07 July Thursday

ഉണരട്ടെ ഒരുമയുടെ കളിക്കളങ്ങൾ

ഡോ. അജീഷ് പി ടി Updated: Saturday May 28, 2022

സംസ്ഥാന വികസനത്തെ ഇത്രമേൽ ദീർഘവീക്ഷണത്തോടെ കൈകാര്യംചെയ്ത് നടപ്പാക്കുന്ന രീതി അവലംബിക്കുന്ന സംസ്ഥാനം ഇന്ത്യയിൽ ഒരുപക്ഷേ കേരളം ആയിരിക്കുമെന്നതിൽ തർക്കമില്ല. സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന നയരേഖയിലൂടെ കേരളത്തെ വികസിത രാജ്യങ്ങൾക്ക്‌ തുല്യമായ വികാസത്തിലേക്ക്‌ നയിക്കാനുതകുന്ന, വിപ്ലവകരമായ മാറ്റങ്ങളാണ് മുന്നോട്ടുവച്ചത്. നയരേഖയിൽ ഉൾപ്പെടുന്നതും നമുക്ക്‌ അവശ്യംവേണ്ടതുമായ ഒന്നാണ് സംസ്ഥാനത്തെ കളിക്കളങ്ങളുടെ പരിമിതി മറികടക്കുകയെന്നത്. ഒരു ലോക്കൽ പരിധിയിൽ ഒരു മൈതാനമെന്ന വിശാലമായ കാഴ്ചപ്പാടുതന്നെ ഭാവി കായികകേരളത്തിന് മുതൽക്കൂട്ടാകും എന്നതിൽ തർക്കമില്ല. സംസ്ഥാനത്തെ 2250ലധികം വരുന്ന ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അതത് പ്രദേശത്തെ കളിക്കളങ്ങൾ നവീകരിച്ച് പരിപാലനം നടത്തി മുന്നോട്ടുപോകുന്നതിലൂടെ ഒരു തലമുറയുടെ ശരിയായ പ്രയാണത്തിനും പുത്തൻ കായിക പ്രതിഭകളുടെ ഉദയത്തിനും വഴിവയ്ക്കും.

വ്യക്തിയുടെ ആരോഗ്യപരിപാലനം അർഥവത്താകുന്നതിൽ കായിക വികസനത്തിന് പ്രധാന പങ്കുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുള്ളൂവെന്ന സങ്കൽപ്പം പൊതുവെ പറയാറുണ്ടെങ്കിലും അതിനു പിന്നിൽ ആത്യന്തികമായ ഒരു കാഴ്ചപ്പാട് എല്ലാക്കാലവും നിലനിൽക്കുന്നു. ജനഹിതമനുസരിച്ച് ക്ഷേമംമാത്രം ലക്ഷ്യംവയ്ക്കുന്ന ഒരു സർക്കാരിന് ജനങ്ങളുടെ ആരോഗ്യം കൃത്യതയോടെ നിലനിൽക്കണമെന്ന ഉറച്ച തീരുമാനമുണ്ട്. ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും വർധിപ്പിക്കുകയും അതിലൂടെ അവരുടെ കർമമണ്ഡലത്തിൽ പൂർണമായ അർഥത്തിൽ പ്രവർത്തിക്കാൻ കഴിയുകയാണ് അടിസ്ഥാനപരമായി വേണ്ടത്. സാമൂഹ്യജീവിയെന്ന നിലയിൽ മനുഷ്യൻ ഇന്ന് ജീവിക്കുന്ന യാന്ത്രിക ലോകത്തെ സമ്മർദ സാഹചര്യങ്ങളിൽനിന്നും രക്ഷപ്രാപിക്കാൻ കഴിയുന്ന മാർഗങ്ങളിലൊന്നാണ് മൈതാനത്തെ ഒത്തുകൂടലും കൂട്ടുകൂടിയുള്ള കളികളും. 

