29 March Friday
ജൂൺ 19 മുതൽ ജൂലൈ ഏഴുവരെ വായന പക്ഷാചരണം

തീരില്ല... വായനക്കാലം

വി കെ മധുUpdated: Monday Jun 20, 2022

വായനയുടെ വിതാനങ്ങൾ അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. വൈജ്ഞാനിക ലോകത്തിലേക്കു തുറക്കുന്ന വാതിലാണ് വായന. നല്ല വായനാ സമൂഹത്തിനു മാത്രമേ നല്ല ചിന്താ സമൂഹമായി വികസിക്കുവാൻ കഴിയൂവെന്ന് ചിന്തകന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ രചനകളിലൂടെ പുതിയ മനുഷ്യന്റെ പിറവി ആഘോഷിച്ച മയക്കോവസ്‌കി,  വിശക്കുന്ന മനുഷ്യന്റെ സങ്കടങ്ങൾ തിരിച്ചറിഞ്ഞ വിപ്ലവകാരിയാണ്. മയക്കോവസ്‌കിക്ക് സാഹിത്യ രചന എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ' ദശാബ്ദങ്ങളായി  മുഴങ്ങിക്കേൾക്കുന്ന ബ്രഹ്തിന്റെ വരികളാണിത്. പുസ്തകങ്ങൾക്ക് ആയുധങ്ങളായി മാറാനും പുതിയ ആശയപ്രപഞ്ചം സൃഷ്ടിച്ച് ലോകത്തെ മാറ്റിമറിക്കാനാകുമെന്നും ചരിത്രം തെളിയിക്കുന്നു.

മലയാളിയെ സാക്ഷരരാക്കുന്നതിലും വായനയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിലും വലിയ പങ്ക് വഹിച്ച പ്രസ്ഥാനമാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം. പുസ്തകങ്ങൾ സാധാരണക്കാരായ മനുഷ്യർക്ക് അപ്രാപ്യമായ കാലം കേരളത്തിലുണ്ടായിരുന്നു. അധികം അകലെയായിരുന്നില്ല ആ കാലം.  പുസ്തകങ്ങൾക്കായി കാത്തിരുന്ന കാലം. ലഭ്യമല്ലാത്ത പുസ്തകങ്ങൾ, ചിലേടങ്ങളിൽ നിന്നും ശേഖരിച്ച് നോട്ടുബുക്കിൽ പകർത്തി എഴുതിയിരുന്ന കാലം. പുസ്തകങ്ങൾക്കായി ദാഹിച്ചിരുന്ന തലമുറയുടെ ദാഹശമനിയായിട്ടാണ് നാട്ടിൻപുറങ്ങളിൾ ആദ്യകാലങ്ങളിൽ ഗ്രന്ഥശാലകൾ രൂപംകൊള്ളുന്നത്. ചിന്തിക്കുന്ന മനുഷ്യർക്ക് ലോകത്തെ മാറ്റിത്തീർക്കാൻ കഴിയും എന്ന് കേരളത്തിലെ പലേടങ്ങളിലുമുള്ള ഉൽപ്പതിഷ്ണുക്കളായ വിദ്യാഭ്യാസം ലഭിച്ച മനുഷ്യർ ചിന്തിച്ചു. അതിന്റെകൂടി ഫലമായിട്ടാണ് ഓരോ ഗ്രന്ഥശാലയും രൂപംകൊള്ളുന്നത്. അതിൽ ഒരു രാഷ്ട്രീയ പ്രക്രിയയുടെ സാധ്യതകൂടി കാണുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിയവരുമുണ്ട്. 

കേരളത്തിന്റെ പൊതുമനസ്സായാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ നമ്മൾ കാണേണ്ടത്. അതിന്റെ ഇന്നലെകൾ അത് ഓർമിപ്പിക്കുന്നുണ്ട്. മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്, മധുരവനം കൃഷ്ണകുറുപ്പ്, പി എൻ  പണിക്കർ, സി ഉണ്ണിരാജ, തായാട്ട് ശങ്കരൻ, കെ  ദാമോദരൻ, പനമ്പിള്ളി ഗോവിന്ദമേനോൻ, ബാലാമണിയമ്മ, എസ് ഗുപ്തൻ നായർ, ഇ എം എസ് നമ്പൂതിരിപ്പാട്, പി ടി ഭാസ്‌കരപ്പണിക്കർ, ആർ ശങ്കർ, ജോസഫ് മുണ്ടശ്ശേരി, പി ഗോവിന്ദപ്പിള്ള, കടമ്മനിട്ട രാമകൃഷ്ണൻ, ഐ വി ദാസ് തുടങ്ങി എത്രയോ മഹാരഥന്മാർ ഈ പ്രസ്ഥാനത്തിന് താങ്ങും തണലുമായി നിന്നു. 

