05 December Tuesday

മാലിന്യമുക്ത നവകേരളത്തിലേക്ക്

മന്ത്രി എം ബി രാജേഷ്Updated: Monday Oct 2, 2023

ശുചിത്വവും സേവനവും ആത്മീയാനുഭവമാക്കി മാറ്റിയ മഹാത്മാഗാന്ധി പരിസര ശുചീകരണത്തിന്റെ മഹത്തായ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനാൽത്തന്നെ നാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള വേള ഗാന്ധിജയന്തി ദിനംതന്നെയാണ്. ‘മാലിന്യമുക്തം നവകേരളം ’ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി വിപുലമായ ശുചീകരണങ്ങൾക്കാണ് തിങ്കളാഴ്‌ച തുടക്കമാകുന്നത്. ഒരാഴ്‌ചത്തെ പരിപാടിയിൽ 30 ലക്ഷം സന്നദ്ധസേവകരാണ് പങ്കാളികളാകുക. 2024ൽ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളെയും സമ്പൂർണ ശുചിത്വപദവിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ വർഷം മാർച്ച് 15ന് മൂന്നു ഘട്ടമായുള്ള ക്യാമ്പയിൻ ആരംഭിച്ചത്.

ആറുമാസം പിന്നിടുമ്പോൾ മാറ്റം പ്രകടമാണ്. ഉറവിട ജൈവമാലിന്യ ശേഖരണവും വീടുതോറുമുള്ള അജൈവമാലിന്യ ശേഖരണവും 90–--100 ശതമാനമുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ ജനുവരിയിൽ 19 മാത്രമായിരുന്നു. ആഗസ്‌തിൽ 88 ആയി. 50 മുതൽ 90 ശതമാനമുള്ളവ ജനുവരിയിൽ 244 ആയിരുന്നത് 499 ആയി.

ക്യാമ്പയിൻ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിരവും സമ്പൂർണവുമായ മാറ്റത്തിലേക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. വലിയ ബോധവൽക്കരണം ഇതിന് ആവശ്യമാണ്. മാലിന്യപരിപാലനം സംബന്ധിച്ച അടിസ്ഥാന സാക്ഷരത നമുക്കില്ല എന്നത് ലജ്ജാകരമാണ്.  
മാലിന്യസംസ്കരണ പദ്ധതികൾ സംബന്ധിച്ച എതിർപ്പുണ്ടാകുന്നത് ആവശ്യമായ അവബോധം ഇല്ലാത്തതുകൊണ്ടാണ്. മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സാങ്കേതികവിദ്യകൾ ലഭ്യമാണ്. ശാസ്ത്രീയമായ ലാൻഡ് ഫിൽ ആകട്ടെ സാനിറ്ററി പാഡുകൾ സംസ്കരിക്കുന്ന ഇൻസിനിറേഷൻ സംവിധാനമാകട്ടെ എല്ലാ വികസിത നാടുകളും സ്വീകരിക്കുന്ന രീതികളാണ്.

ജനങ്ങളുടെ അവബോധമില്ലായ്മയെ ചൂഷണംചെയ്യുന്ന നിക്ഷിപ്ത താൽപ്പര്യക്കാർ ധാരാളമുണ്ടെന്ന കാര്യവും വിസ്മരിക്കാനാകില്ല. എന്നാൽ, ഇത്തരക്കാർക്ക് മുമ്പിൽ സർക്കാരിന് വഴങ്ങാൻ കഴിയില്ല. ബോധവൽക്കരണംകൊണ്ടുമാത്രം കാര്യങ്ങൾ പൂർണമായും മാറുമെന്ന തെറ്റിദ്ധാരണയും സർക്കാരിനില്ല. കടുത്ത പിഴയടക്കമുള്ള ശിക്ഷകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന്‌ ആളുകളെ തടയും. ശക്തമായ നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നിയമനിർമാണം കൊണ്ടുവരും.

ഓരോ തദ്ദേശസ്ഥാപനവും മാലിന്യമുക്തമാകുന്നതോടെ ശാസ്ത്രീയമായ രീതിയിൽ മാലിന്യം പരിപാലിക്കുന്ന സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഘട്ടംഘട്ടമായും ചിട്ടയോടെയും നടപ്പാക്കുന്നത്. ഉദ്ദേശിക്കുന്ന ലക്ഷ്യം എന്താണോ അത് കൈവരിക്കുകതന്നെ ചെയ്യുമെന്ന പ്രതിജ്ഞയാണ് ഗാന്ധിജയന്തി ദിനത്തിൽ എടുക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയോ ഒത്തുതീർപ്പോ ഇല്ല. സാമൂഹ്യ, രാഷ്ട്രീയ പരിസ്ഥിതി സംഘടനകൾക്കും കലാ സാംസ്കാരിക പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ മുഴുവൻ പേർക്കും ഇതിൽ നിർണായക പങ്കുവഹിക്കാനാകും. അങ്ങനെ കൂട്ടായ പ്രവർത്തനത്തിലൂടെ ‘മാലിന്യമുക്തം നവകേരളം’ എന്ന ആശയം കൂടുതൽ അർഥവത്താക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top