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കുട്ടികൾ ആർജിക്കേണ്ട നൈപുണികളിൽ പ്രധാനപ്പെട്ടതാണ് പരസ്പര സഹകരണം. അകന്നുപോകുന്നവരെ ഒരുമിപ്പിക്കുന്നതിലൂടെ നേടിയെടുക്കാൻ സാധിക്കുന്ന സാമൂഹ്യമായ ഒത്തൊരുമ തന്നെയാണ് മൈതാനങ്ങളുടെ സംഭാവന. നേരത്തെ തൊഴിൽശാലകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ പണിയെടുത്തിരുന്ന യുവജനങ്ങൾ വൈകിട്ട്‌ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും നിരന്ന പ്രദേശങ്ങളിലുമൊക്കെ കാൽപ്പന്തുകളിയിലും മറ്റു നാടൻ കായികവിനോദങ്ങളിലും ഏർപ്പെട്ടിരുന്നു. അവിടെ രൂപപ്പെട്ട ജനകീയ കൂട്ടായ്മകളാണ് സമൂഹത്തിലെ തദ്ദേശീയമായ മാറ്റത്തിനും വികസനത്തിനുമായി പ്രവർത്തിച്ചിരുന്നത്. വ്യക്തികൾ തമ്മിലും കുടുംബങ്ങൾ തമ്മിലും സഹകരണത്തിന്റെ തീവ്രമായ ഇടപെടൽ പൂർണമായ അർഥത്തിൽ ഉണ്ടായിരുന്നു. സഹവർത്തിത്വത്തിന്റെ ഇത്തരം  നേരനുഭവങ്ങൾ അത്യന്താധുനിക സംവിധാനമുള്ള ഫിറ്റ്നസ് സെന്ററുകളിൽ പോകുന്ന ആളുകൾ തമ്മിൽ ഒരിക്കലും ഉണ്ടാകില്ലെന്നത് യാഥാർഥ്യമാണ്. സമീപഭാവിയിൽ  ഉയരാൻ പോകുന്ന ഓരോ മൈതാനത്തെയും പ്രതിനിധാനംചെയ്യുന്ന നിരവധി ‘കളിക്കൂട്ടായ്മകൾ' നാടിന്റെ നാളത്തെ പ്രതീക്ഷകളാണ്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ പരിശോധിച്ചാൽ പൊതു കളിയിടങ്ങളുടെ അഭാവമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതി വിലയിരുത്തുമ്പോൾ മൈതാനത്തിന്‌ അനുവദിച്ച സ്ഥലംപോലും അശാസ്‌ത്രീയ നിർമാണപ്രവൃത്തികളിലൂടെ  നശിപ്പിക്കുന്ന അവസ്ഥയുണ്ട്. മൈതാനത്തിന്റെ അളവ് സംബന്ധിച്ച മാനദണ്ഡങ്ങൾ ശരിയായ രീതിയിൽ പാലിക്കുന്നതിനു സാധിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിമിതമായിരിക്കുമെന്നുറപ്പാണ്.  മൈതാനങ്ങളുള്ള സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് വ്യായാമങ്ങളിൽ ഏർപ്പെടുന്നതിന് അനുമതി നിഷേധിക്കുന്ന പ്രവണതയുമുണ്ട്. കളിക്കാനുള്ള തീവ്രമായ ആഗ്രഹത്തോടെ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും സ്വകാര്യ കളിസ്ഥലങ്ങളിലേക്കും പോകേണ്ട ദുരവസ്ഥയിലാണ് പലരും. തദ്ദേശവാസികൾക്ക് സ്വന്തമായൊരു മൈതാനമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് പൊതുജനാധിപത്യ പ്രസ്ഥാനം നേതൃപരമായ പങ്കുവഹിക്കുന്നതുതന്നെ അഭിമാനകരമാണ്. കായികസൗഹൃദവും സുരക്ഷിതവും അടിസ്ഥാനസൗകര്യം ഉള്ളതുമായ ഒരു കളിക്കളം വീടിനടുത്തുതന്നെ  ഉണ്ടാകണമെന്നത് എല്ലാ ജനങ്ങളുടെയും പൊതുവായ ആഗ്രഹമാണ്.  നാശത്തിന്റെ വക്കിൽ നിൽക്കുന്ന കളിയിടങ്ങളിൽ ജനകീയ ഇടപെടലിലൂടെ ആരവങ്ങൾ വീണ്ടും മുഴക്കേണ്ടത്പുതിയ കാലത്തെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ്. കളികൾക്കും മൈതാനങ്ങൾക്കും ജാതി, മത, വർഗ, വർണ, വ്യത്യാസം ഇല്ലാത്തതിനാൽ എല്ലാത്തരം ജനങ്ങൾക്കും ഒരുമയോടെ സംഘടിക്കാൻ കഴിയുന്ന സംഗമവേദിയാകുന്നു.