സമൂഹത്തെയും ലോകത്തെയും മാറ്റിപ്പണിയാനും കൂടുതൽ സുന്ദരമാക്കാനുമുള്ള വലിയൊരു സാംസ്‌കാരിക ദൗത്യമാണ് കേരളത്തിലെ ഗ്രന്ഥശാലകൾ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തത്. ഇന്നേവരെ ലോകത്തുണ്ടായിട്ടുള്ള എല്ലാ സ്വേച്ഛാധിപതികളും ഈ പൊതുസത്യം മനസ്സിലാക്കിയിരുന്നു. ജർമനിയിൽ ഹിറ്റ്‌ലർ അധികാരത്തിലെത്തി പത്താംനാൾ പ്രസിദ്ധ എഴുത്തുകാരുടെ പ്രാമാണിക ഗ്രന്ഥങ്ങൾ തീയിട്ടു നശിപ്പിച്ചു. പലരെയും കൊന്നൊടുക്കി. വായനയെ കൊല്ലാൻ ഗീബൽസ് ഒരുക്കിയ പദ്ധതിയായിരുന്നു അത്.

ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 9207 ഗ്രന്ഥശാലയിലൂടെ അക്ഷരസപര്യ ഇന്നും തുടരുന്നു. പുതിയകാലത്ത് ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം വരുത്താൻ ഗ്രന്ഥശാലാ പ്രസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുന്നേറ്റം 2025 എന്നപേരിൽ ഗ്രന്ഥശാലാ നവീകരണ നയരേഖ അംഗീകരിച്ചു കഴിഞ്ഞു.

പുതുതലമുറയെ വായനയോടൊപ്പം കൈപിടിച്ചുനടത്താൻ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം എന്നും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളിലെ ഗ്രന്ഥശാലകളിൽ പ്രവർത്തിക്കുന്ന ബാലവേദികൾ, സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള എഴുത്തുപെട്ടി, പുതുതായി രൂപംകൊണ്ട അക്ഷരസേന എന്നിവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. 

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ലഭിക്കുന്ന പിന്തുണ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ ഭാവി ശോഭനമാക്കുകയാണ്. കഴിഞ്ഞ വായന മത്സരത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ വിജയിയായത് ഒരു വീട്ടമ്മയാണ്. അടുക്കളയിലും വീട്ടകങ്ങളിലും വായനയുടെയും വായനോത്സവത്തിന്റെയും സാന്നിധ്യം ഇപ്പോഴും സജീവമാണെന്ന സൂചനയാണ് കണ്ണൂർ, പയ്യന്നൂർ എരമം കണ്ണാപ്പള്ളി വായനശാല ഗ്രന്ഥാലയത്തിന്റെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച മുപ്പത്തിമൂന്നു കാരിയായ കെ പ്രജിലയിലൂടെ ലഭിക്കുന്നത്. 

ആധുനിക കേരളം വാർത്തെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പുതിയകാലത്തെ വിജ്ഞാന സമൂഹ നിർമിതിയിലും അനുപമമായ പങ്ക് വഹിക്കാനുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജനകീയ സാംസ്‌കാരിക പ്രസ്ഥാനമായ ലൈബ്രറി കൗൺസിൽ ആ കടമ ഏറ്റെടുത്ത് മുന്നോട്ടുപോകുവാനാണ് ശ്രമിക്കുന്നത്. ഇത്തവണത്തെ വായന പക്ഷാചരണ പരിപാടികളിലൂടെ ഈ ആശയമാണ് ലൈബ്രറി കൗൺസിൽ മുന്നോട്ടുവയ്ക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രഥമ സ്ഥാനീയരിൽ പ്രമുഖനായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജനകീയ മുഖച്ഛായ നൽകിയ ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴുവരെ നീളുന്ന പരിപാടികൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

(കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ 
സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top