29 March Friday
ആദ്യ ദേശീയ പണിമുടക്കിന്‌ ഇന്ന്‌ 40

തൊഴിലാളികളുടെ ഐതിഹാസിക പണിമുടക്ക്‌

കെ എൻ ഗോപിനാഥ്Updated: Wednesday Jan 19, 2022


സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ദേശീയ പൊതുപണിമുടക്കായിരുന്നു 1982 ജനുവരി 19ന്‌ നടന്നത്‌. നാൽപ്പതുവർഷം മുമ്പ് നഗര–ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലാളികൾ ഒറ്റക്കെട്ടായി നടത്തിയ പണിമുടക്ക്. കർഷകരും തൊഴിലാളികളും കൈകോർത്ത്‌ പുതിയൊരു സമരയുഗത്തിന്റെയും തുടക്കമായി, കേന്ദ്രതൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ കോ–--ഓർഡിനേഷൻ കമ്മിറ്റിയായിരുന്നു പണിമുടക്ക് ആഹ്വാനം ചെയ്തത്. ട്രേഡ് യൂണിയനുകളുടെ ദേശീയ ഫെഡറേഷനുകൾ പിന്തുണയും പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിലില്ലായ്മ വേതനം നൽകുക, കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തിയത്. അന്നത്തെ പ്രതിപക്ഷ പാർടികളായ സിപിഐ എം, സിപിഐ, ജനാധിപത്യ സോഷ്യലിസ്റ്റ് പാർടി, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക്, ജനതാപാർടി, ബിജെപി, ലോക്ദൾ, ജൻവാദി പാർടി എന്നിവർ പിന്തുണച്ചു.

1982 ജനുവരി 19ന് ഭരണവർഗത്തിന്റെ കടന്നാക്രമണത്തിൽ പത്ത് സാധാരണക്കാരായ തൊഴിലാളികൾ രക്തസാക്ഷികളായി. തമിഴ്നാട്ടിലെ അന്നത്തെ എഐഡിഎംകെ - സർക്കാർ ആയിരക്കണക്കിന് തൊഴിലാളികളെ ജയിലിലടച്ചു. അൻജൻ, നഗൂരാൻ, - ഗണശേഖരൻ എന്നീ കർഷകത്തൊഴിലാളികളെ തമിഴ്നാട്ടിലെ നാഗപട്ടണത്ത്‌ കൊലപ്പെടുത്തി. എറണാകുളം ജില്ലയിൽ പി കെ അബ്ദുൽ റസാക്കിനെ പണിമുടക്ക് ദിവസം - കോൺഗ്രസുകാർ അരുംകൊല -ചെയ്തു. കൊല്ലം പത്തനാപുരത്ത് ഷാഹുൽ ഹമീദിനെയും കോൺഗ്രസ് - ഗുണ്ടകൾ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാസുരി മാർക്കറ്റിൽ 1982 ജനുവരി 19ന് കിസാൻ സഭയുടെ പ്രാദേശിക സെക്രട്ടറി ഭോലയെയും സഹോദരനും എസ്എഫ്ഐ നേതാവുമായ ലാൽചന്ദിനെയും പൊലീസ് വെടിവച്ചുകൊന്നു.

1982 ജനുവരി 19ലെ ദേശീയ പണിമുടക്കിനുശേഷം 2022 ഫെബ്രുവരി 23, 24ലെ പണിമുടക്കടക്കം 21 പൊതുപണിമുടക്കിലൂടെയും തൊഴിലാളിവർഗം ചെറുത്തുനിൽപ്പ് ഉയർത്തിക്കൊണ്ടിരിക്കുന്നു. 1991 -ഡിസംബർ 29, 1992 ജൂൺ 16, 1993 സെപ്തംബർ 9, 1994- സെപ്തംബർ 29, 1998 ഡിസംബർ 11, 2000 -മെയ് 11, 2001 മാർച്ച് 12, 2002 ഏപ്രിൽ 16, 2004 ഫെബ്രുവരി 24, 2005 ഫെബ്രുവരി 28, 2013 ഫെബ്രുവരി 20-, 21, 2015 സെപ്തംബർ 2, 2016 സെപ്തംബർ 2, 2019 ജനുവരി 8, 9, 2020 ജനുവരി 8, 2021 നവംബർ 26, 2022 ഫെബ്രുവരി 23, -24 എന്നിങ്ങനെയാണ് ദേശീയ പണിമുടക്കുകളുടെ നാൾവഴി. കർഷകമോർച്ച ആഹ്വാനംചെയ്ത ഭാരത ബന്ദിൽ 32 കോടിയോളം വരുന്ന തൊഴിലാളികളും കർഷകരും ഇന്ത്യ നിശ്ചലമാക്കി. 2021 നവംബർ 26ലെ പൊതുപണിമുടക്കിൽ 25 കോടി തൊഴിലാളികൾ അണിനിരന്നു.

