29 March Friday
ഇന്ന്‌ യുവജന ദിനം

സമത്വ സൃഷ്‌ടിക്കായി യുവത

എസ്‌ സതീഷ്Updated: Wednesday Jan 12, 2022


സ്വാമിവിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആചരിക്കാൻ 1984ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 1985 മുതൽ ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കുന്നു. മതവിഭജനവും ഭരണഘടന ദുർബലപ്പെടുത്തലും ചരിത്ര അപനിർമിതിയും കോർപറേറ്റ്‌വൽക്കരണവും നടമാടുന്ന കാലത്ത് വിവേകാനന്ദ ദർശനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഐക്യപ്പെടലിന്റെയും സഹവർത്തിത്വത്തിന്റെയും മാനവിക ദർശനമായിരുന്നു സ്വാമിയുടേത്. അപരവൽക്കരണത്തെ ശക്തമായി എതിർത്ത വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ. ‘ഒഴിവാക്കൽ’ എന്ന ഇക്കാലത്തെ ഏറ്റവും തെറ്റായ പ്രവണതയ്‌ക്കെതിരെ സന്ധിയില്ലാതെ പടവെട്ടിയ ദർശനം. 1893ൽ അമേരിക്കയിലെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം ‘എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ’ എന്നു തുടങ്ങുന്നതുതന്നെ സമത്വത്തെ സ്വാമിജി എത്രയോ ഉയരങ്ങളിൽ കാണുന്നു എന്നതിന്റെ തെളിവാണ്. വർണവെറിക്കെതിരെ, വർഗീയ വീക്ഷണങ്ങൾക്കെതിരെ, ജാതിമേൽക്കോയ്മയ്‌ക്കെതിരെ, സാമ്പത്തികചൂഷണത്തിനെതിരെ സമത്വം എന്ന മഹത്തരമായ ആശയം ഉയർത്തിപ്പിടിക്കുന്നതിനേക്കാൾ വലിയ പ്രതിരോധം മറ്റെന്തുണ്ട്?

വിദ്യാർഥിയായിരുന്നപ്പോൾമുതൽ ശാസ്ത്രത്തിലും ദർശനത്തിലും സ്വാമി തൽപ്പരനായിരുന്നു. പിന്നീട് ഗുരു ശ്രീരാമകൃഷ്ണ പരമഹംസന്റെ  സ്വാധീനവും വിവേകാനന്ദനിൽ സമത്വം എന്ന സോഷ്യലിസ്റ്റാശയങ്ങൾ ശക്തിപ്പെടുത്താൻ സഹായിച്ചു. കൊടിയ ദാരിദ്ര്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ജനങ്ങളെ ആത്മീയമായി ഉദ്ധരിക്കുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ പുനരുദ്ധാരണത്തിലൂടെ മാത്രമേ അതിന് കഴിയൂ എന്നായിരുന്നു സ്വാമിജിയുടെ നിഗമനം. ഈ പശ്ചാത്തലത്തിലാണ് സ്വാമിജി ഇപ്രകാരം പറഞ്ഞത്: അവർ ഭക്ഷണം ചോദിക്കുന്നു. നാമവർക്ക് നൽകുന്നത് കല്ലുകളാണ്. പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് മതം നൽകുക എന്നുവച്ചാൽ അതവരെ അപമാനിക്കലാണ്. പട്ടിണികിടക്കുന്ന ഒരാളെ മതദർശനങ്ങൾ പഠിപ്പിക്കുന്നത് അവന്റെ ആത്മാഭിമാനത്തിനുനേരെയുള്ള കൈയേറ്റമാണ്.

സ്ഥിതി സമത്വം പുലരുന്നൊരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായിരുന്ന സ്വാമി വിവേകാനന്ദന്റെ ലക്ഷ്യം. വിശാല വീക്ഷണംവച്ച് പുലർത്തിയ സ്വാമി ഒരിക്കലും വിഭാഗീയമായി ചിന്തിച്ചിരുന്നില്ല. മറ്റ് ചിന്താസരണികളെ സ്വാമിജി ഭയപ്പെടുകയോ അവയോട് അസഹിഷ്ണുത പുലർത്തുകയോ ചെയ്തില്ല. ‘വ്യത്യസ്ത ചിന്താസരണികൾ പെരുകട്ടെ’, കുതിച്ചുപായുന്ന അരുവിയിൽ മാത്രമേ ചുഴികളും ചുഴലികളുമുണ്ടാകൂ. സംഘർഷങ്ങളാണ് ചിന്തയെ ഉദ്ദീപിപ്പിക്കുന്നത്–- തുടങ്ങിയ ഉദ്‌ബോധനങ്ങൾ അദ്ദേഹത്തിന്റെ സമദർശനത്തിനുള്ള അടയാളങ്ങളാണ്. 

