26 April Friday
ഇന്ന്‌ 
കേരളപ്പിറവി ദിനം

വിജ്‌ഞാനം, വികസനം

പിണറായി വിജയൻUpdated: Tuesday Nov 1, 2022

തിരു കൊച്ചി, മലബാർ എന്നിങ്ങനെ വേർപെട്ടു കിടന്നിരുന്ന പ്രദേശങ്ങൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായിട്ട് അറുപത്താറു വർഷം പിന്നിട്ടു. ത്യാഗോജ്വലങ്ങളായ നിരവധി പോരാട്ടങ്ങളും സാംസ്കാരികമായ മുന്നേറ്റങ്ങളുമാണ് ഐക്യകേരളം സാധ്യമാക്കിയത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയെന്ന മുദ്രാവാക്യം ആദ്യം മുന്നോട്ടുവച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 1946ൽ പുറത്തിറങ്ങിയ ഇ എം എസിന്റെ ‘ഒന്നേകാൽ കോടി മലയാളികൾ’, ഏതാണ്ട് 46–-47 ഘട്ടത്തിൽത്തന്നെ പുറത്തുവന്ന ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നീ കൃതികളിൽത്തന്നെ ഇതിന്റെ വിത്തുകൾ കാണാം. ആന്ധ്രപ്രദേശിൽ പി സുന്ദരയ്യയുടെ ‘വിശാലാന്ധ്ര’യും ബംഗാളിൽ ഭവാനിസെന്റെ ‘നൂതൻ ബംഗാളും’ ഒക്കെ ഇറങ്ങിയത് ഇതോടു ചേർത്തുവായിക്കണം. ആന്ധ്രപ്രദേശിലാകട്ടെ, പോട്ടി ശ്രീരാമലുവിന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമെന്ന ആവശ്യം മുൻനിർത്തിയുള്ള സമരത്തിൽ ജീവൻതന്നെ നൽകേണ്ടിവന്നു. അങ്ങനെ ശക്തിപ്പെട്ടുവന്ന ആശയത്തിന്റെ സാഫല്യമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയത്തിൽ കണ്ടത്.

ആ ഐക്യകേരളത്തെ സ്വപ്നം കണ്ടവർക്ക് ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ സങ്കൽപ്പങ്ങളുണ്ടായിരുന്നു. അത്‌ യാഥാർഥ്യമാക്കിയെടുക്കാനാണ് ഐക്യകേരളപ്പിറവിക്കു തൊട്ടുപിന്നാലെ കേരളത്തിൽ അധികാരത്തിൽ വന്ന 1957ലെ ഇ എം എസ് മന്ത്രിസഭമുതൽ ഇങ്ങോട്ട്‌ കേരളത്തിലെ പുരോഗമന സ്വഭാവമുള്ള മന്ത്രിസഭകളാകെ ശ്രമിച്ചത്. ഇന്ന് എൽഡിഎഫ്‌ സർക്കാർ നവകേരള നിർമാണം, വിജ്ഞാന സമൂഹനിർമാണം, വിജ്ഞാന സമ്പൽഘടനാ രൂപീകരണം എന്നിവയിലൂടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ആ പ്രക്രിയ.

കമ്യൂണിസ്‌റ്റ്‌ പാർടിയുടെ 
വികസന കാഴ്‌ചപ്പാട്‌
കേരളസംസ്ഥാന രൂപീകരണത്തിനു മുമ്പേതന്നെ കേരളത്തിനായുള്ള ഒരു വികസനക്കാഴ്ചപ്പാടിന്‌ കമ്യൂണിസ്റ്റ് പാർടി രൂപംനൽകി. സാധാരണക്കാരെ മുന്നിൽക്കണ്ടുള്ള ആ വികസനരേഖയ്ക്ക്‌ ജനകീയ അംഗീകാരവും ലഭിച്ചു. ആദ്യ ഇ എം എസ് സർക്കാർ ഈ വികസനരേഖയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. എന്നാൽ, പിന്തിരിപ്പൻ ശക്തികളുടെ തീട്ടൂരത്തിന്‌ കേന്ദ്ര സർക്കാർ വഴങ്ങിയതിനാൽ ആ സർക്കാരിന്‌ കാലാവധി പൂർത്തിയാക്കാനായില്ല. അതുകൊണ്ടുതന്നെ അന്ന്‌ മുന്നോട്ടുവച്ച പ്രവർത്തനപരിപാടികൾ തുടർന്നും ഏറ്റെടുക്കാനാണ് 1967ൽ അധികാരത്തിലെത്തിയ രണ്ടാം ഇ എം എസ് സർക്കാർ ശ്രമിച്ചത്.

