01 April Saturday

നിവർന്ന് മുന്നോട്ട് പെൺകുട്ടിക്കാലങ്ങളേ...

ഡോ. 
ബിലു സി നാരായണൻUpdated: Wednesday Jan 25, 2023

ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക പൊതുബോധത്തിൽ ഒരു സ്വാഭാവിക പ്രക്രിയ ‌എന്ന നിലയിൽ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് പെൺകുട്ടികളോടും സ്ത്രീകളോടുമുള്ള വിവേചനവും ചൂഷണവും. ഇതവസാനിപ്പിച്ചുകൊണ്ട് പെണ്ണായിപ്പിറക്കാൻ ഭ്രൂണാവസ്ഥയിൽത്തന്നെ വേണ്ട അവകാശംമുതൽ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, നിയമസംരക്ഷണം, മാനസിക ശാരീരിക സുരക്ഷ എന്നിങ്ങനെ സമഗ്രമായ ജീവിതസുസ്ഥിതി പെൺകുഞ്ഞുങ്ങൾക്ക് ഉറപ്പു വരുത്തുകയെന്ന ലക്ഷ്യവും സന്ദേശവുമാണ് 2008 മുതൽ ആചരിക്കുന്ന ദേശീയ ബാലികാ ദിനത്തിനുള്ളത്

സ്‌ത്രീകളുടെ കൈയടി നേടിയ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിൽ നായികയായ ജയ പ്ലസ് ടു കാലത്ത്  കുട്ടിക്കാലത്തെക്കുറിച്ച് പറയുന്ന രംഗമുണ്ട്. പരീക്ഷയ്ക്ക്‌ മാർക്ക്‌ കുറയുമ്പോൾ അവളുടെ ചേട്ടനുമാത്രം തല്ലുകിട്ടുന്നു. മരത്തിൽ കേറിയിരിക്കുന്ന അവളെ അമ്മാവൻ അപകടസാധ്യത പറഞ്ഞ്  താഴെയിറക്കുന്നു. ചേട്ടന്റെ കളിപ്പാട്ടം സ്നേഹത്തോടെ അച്ഛനവൾക്ക് സമ്മാനിക്കുന്നു. കേട്ടിരിക്കുന്ന കൂട്ടുകാരി ഇതൊക്കെ നല്ല കാര്യങ്ങളല്ലേ എന്നാണ് ചോദിക്കുന്നത്.  എന്നാൽ, ഇതേ രംഗങ്ങൾ അതിന്റെ മുൻ സന്ദർഭങ്ങളുമായി ചേർത്ത് വീണ്ടും കാണിക്കുമ്പോഴാണ് ശ്രദ്ധയല്ല, പെൺകുട്ടിയെന്ന നിലയിലുള്ള രണ്ടാംകിട അവസ്ഥയും വിവേചനവുമാണ് അതെന്ന് സിനിമ സൂക്ഷ്മമായി തിരിച്ചറിയിക്കുന്നത്. ഒപ്പം, കാതു കുത്തിയിടുന്ന കമ്മലും നീളം വയ്‌പിക്കുന്ന മുടിയും ജീവിതനൈപുണികളും എല്ലാംതന്നെ വിവാഹമെന്ന സ്ത്രീ ലക്ഷ്യത്തിലേക്ക്, നാടൻ മട്ടിൽ പറഞ്ഞാൽ "മാറ്റാൻ കുടുമ്മ’ത്തേക്കുള്ള ഒരുക്കങ്ങൾ മാത്രമാകുന്നു.

ഒരു ദേശീയ ബാലികാദിനംകൂടി കടന്നുപോയ സന്ദർഭത്തിൽ ഈ പെൺകുട്ടിക്കഥാപാത്രം നമ്മുടെ ഇരട്ടത്താപ്പുകളിലേക്കുള്ള വിരൽ ചൂണ്ടിയാണ്. അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറത്ത് നമ്മുടെ കുട്ടികളെ ലിംഗനീതിയിലധിഷ്ഠിതമായ ജീവിതാവസ്ഥകളിലേക്ക് എത്തിക്കാൻ നമുക്കു സാധിക്കുന്നുണ്ടോ?  ശാക്തീകരണത്തിൽ മുന്നേറി നിൽക്കുമ്പോഴും ജീവിത അവബോധങ്ങളിൽ നമ്മുടെ സ്ത്രീകൾ ആന്തരികമായി രാഷ്ട്രീയവൽക്കരിക്കപ്പെടാത്തതിന്റെ അടിസ്ഥാന കാരണം ബാലികാപ്രായത്തിൽത്തന്നെ കെട്ടിയേൽപ്പിക്കുന്ന വിവേചനങ്ങളാണ്, വാർപ്പു മാതൃകകളാണ്.

