28 March Thursday
ഇന്ന്‌ ദേശീയ സന്നദ്ധ രക്തദാനദിനം

രക്തദാനം ജീവദായകം - ടി സത്യനാരായണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 1, 2021

"ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി’ എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തിന് ഏറെ പ്രസക്തിയുള്ള ദിനമാണിന്ന്. രക്തദാനം പ്രോത്സാഹിപ്പിക്കുകയും രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുകയുമാണ് ദേശീയ സന്നദ്ധ രക്തദിനാചരണത്തിന്റെ ലക്ഷ്യം. "രക്തം നൽകൂ ലോകത്തിന്റെ ഹൃദയമിടിപ്പ് നിലനിർത്തൂ’ എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. ശാസ്ത്ര സാങ്കേതികവിദ്യ ഇത്ര പുരോഗതി പ്രാപിച്ചിട്ടും രക്തത്തിനുപകരം ഫലപ്രദമായ മറ്റൊരു വസ്തു കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവൻ രക്ഷിക്കാൻ രക്തദാനം ചെയ്യുക മാത്രമേ പോംവഴിയായുള്ളൂ. അതിനാലാണ് രക്തദാനം ജീവദാനം എന്നുപറയുന്നത്. പൊതിച്ചോറിനോടൊപ്പം ചോരയും നൽകിക്കൊണ്ടുള്ള ഡിവൈഎഫ്ഐപോലുള്ള സംഘടനകളുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണ്.

രക്തദാനത്തെപ്പറ്റി അബദ്ധധാരണകളും ഭയാശങ്കകളും ചിലരിൽ നിലനിൽക്കുന്നുണ്ട്. അരോഗദൃഢഗാത്രരായ മക്കളും ബന്ധുക്കളും രോഗിക്ക് ഉണ്ടെങ്കിലും അവരാരും രക്തദാനത്തിന് തയ്യാറാകാതെ സന്നദ്ധ സംഘടനാ പ്രവർത്തകരെ ആശ്രയിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണതയുണ്ട്. അടിസ്ഥാനരഹിതമായ പേടിയാണ് ഇവർ രക്തദാനത്തിൽനിന്ന് പിന്തിരിയാനുള്ള കാരണം. ഇത് പ്രോത്സാഹിപ്പിച്ചുകൂടാ. രക്തം നൽകുന്നതും സ്വീകരിക്കുന്നതും തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് കരുതുന്ന ചില മതവിഭാഗങ്ങളുണ്ട്. അഭ്യസ്തവിദ്യരായവർക്കിടയിൽപ്പോലും ഇത്തരം അന്ധവിശ്വാസങ്ങളുണ്ട്.

രക്തബാങ്കിലെ ആധുനിക സങ്കേതങ്ങൾ
ഒരു ദാതാവിന്റെ രക്തം ഒന്നിലധികം രോഗികൾക്ക് പ്രയോജനപ്പെടുത്താവുന്ന ആധുനിക സംവിധാനം ഇന്ന് ഒട്ടുമിക്ക രക്തബാങ്കുകളിലുമുണ്ട്. രക്തഘടകവിശ്ലേഷണ യൂണിറ്റ് (Blood Component separation Unit) എന്നാണീ നൂതന സംവിധാനത്തിന്റെ പേര്. രോഗാവസ്ഥയ്ക്കനുസരിച്ച് ആവശ്യമുള്ള രക്തഘടകംമാത്രം യന്ത്രസഹായത്താൽ വേർതിരിച്ചെടുത്തശേഷം പരിശോധിച്ച് നൽകുന്ന സംവിധാനമാണിത്. ചുവന്ന രക്താണുക്കൾ വിളർച്ചാ രോഗികൾക്കും അർബുദ രോഗികൾക്കും പ്ലാസ്മ തീപ്പൊള്ളൽ, വൃക്ക രോഗങ്ങൾ എന്നിവയ്ക്കും പ്ലേറ്റ്‌ലെറ്റുകൾ പനി, ത്രോംബോ സൈറ്റോപീനിയ തുടങ്ങിയവയ്ക്കും ക്രയോപ്രസിപ്പിറ്റേറ്റ് ഹീമോഫീലിയ രോഗികൾക്കുമാണ് നൽകുന്നത്. രോഗികൾക്ക് ആവശ്യമില്ലാത്ത ഘടകം കയറ്റുന്ന സാഹചര്യം ഒഴിവാക്കാനും കൂടുതൽ രോഗികൾക്ക് ഒരു ദാതാവിൽ നിന്നെടുക്കുന്ന രക്തം പ്രയോജനപ്പെടുത്താനും കഴിയുമെന്നതാണ് ഇതിന്റെ മേന്മ.

രക്തദാതാക്കൾക്കും ഗുണകരം
രക്തദാനം തങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്ത ചിലർക്കുണ്ട്. എന്നാൽ, യാഥാർഥ്യം മറിച്ചാണ്. ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെന്ന മഹാകാര്യത്തോടൊപ്പം രക്തദാതാവിന് സ്വന്തം ജീവൻ കൂടുതൽ കാലം ആരോഗ്യത്തോടെ നിലനിർത്താനും രക്തദാനം പ്രയോജനപ്പെടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു വർഷത്തിൽ മൂന്നു തവണയെങ്കിലും രക്തം ദാനം ചെയ്യുന്നവർക്ക് ഹൃദ്രോഗബാധയ്‌ക്കുള്ള സാധ്യത നന്നേ കുറവാണെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഡോ. ജെറോം സള്ളിവൻ കണ്ടെത്തിയത്.
രക്തദാനം ചെയ്യുമ്പോൾ പുതിയ രക്തകോശങ്ങൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടും. അത് ദാതാവിന് പുതിയ ഉണർവും ഉന്മേഷവും പ്രസരിപ്പും നൽകും. ദാനം ചെയ്യാതിരുന്നാൽ രക്തം ശരീരത്തിൽ എന്നെന്നും നിലനിൽക്കും എന്നത് തെറ്റായ ധാരണയാണ്. ശരീരത്തിലെ രക്തകോശങ്ങൾ നിശ്ചിത കാലയളവിൽ നശിക്കുകയും ശരീരം അതിനെ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. ഒപ്പം പുതിയ രക്തകോശങ്ങൾ ഉണ്ടാകുകയും ചെയ്യും. "കൊടുക്കുംതോറുമേറിടും' എന്ന് വിദ്യാദാനത്തെപ്പറ്റി പറയുന്നത് രക്തദാനത്തിനും ബാധകമാണ്.

(തൃശൂർ ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മുൻ സയന്റിഫിക് അസിസ്റ്റന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top