ഒരു രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ വികസനങ്ങളിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണ്.

സമകാലിക ഇന്ത്യ അസഹിഷ്ണുതയുടെയും മതവിഭജനത്തിന്റേതുമാണ്. മഹാന്മാക്കളുടെ ചിന്തകളും ദർശനവും അപനിർമിക്കപ്പെടുകയോ, ദുർവ്യാഖ്യാനിക്കുകയോ ചെയ്യുന്നു. സ്വാമി വിവേകാനന്ദനും ഗാന്ധിയും ശ്രീനാരായണഗുരുവും ഭഗത്‌സിങ്ങിനെയുമെല്ലാം വിദ്വേഷ രാഷ്ട്രീയത്തിന്റെ വരുതിയിലാക്കാനുള്ള ശ്രമം നടക്കുന്നു. മഹത് വ്യക്തികളുടെ യഥാർഥ കാഴ്ചപ്പാടുകളെ തമസ്‌കരിച്ച് വിഭജന രാഷ്ട്രീയത്തിന്റെ കുറ്റിയിൽ കെട്ടുന്നു. അപകടകരമാകുന്ന ഈ കാലത്തെ പ്രതിരോധിക്കുക എന്നതാണ് ജനാധിപത്യബോധമുള്ള യുവജനതയുടെ കടമ.
യുവജനത, ഊർജസ്വലരും ഉത്സാഹഭരിതരും നൂതനവും ചലനാത്മകവുമായ സ്വഭാവമുള്ളവരാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ വികസനങ്ങളിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണ്. പരമ്പരാഗതമായി കൗമാരംമുതൽ മധ്യവയസ്സുവരെയുള്ള കാലഘട്ടത്തെയാണ് യുവാക്കൾ എന്ന് വിളിക്കുന്നത്. യുവാക്കളെ നിർവചിക്കുന്നതിനായി യുഎൻ പരിഗണിക്കുന്ന പ്രായം 15 മുതൽ 24 വയസ്സുവരെയാണ്. ലോക ജനസംഖ്യയുടെ ഗണ്യമായ പങ്ക് ഇന്ത്യയിലാണ്. 2020ൽ ആഗോള ജനസംഖ്യയുടെ 17.5 ശതമാനവും ഇന്ത്യക്കാരാണ്. 2011ലെ ഇന്ത്യയുടെ സെൻസസ് പ്രകാരം ഇന്ത്യയിൽ 15 മുതൽ 24 വയസ്സുള്ളവർ മൊത്തം ജനസംഖ്യയുടെ 19.9 ശതമാനമാണ്. ഇന്ത്യൻ ജനസംഖ്യയുടെ ശരാശരി പ്രായം 28 വയസ്സും. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയിലും അമേരിക്കയിലും 37ഉം ജപ്പാനിൽ 49ഉം ആണ്. 

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാരുടെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. കോവിഡ്–19 സൃഷ്ടിച്ച സാഹചര്യം, കാലാവസ്ഥാ വ്യതിയാനംപോലുള്ള ആഗോളതലത്തിലുള്ള വെല്ലുവിളികൾ നേരിടാനുള്ള പ്രവർത്തനങ്ങളിലും ഇടപെടലുകളിലും യുവജന പങ്കാളിത്തം അനിവാര്യമാണ്.