ഇത്തരം ഇടപെടലുകൾ സൃഷ്ടിച്ച മുന്നേറ്റത്തിന്റെ ഫലമായിരുന്നു ഭൂപരിഷ്കരണവും സാർവത്രിക വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും മറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളുമെല്ലാം. കർഷകത്തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം അങ്ങനെ എത്രയേറേ ഭാവനാപൂർണമായ പദ്ധതികളാണ് പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുകൾ ഏറ്റെടുത്തത്. വിദ്യാഭ്യാസ–- സാമൂഹ്യക്ഷേമ മേഖലകളിൽ എൽഡിഎഫ് സർക്കാരുകൾ നടത്തിയ ഇടപെടലുകൾ ഒന്നും  പാഴായിട്ടില്ല എന്നാണ് ഈ രംഗങ്ങളിലെ നേട്ടങ്ങൾ സൂചിപ്പിക്കുന്നത്. മാനവവികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പ്രതിബന്ധങ്ങളോ പ്രതിസന്ധികളോ ഇല്ല എന്നല്ല. വ്യാവസായിക മുന്നേറ്റത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലൊക്കെ നമുക്ക് ഏറെ മുന്നേറാനുണ്ട്.

 

വാക്കു പാലിക്കുന്ന സർക്കാർ
അത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള 600 ഇന പരിപാടിയുമായാണ് 2016ൽ എൽഡിഎഫ്‌ അധികാരത്തിലെത്തിയത്. വിദ്യാഭ്യാസ–- ആരോഗ്യ മേഖലകളെ ലോകോത്തര നിലവാരത്തിലേക്കുയർത്തിയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയും പാർപ്പിടരംഗത്ത് ഇടപെടലുകൾ കാര്യക്ഷമമാക്കിയുമൊക്കെ നവകേരള സൃഷ്ടിക്കുള്ള അടിത്തറ പാകാൻ കഴിഞ്ഞ സർക്കാരിനായി. അതിന്റെയൊക്കെ ഫലമായി കൈവന്ന ജനവിശ്വാസത്തിലൂന്നിയാണ് തുടർഭരണത്തിലെത്തിയത്.

ഇക്കുറി 900 വാഗ്ദാനമാണ് എൽഡിഎഫ്‌ മുന്നോട്ടുവച്ചത്. അതിൽ 85 ശതമാനം കാര്യങ്ങളിലും പ്രാഥമിക നടപടികളിലേക്കു കടന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന എൽഡിഎഫിന്റെ ഭരണസംസ്കാരത്തിന്റെ ഭാഗമായിവേണം ഇതിനെ കാണാൻ. പല പദ്ധതികളും പൂർത്തീകരണത്തോട് അടുത്തു. 2026ഓടെ നാൽപ്പത് ലക്ഷം തൊഴിലവസരം സൃഷ്ടിച്ചും മൂല്യവർധിത വ്യവസായങ്ങൾക്ക്‌ പ്രാധാന്യം നൽകിയും നൂതന സാങ്കേതികവിദ്യാരംഗത്ത് മുന്നേറ്റം നടത്തിയും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരിച്ചും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുകയാണ്.

വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഈ സർക്കാർ. വിജ്ഞാനമെന്നത് കേവലം ക്ലാസ് മുറികളിലോ അക്കാദമിക് രംഗത്തോ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ലോകത്തെവിടെയും ഉണ്ടാകുന്ന അറിവുകളെ നമ്മുടെ സമ്പദ്ഘടനയിലേക്ക്‌ കൂട്ടിച്ചേർത്തുകൊണ്ട് അതിനെ പുരോഗമനോമുഖമായി പരിവർത്തിപ്പിക്കുകയാണ് പ്രധാനം. ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അറിവിന്റെ ജനാധിപത്യവൽക്കരണം. എല്ലാ പൗരൻമാർക്കും അറിവ് ആർജിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനായി ബഹുമുഖമായ ഇടപെടലുകൾ സാധ്യമാകേണ്ടതുണ്ട്. വിജ്ഞാനവിതരണത്തിനുതകുന്നവിധം ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കണം. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ഒരു ജൈവബന്ധം രൂപപ്പെടുത്തണം. ലോക വിജ്ഞാനഘടനയുമായി  നാടിനെ ബന്ധിപ്പിക്കണം. അതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുകയാണ്  സർക്കാർ.

2016ൽ എൽഡിഎഫ്‌ അധികാരത്തിലെത്തുമ്പോൾ  മൂന്ന് ഐടി പാർക്കിലായി 640 കമ്പനിയും 78,068 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഒന്നരക്കോടി ചതുരശ്രയടിയായിരുന്നു ഐടി പാർക്കുകളുടെ വിസ്തീർണം. 9753 കോടിയുടെ ഐടി കയറ്റുമതിയാണ് അന്നുണ്ടായിരുന്നത്. ഐടി മേഖലയിൽ നടത്തിയ കാര്യക്ഷമമായ ഇടപെടലുകളുടെ ഫലമായി ഇന്നിവിടെ 1106 കമ്പനിയും 1,35,288 ജീവനക്കാരുമുണ്ട്.

ഇതിനൊക്കെ പുറമെ ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴി സംസ്ഥാനത്ത് സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഐടി കേന്ദ്രങ്ങളിൽ നിന്നാണ് ഇവ ഉത്ഭവിക്കുക. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് ത്രീമുതൽ കൊല്ലംവരെയും ചേർത്തലമുതൽ എറണാകുളംവരെയും എറണാകുത്തുനിന്ന് കൊരട്ടിവരെയും കോഴിക്കോട്മുതൽ കണ്ണൂർവരെയുമാണ് ഇടനാഴികൾ. ഈ സർക്കാരിന്റെ കാലത്ത് 90,168 ചെറുകിട ഇടത്തരം സംരംഭമാണ് ആരംഭിച്ചത്. 2021– -22  സംരംഭക വർഷമായി ആചരിക്കുകയാണ്. ആദ്യത്തെ ഇരുനൂറ് ദിനം കൊണ്ടുതന്നെ 75,000 സംരംഭം തുടങ്ങാനായി. ഇതിലൂടെ 4694 കോടി രൂപയുടെ നിക്ഷേപങ്ങളും സംഭരിച്ചു. ഇതുവഴി 1,65,301 തൊഴിലവസരവും സൃഷ്ടിക്കാനായി. ഇതിൽത്തന്നെ 25,000 സംരംഭം വനിതകളുടേതാണ്.

ദീർഘവീക്ഷണത്തോടെ 
മുന്നോട്ട്‌
ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ആ അവകാശം എല്ലാവർക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താനാണ് കെ–-ഫോൺ പദ്ധതി നടപ്പാക്കുന്നത്. കെ–-ഫോണിലൂടെ എല്ലാവർക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഗുണമേന്മയുള്ള അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ്. അതിനായി 30,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്.

വർധിച്ച ജനസാന്ദ്രതയും വാഹനപ്പെരുപ്പവും നേരിടുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ നമ്മുടെ ഗതാഗത സൗകര്യങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ദീർഘവീക്ഷണത്തോടെ പാരിസ്ഥിതിക സൗഹൃദമായ കാഴ്ചപ്പാടോടെ വേണം നൂതന ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ. അനിശ്ചിതമായി നീണ്ടുപോയ ദേശീയപാത വികസനത്തിന്റെ തടസ്സങ്ങൾ നീക്കാനായി എന്നതുതന്നെയാണ് കഴിഞ്ഞ  സർക്കാരിന്റെ സുപ്രധാനമായ നേട്ടം.  റോഡ് ഗതാഗതംപോലെതന്നെ ജല–- റെയിൽ–- വ്യോമ ഗതാഗതരംഗത്തും കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിവരുന്നത്.


