29 March Friday

ഉറപ്പുണ്ട്‌; സർക്കാർ ഉന്നതിയിലേക്ക്‌ നയിക്കും

ജീമോന്‍ കോരUpdated: Monday May 16, 2022

രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ,  ജനങ്ങളുടെ ജീവനും ഉപജീവനത്തിനും ഒരുപോലെ പിന്തുണ നൽകുന്ന സർക്കാരിനെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി അഭിനന്ദിക്കുന്നു. ഈ ലക്ഷ്യത്തോടെ ബഹുമുഖ നടപടികളാണ് ഈ സർക്കാരും ഒന്നാം പിണറായി സർക്കാരും സ്വീകരിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ ആദ്യ വർഷവും പ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങളും നിപ , കോവിഡ് തുടങ്ങിയ മാരക രോഗങ്ങളും വലിയ പ്രതിസന്ധികളും പ്രയാസങ്ങളും സൃഷ്ടിച്ചിരുന്നു. ഈ ദുരന്തങ്ങളെ നേരിടുന്നതിനിടയിലും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തിന്റെ പിന്തുണയോടെ  കേരളത്തിന്റെ വളർച്ചാ കുതിപ്പ് മുന്നോട്ടുകൊണ്ടുപോയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ സിഐഐ അഭിനന്ദിക്കുന്നു.  

കേരളം വലിയൊരു സാമൂഹ്യവിപ്ലവത്തിന്റെ വഴിത്തിരിവിലാണ്. യുവാക്കൾ അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും പതിവ് തൊഴിൽ മാർഗങ്ങളിൽനിന്നു മാറി സ്വന്തം സംരംഭം സൃഷ്‌ടി‌ക്കാനും തൽപ്പരരാണ്. സാമൂഹ്യവും സാമ്പത്തികവും ജനസംഖ്യാപരവുമായ നിരവധി ഘടകം അടിസ്ഥാനപരമായ ഈ മാറ്റത്തിലേക്ക് കണ്ണിചേർക്കപ്പെടുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾ മുമ്പെങ്ങുമില്ലാത്തവിധം അത്യന്താധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും പുതിയതും മികച്ചതുമായ മാർഗങ്ങൾക്കായി പുതിയ പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗത സോഫ്‌റ്റ്‌വെയർ, ഐടി മേഖലകൾക്കപ്പുറത്തേക്ക് പോയി പുതിയ ചക്രവാളങ്ങൾ തേടുന്നതിനാൽ കേരളത്തിൽനിന്നുള്ള സംരംഭകർക്ക് ദേശീയ, അന്താരാഷ്ട്ര വേദികളിൽ അംഗീകാരം ലഭിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് പുതിയ  20,000 സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ)  ആരംഭിച്ചു. സിഐഐ കേരളത്തിലെ സംരംഭകർക്കിടയിൽ  നടത്തിയ സർവേയിൽ, സംസ്ഥാനത്ത് മൊത്തം 1500 കോടി രൂപയുടെ  നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള 15 കമ്പനിയെ കണ്ടെത്തി. ഇതെല്ലാം സംസ്ഥാനത്ത് നിലനിൽക്കുന്ന വ്യവസായ അനുകൂല കാലാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാർ നിരവധി നടപടി സ്വീകരിച്ചു.

വിവിധ വകുപ്പും ഏജൻസികളുമായി ബന്ധപ്പെട്ട ഏഴു നിയമം ഭേദഗതി ചെയ്തു ‘കേരള ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട്, 2018’ എന്ന സുപ്രധാനമായ നിയമനിർമാണം നടത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരാൻ ഇത് സഹായകമായി.

കൂടാതെ, പുതിയ വ്യവസായനയം, കേരള മൈക്രോ സ്‌മാൾ മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്ട്, 2019, കേരള സ്റ്റേറ്റ് ഏകജാലക ക്ലിയറൻസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ് ഏരിയ എന്നിവയിൽ ഭേദഗതികൾ കൊണ്ടുവന്ന് നിലവിലുള്ള ഏകജാലക ബോർഡ് ശക്തിപ്പെടുത്തൽ, വേഗത്തിലും സുതാര്യവുമായ ക്ലിയറൻസിനു വേണ്ടിയുള്ള ഏകജാലക സംവിധാനമായ കെ സിഫ്റ്റ് വെബ് പോർട്ടൽ, അതിന്റെ നവീകരിച്ച പതിപ്പായ കെ സിഫ്റ്റ് 2.0 എന്നിവ സർക്കാരിന്റെ പ്രശംസനീയമായ നേട്ടങ്ങളാണ്. അത്തരം കൂടുതൽ പദ്ധതിയും ഇവ അടിസ്ഥാനതലത്തിൽ നടപ്പാക്കുന്നതിനുള്ള കർമപദ്ധതിയും സിഐഐ ആഗ്രഹിക്കുന്നു.

ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ–- -കൊച്ചി ട്രാൻസ്മിഷൻ ലൈൻ പദ്ധതി, കേരള ബാങ്ക് രൂപീകരണം, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) രൂപീകരണം, നോക്കുകൂലി നിർത്തലാക്കൽ എന്നിവ മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. നിലവിലെ സർക്കാരും അതേ ദിശയിൽ ശ്രമങ്ങൾ തുടരുന്നത് സന്തോഷകരമാണ്. ഈ സർക്കാർ പ്രഖ്യാപിച്ച കേന്ദ്രീകൃത പരിശോധനാ സംവിധാനവും പരാതിപരിഹാര സെല്ലും നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതൽ മെച്ചപ്പെടുത്തുന്നതാണ്.

സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് അതിപ്രധാനമായതിനാൽ കൊച്ചുവേളി മുതൽ കാസർകോട്‌ വരെ 529.45 കിലോമീറ്റർ അർധ അതിവേഗ റെയിൽ ലൈൻ സ്ഥാപിക്കുന്ന സിൽവർ ലൈൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് സിഐഐ ആഗ്രഹിക്കുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ, സാമ്പത്തികവികസനത്തിൽ വലിയ മാറ്റമുണ്ടാക്കുകയും സംസ്ഥാനത്തിന്റെ  തെക്കുവടക്ക് യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. അതുപോലെ മറ്റൊരു പദ്ധതിയായ കൊച്ചി–- കോയമ്പത്തൂർ വ്യവസായ ഇടനാഴി ഉൽപ്പാദനവ്യവസായം വികസിപ്പിക്കുകയും കൊച്ചി–- പാലക്കാട് മേഖലയെ തെക്കേ ഇന്ത്യയിലെ ഉൽപ്പാദനവ്യവസായ ഹബ്ബാക്കി മാറ്റുകയുംചെയ്യും. കൊച്ചിയിൽ 220 ഹെക്ടറിൽ വരുന്ന ഗ്ലോബൽ ഇൻഡസ്‌ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ്  (ഗിഫ്റ്റ് )സിറ്റി കൊച്ചിയെ ആഗോളഭൂപടത്തിൽ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള ഇടമാക്കിമാറ്റും. 

1.20 ലക്ഷംപേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കി ഇത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ കുതിപ്പ് നൽകും. ഈ പദ്ധതികൾ നടപ്പാക്കിയാൽ, ആഗോള ഭൂപടത്തിൽ കേരളം നിക്ഷേപ സൗഹൃദകേന്ദ്രമായി അടയാളപ്പെടുത്തപ്പെടും.
കൂടുതൽ നിക്ഷേപാനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ  വ്യവസായികളും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണം. അദാലത്ത് നടത്തി തർക്കപരിഹാര സംവിധാനം മെച്ചപ്പെടുത്തുകയും നികുതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്  സമയപരിധി നിശ്ചയിച്ചുള്ള ആംനസ്റ്റി പദ്ധതി അവതരിപ്പിക്കുകയും വ്യവസായവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് ഭൂനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരികയും വേണം.

പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിലുള്ള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും പുതിയ നിക്ഷേപം ആകർഷിക്കുകയും വേണം. സംസ്ഥാനത്ത് ലഭ്യമായ ഉന്നതവിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുന്ന വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്ക് മുൻഗണന നൽകണം. ഐടി, ബയോടെക്നോളജി, ഭക്ഷ്യ, കാർഷികവിഭവ സംരക്ഷണം, വിനോദസഞ്ചാരം, എംഎസ്എംഇ, പരമ്പരാഗത വ്യവസായങ്ങൾ, മെഡിക്കൽ ടൂറിസം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നൽ നൽകണം. പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചും  കയറ്റുമതി മത്സരക്ഷമത വർധിപ്പിച്ചും വളർച്ചയുടെ അടുത്ത തലത്തിലേക്ക് മാറാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പാക്കി എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കാൻ സക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് സിഐഐ കേരള ഉദ്ദേശിക്കുന്നത്. ഈ സർക്കാർ സാമ്പത്തികമായും സാമൂഹ്യമായും കേരളത്തെ  ശക്തിപ്പെടുത്തുമെന്ന് സിഐഐക്ക് ഉറപ്പുണ്ട്.


(സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനും മാൻ കാൻകോർ ഇൻഗ്രിഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്‌  എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top