യുവാക്കൾ ഇന്ന് നേരിടുന്ന വികസന വെല്ലുവിളികളായ ദാരിദ്ര്യം, അസമത്വം, വിദ്യാഭ്യാസം, തൊഴിൽ, ലിംഗസമത്വം, വിവേചനങ്ങൾ, അതേപോലെ മനുഷ്യാവകാശ- പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് യുവജനതയുടെയും രാഷ്ട്രത്തിന്റെയും ഭാവി നിലനിൽക്കുന്നത്. ഇന്നത്തെ ഇന്ത്യയിൽ ഇത്തരം അടിസ്ഥാനപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്നില്ല.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ നവലിബറൽ നയങ്ങൾ രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സമസ്ത മേഖലകളിലെയും തകർച്ചയ്ക്ക് ഇത് വഴിവച്ചു. ഇതിന്റെ ഭാഗമായി ഏറ്റവും പ്രയാസം അനുഭവിക്കുന്ന വിഭാഗം യുവജനസമൂഹമാണ്. തൊഴിലില്ലായ്മ രൂക്ഷമായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിൽ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ 2017-–-18 പുറത്തുവിട്ട കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് 1972-–-73ന് ശേഷമുള്ള ഏറ്റവും ഉയർന്നതാണ്. ഒപ്പം തൊഴിൽനഷ്ടവും കുതിച്ചുയരുന്നു. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമി എന്ന സ്വതന്ത്ര ഏജൻസിയുടെ കണക്കുപ്രകാരം 2018ൽ 110 ലക്ഷം തൊഴിലുകൾ നഷ്ടമായി. കോവിഡ് തീർത്ത സാഹചര്യം സ്ഥിതി കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നു. ഈ സാഹചര്യം ചെറുപ്പക്കാരെ അരാജക പ്രവണതകളിലേക്ക് നയിക്കുന്നു. മദ്യം, മയക്കുമരുന്നുപോലുള്ള അപകടത്തിലേക്ക് അവർ അഭയം പ്രാപിക്കുന്നു. അരാഷ്ട്രീയതയും അത് സൃഷ്ടിക്കുന്ന അവനവനിസവുമെല്ലാം എങ്ങനെയും പണമുണ്ടാക്കണമെന്ന ആർത്തിയിലേക്ക് ചെറുപ്പത്തെ നയിക്കുന്നു. ഇതിനൊപ്പം മതപരമായ വിഭജനവും തീവ്രവാദവും അസഹിഷ്ണുതയുംകൂടി ചേരുമ്പോൾ ഭാവി ഇന്ത്യയെ ഇത് കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടും.

ഈ സാഹചര്യത്തിനെതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്‌ പ്രധാനം.കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ ഇവിടെ പ്രസക്തമാകുന്നു. യുവാക്കൾ അവർ ജീവിക്കുന്ന സമൂഹത്തിൽ കൂടുതൽ നീതിപൂർവം പുരോഗമനപരമായ അവസരങ്ങളും പരിഹാരങ്ങളും ആവശ്യപ്പെടുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ലിംഗസമത്വം തുടങ്ങി അടിസ്ഥാന പ്രശ്‌നങ്ങളിലെ മാറ്റമാണ് യുവജനതയ്ക്ക്‌ ആവശ്യം. ഇത് നേടിയെടുക്കാൻ സ്വാമി വിവേകാനന്ദൻ ഉൾപ്പെടെ ഉയർത്തിക്കാണിച്ച ‘സമത്വം’ എന്ന ആശയത്തെ ശക്തിപ്പെടുത്താനും സോഷ്യലിസമെന്ന കാഴ്ചപ്പാടിലേക്ക് വികസിക്കാനും സാധിക്കണം. വിവേകാനന്ദൻ‘  ദ ഈസ്‌റ്റ്‌ ആൻഡ്‌ ദ വെസ്‌റ്റ്‌’ എന്ന രചനയിൽ ഊന്നിപ്പറഞ്ഞത് ധനികർ രാഷ്ട്രീയത്തിൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. സർക്കാരുകളെ പണക്കാർ വിരൽത്തുമ്പിൽ നിർത്തുന്നു. അവർ ജനങ്ങളെ കൊള്ളയടിക്കുന്നു. അത് ഇന്നും തുടരുന്നു. സാമ്പത്തിക ഉച്ചനീചത്വങ്ങൾക്ക് തടയിടാതെ ജനങ്ങൾക്കിടയിൽ സ്ഥിതിസമത്വമുണ്ടാകില്ല. അവസരസമത്വമില്ലാത്ത സമൂഹത്തിൽ നീതി നിലനിൽക്കില്ല. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ ജനങ്ങളിൽ ശുഭപ്രതീക്ഷ അങ്കുരിക്കുകയുള്ളൂ എന്നായിരുന്നു സ്വാമിജിയുടെ നിഗമനം. സ്ഥിതിസമത്വത്തിന്റെ സൃഷ്‌ടിക്കായി യുവജനത അണിചേരുക എന്നതാണ് നമ്മുടെ കടമ.

(കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ്‌ ചെയർമാനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top