 

വ്യാവസായിക മുന്നേറ്റവും വികസനവും ലക്ഷ്യംവച്ചുള്ള പരിപാടികൾ ആവിഷ്കരിക്കുമ്പോഴും ക്ഷേമപദ്ധതികളിൽനിന്ന്‌ ഒരിഞ്ച് പിന്നിലേക്കു പോകാൻ സർക്കാർ തയ്യാറല്ല. ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെമാത്രം 1406 കോടി രൂപയാണ് വിതരണം ചെയ്തത്. ലൈഫ് മിഷൻ മുഖേന 50,650 വീട്‌ നിർമിച്ചു നൽകി.  തീരദേശമേഖലയിലെ പാർപ്പിടപ്രശ്നം പരിഹരിക്കുന്നതിനായി രൂപീകരിച്ച പുനർഗേഹം പദ്ധതി മുഖേന 1704 വീട്‌ നിർമിച്ചു നൽകി. 390 ഫ്ളാറ്റ് നൽകി. നിരവധി പേർ  ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പദ്ധതിയുടെ ഭാഗമായി ഭൂരഹിതർക്ക് ഭൂമി കൈമാറാൻ തയ്യാറായി. 583 കുടുംബാരോഗ്യ കേന്ദ്രം സജ്ജമായി. 849 പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയും 102 അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനെയും ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്ററുകളായി ഉയർത്തി.

വിലക്കയറ്റം പിടിച്ചുനിർത്താൻ പൊതുവിതരണ സംവിധാനത്തിൽ ശക്തമായി ഇടപെടുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും, രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയത്.

ലഹരിക്കെതിരെ പോരാട്ടം
പൊതുവിദ്യാഭ്യാസ രംഗത്തു നാം കൈവരിച്ച നേട്ടങ്ങൾക്ക് ആനുപാതികമായി ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിത്തീർക്കുന്നതിനുള്ള ഇടപെടലുകളും സർക്കാർ നടത്തിവരികയാണ്.  നാഷണൽ അസസ്‌മെന്റ് ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിലിന്റെ പരിശോധനയിൽ കേരള സർവകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കലിക്കറ്റ് , ശ്രീ ശങ്കരാചാര്യ, കുസാറ്റ് എന്നീ സർവകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും കരസ്ഥമാക്കാൻ കഴിഞ്ഞു. മറ്റ് സർവകലാശാലകളും മികച്ച പ്രകടനമാണ് വിവിധ മേഖലകളിൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

നവകേരള സൃഷ്ടിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സമാധാനപൂർണമായ സാമൂഹ്യാന്തരീക്ഷം. ഈ സാമൂഹ്യാന്തരീക്ഷത്തിൽ ഊന്നിനിന്നുകൊണ്ടുവേണം നാം വിഭാവനംചെയ്ത തരത്തിലുള്ള പുതിയ കേരളം പടുത്തുയർത്താൻ. അതിനു തടസ്സം സൃഷ്ടിക്കാൻ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. വർഗീയ സംഘർഷങ്ങളില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമെന്ന പദവിയാണ് അത്തരക്കാരെ അസ്വസ്ഥരാക്കുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ ജാഗ്രത പുലർത്തണം. നമ്മുടെ നാടിനെ കാർന്നുതിന്നുന്ന മറ്റൊരു മഹാവിപത്താണ് മയക്കുമരുന്നിന്റെ ഉപയോഗം. ലഹരിയെന്ന മഹാവിപത്തിനെ നമുക്ക് നാട്ടിൽനിന്ന്‌ ഇല്ലാതാക്കാൻ അതിവിപുലമായ ഒരു ക്യാമ്പയിൻ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തിൽ നാം ഓരോരുത്തരും കണ്ണിചേരണം.

നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയായ ശാസ്ത്രബോധവും യുക്തിചിന്തയും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ നാട് പുരോഗതിയിലേക്കെത്തിയത്. അതിൽനിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികൾക്കെതിരെ ഒരേ മനസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദർഭംകൂടിയാണ് ഈ കേരളപ്പിറവി ദിനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top