്കുന്നവിധത്തിൽ വിവര സാങ്കേതികവിദ്യയെ സജ്ജമാക്കുന്നത് അറിവാണ്. ആ അറിവിനെത്തന്നെ നേരിട്ട് കാർഷിക, - വ്യാവസായിക മേഖലയിൽ പ്രയോജനപ്പെടുത്താം. അറിവിൽ കേന്ദ്രീകൃതമായ നൈപുണി മെച്ചപ്പെടുത്തുന്നതിലൂടെയാണ്‌ അത് സാധ്യമാകുക.

തൊഴിൽശക്തിയെ സജ്ജമാക്കൽ
തൊഴിൽ ശക്തിയുടെ സ്വഭാവം വ്യാവസായികാനന്തര സമ്പദ്‌വ്യവസ്ഥയിൽ മാറുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ജ്ഞാനസമൂഹത്തിൽ നൈപുണിക്ക് കൂടുതൽ ഊന്നൽ ലഭിക്കുന്നു. അതിന്‌ അനുസൃതമായി തൊഴിൽ ശക്തിയെ രൂപപ്പെടുത്തണം. അറിവിൽ അധിഷ്ഠിതമായ നൈപുണി ആർജിക്കാനുള്ള സാഹചര്യമൊരുക്കണം. അതിലൂടെ വിദ്യാസമ്പന്നവും നിപുണതയുള്ളതുമായ തൊഴിൽ ശക്തി രൂപപ്പെടുകയും നൂതനാശയങ്ങളുടെ ഉൽപ്പാദനം സാധ്യമാകുകയും ചെയ്യും.

സ്വന്തം കൈകളാൽ ഉൽപ്പാദനം നടത്തുന്നതിൽനിന്ന് വ്യത്യസ്തമായി തലച്ചോറിനാൽ ഉൽപ്പാദനം നടക്കുകയാണ്‌ അവിടെ സംഭവിക്കുക. ആശയങ്ങളും അറിവും ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യും. പരമ്പരാഗത ഉൽപ്പാദനത്തിൽനിന്ന് ജ്ഞാനസമൂഹത്തിലെ ഉൽപ്പാദനത്തിനുള്ള  വ്യത്യാസം ഇതാണ്.

കാർഷിക സമ്പദ്‌വ്യവസ്ഥയിൽനിന്ന് വ്യാവസായിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിണാമംപോലെ വ്യാവസായികാനന്തര ലോകം ജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. വ്യവസായ വിപ്ലവംപോലെ അറിവിന്റെ വിപ്ലവമാണ് സംഭവിച്ചത്. വ്യവസായ വിപ്ലവത്തെത്തുടർന്ന് കൃഷി നിലയ്ക്കുകയല്ല ഉണ്ടായത്, മറിച്ച് വ്യാവസായിക വികാസം കൃഷിക്കും പ്രയോജനപ്പെടുകയായിരുന്നു. സമാനമായവിധത്തിൽ അറിവിന്റെ വിപ്ലവം കൃഷിക്കും വ്യവസായത്തിനും പ്രയോജനകരമായിത്തീരുകയാണ്. നൂതന ആശയങ്ങളുടെ പ്രയോഗവൽക്കരണമാണ് നടക്കുക.  ആധുനിക സമ്പദ്‌വ്യവസ്ഥയിലെ രാസത്വരകമാണ് അറിവ്‌.

കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ
ശാസ്ത്രീയവും സാങ്കേതികവുമായ കണ്ടുപിടിത്തങ്ങളുടെ ഒരു കമ്പോള സ്ഥലിയാണ് ജ്ഞാനസമ്പദ്‌ വ്യവസ്ഥ. അവിടെ പെരുകിവരുന്ന അസമത്വം പ്രധാനമായും പ്രാപ്യതയില്ലായ്മയാണ്. ഡിജിറ്റൽ ലോകത്തേക്കും വിവരസാങ്കേതിക വിദ്യയിലേക്കും പ്രവേശനം തടസ്സപ്പെടുന്ന അവസ്ഥ വ്യാവസായിക വിപ്ലവം ആഗോളതലത്തിൽ വർധിപ്പിച്ച അസമത്വത്തിന് സമാനമോ അധികമോ ആയ അവസ്ഥ സൃഷ്ടിക്കും. അറിവിൽ അധിഷ്ഠിതമായ തൊഴിൽ മേഖലയിലേക്കുള്ള പ്രവേശനത്തിലെ അസമത്വവും അറിവിന്റെ കുത്തകവൽക്കരണവും ആഗോളതലത്തിലെ യാഥാർഥ്യമാണ്. തൊഴിലില്ലായ്മ വർധിക്കുകയാകും ആത്യന്തികഫലം.

കേരളമാകട്ടെ, അറിവും നൈപുണിയും ആർജിക്കാനുള്ള സാഹചര്യവും തൊഴിൽ അവസരവും ഒരുപോലെ ലഭ്യമാക്കിക്കൊണ്ടാണ് ഈ പ്രതിസന്ധിയെ നേരിടുന്നത്.

1.അറിവിന്റെ പ്രയോഗത്തിനും അറിവിനെ അടിസ്ഥാനമാക്കിയുള്ള നൂതന സംരംഭങ്ങൾക്കും പ്രചോദനം നൽകുക
2.മികച്ച വിദ്യാഭ്യാസവും നൈപുണിയിൽ അധിഷ്ഠിതമായ തൊഴിലും ലഭ്യമാക്കുക
3.വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കുക
4.അക്കാദമികവിഭാഗവും സ്വകാര്യമേഖലയും പൗരസമൂഹവും ചേർന്നുള്ള സജീവവും നൂതനവുമായ ഘടന രൂപപ്പെടുത്തുക

ഇത് പ്രാവർത്തികമാക്കുന്നതിന് നോളജ്‌  ഇക്കോണമി മിഷൻ രൂപീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്  കേരള സർക്കാർ. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരും നൈപുണി പരിശീലനവും തൊഴിൽ ദാതാക്കളും ഒരുമിക്കുന്ന പ്ലാറ്റ്ഫോമാണ് ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം. കേരളം ജ്ഞാനസമൂഹമായി പരിവർത്തിതമാകുന്നതോടൊപ്പം 2026 ആകുമ്പോൾ വിദ്യാസമ്പന്നരായ 20 ലക്ഷം പേർക്ക് അറിവിൽ അധിഷ്ഠിതമായ തൊഴിൽ അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം.

(കേരള നോളജ്‌ ഇക്കോണമി മിഷൻ ഡയറക്‌ടറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top