ഭാരതബന്ദടക്കം കർഷകർ സംയുക്തമായി സംഘടിപ്പിച്ച പ്രക്ഷോഭം ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ചു. 2021 നവംബർ 11ന് ന്യൂഡൽഹിയിൽ - നിന്നുയർന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപനം തൊഴിലാളിവർഗം പ്രകടിപ്പിക്കുന്ന നിശ്ചയദാർഢ്യവും പോരാട്ടവീര്യവുമാണ് വിളംബരം ചെയ്തത്. ഫെബ്രുവരി 23, 24ലെ 48 മണിക്കൂർ പണിമുടക്കും വ്യാവസായിക ഉൽപ്പാദനമേഖലയെ സ്തംഭിപ്പിക്കും.‘ജനങ്ങളെ - സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക'- എന്നതാണ് പണിമുടക്കിന്റെ പ്രധാനമുദ്രാവാക്യം. വൈദ്യുതിമേഖല സ്വകാര്യവൽക്കരണത്തിനെതിരെ ഫെബ്രുവരി ഒന്നിന്‌ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പണിമുടക്ക് തൊഴിലാളികളുടെ അവകാശങ്ങൾ നേടുന്നതിന് മാത്രമല്ല, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനുംകൂടിയാണ്. എല്ലാ രൂപത്തിലുമുള്ള സ്വകാര്യവൽക്കരണവും അവസാനിപ്പിക്കുക, -സൗജന്യ ഭക്ഷ്യധാന്യവും വരുമാന നഷ്ടപരിഹാരമായി 7500 രൂപയും പ്രതിമാസം നൽകുക, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തുക, അസംഘടിത തൊഴിലാളികൾക്കും സാർവത്രിക സാമൂഹ്യ സുരക്ഷാപദ്ധതി–- തുടങ്ങി പണിമുടക്കിന്റെ 12 ആവശ്യം ചർച്ചയാകണം. പണിമുടക്കിന്‌ 52 ഫെഡറേഷന്റെ പിന്തുണയുണ്ട്‌. രാജ്യത്ത്‌ 11 കേന്ദ്ര ട്രേഡ് യൂണിയനും പന്ത്രണ്ടോളം സംസ്ഥാന ട്രേഡ് യൂണിയനും ചേർന്ന സമിതി ഐക്യത്തോടെ വളർന്ന് വിപുലപ്പെടുകയാണ്. ഈ പ്രസ്ഥാനം ഭാവിയിൽ വർഗീയതയെ പ്രതിരോധിച്ച് തൊഴിലാളിവർഗ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്നത് തീർച്ചയാണ്.

ലോകത്ത് ചിലിയിലും നിക്കരാഗ്വയിലും ഓസ്ട്രിയയിലെ ഗ്രാസിലും ഹോണ്ടുറാസിലും വെനസ്വേലയിലും അർജന്റീനയിലും ബൊളീവിയയിലും സോഷ്യലിസ്റ്റ് മുന്നേറ്റം നടന്നത് ജനകീയ ആവശ്യങ്ങൾക്കായി നടന്ന പോരാട്ടങ്ങളുടെ ഫലമായാണ്. ഇത് ഇന്ത്യ യിലും സംഭവിക്കും. ശക്തമായ പ്രതിപക്ഷ ബദലിലേക്കുള്ള വഴിയായി പണിമുടക്കുൾപ്പെടെയുള്ള സമരപോരാട്ടങ്ങളെ തിരിച്ചുവിടാൻ ഇന്ത്യയിലെ ഇടതുപക്ഷപാർടികൾക്ക് കഴിയും. അത്‌ കൂടുതൽപേരെ ചൂഷണത്തിനെതിരായ പോരാട്ടങ്ങളിൽ അണിനിരത്താൻ സഹായിക്കും.

(സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top