കേരളത്തിൽനിന്നു വിട്ട് ദേശീയതലത്തിൽ നോക്കുമ്പോൾ താരതമ്യങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള ചൂഷണാവസ്ഥയാണ് പെൺ ബാല്യങ്ങൾ നേരിടുന്നത്. ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക പൊതുബോധത്തിൽ ഒരു സ്വാഭാവിക പ്രക്രിയ ‌എന്ന നിലയിൽ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് പെൺകുട്ടികളോടും സ്ത്രീകളോടുമുള്ള വിവേചനവും ചൂഷണവും. ഇതവസാനിപ്പിച്ചുകൊണ്ട് പെണ്ണായിപ്പിറക്കാൻ ഭ്രൂണാവസ്ഥയിൽത്തന്നെ വേണ്ട അവകാശംമുതൽ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, നിയമസംരക്ഷണം, മാനസിക ശാരീരിക സുരക്ഷ ഇങ്ങനെ സമഗ്രമായ ജീവിതസുസ്ഥിതി പെൺകുഞ്ഞുങ്ങൾക്ക് ഉറപ്പു വരുത്തുകയെന്ന ലക്ഷ്യവും സന്ദേശവുമാണ് 2008 മുതൽ ആചരിക്കുന്ന ദേശീയ ബാലികാ ദിനത്തിനുള്ളത്. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിര ഗാന്ധി ചുമതലയേറ്റത് ജനുവരി 24നാണ് എന്നതു പരിഗണിച്ചാണ് ഈ ദിനം തെരഞ്ഞെടുക്കപ്പെട്ടത്.


 

ദേശീയ തലത്തിൽ സ്ത്രീസാക്ഷരത 54 ശതമാനം മാത്രമാണ്. സ്കൂളിൽ പോകാത്ത കുട്ടികളിൽ 60 ശതമാനം പെൺകുട്ടികളാണ്. മൂന്നിലൊന്ന് പെൺകുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു. (കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്കുകൾ) ചൂഷണത്തിലേക്കും ലൈംഗിക തൊഴിലിലേക്കും എത്തിപ്പെടുന്ന പെൺകുട്ടികളുടെ പ്രായം 1980കൾ വരെ 14 മുതൽ 16 വരെയായിരുന്നുവെങ്കിൽ ഇപ്പോഴത് 10 മുതൽ 14 വരെയായിരിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗിക അതിക്രമങ്ങളിലെ ഇരകളിൽ 40 ശതമാനത്തോളം പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. ജനന ലിംഗാനുപാതത്തിലാകട്ടെ പെൺകുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു.- അന്താരാഷ്ട്ര- ദേശീയ ബാലികാ ദിനങ്ങളിൽ ഓരോ വർഷവും നാം പുതുക്കുന്ന ഇത്തരം കണക്കുകൾ ഇന്ത്യയുടെ പെൺബാല്യങ്ങളെ സംബന്ധിച്ച് നിരാശയും ഞെട്ടലും നൽകുന്നതാണ്.
ഒരു വശത്ത് ബേട്ടി ബച്ചാ വോ എന്ന് നാടകീയ ആഹ്വാനങ്ങൾ നൽകുകയും മറുവശത്ത് പെൺകുരുന്നുകളെ കെട്ടിത്തൂക്കുന്നവർക്ക് നിയമസംരക്ഷണം നൽകുകയും ചെയ്യുന്ന ഹിംസയുടെ രാഷ്ട്രീയം അതിനെ കൂടുതൽ ഭയാനകമാക്കുന്നു.