വർത്തമാന കളികൾ, കളിക്കളങ്ങൾ എന്നിവ വീടുകൾക്കുള്ളിൽ പരിമിതമായ സ്ഥലത്ത് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നവയാണ്. കൂടുതൽ നിയമാവലികളും നിയന്ത്രണങ്ങളും മാത്രമടങ്ങിയ ഇവ കുട്ടികളുടെ സർഗാത്മകതയെയും കാൽപ്പനികതയെയും മുരടിപ്പിക്കുന്നതരത്തിൽ സൃഷ്ടിച്ചവയാണ്. കുട്ടികളിൽ ഉണ്ടാകേണ്ട സാമൂഹ്യപരതയുടെ അവസരം നഷ്ടമാക്കുകയാണ് ഇന്നത്തെ രക്ഷിതാക്കളിൽ ഭൂരിഭാഗവും. ഒഴിവുവേളകളിൽ വ്യത്യസ്ത കളികളിൽ സ്വതന്ത്രമായി ഏർപ്പെട്ടിരുന്നവർ വീടുകളിലെ അകത്തളങ്ങളിലെ ‘ഗെയിംസ് റൂം’ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ചില ബന്ധനങ്ങളിൽ അകപ്പെടുന്നത് പതിവുകാഴ്ചയാണ്.  ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളും കളിക്കളങ്ങളുമാണെന്ന്  പൊതുവെ പറയാറുണ്ട്. നന്മയുടെ വിളനിലങ്ങളായ ഇത്തരം പൊതു ഇടങ്ങൾ വീണ്ടും കൂടുതൽ സജീവമാകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമ്പോൾ സമൂഹത്തിനും നാടിനും മാതൃകയാകുന്നവർ സൃഷ്ടിക്കപ്പെടുന്നു.

ഇന്ത്യയിലെ നല്ലൊരു വിഭാഗം യുവജനങ്ങൾക്കും ആരോഗ്യത്തിലും കായിക ക്ഷമതയിലും ഉണ്ടായ കുറവ് ഗൗരവത്തോടെ കണക്കിലെടുക്കണം. വളരുന്ന കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസപുരോഗതി, സാമൂഹ്യവൽക്കരണം എന്നിവ രാജ്യപുരോഗതിയിൽ നിർണായകമാകുന്നു. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും ബാല്യകാല സന്തോഷത്തിലും ഭാഗഭാക്കാകുന്ന കളിസ്ഥങ്ങൾ കൂടുതൽ ഉദയംചെയ്യണം. പുരോഗമനപ്രസ്ഥാനം കൈക്കൊണ്ട ഇത്തരം ഉറച്ച തീരുമാനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. മൈതാനങ്ങളിൽ മാലിന്യങ്ങളും മദ്യക്കുപ്പികളും നിറയുമ്പോൾ ആശുപത്രികളിൽ രോഗികളുടെ എണ്ണവും രോഗാതുരതയും വർധിച്ചുകൊണ്ടേയിരിക്കും. കളിക്കളങ്ങളിൽ സജീവമായ മനുഷ്യചലനം ഉണ്ടാകുമ്പോൾ നവയുവജനതയുടെ ഉയിർത്തെഴുന്നേൽപ്പിന് വഴിതുറക്കും.

(എസ്‌സിഇആർടിയിൽ റിസർച്ച് 
ഓഫീസറാണ്‌ ലേഖകൻ) 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top