ദേശീയ അവസ്ഥയേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ് കേരളത്തിൽ പെൺകുട്ടികളുടെ അടിസ്ഥാനജീവിത നിലവാരം. 2017–--18ൽ എൽഡിഎഫ് സർക്കാർ വനിത-ാ ശിശുവികസന വകുപ്പ് പ്രത്യേകമായി രൂപീകരിച്ചത് പെൺകുട്ടികളുടെ അവകാശസംരക്ഷണത്തിന് കൂടുതൽ പരിഗണന ഉറപ്പുവരുത്തി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് പലതരത്തിലുള്ള ശാക്തീകരണ -പിന്തുണാ സംവിധാനങ്ങളും ഇന്നു നമുക്കുണ്ട്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കൗൺസലിങ്‌ സംവിധാനങ്ങൾ, ഐസിഡിഎസ് മുഖേനയുള്ള ബോധവൽക്കരണ പ്രതിരോധ നടപടികൾ, ജില്ലാതലത്തിലുള്ള ശിശുസംരക്ഷണ സമിതികൾ, രക്ഷിതാക്കൾക്കായുള്ള ഉത്തരവാദിത്വ രക്ഷാകർതൃത്വം -, ഫോസ്റ്റർ കെയർ തുടങ്ങിയവ. ഇത്തരം സംവിധാനങ്ങളെക്കുറിച്ചുള്ള അറിവും ജാഗ്രതയും പൊതു സമൂഹം കുറെക്കൂടി നേടിയെടുക്കേണ്ടതുണ്ട്. അറിവിലോ പരിചയത്തിലോ പെട്ട ഒരു പെൺകുട്ടിക്ക്‌ സഹായമാവശ്യമുള്ള സന്ദർഭങ്ങളിൽ ഇത്തരം പിന്തുണാ സംവിധാനങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. 1974ലെ കുട്ടികൾക്കുവേണ്ടിയുള്ള ദേശീയ നയത്തിൽ "കുട്ടികൾ രാജ്യത്തിന്റെ പരമോന്നത പ്രാധാന്യമുള്ള സ്വത്താണ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയും സുസ്ഥിതിയും സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമായി മാറുന്ന സാമൂഹ്യ രക്ഷാകർതൃത്വത്തിലേക്ക്- നാം എത്തേണ്ടത് പെൺകുട്ടികളെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യമായ ഒന്നാണ്.

മറ്റിടങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ പെൺകുട്ടികൾക്കെതിരായ  കുറ്റകൃത്യങ്ങളിൽ കൂടുതലായി നടപടികളുണ്ടാകുന്നു. എങ്കിലും കേരളത്തിന്റെ പുരോഗമന സ്ത്രീയവസ്ഥയുമായി ബന്ധപ്പെടുത്തുമ്പോൾ മറ്റൊരു സങ്കീർണതലംകൂടി ഉണ്ട്-. യുവതികളും മുതിർന്ന സ്ത്രീകളും ശാക്തീകരിക്കപ്പെടുമ്പോൾ കുറെക്കൂടി എളുപ്പമുള്ള ഇരകളായി   പെൺകുഞ്ഞുങ്ങൾ മാറുന്നു. പീഡോഫീലിയയുമായി ബന്ധപ്പെടുത്തി കൊച്ചുകുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ന്യായീകരിക്കൽ ഏതാനും വർഷംമുമ്പ് സൈബർ മാധ്യമരംഗത്ത് നടന്നപ്പോൾ ഇത്തരമൊരു മനോഭാവം പുറത്തുവന്നിരുന്നു. പെൺകുഞ്ഞുങ്ങൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളിലെ കുറ്റവാളികളിൽ 95 ശതമാനവും അടുത്ത ബന്ധുക്കൾ, കുടുംബപരിചയക്കാർ, അധ്യാപകർ തുടങ്ങിയവരാണ്.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളി സ്ഥലങ്ങളിലും തോട്ടം മേഖലകളിലും  പെൺകുഞ്ഞുങ്ങൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ, 2011ലെ സെൻസസ് മുതൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ആറുവയസ്സുവരെയുള്ള പെൺകുട്ടികളുടെ ജനന നിരക്കിലെ കുറവ്, ലഹരി പദാർഥങ്ങളുടെ കാരിയർമാരായി പെൺകുട്ടികളെ ഉപയോഗപ്പെടുത്തൽ, ട്രാൻസ്ജെൻഡർ ആഭിമുഖ്യങ്ങളുള്ള കുട്ടികളോടുള്ള അവഗണന തുടങ്ങിയവയിലേക്കും ഈ ദേശീയ ബാലികാദിന വേളയിൽ കേരളത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

( തൃശൂർ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ  ലേഖിക കേരള സർക്കാർ മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോ–- ഓർഡിനേറ്ററുമാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top